Friday, 26 May 2017 3.27 AM IST
കാമ്പസിന്റെ ചുവപ്പൻ അപാരത
March 3, 2017, 5:04 pm
പി.സനിൽകുമാർ
ചോര കൊണ്ട് ചുവന്ന കാമ്പസുകളെ, അതിന്റെ വിപ്ളവ ആവേശങ്ങളെ പകർത്തുകയാണ് 'ഒരു മെക്സിക്കൻ അപാരത'. എഴുപതുകൾ മുതൽ രണ്ടായിരമാണ്ട് വരെയുള്ള കലാലയ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ. സമരയൗവനങ്ങളെ പുളകിതരാക്കുന്ന ഈ അപാരത,​ നീലയിൽ നിന്ന് ചുവപ്പിലേക്കുള്ള കൊടിമാറ്റത്തിന്റെ കഥയാണ്. സമകാലീന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധമില്ലെങ്കിലും ആ സമരാവേശമാണ് നവാഗത സംവിധായകൻ ടോം ഇമ്മട്ടിയുടെ ഊർജം.

വലത്തു നിന്ന് ഇടത്തോട്ട്
കുട്ടി സഖാക്കളുടെ മുദ്രാവാക്യം വിളികളുടെ പെരുമഴയിലേക്കാണ് സിനിമ മിഴി തുറന്നത്. ടൈറ്റിൽ കാർഡിൽ ഭഗത് സിംഗിനെ കാണിച്ചതിന് പിന്നാലെ പ്രൊജക്ടറിന് മുന്നിൽ ചെഗുവേരപ്പടമുള്ള കൊടി പിടിച്ച് സ്ക്രീനിൽ പതിപ്പിച്ചാണ് കലാലായക്കുട്ടികൾ തീയേറ്ററിൽ ആരവമുയർത്തിയത്. തുടക്കം മുതൽ ഒടുക്കം വരെ മുഴങ്ങിയ സിന്ദാബാദുകൾ. ഓരോ പാട്ടിനും ഡയലോഗിനും സിനിമാറ്റിക് സീനിനും വരെ നിലയ്ക്കാത്ത കൈയടികൾ. സ്വന്തം കഥയെന്ന പോലെ അവരാ സിനിമയെ നെഞ്ചോട് ചേർത്തു. അതെ,​ ഒരു മെക്സിക്കൻ അപാരത ക്ഷുഭിത കലാലയങ്ങളുടെ സിനിമയാണ്. സകലമാന കാണികളെയും രസിപ്പിക്കാനുള്ള ചേരുവകളില്ലാത്ത,​ തമാശകൾ പൊട്ടിക്കുന്ന 'പി.ടി സർ' ഇല്ലാത്ത, കാമ്പസ് സിനിമ. രാഷ്ട്രീയ കാമ്പസ് അനുഭവിക്കാത്തവർക്ക് ചിലപ്പോൾ മുഷിഞ്ഞേക്കാം.

എറണാകുളത്തെ മഹാരാജാസ് കോളേജാണ് പശ്ചാത്തലം. കാലങ്ങളായി അടക്കിവാണ കെ.എസ്.ക്യുവിന്റെ തട്ടകത്തിൽ ചെങ്കൊടി പാറിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.എഫ്.വൈ. പ്രണയപ്പൈങ്കിളിയായി തൃശൂരിൽ നിന്നാണ് പോൾ (ടൊവീനോ) വരുന്നത്. അഞ്ചാറു പേരുടെ മാത്രം ബലമേയുള്ളെങ്കിലും കോളേജിൽ സംഘടന വളർത്താനുള്ള യജ്ഞത്തിലാണ് സുഭാഷ് (നീരജ് ). കാമ്പസ് എങ്ങനെ ചലിക്കണമെന്ന് തീരുമാനിക്കുന്ന കെ.എസ്.ക്യുവിന്റെ ശക്തനായ നേതാവാണ് രൂപേഷ് (രൂപേഷ് പീതാംബരൻ). മലയാള സിനിമയുടെ പതിവുമട്ടിൽ, ആണുങ്ങളെ 'തേച്ചുപോകുന്ന' പെണ്ണുങ്ങളാണ് ഈ കാമ്പസിലും. മുഖ്യവേഷമാടുന്ന പോളിനും സുഭാഷിനും സമാന അനുഭവമാണ്. ശരിക്കാലോചിച്ചാൽ ആ തേപ്പാണ് നേതാക്കളുടെ വിപ്ളവവീര്യമായി മാറുന്നതെന്ന് കാണാം. തൊണ്ണൂറ് ശതമാനവും ആണുങ്ങളുടെ, ആൺക്യാമ്പസിന്റെ, ആൺവീര്യത്തിന്റെ മാത്രം കഥയായതിനാൽ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ വലിയ പങ്കൊന്നുമില്ല.

ആൺകുട്ടികളുടെ ഹോസ്റ്റലും അവിടത്തെ ഉറക്കമില്ലാത്ത രാത്രികളും കള്ളുകുടിയും കവിത ചൊല്ലലും പുകവലിയും കാന്റീനുകളും കാമ്പസ് ആകെ തന്നെയും റിയലിസ്‌റ്റിക്കായാണ് അവതരിപ്പിച്ചിട്ടുള്ളത്. പ്രണയവും പ്രണയനഷ്ടവും അതേ തന്മയത്വത്തോടെ കാണാം. കലോത്സവക്കാലം നല്ലൊരു നൊസ്‌റ്റാൾജിയയാണ്. അടിയന്തരാവസ്ഥക്കാലത്തെ രാജൻ കേസും തുടർന്നുള്ള സമരങ്ങളും കാണിച്ചാണ് സിനിമയുടെ തുടക്കം. രാഷ്ട്രീയമേതുമില്ലാത്ത പോളിനെയും കൂട്ടി ഒരു രാത്രിയിൽ കോളേജിലൂടെ നടക്കുകയാണ് സുഭാഷ്. രാത്രിയിൽ കാമ്പസിൽ ഒറ്റയ്ക്ക് നടക്കണം. അപ്പോൾ ചെഗുവേരയുടെയും സഖാവ് കൊച്ചനിയന്റെയും സാന്നിദ്ധ്യം അറിയാനാകും. എന്നെല്ലാം പറയുമ്പോഴാണ് നേരത്തെയുള്ള അടിയുടെ ബാക്കിയുമായി കെ.എസ്.ക്യു പിള്ളേർ വടിയുമായി പിന്നിലെത്തിയത്. പിന്നെയൊരു ഓട്ടമായിരുന്നു. രണ്ടാളും രണ്ടുവഴിക്ക്. പോൾ ഓടിക്കയറി ഒളിച്ചത് മെക്സിക്കോ എന്നുപേരുള്ള, കാലങ്ങളായി തുറക്കാതെ കിടക്കുന്ന എസ്.എഫ്.വൈയുടെ മുറിയിൽ. അവിടേക്കാരും എത്താതിരുന്നതിനാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആ രാത്രിയിൽ ചെങ്കൊടിയുടെ പിറകിൽ പോളൊരു രൂപം കണ്ടു; സഖാവ് കൊച്ചനിയന്റെ. (1992 ഫെബ്രുവരിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിനിടെ കൊലപ്പെട്ട, കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി. കൊച്ചനിയൻ ആണെന്നത് സൂചന മാത്രം). രണ്ടാംപകുതിയിൽ പോൾ എന്ന കാമുകനിൽ നിന്നും പോൾ വർഗീസ് എന്ന വിപ്ളവനേതാവിലേക്കുള്ള മാറ്റമാണ്. പിന്നെയോ കലിപ്പ് കട്ടക്കലിപ്പ്..!

ഏമാന്മാരുടെ ലീലകൾ
പാർട്ടി ജില്ലാസെക്രട്ടറിയുടെ ആശീർവാദത്തിനായി പോളും സുഭാഷും എത്തുമ്പോഴാണ് മൈതാനത്ത് ഏമാന്മാരെ എന്ന പാട്ടുസമരം. ഞങ്ങൾ താടി വളർത്തും, മീശ വളർത്തും.. എന്ന പാട്ടിന്റെ തിരമാല. ചെയർമാൻ സ്ഥാനാർത്ഥിയായി പാർട്ടി കണ്ടെത്തുന്നത് പോളിനെയാണ്. നിഷ്പക്ഷനും പുതുമുഖവുമായ പോളിലൂടെ വോട്ട് പിടിക്കാമെന്ന് കണക്കുകൂട്ടൽ. ഇതിനിടെ, രക്തസാക്ഷികളിലൂടെ പാർട്ടി എങ്ങനെയാണ് അടിത്തറ ഉണ്ടാക്കുന്നതെന്ന ഭീകരസത്യവും അനാവരണം ചെയ്യുന്നു. രക്താസാക്ഷികളുടെ സഹാനുഭൂതി വോട്ടാക്കി കോളേജ് യൂണിയൻ പിടിക്കേണ്ടതെങ്ങനെ എന്ന നെറികേടിന് കൂട്ടുനിൽക്കുന്നത് സുഭാഷാണ്. കഥാന്ത്യത്തിൽ ഈ പാപക്കറയെല്ലാം പാർട്ടി തേച്ചുമാച്ച് കഴുകിയെടുക്കുന്നുണ്ടെങ്കിലും ഇരതലമൂർച്ചയുള്ള ഈ രംഗങ്ങളുടെ സത്യസന്ധതയാണ്, ഇടതുപക്ഷമായിട്ടും, മെക്സിക്കൻ അപാരതയുടെ മൂലക്കല്ലാകുന്നത്. കലോത്സവം, കണ്ണൂരിലെ ഒളിവുജീവിതം എന്നിവയൊഴികെ പൂർണമായും മഹാരാജാസിലാണ് ചിത്രീകരണം. കണ്ണൂർ ബോംബിന്റെ നാടാണെന്നാണ് ഈ സിനിമയും പറയുന്നത്. കോമഡികൾ നിലവാരം പുലർത്തിയില്ല. അനാവശ്യ നേരത്ത് തമാശ പറഞ്ഞ് പതറുന്നുമുണ്ട്. മഹാരാജാസിന്റെ ചരിത്രമല്ല സിനിമയുടേതെന്ന വിമർശനങ്ങൾക്കുള്ള മറുപടിയും കാണാനില്ല.

രണ്ടു ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ടൊവിനോ തോമസ് ഊർജസ്വലമായ അഭിനയമാണ് കാഴ്ചവച്ചത്. ആൾക്കൂട്ടത്തെ ആവാഹിക്കാനുള്ള ടൊവീനോയുടെ കഴിവ് അപാരം. നീരജ് മാധവും കണ്ണൂർക്കാരൻ രമേശായി സുബീഷും മികച്ച പ്രകടനം നടത്തുന്നു. സംവിധായകൻ രൂപേഷ് പീതാംബരൻ, രൂപേഷ് എന്ന കരുത്തുറ്റ കെ.എസ്.ക്യു നേതാവിതെ അവതരിപ്പിക്കുന്നു. ഇത്രയും ഉശിരോടെ സമീപകാല സിനിമകളിലൊന്നും ഒരു കെ.എസ്.യു നേതാവിനെ കണ്ടിട്ടില്ല. പോളിന്റെ കാമുകി അനുവായാണ് ഗായത്രി സുരേഷ് വരുന്നത്. ഊർജം നിറയ്ക്കുന്ന സംഗീതമാണ് മണികണ്ഠൻ അയ്യപ്പന്റെതും രഞ്ജിത് ചിറ്റാടെയുടേതും (ഏമാന്മാരെ). കാമറ- പ്രകാശ് വേലായുധൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. സംവിധായകനായ അനൂപ് കണ്ണനാണ് നിർമാതാവ്.

ഫൈനൽകട്ട്: ചോരയുടെ കട്ടക്കലിപ്പുള്ള കാമ്പസ് പടം !
റാങ്കിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ