പൂക്കോട് തടാകം: പ്രകൃതിയിൽ ചാലിച്ചെഴുതിയ കവിത
March 8, 2017, 11:19 pm
വയനാട്,... സമാനതകളില്ലാത്ത ഒരു സുന്ദരപ്രകൃതി ഭൂമി... ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ ഭൂമിയാണ് വയനാട്.. മഴയും മഞ്ഞും ഒരു പോലെ പെയ്യുന്ന വയനാടിന് വരമായി കിട്ടിയതാണ് പൂക്കോട് തടാകം. വെെത്തിരിയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. വയനാട് ചുരം കയറിക്കഴിഞ്ഞാൽ കാണുന്ന ലക്കിടിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുവശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. മനോഹരമായ പല തരത്തിലുള്ള നിരവധി മരങ്ങൾ ചുറ്റിനും നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയാണ് പൂക്കോട് തടാകം...

സമുദ്രനിരപ്പിൽ നിന്നും 2100 മീറ്ററിലധികം ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തടാകവുമില്ല. കബനി നദിയുടെ ഒരു ശാഖയായ പനമരം അരുവിയുടെ ഉത്ഭവവും ഈ തടാകത്തിൽ നിന്നു തന്നെയാണ്.

പച്ച പിടിച്ച മലനിരകളാൽ ചുറ്റപ്പെട്ടതാണ് പൂക്കോട് തടാകം. വയനാടിന്റെ ഭംഗിയും തണുത്ത കാറ്റും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. തടാകത്തിനെ ചുറ്റി ഒരു അരഞ്ഞാണമെന്ന പോലെ നിൽക്കുന്ന മരങ്ങൾ തണൽ വിരിച്ച പാതയും പൂക്കോടിന്റെ പ്രത്യേകതയാണ്. എല്ലാം മറന്ന് പ്രകൃതിയുടെ മണമറിഞ്ഞ് നടക്കാൻ മനസുള്ളവർക്ക് ആസ്വദിച്ച് ഈ വഴികളിലൂടെ നടക്കാം. ക്ഷീണം തോന്നുമ്പോൾ ഇരിക്കാനുള്ള ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ആകാശത്തിൽ നിന്ന് നമ്മെ നോക്കി ചിരിക്കുന്ന മേഘങ്ങളെയും സന്ധ്യ മയങ്ങുമ്പോൾ എത്തുന്ന നക്ഷത്രങ്ങളെയും പ്രണയിക്കാൻ സാധിക്കാത്തവരായിരിക്കില്ല പൂക്കോടിനെ കാണാനെത്തുന്നവർ. തടാകത്തിലെ വെള്ളത്തിൽ പ്രതിഫലിക്കുന്ന ആകാശനീലിമ ചിത്രകാരന്റെ ക്യാൻവാസുകളെ പോലെ നമ്മുടെ ഒാർമ്മകളെ അനുസ്മരിപ്പിക്കുന്നു.

പകലുറക്കത്തിൽ മുഴുകിയിരിക്കുന്ന ആമ്പൽ പൂക്കൾ തടാകത്തിന് പൂന്തോട്ടത്തിന്റെ ചാരുത നൽകുന്നു. വയനാടിന്റെ ടൂറിസം മേഖലിയിൽ പൂക്കോട് തടാകം വഹിക്കുന്ന പങ്ക് വലുതാണ്. പൂക്കോട് തടാകത്തിന്റെ ഭംഗിയെ പ്രണയിക്കുന്നവരാണ് ഇവിടെ എത്തുന്ന ഓരോ സഞ്ചാരികളും. പ്രകൃതിയെ പ്രണയിക്കാനും ഒരുമിച്ച് നടക്കാനും കൊതിയില്ലാത്തവരായി ആരും കാണില്ല. അവർക്കായി പൂക്കോട് കാത്തിരിക്കുന്നു. എന്നും.. എപ്പോഴും...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ