Sunday, 26 February 2017 5.51 PM IST
ഡൗൺലോഡ് സ്പീഡ്: എയർടെൽ മുന്നേറുമ്പോൾ, ജിയോ മുടന്തുന്നു
February 17, 2017, 7:25 pm
ന്യൂഡൽഹി: ഓഫറുകളും സൗജന്യങ്ങളും പ്രഖ്യാപിക്കുന്നതിൽ റിലയൻസ് ജിയോ എതിരാളികളേക്കാൾ വളരെ മുന്നിലാണ്. എന്നാൽ പ്രവർത്തനം വിലയിരുത്തുമ്പോൾ 'പ്രഖ്യാപനങ്ങളുടെ' മികവ് കാണുന്നില്ലെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്- TRAI) ഒടുവിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

മൊബൈൽ കമ്പനികളുടെ 2017 ജനുവരി മാസത്തിലെ പ്രവർത്തനം വിലയിരുത്തുന്ന ട്രായിയുടെ റിപ്പോർട്ട് പ്രകാരം, ശരാശരി 4 ജി ഡൗൺലോഡ് വേഗതയിൽ റിലയൻസ് ജിയോക്ക് നാലാം സ്ഥാനമാണുള്ളത്. എയർടെൽ ആണ് ജനുവരിയിലെ 4 ജി ഡൗൺലോഡിൽ ഏറ്റവും വേഗതയുള്ള നെറ്റ്‌വർക്ക്. ഐഡിയയും വൊഡാഫോണുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിലെ ഡൗൺലോഡ് സ്പീഡിൽ വൻ ഇടിവാണ് ജിയോ രേഖപ്പെടുത്തിയത്. 18.146 എം.ബി പെർ സെക്കൻഡിൽ നിന്ന് 8.345 എം.ബി.പി.എസ് ആയാണ് ജിയോയുടെ സ്പീഡ് കുറഞ്ഞത്. എന്നാൽ ഒന്നാം സ്ഥാനത്തെത്തിയ എയർടെൽ ആകട്ടെ 4.447 എം.ബി.പി.എസിൽ നിന്നും 11.862 എം.ബി.പി.സ് വേഗതയിലേക്ക് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഡിയയും മികച്ച നേട്ടമാണ് ജനുവരിയിൽ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസത്തെ 5.943 എം.ബി.പി.എസിൽ നിന്നും, 10.562 എം.ബി.പി.എസ് വേഗത ആ‌ർജ്ജിച്ചു.

അതേസമയം, 4 ജി അപ്‌ലോഡ് സ്പീഡിൽ ജനുവരി മാസത്തിൽ വൊഡാഫോണും ( 5.696 എം.ബി.പി.എസ്), ഐഡിയയുമാണ് മുന്നിലെത്തിയത്. എയർടെലിന്റെ അപ്‌ലോഡ് വേഗതയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മികവ് രേഖപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. ജിയോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ