ചോര ചുവപ്പിക്കുന്നല്ലോ പ്രണയം
February 20, 2017, 8:30 am
അഞ്ജലി വിമൽ
''ചൂടാതെ പോയ് നീ, നിനക്കായ് ഞാൻ ചോര
ചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ ''

നഷ്ടപ്രണയത്തെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ഇങ്ങനെ പാടി. എന്നാൽ ഇന്നോ... പ്രണയം സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ആ ജീവനെടുക്കുക എന്നതായി പുതിയ കാലത്തിന്റെ മുദ്രവാക്യം. കവി പാടിയ വരികളൊക്കെ പഴങ്കഥയായി മാറി. ഇന്നത്തെ പ്രണയ നൈരാശ്യങ്ങളെല്ലാം അവസാനിക്കുന്നത് ചോര കൊണ്ടുള്ള ഉത്തരങ്ങളായാാണ്. പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിത്യസംഭവവും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പ്രണയം. ഒരിക്കലെങ്കിലും ആത്മാർഥമായി പ്രണയിച്ചവർക്കറിയാം അതിന്റെ മധുരവും നഷ്ടപ്പെടുമ്പോഴുള്ള വേദനയും. പക്ഷേ, അങ്ങോട്ടുള്ള പ്രണയം ഇങ്ങോട്ടില്ലെന്ന് കാണുമ്പോൾ എല്ലാം നശിപ്പിക്കണമെന്ന ചിന്ത പുതിയ കാലത്തിന്റേതാണ്. പണ്ടൊക്കെ വല്ലപ്പോഴും കേൾക്കുന്ന ഒരു നടുക്കമായിരുന്നു ഇത്തരം സംഭവങ്ങളെങ്കിൽ മാറിയ കാലത്ത് ഇതേ വാർത്തകൾ വീണ്ടും വീണ്ടും കേൾക്കേണ്ടി വരുന്നു. ആസിഡ് ആക്രമണത്തിന്റെ വാർത്തകൾ ഉത്തരേന്ത്യയിൽ നിന്നും വരുമ്പോൾ നമ്മൾ എത്ര ആശ്വസിച്ചിട്ടുണ്ട്, അവിടെയല്ലല്ലോ ജീവിക്കുന്നതെന്നോർത്ത്. പക്ഷേ, ഇപ്പോൾ നമ്മുടെ തൊട്ടടുത്തും വെട്ടും കുത്തും പൊള്ളലേറ്റുമേറ്റുകിടക്കുന്നവരുണ്ട്, എല്ലാം പ്രണയനൈരാശ്യത്തിന്റെ പേരിൽ.

പ്രണയമെന്നത് രണ്ടുഹൃദയങ്ങളിലും വിടർന്ന് ഒന്നിച്ചാകേണ്ട സ്വപ്നമല്ലേ. ഇന്നോ, കിട്ടില്ലെന്ന് വരുമ്പോൾ അവളെ എങ്ങനെ ഇല്ലാതാക്കാമെന്ന ചിന്തയിലേക്ക് എത്ര പെട്ടെന്നാണ് കുട്ടികൾ ചെന്നെത്തുന്നത്. പ്രണയം നിരസിച്ച പെൺകുട്ടിയെ കോളേജിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നതും യുവാവിന്റെ ശല്യം കാരണം ബന്ധുവീട്ടിൽ അഭയം തേടിയ നിർദ്ധനകുടുംബത്തിലെ പെൺകുട്ടിയെ നടുറോഡിൽ വെട്ടി, അവൾ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നതും നമ്മുടെ കേരളത്തിലെ രണ്ടു ജില്ലകളിലാണ്. ബാംഗ്ലൂരിൽ ഇൻഫോസിസിൽ ജോലി ചെയ്യുന്ന മലയാളിയായ രസീല എന്ന യുവതിയെ കേബിൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് കൊന്നതും ഈയടുത്താണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ല.

നോ സഹിക്കാൻ പറ്റില്ലേ
ഓരോ വ്യക്തിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാകും ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുണ്ടാവുക. പുതിയ തലമുറയെ സംബന്ധിച്ച് അത് കൂടുതലായിരിക്കും. ഇഷ്ടപ്പെട്ട പെൺകുട്ടിയിൽ നിന്ന് പെട്ടെന്നൊരു 'നോ' കേൾക്കുന്നത് തന്റെ പൗരുഷത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമായിട്ടാണ് പല ആൺകുട്ടികളും കാണുക. ലഹരിയുടെ കൂട്ടാണ് പുതിയ തലമുറയെ നയിക്കുന്ന മറ്റൊരു പ്രശ്നം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവതലമുറയുടെ എണ്ണം തീരെ കുറവല്ല. ഇവരിൽ പലരും വൈകാരികമായി വലിയ മനഃ ക്കരുത്തില്ലാത്തവരുമാകും. വീട്ടിൽ കൂട്ടിലടച്ച തത്തയെ പോലെ വളർത്തി കൊണ്ടു വരുന്ന കുട്ടികളുടെയും അവസ്ഥ മറിച്ചല്ല. അത്തരക്കാർക്ക് പ്രണയനഷ്ടമുണ്ടാവുകയോ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മറുപടി കേൾക്കേണ്ടതായോ വരുമ്പോൾ മനസിൽ പ്രതികാരം വളരുന്നു.

വീട്ടിൽ നിന്നും പഠിക്കണം
മക്കളെ വീട്ടിൽ നിന്നും പരിശീലിപ്പിക്കേണ്ട ഒട്ടനവധി പാഠങ്ങളുണ്ട്. പ്രശ്നങ്ങൾ ജീവിത സഹജമാണെന്നും അവയെ സധൈര്യം നേരിടണമെന്നും കുട്ടിക്കാലം മുതലേ പറഞ്ഞു പഠിപ്പിക്കണം. ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് തന്നെ അവരെ വളർത്തണം. ഒന്നിൽ നിന്നും ഒളിച്ചോടാതിരിക്കാൻ അവരെ തയ്യാറാക്കണം. വ്യക്തിത്വ വൈകല്യങ്ങളും വലിയൊരു ഘടകം തന്നെയാണ്. ബന്ധങ്ങളിൽ അമിതമായി സ്വാർത്ഥത സൂക്ഷിക്കുന്നവരാകും കൂടുതൽ പ്രകോപനപരമായി പെരുമാറുക. തനിക്ക് കിട്ടേണ്ടത് മറ്റൊരാളിലേക്ക് പോകാൻ ഇവർ ഇഷ്ടപ്പെടില്ല. വൈകാരിക പ്രശ്നങ്ങളെ നമ്മുടെ കുട്ടികൾ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ചെറുപ്പത്തിലേ വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും അതിന് വേണ്ട പരിശീലനവും പിന്തുണയും കിട്ടിയാൽ മാത്രമേ കുട്ടികൾ നല്ല മനുഷ്യരായി ജീവിക്കൂ. സമൂഹത്തിനുമുണ്ട് അതിൽ ഉത്തരവാദിത്തം. തിരുത്തേണ്ടയിടങ്ങളിൽ കുട്ടികളെ തിരുത്താനും മറക്കരുത്. 'നോ' വീട്ടിൽ കേട്ടു വളരുന്ന കുട്ടികൾ ജീവിതത്തിലുടനീളം അത് ഓർക്കാനെങ്കിലും ശ്രദ്ധിക്കും.

വികാരം കൊണ്ട് ചിന്തിക്കുന്നു
ഒരിക്കൽ സ്വപ്നങ്ങളും ദു:ഖങ്ങളും പരസ്പരം പങ്കുവച്ചിരുന്നവർ പ്രണയത്തിലായാലും ജീവിതത്തിലായാലും പിരിയുന്നത് വേദന വേദന തന്നെയാണ്. ആ സമ്മർദ്ദത്തിലൂടെ ഓരോരുത്തരും കടന്നുപോകുന്നത് ഓരോ തരത്തിലായിരിക്കും. ചിലർ പുതിയൊരു ജീവിതത്തിലേക്ക് പെട്ടെന്ന് കടക്കും, മറ്റു ചിലർ നഷ്ടപ്രണയത്തെ ഓർത്ത് ശിഷ്ടകാലം മുഴുവൻ നിരാശാകാമുകന്മാരായി ജീവിച്ചു തീർക്കും. പുതിയ തലമുറയിൽ ഈ വിഭാഗത്തിൽ പെട്ടവരില്ല എന്നു തന്നെ പറയാം. കൂടുതലും ആദ്യ വിഭാഗത്തിലുള്ളവരാണ്. മൂന്നാമത്തെ വിഭാഗമാണ് ഏറ്റവും സൂക്ഷിക്കേണ്ടവർ, ഇവർ പ്രതികാര ദാഹികളായിരിക്കും.

എങ്ങനെയും മറുപക്ഷത്തുള്ളയാളെ നശിപ്പിക്കുക എന്നു മാത്രമായിരിക്കും ലക്ഷ്യം. സ്വന്തം ജീവിതം പോയാലും അവർക്ക് പ്രശ്നമില്ല, ഇത്തരം സംഭവങ്ങളിലൊക്കെ പങ്കാളിയെ അപകടത്തിൽപ്പെടുത്തി ആത്മഹത്യയിൽ അഭയം തേടുന്നത് പതിവാണെന്ന് കാണാം. ബുദ്ധി കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്നതിന്റെ പ്രശ്നങ്ങളാണിത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ മാതാപിതാക്കളും മക്കളെ വളർത്തുക. നാളെയൊരു കാലത്ത് അവൾ ക്രൂരമായി ആക്രമിക്കപ്പെടുമെന്നോ അല്ലെങ്കിൽ അവൻ ഒരു കൊലപാതകം നടത്തുമെന്നോ എന്ന ഉള്ളുരുക്കത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ എന്തു വേദനാജനകമാണ്. ബുദ്ധിശൂന്യമായ ഇത്തരം സമീപനങ്ങളിലൂടെ തകരുന്നത് രണ്ടുകുടുംബങ്ങളും ഒരുപാട് സ്വപ്നങ്ങളുമാണെന്ന് ആരോടാണ് പറയേണ്ടത് ? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും എവിടെയാണ് നമുക്ക് തെറ്റുകൾ പറ്റുന്നതെന്നും തിരിച്ചറിയണം. പ്രണയത്തിന് എന്നാണ് പ്രതികാരത്തിന്റെ മുഖം വന്നതെന്നും.

സ്വാർത്ഥമല്ല പ്രണയം. അങ്ങനെ ആകുകയും ചെയ്യരുത്. സ്വാതന്ത്ര്യത്തിന്റെ അതിരില്ലാത്ത ചിറകുകൾ നൽകി നമുക്ക് പ്രണയത്തെ പറത്താം. ജീവിതം ആസ്വദിക്കാം. ശരി തെറ്റുകളെ കുറിച്ച് സ്വയം വിലയിരുത്താം. പ്രായവും പക്വതയും ആയാൽ അവനവന് തന്നെ ചിന്തിക്കാം ശരിതെറ്റുകളെ പറ്റി. അത് തീരുമാനിക്കേണ്ടത് മറ്റൊരാളല്ല, നിങ്ങൾ തന്നെയാണ്. അവൾ എന്റെ കാമുകിയാണെന്ന് മാത്രമല്ല നമ്മൾ കൂട്ടുകാരനും കൂട്ടികാരിയുമാണെന്ന് തിരിച്ചറിയണം. അവളുടെ വേദന എന്റെയും വേദനയാണെന്ന് ചിന്തിച്ചുകൂടെ. നിന്റെ അച്ഛനേയും അമ്മയേയും കൂടെപ്പിറപ്പിനെയും പോലെ ആ വീട്ടിലുമില്ലേ മൂന്നോ നാലോ ജന്മങ്ങൾ. അവർക്കുമില്ലേ പ്രതീക്ഷകളും സ്വപ്നങ്ങളും വേദനയും... ക്ഷമിക്കാനും പൊറുക്കാനും എന്നാണ് നമ്മൾ പഠിക്കുക. പിടിച്ചു വാങ്ങലല്ല, വിട്ടു കൊടുക്കലാണ് യഥാർത്ഥ പ്രണയമെന്ന് തിരിച്ചറിയാൻ ഇനി എന്നാണ് അവർ പഠിക്കുക...?

ബന്ധങ്ങളുടെ കെമിസ്ട്രി നിർവചിക്കണം
ഡോ. സി.​ജെ ജോൺ
(കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി)
മിക്കവാറും ആളുകൾക്ക് ജീവിതത്തിന്റേതായ വൈഭവങ്ങളുണ്ടാകും. ഒരു വ്യക്തിയെ നമ്മൾ ഉടമസ്ഥതയോടെ കാണുകയും ആ വ്യക്തി മറ്റൊരാളോട് മിണ്ടാൻ പാടില്ല, ഇടപെടാൻ പാടില്ല എന്നൊക്കെ പറയുന്ന തരത്തിലുള്ള സ്വാർത്ഥ മനോഭാവത്തോടെ പെരുമാറുന്നവർക്കിടയിലാണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കാണുന്നത്. ആ വ്യക്തിയുടെ സ്വതന്ത്രമായ ഇടം അനുവദിക്കാതിരിക്കുന്ന തരത്തിലുള്ള അടുപ്പം വരുമ്പോൾ ഇത്തരത്തിലുള്ള പ്രണയപകയൊക്കെ വരും. പലപ്പോഴും അപകർഷതാബോധത്തിനും സ്വന്തം വൈകാരിക ശൂന്യതയ്ക്കുമിടയ്ക്ക് ആരെങ്കിലും ഒരാൾ ഒരല്പം സ്‌നേഹത്തോടെയോ ആദരവോടെയോ പെരുമാറുമ്പോൾ അത് പ്രണയമാണെന്ന് തെറ്റിദ്ധരിക്കുന്ന ആളുകളൊരുപാടുണ്ട്. ഒരു ഘട്ടത്തിലെത്തുമ്പോൾ അവരുടെ അടുപ്പം തീരെ സഹിക്കാൻ വയ്യാതെ 'പ്രണയത്തിന്റെ ഇര'കളായി തീരുന്നവർ പതുക്കെ പിന്മാറും. ആ സമയത്ത് നിരാശാകാമുകന്മാർക്ക് ഇത് സഹിക്കാൻ കഴിയണമെന്നില്ല. അന്നേരം വൈരാഗ്യ ബുദ്ധിയാണ് ആദ്യം ഉണരുക. ചിലർ വിഷാദത്തിലേക്കും നിരാശയിലേക്കും പോകും. ഒരു വിഭാഗം പ്രതികാരം ചെയ്യാനായി മുതിരും. എങ്ങനെയെങ്കിലും അവളെ നശിപ്പിക്കണം, മുഖത്ത് ആസിഡ് ഒഴിക്കണം, അവളുടെ ഭംഗി കളയണം ഇതൊക്കെയാകും ആദ്യം മനസിലെത്തുന്ന ചിന്തകൾ. ആ പെൺകുട്ടി മറ്റൊരാളോട് അടുത്താൽ അവരെ വിരട്ടി അകറ്റാൻ നോക്കുക, അവൾക്ക് കല്യാണം ആലോചിക്കുകയാണെങ്കിൽ കല്യാണം മുടക്കാൻ നോക്കുക തുടങ്ങി സ്വാർത്ഥ ചിന്തകളും പിന്നാലെയുണ്ടാകും. എന്നെ തള്ളിപ്പറഞ്ഞെങ്കിൽ നീയും സന്തോഷത്തോടെ ജീവിക്കേണ്ട എന്ന ചിന്താഗതിയിൽ ഇല്ലാതാക്കാനുള്ള ശ്രമം.

ഇഷ്ടവസ്തുവിനെ നഷ്ടപ്പെടുമ്പോൾ അവിടെ സ്വാഭാവികമായുമുണ്ടാവുക ശൂന്യതയാണ്. അതിനെ മാനസികമായി ഉൾക്കൊള്ളാൻ ഇക്കൂട്ടർ തയ്യാറാകില്ല. ഇത്തരത്തിൽ ഒരു നൈരാശ്യത്തിൽ അടിമപ്പെട്ടിരിക്കുന്ന വ്യക്തി ലഹരിക്ക് കൂടി അടിമപ്പെട്ടു കഴിഞ്ഞാൽ ആ ആളുടെ ഹിംസാത്മകമായ വാസനകളൊക്കെ വിലക്കുകളില്ലാതെ പുറത്തെടുക്കാനുള്ള സാഹചര്യമുണ്ടാകും. എന്നെ ഇട്ടേച്ച് പോയവൾ ഇനി ജീവിക്കേണ്ടയെന്നൊക്കെ മനസിൽ തോന്നുന്നത് ഈ സാധനം ചെന്നു കഴിയുമ്പോഴാണ്. ഇമ്മാതിരി ക്രൂര പ്രവർത്തനങ്ങളൊക്കെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നതും അകത്തു ചെന്ന ലഹരിവസ്തുക്കളുടെ പ്രേരണ കൊണ്ട് തന്നെയാണ്. പക ഒരുപാട് ജ്വലിക്കപ്പെടാനായി ലഹരി വഴിയൊരുക്കും. എനിക്ക് തോന്നുന്നത് വ്യക്തി ബന്ധങ്ങളുണ്ടാകുമ്പോൾ ആ ബന്ധങ്ങളുടെ കെമിസ്ട്രി നിർവചിക്കണമെന്നാണ്. അതിര് വിട്ടതായി വ്യാഖ്യാനിക്കപ്പെട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. വ്യക്തിബന്ധങ്ങളുടെ കെമിസ്ട്രി എപ്പോഴും നിർവചിച്ചു കൊണ്ടിരിക്കണം, എല്ലാ കാലത്തും. അതു പ്രണയമാണോ, കാലാകാലം നിലനിൽക്കുന്നതാണോ അല്ലെങ്കിൽ ടൈംപാസ് ആണോ എന്നതിന് ഒരു ഉത്തരമുണ്ടാകണം.

അങ്ങനെ നിർവചിക്കാത്തതിന്റെ പ്രശ്നം വരുന്നത് അപ്പുറത്ത് ഇരിക്കുന്ന ആളുകൾ പക്വതയില്ലാത്തതോ അപകർഷതാബോധമുള്ളയാളോ ആകുമ്പോഴാണ്. അതോടെ ഇതൊരു തരം കുടുക്കായി മാറും. അക്ഷരാർത്ഥത്തിൽ ഒരു വൈകാരിക കുടുക്ക്. അത് മനസിലാക്കി വേണം ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ. അടിസ്ഥാനപരമായിട്ട് പക്വതയില്ലായ്മയുടെ ഇരകളായി പോവുകയാണ് ഈ പെൺകുട്ടികൾ. വീടുകളിലൊക്കെ ആശയവിനിമയം ഇല്ലാതെ വരുന്നതുകൊണ്ട് വൈകാരിക പക്വതയില്ലാത്ത ഒത്തിരി ചെറുപ്പക്കാർ ഇന്നുണ്ടായി വരുന്നുണ്ട്. ബാക്കിയെല്ലാത്തിലും മിടുമിടുക്കന്മാരാണെങ്കിലും വൈകാരിക ബന്ധം സ്ഥാപിക്കുന്നതിൽ പാകതയില്ലാത്ത ഒരു ജനറേഷനുണ്ടിവിടെ. അതുകൊണ്ടെപ്പോഴും വ്യക്തിബന്ധങ്ങളുടെ കെമിസ്ട്രി നിർവചിച്ചു പോകുന്നതാകും ശരി.

ബോധവത്കരണം ആവശ്യം
കെ.​സി. റോ​സ​ക്കു​ട്ടി (സം​സ്ഥാന വ​നി​താ​ ക​മ്മി​ഷൻ അ​ദ്ധ്യ​ക്ഷ)
വളർന്നുവരുന്ന തലമുറയുടെ പക്വതയില്ലായ്മ എന്നുമാത്രമാണ് ഇതിനെക്കുറിച്ച് ഒറ്റവാക്കിൽ നമുക്ക് പറയാൻ കഴിയുക. പരസ്പരമുള്ള ആകർഷണങ്ങളും താത്പര്യങ്ങളുമൊക്കെ എല്ലാക്കാലത്തും എല്ലാവർക്കും ഉണ്ടാകാം. അതിന് കൗമാരമെന്നോ യൗവ്വനമെന്നോ വാർദ്ധക്യമെന്നോ വ്യത്യാസമില്ല. പക്ഷേ, മറുഭാഗത്തുള്ളവരുടെ താത്പര്യം കൂടി അംഗീകരിക്കാനുള്ള മനസ്സാണ് ഉണ്ടാക്കിയെടുക്കേണ്ടത്. കീഴ്‌പ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ നേടിയെടുക്കാനുള്ളതല്ല സ്വന്തം താത്പര്യങ്ങളെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. സ്വന്തം താത്പര്യങ്ങളും ഇഷ്ടങ്ങളും നിഷേധിക്കപ്പെട്ടാൽ, അത് സഹിക്കാൻ കഴിയാതെ വരുന്നത് വികാരപ്രകടനമല്ല, മറിച്ച് മാനസിക വൈകൃതം തന്നെയാണ്. അതിവൈകാരികമായി കാര്യങ്ങളെ മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്ന പ്രായത്തിൽത്തന്നെ ഇതിനുള്ള കൗൺസിലിംഗുകളും മറ്റ് ബോധവത്കരണപ്രവർത്തനങ്ങളും നടത്തേണ്ടത് അനിവാര്യമാണ് എന്നാണ് വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങളെ ആഴത്തിൽ പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്.

ഏകപക്ഷീയമായ താത്പര്യങ്ങളെ സംരക്ഷിക്കാൻ കുട്ടികൾ എന്തും ചെയ്യും എന്നൊരു അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്തരം പ്രവണതകളൊക്കെ സ്വന്തം വീട്ടിലുള്ളവർക്കും പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും കണ്ടെത്താവുന്നതുമാണ്. യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അന്തരം, ആഗ്രഹിക്കുന്നതും കിട്ടാൻ സാദ്ധ്യതയുള്ളവയും തമ്മിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയാണ് പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യം.

പുറമേ കത്തേണ്ടതല്ല പ്രണയം
ദീപ നി​ശാ​ന്ത് (എഴുത്തുകാരി​, അദ്ധ്യാപി​ക)
പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുകയാണ്. അത് ചർച്ച ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കരയിലെ ജീവിതമാണോ കടലിലെ ജീവിതമാണോ നല്ലതെന്ന് മനുഷ്യരും മീനും തമ്മിൽ ചർച്ച ചെയ്താൽ ആ ചർച്ച എവിടെയും എത്തില്ലല്ലോ. പുറമെ കത്തുന്നതല്ല, ഉള്ളിൽ കത്തുന്നതാണ് പ്രണയം. തീർത്തും സ്വകാര്യമായിട്ടുള്ള ഒരു അനുഭവമാണത്. കവിയും കാമുകനും ഭ്രാന്തനും ഒരുപോലെയാണെന്ന് നമ്മൾ പറയാറുണ്ട്. അതുകൊണ്ട് തന്നെ കാമുകനിൽ നിന്നും കാമുകിയിൽ നിന്നൊന്നും അസാമാന്യമായിട്ടുള്ള പക്വതയൊന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. നേടുന്നത് മാത്രമല്ല നഷ്ടപ്പെടുന്നതും പ്രണയത്തിന്റെ ഭാഗമാണ്. അതുൾക്കൊള്ളാനുള്ള ഒരു മനസ് കൂടി നമുക്കുണ്ടാകണം. അതില്ലാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണവും.

ഒരു വ്യക്തിക്ക് ഒരു വ്യക്തിയോട് അകൽച്ചയുണ്ടാകാൻ പല കാരണങ്ങളുണ്ടാകും. തീർത്തും വ്യക്തിപരമായ കാര്യങ്ങളാകാം അവയൊക്കെ. വീട്ടുകാരുടെ താത്പര്യമില്ലായ്മ, ജാതി പ്രശ്നം, സാമ്പത്തികം... ചിലപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന വിഷയങ്ങളൊന്നുമാകണമെന്നില്ല. പ്രണയ നൈരാശ്യം വരുമ്പോഴുണ്ടാകുന്ന കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ ഇതൊക്കെ കൊണ്ട് അപകർഷതാബോധമുണ്ടാകുന്നത് സ്വാഭാവികമാണ്. ഒരാൾക്ക് ഒരാളിനെ കൊല്ലാനോ വിട്ടു പോകാനോ തോന്നിക്കുന്ന കാരണങ്ങൾ ഇതൊന്നുമായിരിക്കണമെന്നില്ല. അത് അവരുടേത് മാത്രമായ ഒരു സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ വലിയൊരു ചർച്ചയ്ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തർക്കും പ്രണയം ഓരോന്നാണ്. ഈ തലമുറയിലെ കുട്ടികളുടെ വളരെ പോസിറ്റീവായിട്ടുള്ള ഒരു കാര്യമായി തോന്നിയിരിക്കുന്നത് രമണന്മാരും ചന്ദ്രികമാരുമായിട്ട് അവർ ജീവിതം കളയുന്നില്ല എന്നതാണ്. ഒരു കാലഘട്ടത്തിൽ പ്രണയനഷ്ടമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് കരുതിയിരുന്നെങ്കിൽ ഇന്നതെല്ലൊം മാറി. ഒരാളിൽ മാത്രം ഒതുങ്ങിയിരുന്ന ലോകത്തിനും മാറ്റം വന്നു. ഫാൾ ഇൻ ലവ് എന്നല്ലേ പറയാറ്, പ്രണയത്തിൽ വീണു പോകുകയാണല്ലോ. പ്രണയത്തിൽ വീഴുമ്പോൾ ചിലപ്പോൾ വീഴ്ച പറ്റും. ചിലർ അതിൽ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേൽക്കും. ഇന്നിപ്പോൾ 'റൈസ് ഇൻ ലവ് ' എന്നു കൂടി പറയാം. ജീവിതത്തിൽ ഒരു പ്രണയനഷ്ടമൊക്കെ ഉണ്ടാകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

പുതിയ കുട്ടികളൊക്കെ എല്ലാം നേടി വളരുന്നവരല്ലേ. വിട്ടുകൊടുക്കാനും നഷ്ടപ്പെടുത്താനുമൊക്കെ അതാകും മടി. ഒരു പെൺകുട്ടിയെ കത്തിച്ചു കളയുന്നതാണ് പ്രണയമെന്ന് എനിക്ക് വിശ്വസിക്കാനാകില്ല. അത് പ്രണയമല്ല. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥയിലുള്ള വ്യക്തിക്കൊപ്പം ജീവിക്കുക എന്നത് ഒട്ടും സുരക്ഷിതമായിരിക്കില്ല. ആസിഡൊഴിച്ച് പൊളിക്കുന്ന എത്രയോ വാർത്തകൾ വരുന്നുണ്ട്. അത് മാനസികമായിട്ടുള്ള പ്രശ്നമാണ്, അല്ലാതെ പ്രണയമായിട്ട് കാണാനാകില്ല. പ്രണയമുള്ളവർക്ക് പ്രണയിക്കുന്ന ആൾക്കാരെ അങ്ങനെ ഉപദ്രവിക്കാൻ പറ്റുമോ? പ്രണയം പ്രതികാരമായിട്ട് മാറിയാൽ അവിടെ പ്രണയമുണ്ടോ? യഥാർത്ഥ പ്രണയത്തിൽ പരസ്പരം വേദനിപ്പിക്കാൻ തോന്നില്ല. ഒരാൾ വിട്ടു പോയെന്ന് കരുതി മനസിൽ പ്രതികാരം വളരുന്നത് തെറ്റായ കാര്യമാണ്.

തുടങ്ങേണ്ടത് താഴേത്തട്ടിൽ നിന്ന്
ബിന്ദു കൃഷ്ണ (കൊല്ലം ഡി.സി.സി പ്രസിഡന്റ്)
കാലഭേദമില്ലാതെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് പ്രണയനൈരാശ്യം. തലമുറകളുടെ ഗ്യാപ്പ് ബാധിക്കാത്ത ഏക കാര്യം. ബാക്കി ഓരോ കാര്യത്തിലും ഓരോ ജനറേഷനും തങ്ങളുടേതായ കാര്യങ്ങൾ പറയാനുണ്ട്. ഇത് എല്ലാകാലത്തും സെൻസിറ്റീവ് വിഷയമാണ്. സാമൂഹിക ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലാണ് പ്രധാന കാരണം. കുടുംബത്തിന്റെ അടിത്തറയിൽ കാലത്തിനനുസരിച്ച് വന്നമാറ്റവും ഒരു ഘടകമാണ്. മുമ്പാണെങ്കിൽ ഒരു പ്രശ്നമുണ്ടായാൽ പറയാൻ കസിൻസുണ്ട്, സഹോദരങ്ങളുണ്ട്. ഇന്ന് നമ്മളെ കേൾക്കാൻ തന്നെ ഒരാളില്ല. ഒടുവിൽ അങ്ങനെയൊരു കൂട്ട് കിട്ടുമ്പോൾ അത് ശരിയായ ബന്ധമാകണമെന്നില്ല. നമ്മുടെ പെൺകുട്ടികൾക്ക് പറ്റുന്ന തെറ്റും അവിടെ തന്നെയാണ്.
പ്രണയവും പ്രണയ നൈരാശ്യവുമൊക്കെ സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളാണ്. നിസാരമെന്ന് മറ്റുള്ളവർക്ക് തോന്നുന്ന പ്രശ്നങ്ങൾ വരുമ്പോൾ അവരവർക്ക് അത് താങ്ങാവുന്നതിനും അപ്പുറമാണ്. അന്നേരം കൂട്ടുകാരോടോ അമ്മയോടോ ഷെയർ ചെയ്താൽ തീരാവുന്നതേയുള്ളൂ. പക്ഷേ, കേൾക്കാൻ പലപ്പോഴും ആള് ഉണ്ടാകില്ല എന്നതാണ് വസ്തുത. അണുകുടുംബങ്ങൾ കൊണ്ടും അവനവനിലേക്ക് ഒതുങ്ങാനുള്ള ഒരു വ്യഗ്രത കൊണ്ടുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഓരോരുത്തരും അവരവരുടെ ഒരു ലോകം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്. സമൂഹത്തിന്റെ സ്വാർത്ഥത തന്നെയാണ് ഒരുപരിധി വരെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണം. ആത്മധൈര്യം കിട്ടത്തക്ക തരത്തിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ വളർത്തി കൊണ്ടു വരണം. ആരെങ്കിലും സങ്കടം പറയാൻ വന്നാൽ ആർക്കും കേൾക്കാൻ താത്പര്യവുമില്ല, സമയവുമില്ല. അതാണ് അവസ്ഥ. താങ്ങാവുന്നതിനേക്കാൾ പ്രതിസന്ധികൾ ജീവിതത്തിലുണ്ടാകുമ്പോൾ അവർക്ക് താങ്ങായി തണലായി ഒരു സമൂഹം ഉണ്ടാകണം. ഇത്തരം വിഷയങ്ങളിൽ നിന്ന് അതിജീവിക്കാനും ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ നോക്കാനും സമൂഹത്തിന് കഴിയും. തിരിച്ചറിവിലേക്ക് കൊണ്ടു വരാൻ കുടുംബത്തിന് വലിയൊരു ഉത്തരവാദിത്തമുണ്ട്. ബന്ധങ്ങളിലുണ്ടായിട്ടുള്ള കുറവുകളും തകർച്ചകളും ഇതിനെ കാര്യമായി ബാധിക്കും. ദൗർബല്യങ്ങൾ ഓരോ വ്യക്തിയ്ക്കുമുണ്ട്. ആ ദൗർബല്യങ്ങളും ശക്തിയാണെന്ന് പറഞ്ഞ് മനസിലാക്കി അവരെ ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനും കുടുംബത്തിനുമുണ്ട്. സാമൂഹ്യമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക എന്നത് ഇതിനൊരു പരിഹാരമാണ്. സ്ത്രീ ശാക്തീകരണവും ഒരു ഘടകമാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ആത്മധൈര്യം കൈവിടാതെ അതിനെ നേരിടാൻ ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കണം. ഏത് പ്രതിസന്ധിയെയും മറികടക്കാൻ പറ്റിയ തരത്തിൽ നമ്മുടെ കുട്ടികളെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിനും സമൂഹത്തിനും വിദ്യാലയങ്ങൾക്കുമുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അത് ഒരുപോലെ ആവശ്യമാണ്. ഒരുപരിധി വരെ മാതാപിതാക്കളുടെ ഭാഗത്തും തെറ്റുണ്ട്. അപ്പുറത്തെ വീട്ടിലെ കുട്ടിയേക്കാൾ മാർക്ക് വാങ്ങണം എന്റെ കുട്ടിയെന്ന് പറഞ്ഞ് അവരുടെ ഉള്ളിൽ ഒരുതരം മത്സരബുദ്ധി നിറയ്ക്കും. ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുക. ചുറ്റിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവർക്ക് ഒരു ബോധം ഉണ്ടാക്കി കൊടുക്കണം. അവർ കണ്ണുകൾ തുറന്നു വയ്ക്കട്ടെ...കാതുകൾ കൂർപ്പിച്ചു വയ്ക്കട്ടെ.. എല്ലാം കണ്ടും കേട്ടും വളരട്ടെ. ലഹരിയിലേക്ക് നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.