നാല് മാസത്തിനിടെ ഏഴ് സ്‌കൂൾ കുട്ടികൾ ഗർഭിണികളായി
February 17, 2017, 12:56 pm
ശരണ്യഭുവനേന്ദ്രൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കഴിഞ്ഞ നാലു മാസത്തിനിടെ ഏഴ് സ്‌കൂൾ കുട്ടികൾ ഗർഭിണിയാക്കപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന വിവരം. ചൈൽഡ് ലൈനിന്റെ മുന്നിലെത്തിയ സംഭവങ്ങളാണിത്. നഗര പരിധിയിലെ വിവിധ സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് മിക്കവരും. പതിനാലിനും പതിനാറിനും ഇടയിലുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായി ഗർഭിണികളായത്. മൂടിവയ്ക്കപ്പെട്ട പല കേസുകളും ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുമ്പോഴാണ് ചൈൽഡ് ലൈനിന് വിവരം ലഭിക്കുന്നത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമവും പീഡനവും തടയാൻ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴാണ് പെൺകുട്ടികൾ ഇത്തരത്തിൽ ക്രൂരമായി പിച്ചിചീന്തപ്പെടുന്നത്. ഇത്തരം സംഭവങ്ങളിൽ കാമുകനും അച്ഛനും സഹോദരനും വരെ പ്രതിസ്ഥാനത്തുണ്ടെന്ന് ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. പി.ഡി. തോമസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കുടുംബങ്ങളിൽപോലും ലൈംഗികമായ ചൂഷണങ്ങൾക്കും മറ്റ് അതിക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്നു. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫാ. പി.ഡി. തോമസ് പറഞ്ഞു.

ജീവപര്യന്തംവരെ ലഭിക്കാവുന്ന കുറ്റകൃത്യം
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്ന് തടയുന്നതിനുവേണ്ടി സമഗ്രമായ ഒരു നിയമം (പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക് ഷ്വൽ ഒഫൻസ് ആക്ട്) 2012 ലാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ലൈംഗിക അതിക്രമത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, നിയമ വിരുദ്ധമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുക , നിയമ വിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക തുടങ്ങിയവ തടയുന്നതിന് വേണ്ടിയാണ് ഈ നിയമം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷത്തിൽ കുറയാത്ത ശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാം. പിഴയും ഈടാക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ