Friday, 26 May 2017 3.28 AM IST
കട്ട ലോക്കൽ, പക്കാ അങ്കമാലി
March 6, 2017, 9:54 am
പി. സനിൽകുമാർ
കട്ട ലോക്കൽ എന്നുവച്ചാൽ പക്കാ ലോക്കൽപ്പടം. തനി നാട്ടുരുചി. കൂർക്കയിട്ട് വച്ച പോർക്കിറച്ചി കഴിച്ച സുഖമാണ്, ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ‌ഡയറീസ് കണ്ടിറങ്ങുമ്പോൾ. അതിൽ എരിവുണ്ട്, പുളിയുണ്ട്, ചിരിയുണ്ട്, പ്രണയമുണ്ട്, താളമുണ്ട്, കണ്ണീരിന്റെ നനവുമുണ്ട്. 86 പുതുമുഖങ്ങളുമായി മലയാളത്തിലെ ഗംഭീര പരീക്ഷണക്കൂട്ട്. അങ്കമാലിയിലെ അംഗങ്ങളുടെ അങ്കക്കഥ അങ്കമാലിക്കാർ തന്നെ രണ്ടേകാൽ മണിക്കൂറിൽ ആടിത്തീർക്കുകയാണ്. ആൺപ്പറ്റങ്ങളുടെ അടിപിടി കഥയായതിനാൽ എല്ലാവർക്കും പിടിക്കാനിടയില്ല.

അങ്കമാലി നായകൻ
നായകനെ ചുറ്റിപ്പറ്റി വികസിക്കുന്ന പതിവുശൈലി വിട്ട് അങ്കമാലിയെന്ന ദേശത്തെ നടുക്ക് നിർത്തിയാണ് ലിജോ കഥ പറയുന്നത്. സ്വന്തം ഡയറിക്കുറിപ്പിലെ പോലെ സത്യസന്ധത ചോരാതെ നാട്ടുകാരൻ തന്നെയായ ചെമ്പൻ വിനോദ് ജോസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയപ്പോൾ സംഗതി കൊഴുത്തു. സമീപകാല നാട്ടുപടങ്ങളായ കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം, അന്നയും റസൂലും തുടങ്ങിയ നിരയിലേക്കാണ് അങ്കമാലി ഡയറീസും വരുന്നത്. കുട്ടനാട്ടെ കുമരങ്കരിയുടെ ഫാന്റസിക്കഥ പറഞ്ഞ ലിജോയുടെ തന്നെ ആമേനോടും സാദൃശ്യമുണ്ട്. 2002ൽ ഇറങ്ങിയ ബ്രസീലിയൻ സിനിമ സിറ്റി ഒഫ് ഗോഡിന്റെ അനുരണനങ്ങളും കാണാം. ഡബിൾ ബാരൽ എന്ന മുന്തിയ ആക്ഷേപഹാസ്യ പരീക്ഷണ സിനിമയ്ക്കുശേഷമാണ് സംവിധായകൻ സാഹസികമായ മറ്റൊരു പരീക്ഷണത്തിന് ഒരുമ്പെട്ടത്. കുമരങ്കരിയിൽ നിന്നും അങ്കമാലിയിൽ എത്തിയപ്പോൾ ലിജോയുടെ പ്രതിഭയ്ക്ക് പൊൻതിളക്കമേറി.

ഏതു നാടിനുമുണ്ടാകും സ്വന്തം കഥകളും മിത്തുകളും വിശേഷങ്ങളും. ട്രെയിനിൽ പോകുമ്പോൾ കാണുന്ന, മഞ്ഞച്ചുമരിൽ കറുപ്പിലെഴുതിയ, അങ്കമാലി ഫോർ കാലടി എന്നൊരു സ്റ്റേഷനുമുണ്ട് അനേകം കഥകൾ. പള്ളിയും പെരുന്നാളും പോർക്കും നിറഞ്ഞ സാധാരണക്കാരുടെ ജീവിതങ്ങൾ. ഏറിയപങ്കും റിയലിസ്റ്റിക്കും മടുപ്പിക്കാത്ത സിനിമാറ്റിക്കുമായ അവതരണം. അനേകം ദൃശ്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇതൾവിരിയുന്ന അങ്കമാലി ദേശം. കത്തിയും തോട്ടയുമെടുത്ത് ആക്രോശിക്കുന്ന മനുഷ്യരെ കറുത്തഹാസ്യത്തിന്റെ മേമ്പൊടിയിൽ മുന്നിൽ നിറുത്തുകയാണ് സിനിമ. ജീവിതം അതിന്റെ വഴിക്കുവിട്ട് ആഘോഷിക്കുന്നവർ. വെട്ടാനും കൊല്ലാനും നടക്കുമ്പോഴും അവരുടെയുള്ളിലെ മനുഷ്യത്വവും ഭീരുത്വവും സാഹചര്യസമ്മർദ്ദങ്ങളും കാണിക്കുന്നിടത്താണ് സംവിധായകൻ പ്രിയപ്പെട്ടവനാകുന്നത്. പുതുമുഖങ്ങളായിട്ടും പതറാതെയും തന്മയത്വത്തോടെയും കഥാപാത്രങ്ങളായ നടീനടന്മാരാണ് അങ്കമാലി ഡയറീസിന്റെ ചങ്ക്.

പന്നിക്കഥ, മനുഷ്യരുടെയും
നാലുനാലരക്കോടിയുടെ കച്ചവടം നടക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച പോർക്ക് കിട്ടുന്ന ഇടമാണത്രെ അങ്കമാലി. പോർക്കില്ലാത്തൊരു ഇടപാടില്ലുമിവിടെ. കൂർക്കയിട്ടും തേങ്ങാക്കൊത്തിട്ടും സ്വാദോടെ പോർക്കുണ്ടാക്കാൻ അങ്കമാലിക്കാരേ കഴിഞ്ഞേ വേറെയാരുമുള്ളൂ. വിൻസെന്റ് പെപ്പെയുടെ (ആന്റണി വർഗീസ്) അമ്മയും (ജോളി ചിറയത്ത്) നന്നായി പാചകം ചെയ്യും. പെപ്പെയുടെ ഫ്ളാഷ് ബാക്കിലൂടെയാണ് അങ്കമാലി നമ്മളിലേക്ക് മിഴി തുറക്കുന്നത്. കുട്ടിയായ പെപ്പെ യുവാവായി വളരുന്ന കാലങ്ങൾ. അവന്റെ കൂട്ടുകാരും നാട്ടുകാരും. കൂലിത്തല്ലും പന്തുകളിയും ജിമ്മിൽപ്പോക്കും പ്രണയവും പ്രതികാരവും പള്ളിപ്പെരുന്നാളും പടക്കം പൊട്ടിക്കലും മദ്യപാനവുമാണ് വിശേഷങ്ങൾ. ഒപ്പം പുട്ടിന് പീര പോലെ പോർക്ക് തീറ്റയും പോർക്ക് കച്ചവടവും. സാഹചര്യങ്ങളുടെ ഗതികേടിൽ വില്ലന്മാരായും നായകന്മാരായും പോരടിക്കേണ്ടി വരുന്നവരാണ് കഥയുടെ മുറുക്കം കൂട്ടുന്നത്. ശക്തമായ കഥയില്ലാതെ മുന്നേറുന്ന സിനിമ പെപ്പെയുടെ വളർച്ചയ്ക്കൊപ്പം അവനിലും നാട്ടിലുമുണ്ടായ സംഭവ പരമ്പരകളെയാണ് കൂട്ടുപിടിക്കുന്നത്. എങ്കിലുമുണ്ട്, രസച്ചരട് പൊട്ടാതെ ക്ളൈമാക്സിലേക്ക് നീങ്ങുന്ന നേർത്തൊരു കഥ.

പെപ്പെയുടെ കുട്ടിക്കാലവും യൗവനാരംഭവുമാണ് ഒന്നാംപകുതി. ചോരത്തിളപ്പിന്റെ ആവേശത്തിൽ പെപ്പെ കൊലക്കുറ്റത്തിന് ഒന്നാംപ്രതി ആകുന്നിടത്താണ് രണ്ടാംപകുതിയുടെ തുടക്കം. അറവുകാരന്റെ കൂടമടിയിൽ നേർത്തൊരു തേങ്ങലായി ഒടുങ്ങുന്ന പന്നികളെപ്പോലെ, ജീവിതവെപ്രാളത്തിലെ ഏടാകൂടങ്ങൾക്ക് മുന്നിൽ തല വയ്ക്കേണ്ടി വരുന്ന നിസഹായരായ മനുഷ്യരെ ഇടയ്ക്കിടെ കാണാം. എന്നാലുമവർ ചിരിക്കുന്നുണ്ട്, പാടുന്നുണ്ട്, പ്രണയിക്കുന്നുണ്ട്, ആഘോഷിക്കുന്നുണ്ട് എന്നതാണ് രസകരം. 11 മിനിറ്റുള്ള ഒറ്റ ഷോട്ടിലൂടെ കൊട്ടിക്കലാശിക്കുന്ന കഥാന്ത്യത്തിലെ വെടിക്കെട്ടിലും കാണാം, മേയ്ക്കിംഗിന്റെ പെരുമ. പ്രതീക്ഷിതമെങ്കിലും രസകരമായി പ്രണയം വെളിപ്പെടുത്തുന്ന രംഗമുൾപ്പെടെ അനേകം സീനുകൾ തീയറ്ററിൽ നിന്നിറങ്ങിയാലും കൂടെപ്പോരും.

ഇവർ മിടുമിടുക്കർ
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ കയ്യൊപ്പില്ലാത്ത ഒരു വകുപ്പുമില്ല. അത്രയ്ക്കും സംവിധായകന്റെ സിനിമയാണിത്. കട്ട സപ്പോർട്ടാണ് എല്ലാം ഡിപ്പാർട്ടുമെന്റും ലിജോയ്ക്ക് നൽകിയതും. കാസ്റ്റിംഗിലെ ക്രാഫ്റ്റാണ് എടുത്തുപറയേണ്ടത്. മുഖ്യറോളിലുള്ളവർ മുതൽ മുടിവെട്ടുകാരൻ വരെ അസാദ്ധ്യ സാന്നിദ്ധ്യമായി. പെപ്പെയായി വേഷമിട്ട, ജീവിതത്തിലെ പലതരം റോളുകളെ അതേ തനിമയോടെ അനുഭവിപ്പിച്ച ആന്റണിയെ ഇനിയുമൊരുപാട് സിനിമകളിൽ പ്രതീക്ഷിക്കാം. പതിവിന് വിരുദ്ധമായി മെലിഞ്ഞുണങ്ങിയ പ്രതിനായകനായെത്തി അമ്പരിപ്പിച്ചു അപ്പാണി രവി (ശരത്കുമാർ). കമ്മട്ടിപ്പാടത്തിലെ ബാലേട്ടന് തുല്യം നിൽക്കുന്നയാൾ. എസ്.ഐ റോളിൽ ചെമ്പൻ വിനോദ് ജോസിന്റെ അനിയൻ ഉല്ലാസ് ജോസ് ചെമ്പനും പെപ്പെയുടെ അമ്മയായി സാമൂഹ്യപ്രവർത്തക ജോളി ചിറയത്തും തിളങ്ങി. ഇനിയുമുണ്ട് മനസിൽ പതിഞ്ഞ പേരറിയാത്ത ഒരുപാട് കഥാപാത്രങ്ങൾ. യുക്ളാമ്പ് രാജൻ, ടെൻ എം.എൽ തോമസ്, ഭീമൻ, കുഞ്ഞൂട്ടി, കണകുണാ മാർട്ടി, ലിച്ചി...തുടങ്ങി 86 പുതുമുഖങ്ങളും കേമം.

നീണ്ട ക്ളൈമാക്സ് ഉൾപ്പെടെ ചടുലമായ അങ്കമാലിയെ അതീവഹൃദ്യമായാണ് ഗിരീഷ് ഗംഗാധരൻ കാമറയിൽ ഒപ്പിയെടുത്തത്. ആമേനിലെപ്പോലെ അങ്കമാലിയിലും പ്രശാന്ത് പിള്ളയുടെ സംഗീതം ജീവനായി. വ്യത്യസ്തവും നാടനുമായ പശ്ചാത്തല സംഗീതമാണ് സിനിമയുടെ മൂഡ് നിലനിർത്തിയത്. ചെണ്ടയും ബാൻഡും മുതൽ ഫാമിലെ പന്നികളുടെ മരണവെപ്രാളം വരെ പശ്ചാത്തലത്തിൽ മുഴങ്ങുന്നു. അങ്കമാലിക്കാർ പാടുന്ന തീയാമേ, തന ധിന തുടങ്ങിയ ഗാനങ്ങളും കൊള്ളാം. ക്ളൈമാക്സ് വെടിക്കെട്ടിന്റെ കൂട്ടപൊരിച്ചിലും കുളത്തിലെ മുങ്ങാംകുഴിയും ഇറച്ചി മാർക്കറ്റും ഉൾപ്പെടെ അങ്കമാലിയുടെ ശബ്ദങ്ങളെ മനോഹരമായാണ് രംഗനാഥ് രവി പകർത്തി കേൾപ്പിക്കുന്നത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും കിറുകൃത്യം. ഫ്രൈഡേ ഫിലിംസാണ് നിർമ്മാണം. പന്നിയെ കൊന്ന് വെട്ടിത്തൂക്കി വിൽക്കുന്നത്ര എളുപ്പത്തിൽ മനുഷ്യരെയും കൊല്ലാൻ മടിയില്ലാത്തവരെ കൂടുതൽ സമയവും കാണിക്കുന്ന സിനിമ, ആക്രമങ്ങളെ മഹത്വവത്കരിച്ചും അങ്കമാലിയെന്ന നാടിനെ മോശമാക്കിയുമാണ് കൂടുതലും ചിത്രീകരിച്ചതെന്ന വിമർശനമുണ്ട്.

ഫൈനൽകട്ട്: സൂക്ഷിക്കുക, വയലൻസും തൊഴിലായവരുടെ കഥയാണ് !
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ