വനിതാ പൊലീസാണോ, ജോസ് വിളിച്ചിരിക്കും!!
February 17, 2017, 12:14 pm
തിരുവനന്തപുരം: 'എന്താ മാഡം , എന്തുണ്ട് വിശേഷം, സുഖമാണോ '. പരിചയക്കാർ ആരെങ്കിലുമാകുമെന്ന് കരുതി വനിതാ പൊലീസുകാർ മറുപടി പറയാനൊരുങ്ങുമ്പോഴാകും ഫോൺ സംഭാഷണം അശ്‌ളീലച്ചുവയിലേക്ക് കടക്കുക.. 'ഇപ്പോ നല്ല പണിയാണല്ലേ, മുമ്പത്തേക്കാൾ നല്ല ഗ്ലാമറായി. എപ്പോഴാ ഒന്ന് കാണുക, എനിക്ക് ഒന്ന് കണ്ടേ പറ്റൂ'..... അപ്പോഴേക്കും വനിതാ പൊലീസുകാർക്ക് പിടികിട്ടും ഇത് 'ലെവൻ' തന്നെ.. അങ്ങനെ ശല്യം കൂടിക്കൂടി വന്നതോടെ ആ വിരുതനെ പൊലീസ് പൊക്കി. തുമ്പ പുതുവൽ പുരയിടത്തിൽ ജോസാണ് (27) ഫോണിലൂടെ ഇക്കിളി സംസാരവുമായി വനിതാ പൊലീസിന് നിരന്തരം ശല്യമായിരുന്നത്.

സിവിൽ പൊലീസ് ഓഫീസറായാലും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയായാലും ജോസ് അവരെ വിളിച്ചിരിക്കും. അതിന് രാത്രി, പകൽ ഭേദമില്ല.
ഇരിങ്ങാലക്കുട എ.എസ്.പിയെ ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തിയതിന് തൃശൂർ നെടുപുഴ പൊലീസാണ് സൈബർ പൊലീസ് സഹായത്തോടെ ജോസിനെ ആദ്യം പൊക്കിയത്. ജോസ് പിടിയിലായ വിവരം അറിഞ്ഞ് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വനിതാ പൊലീസുകാരെ കാണുമ്പോഴുള്ള ഹാലിളക്കത്തെപ്പറ്റി ജോസ് തുറന്നുപറഞ്ഞത്.

'കാക്കിയോടാ സാറേ.. കമ്പം..'
'എന്തെന്നറിയില്ല സാറേ , എനിക്ക് പൊലീസ് യൂണിഫോമിട്ട പെണ്ണുങ്ങളെ കണ്ടാൽ ആകെ ഒരിളക്കമാ. ആദ്യമൊക്കെ കണ്ടുനിൽക്കാനായിരുന്നു കൗതുകം. നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേകിച്ച്, വനിതാ സ്റ്റേഷൻ പരിസരത്ത് കറങ്ങിനടന്ന് പൊലീസുകാരികളെ നോക്കി നിൽക്കും. നേരിട്ട് പലരോടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോഴാണ് ഫോൺ വിളി ഹരമാക്കിയത്.

അതാകുമ്പോൾ ആളെ തിരിച്ചറിയില്ല. പേടിക്കാതെ സംസാരിക്കാം. വിളിച്ചതൊന്നും പരിചയക്കാരെയല്ല. സ്വാതന്ത്ര്യദിനം, റിപ്പബ്‌ളിക്ക് ദിനം തുടങ്ങിയ ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ പരേഡിനെത്തുന്ന ഗ്ലാമറുള്ള പൊലീസുകാരികളെ നോക്കിവയ്ക്കും. അവിവാഹിതരേക്കാളേറെ വിവാഹിതരോടും മദ്ധ്യവയസ്‌കരോടുമാണ് ഇഷ്ടം. യൂണിഫോമിലെ നെയിംപ്‌ളേറ്റിൽ നിന്ന് പേര് മനസിലാക്കിയാൽ പരിചയഭാവേന ചിരിച്ചുകൊണ്ട് മാഡം ഇപ്പോൾ എവിടെയാ എന്ന് അന്വേഷിക്കും.
മറ്റൊന്നും സംശയിക്കാതെ പലരും ജോലി ചെയ്യുന്ന സ്റ്റേഷനോ യൂണിറ്റോ പറയും. അവിടത്തെ ഫോൺ നമ്പർ തപ്പിയെടുത്ത് അതിലേക്ക് വിളിച്ചശേഷം സുഹൃത്താണ് ഒരു വിവരം ചോദിക്കാനെന്നോ ഇൻഫർമേഷൻ നൽകാനെന്നോ പറഞ്ഞ് മൊബൈൽ നമ്പർ വാങ്ങിയാണ് വിളിക്കുന്നത്.'

വിരട്ടിയാലും ഉളുപ്പില്ല
മൊബൈൽ ഫോണിൽ വിളിച്ച് പരിചയ ഭാവേന ക്ഷേമ അന്വേഷണത്തോടെയാണ് തുടക്കം. മാഡം ഇപ്പോൾ നല്ല ഗ്ലാമറായി.

നേരത്തേതിലും വെളുത്ത് സുന്ദരിയായിട്ടുണ്ടിപ്പോൾ. ജോസിന്റെ ഉള്ളിലിരുപ്പ് അറിയാതെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതിൽപിടിച്ചുകയറും. സംഭാഷണം അതിര് കടക്കാൻ പിന്നെ അധിക സമയം വേണ്ട. അംഗലാവണ്യങ്ങൾ വിവരിച്ചും സ്വകാര്യ വിശേഷങ്ങൾ അന്വേഷിച്ചും സംസാരിച്ചുകൊണ്ടിരിക്കും. തിരിച്ച് വിരട്ടിയാലും കാര്യമാക്കില്ല.

ഫോൺ കട്ട് ചെയ്താൽ ഉടൻ വരും അടുത്തവിളി. ജീവിതപങ്കാളിയെങ്ങനെ, എത്രകുട്ടികളുണ്ട് , കിടപ്പറ രഹസ്യങ്ങൾ തുടങ്ങിയ കാര്യങ്ങളറിയാനാണ് താത്പര്യം. ശല്യക്കാരനോ ഞരമ്പ് രോഗിയോ ആണെന്ന് കരുതി തെറി വിളിച്ചാൽ തിരിച്ച് അതേ ഭാഷയിൽ പ്രതികരിക്കാനും വിരട്ടാനും മുതിരുന്ന ജോസ് പുതിയ സിം കാർഡ് സംഘടിപ്പിച്ച് സ്ഥിരംശൈലിയിൽ അടുത്ത ദിവസം വീണ്ടും സജീവമാകും. തലസ്ഥാനത്ത് കന്റോൺമെന്റുൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഫോൺവിളിച്ച് ശല്യപ്പെടുത്തിയതിന് ഇരുപതിലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

എ.എസ്.പിയെ വിളിച്ചു അകത്തായി
ജിഷ്ണു പ്രണോയിയുടെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണിനെ വിളിച്ച് അപമര്യാദയായി സംസാരിച്ചതിനാണ് ജോസ് പിടിയിലായത്. ഒരാഴ്ച മുമ്പ് ഔദ്യോഗിക ഫോണിൽ തുടർച്ചയായി എ.എസ്.പിയെ വിളിച്ചെങ്കിലും തിരക്കുകാരണം ഫോൺ അറ്റന്റ് ചെയ്തിരുന്നില്ല.

തുടർച്ചയായ മിസ്ഡ് കോൾ കണ്ട് തിരികെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് എ.എസ്.പിയെ ജോസ് ഫോണിലൂടെ അപമാനിച്ചത്. തുടർന്ന് കമ്മിഷണർക്ക് നൽകിയ പരാതിയിൽ നെടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ ഹോട്ടൽ ജോലിചെയ്തുവന്ന ജോസിനെ പൊക്കിയത്.കൊച്ചിയിലെ ജോലിക്കിടയിൽ പരിചയപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ പേരിലാണ് സിമ്മുകൾ തരപ്പെടുത്തിയത്. പ്ലസ് ടുവരെ പഠിച്ച ജോസ് അവർക്ക് ക്ഷേമനിധി ആനുകൂല്യം തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫോട്ടോയും ഐ.ഡി പ്രൂഫും വാങ്ങി അൺ ലിമിറ്റഡ് കോൾ ഓഫറുള്ള സിമ്മുകൾ വാങ്ങിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ