അരുത്
February 26, 2017, 12:40 pm
എം.എസ്. അനുപമ
സുരക്ഷ എന്നൊന്ന് സെർച്ച് ചെയ്തുനോക്കൂ, ഏതു ഭാഷയിലാണെങ്കിലും. വരുന്ന ഉത്തരങ്ങൾ ശ്രദ്ധിച്ചാൽ, അവയിലെ സാധാരണ ഗുണിതം നിങ്ങൾക്ക് പെെട്ടന്ന് മനസിലാവും. സ്ത്രീ എടുക്കേണ്ട മുൻകരുതലുകൾ, ഒഴിവാക്കേണ്ട ചുറ്റുപാടുകൾ, അരുതുകൾ, വിലക്കുകൾ എന്നിവയൊക്കെയാണ് ഈ ലേഖനങ്ങളും സദുദ്ദേശ്യപരമായ ഉപദേശങ്ങളും നിരത്തുന്നത്. സ്ത്രീ സുരക്ഷ എന്നത് ഒരു സാമൂഹിക പ്രശ്നമെന്നല്ലാതെ ഒരു സ്ത്രീവിഷയമായി കണ്ടുകൊണ്ടുള്ളതാണ് ഇത്തരം ഉപായങ്ങൾ. ഇവ പ്രശ്നത്തെ മനസിലാക്കിക്കൊണ്ടുള്ള സുചിന്തിത പരിഹാരമല്ല. സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളും ഇന്നത്തെ പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും, ബാഗിൽ പേനാക്കത്തി കരുതിയതുകൊണ്ടോ വെളിച്ചമുള്ള ഇടങ്ങളിൽ മാത്രം നിൽക്കുന്നതുകൊണ്ടോ അവസാനിക്കുന്നതല്ല. അത് കേവലം ലൈംഗിക അതിക്രമമല്ല, മറിച്ച് ഒരു പ്രത്യേക ലിംഗത്തെ ആകെ രണ്ടാംനിര പൗരന്മാരായി കാണുന്ന വലിയൊരു പ്രശ്നത്തിന്റെ ഏറ്റവും പ്രത്യക്ഷ വെളിപ്പെടൽ മാത്രമാണ്. സ്ത്രീ എന്ന ലിംഗത്തെ സമൂഹത്തിലെ, കുടുംബത്തിലെ, രാഷ്ട്രീയത്തിലെ തുല്യ പങ്കാളിയായി അംഗീകരിച്ചാൽ മാത്രം പരിഹരിക്കപ്പെടാവുന്ന ഒന്നാണ് സംവത്സരങ്ങളായി തുടർന്നു വരുന്ന ലിംഗവിവേചനം എന്ന അനീതി.

ഭ്രൂണാവസ്ഥ മുതൽ തുടങ്ങുന്ന ഈ വിവേചനം മരണാനന്തരവും തുടരുന്നു. പെൺഭ്രൂണങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതും, പിറന്നുവീണ പെൺകുഞ്ഞിനെ അരിമണി വായിലിട്ട് കൊല്ലുന്നതും, മൂന്നുവയസായ കുട്ടിയെ ഫീസ് കുറവുള്ളതോ അടുത്തുള്ളതോ ഒക്കെ എന്ന പരിഗണനയിൽ അവളുടെ സഹോദരൻ പഠിക്കുന്നതിനെക്കാൾ മോശപ്പെട്ട സ്‌കൂളിൽ അയയ്ക്കുന്നതും ഒക്കെ മാത്രമല്ല വിവേചനം. കളിപ്പാട്ടങ്ങളിൽ, വസ്ത്രധാരണത്തിൽ, കുട്ടിക്കുറുമ്പിൽ, സംസാരത്തിൽ ഒക്കെ ജനിച്ച നാൾ മുതൽ നമ്മൾ പെൺകുട്ടികളെ സ്റ്റീരിയോട്ടൈപ്പുകളാകാൻ നിർബന്ധിക്കുന്നു. പിങ്ക് നിറത്തിൽ ചുറ്റപ്പെട്ട ഒരു ലോകത്തിലേക്ക് നമ്മൾ അവരെ കുടിയിരുത്തുന്നു. പക്ഷേ, ഇതിലൊക്കെ, ആ കുട്ടിയുടെ എക്കാലത്തെയും ജീവിതത്തെ ബാധിക്കുന്ന ഒരു ധാരണ നമ്മൾ അവൾക്ക് കൊടുക്കുന്നുണ്ട്. ഒച്ച ഉയർത്തരുത്, എതിർക്കരുത്, സ്വന്തം ഇഷ്ടങ്ങളുണ്ടാവരുത്. ഇതാണ് പെൺകുഞ്ഞുങ്ങൾ വീടുകളിൽനിന്നുതന്നെ പഠിച്ചു തുടങ്ങുന്നത്. മുതിർന്നവർ, അധികാരത്തിൽ ഇരിക്കുന്നവർ പറയുന്നത് കേട്ട് നടന്നാൽ നിനക്ക് സുരക്ഷിതയായി ഇരിക്കാം എന്ന ധാരണ. ഒരുതരം മിഥ്യാസുരക്ഷിതത്വബോധം. പ്രായം കൂടുന്തോറും ആ ബോധ്യത്തിൽ നമ്മൾ കൂടുതൽ ചേർക്കലുകൾ ചേർക്കുന്നു. അരപ്പാവാട ധരിക്കരുത്, ഷോൾ ഇടുക, അധികം ചിരിച്ചു വർത്തമാനം പറയരുത് എന്നിങ്ങനെ അരുതുകളുടെ പട്ടിക നീളുന്നു. പ്രണയം പാപമാണ്, നിന്റെ തീരുമാനങ്ങൾക്ക് വിലയില്ല, നോ പറയരുത് എന്നിങ്ങനെ അരുതുകൾ അവളോടൊപ്പം മുതിരുന്നു. ഒടുവിൽ, ശരീരത്തിനോ മനസിനോ ഏൽക്കുന്ന പീഡനങ്ങൾ സഹിക്കേണ്ടവളാണ് പെണ്ണെന്നും, ഒരു അധമൻ അവളെ ഉപദ്രവിച്ചാൽ ഭംഗപ്പെടുന്നത് അവളുടെ മാനമാണെന്നും നമ്മൾ അവളെ ബോധ്യപ്പെടുത്തുന്നു. അവളെ തളച്ച് ബോധ്യങ്ങൾ ഒരു കേടുപാടും കൂടാതെ അടുത്ത തലമുറയിലേക്കും കൈമാറാൻ അവളെ പ്രാപ്തയാക്കുന്നു. കാലിന് അതിനെ കെട്ടിയിട്ട ചങ്ങലയോടുള്ള സ്നേഹം എണ്ണമറ്റ തലമുറകളിലൂടെ തുടരുന്നു. ചിറകുണ്ടായിട്ടും ചെളിയിൽ ഇഴയുന്ന പൂമ്പാറ്റകൾ പിന്നെയും പിറക്കുന്നു.

ഇതേ വിവേചനത്തിന്റെ മറുപുറം നമ്മൾ ആൺകുട്ടിയോടും നടത്തുന്നു. പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഗുണഭോക്താവായി ജീവിക്കാൻ, പാതി മനുഷ്യകുലത്തെ തന്നെക്കാൾ താഴെയാണെന്ന് വിശ്വസിക്കാൻ നമ്മൾ അവനെ ജനനം മുതൽ പ്രേരിപ്പിക്കുന്നു, പഠിപ്പിക്കുന്നു, പ്രാപ്തനാക്കുന്നു. അവന് സഹജീവിയെ മനസിലാക്കുന്നതിനോ, നീതിമാനാകുന്നതിനോ ഉള്ള എല്ലാ അവസരവും നമ്മൾ നിഷേധിക്കുന്നു. സ്ത്രീയോട് ചെയ്യുന്നത് അനീതിയാണെന്നും, മറ്റൊരാളിൽനിന്ന് നഷ്ടമാകുന്ന സ്വാതന്ത്ര്യവും അവകാശവും അധ്വാനവുമാണ് അവന്റെ ആൺജീവിത ആഘോഷമെന്നും എല്ലാത്തരത്തിലും അവനിൽ നിന്ന് മറച്ചുവയ്ക്കുന്നു. പ്രതിസന്ധികളിൽ തകരാനോ കരയാനോ പതറാനോ ഉള്ള അവകാശം പുരുഷൻ എന്ന ഇമേജിൽ തറയ്ക്കപ്പെട്ട മനുഷ്യജീവിക്ക് നിഷേധിക്കുന്നു. വ്യവസ്ഥിതിയിൽ താൻ ചൂഷകസ്ഥാനത്ത് തറയ്ക്കപ്പെട്ടിരിക്കുകയാണ് എന്ന് ബോധ്യം വന്നാൽപോലും പുറത്തേക്കുള്ള വഴി ദുർഘടകരമാക്കുന്നു. സഹോദരിയെ, അമ്മയെ, കാമുകിയെ, ഭാര്യയെ, സുഹൃത്തിനെ, സഹപ്രവർത്തകയെ, അപരിചിതയെ ഒക്കെ മനസിലാക്കാനോ അനുഭാവം പ്രകടിപ്പിക്കാനോ ഐക്യപ്പെടാനോ ഉള്ള അവന്റെ പരിശ്രമത്തെ, നീതിബോധത്തെ സമൂഹം ഒന്നടങ്കം പുച്ഛിച്ചുതള്ളുന്നു : പെൺകോന്തൻ!

ഈ രണ്ടുതരം വിവേചനങ്ങളും, അവ ഉത്പാദിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വൈകാരിക പരിസരവും കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ പ്രവർത്തിക്കുന്നു. ഭാഷയിൽപ്പോലും അതിന്റെ അസമത്വവും അനീതിയും വേരിറങ്ങുന്നു, പടർപ്പുകളാകുന്നു. സമൂഹത്തിൽ, അതിന്റെ വിവിധ ബോധതലത്തിൽ, മനഃസാക്ഷിയിൽ ഒക്കെ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന സ്ത്രീവിരുദ്ധതയാണ് കലാസൃഷ്ടികളിൽപോലും പ്രവർത്തിക്കുന്നത്. സ്ത്രീ എന്ന വർഗത്തെ ശരീരത്തിലേക്കും അതുവഴി മനുഷ്യനല്ലായ്മയിലേക്കും ചുരുക്കാനുള്ള നൂറ്റാണ്ടുകളും സംവത്സരങ്ങളും നീണ്ട ശ്രമങ്ങളുടെ തുടർച്ചയാണ്. ബട്ടറിൽ ചൂടുകത്തിയെന്നപോലെ പാകപ്പെട്ടുകിടക്കുന്ന പുരുഷാധിപത്യ സമൂഹത്തിലേക്ക് ഈ സ്ത്രീവിരുദ്ധതയും കടന്നുചെല്ലും. ഏറ്റവും ചുരുങ്ങിയ പ്രതിപ്രവർത്തനത്തോടെ, പ്രതിഷേധത്തോടെ. ബലാത്സംഗം എന്ന ഏറ്റവും നീചമായ വയലൻസിനെ തമാശകളാക്കി, വിടലച്ചിരികളാക്കി നമ്മൾ മൂർച്ച കുറയ്ക്കുന്നു. അതേസമയം, ഇല്ലാത്ത ഒരു പാപബോധം, മാനം എന്ന പെണ്ണിന്റെ മാത്രം ഭാരം നമ്മൾ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. രണ്ടാനച്ഛൻ ബലാത്സംഗം ചെയ്യുന്ന സോഫിയയോട് 'ഒരു വിഷജന്തു ആക്രമിച്ചതായി കരുതി മോളത് മറന്നേക്ക് ' എന്നുപറയുന്ന ഒരമ്മയെ പദ്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ കാണാം. അതു പക്ഷേ ഒരു പൊതുകാഴ്ചയല്ല. ബലാത്സംഗം ചെയ്യപ്പെട്ട നായിക നമുക്ക് എപ്പോഴും കൊല്ലപ്പെടണം. പൊതുസ്ഥലത്തുവച്ച് മുഖമടച്ച് അടിയേറ്റ നായിക തീർച്ചയായും തല്ലിയ നായകനെ പ്രണയിച്ചിരിക്കണം. മണ്ണിലും പെണ്ണിലും നായകൻ എന്നും ആധിപത്യം തെളിയിച്ചിരിക്കണം. ജീവിതം കുട്ടിച്ചോറാക്കിയശേഷം ഭിക്ഷയായി നീട്ടുന്ന കാരുണ്യത്തിന് ഭാനുമതി എന്നും മംഗലശ്ശേരി നീലകണ്ഠനെ ദൈവംപോലെയും കരുതണം. അങ്ങനെയുള്ള ചട്ടങ്ങളിൽനിന്ന് നമ്മുടെ ഏറ്റവും ജനപ്രിയ കലാരൂപമായ സിനിമ പോലും മോചിതമല്ല.

എത്രയെത്ര ദുരനുഭവങ്ങൾ മുന്നിൽ വന്നാലും നമ്മൾ പ്രശ്നത്തെ വ്യക്തമായി കാണാനോ, അതിന് പരിഹാരം തേടാനോ ശ്രമിക്കുന്നില്ല. ഏറ്റവും അവസാനം നമ്മെ ഞെട്ടിച്ച സംഭവമാണ് കൊച്ചിയിൽ പ്രമുഖ നടിയെ ഒരു വാടകഗുണ്ടാ സംഘം ആക്രമിച്ചത്. സ്ത്രീ സുരക്ഷയുടെ മുന്നറിയിപ്പുകളും അരുതുകളും പ്രകാരം അവർ വളരെ സുരക്ഷിതയായിരുന്നു. തിരക്കേറിയ ദേശീയപാതയിൽ, വിശ്വസ്തർ ഒരുക്കിയ വാഹനത്തിലാണ് അവർ ആക്രമിക്കപ്പെട്ടത്. അവിടെ, ഒരു സമൂഹം ഒന്നടങ്കം പരാജയപ്പെടുകയാണ് അതിലെ ഒരംഗത്തിന് സുരക്ഷിതത്വം ഒരുക്കാൻ. ഏഴ് താഴിട്ടുപൂട്ടിയ പെട്ടിയിൽ ഏഴുകടലിനപ്പുറം സൂക്ഷിക്കാനാവില്ല നമുക്ക് പെൺകുട്ടികളെ. അവർ അങ്ങനെ സംരക്ഷിക്കപ്പെട്ട് അവസരങ്ങൾ നിഷേധിക്കപ്പെടേണ്ടവരുമല്ല. ഇനിയെങ്കിലും, നമുക്ക് ആൺകുട്ടികളോട് കുറച്ച് ബോധവത്കരണങ്ങൾ നടത്തിക്കൂടെ ? നിന്റെയൊപ്പം ഇരിക്കുന്ന പെൺകുട്ടിയും മനുഷ്യനാണെന്ന് അവനെ പഠിപ്പിച്ചുകൂടേ? ഒപ്പം അവളെയും. നീയും മനുഷ്യനാണെന്നും, ഈ ലോകം നിനക്കുകൂടി ഉള്ളതാണെന്നും. പൂട്ടിയിട്ട വാതിലുകളിലല്ല, തുറന്ന മനസുകളിലാണ് സ്ത്രീസുരക്ഷ.
(ലേഖികയുടെ ഫോൺ : 8129473703)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.