എസ്.ജാനകിയും ആശാനും വീണപൂവും
March 12, 2017, 11:42 am
ജോഷി മംഗലത്ത്
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ
ശ്രീഭുവിലസ്ഥിര അസംശയം ഇന്നു നിന്റെ –
യാ ഭൂതിയെങ്ങു, പുനരെങ്ങു
കിടപ്പിതോർത്താൽ.

കുമാരനാശാന്റെ വീണപൂവിലെ ഈ ഒന്നാം ശ്ലോകം പരീക്ഷക്കു വേണ്ടി ഹൃദിസ്ഥമാക്കിയത് വർഷങ്ങൾക്കു മുൻപായിരുന്നു. സത്യജിത് റായിയെപ്പോലെ ഉയരമുള്ള മലയാള അദ്ധ്യാപകൻ ജോബ് സാറാണതു പഠിപ്പിച്ചത്. തൂവെള്ള ഖദർ ജൂബ്ബയും, മുണ്ടും ധരിച്ചെത്തുന്ന ജോബ് സാറിന് 'റായി'യുടെ അതേ ഛായയായിരുന്നു. വിശാലമായ നെറ്റിയും, നീണ്ടമൂക്കും, എണ്ണ പുരട്ടി പുറകോട്ടു ചേർത്തു ചീകിവച്ച നര കയറിയ മുടികളുമുള്ള അദ്ദേഹം കട്ടി ഫ്രെയിമിലെ കറുത്ത കണ്ണടകൾക്കിടയിലൂടെ തീഷ്ണമായ കണ്ണുകളാൽ ഞങ്ങളെ നോക്കി ശ്ലോകങ്ങൾ നീട്ടിച്ചൊല്ലുമായിരുന്നു. പദാനു പദം അർത്ഥങ്ങൾ വിവരിച്ച് വീണപൂവിനെ വിസ്തരിച്ചു തരുമായിരുന്നു. അന്ന് ആശാനോടോ, വീണപൂവിനോടോ പ്രത്യേകിച്ചൊരു മമതയും തോന്നിയിരുന്നില്ല. കർക്കശക്കാരനായ ജോബ് സാറിനെ ഭയന്ന് വല്യ ബുദ്ധിമുട്ടോടെ, മനസ്സില്ലാ മനസ്സോടെ, അദ്ദേഹത്തെ മനസുകൊണ്ടു ശപിച്ച് അന്നതൊക്കെ പഠിച്ചു. അതവിടെ കഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. ധനുമാസത്തിലെ ആതിര നിലാവുള്ള ഒരു രാത്രി. ഗായത്രിപ്പുഴയുടെ തീരത്ത് കരിമ്പനകൾ കാവൽ നിൽക്കുന്ന മലനിരകൾക്കപ്പുറം തെന്മലയിലെ പ്രിയ സുഹൃത്തായ സഹദേവന്റെ വീട്ടിൽ അവൻ ക്ഷണിച്ച പ്രകാരം ഒരൊഴിവു കാലം ചെലവിടാൻ വന്നതായിരുന്നു ഞാൻ. രാത്രി സഹദേവന്റെ അമ്മ ഒരു വലിയ 'കുടുവൻ' പിഞ്ഞാണത്തിൽ പാലക്കാടൻ കുത്തരിയുടെ കൊഴുത്തു കുറുകിയ ചൂടുകഞ്ഞി ചിരട്ടത്തവി കൊണ്ടൊഴിച്ചു തന്നു. പച്ചപ്പയർ ഉപ്പേരിയും, കണ്ണിമാങ്ങാ അച്ചാറും, കനലിൽ ചുട്ടെടുത്ത പപ്പടവും, കൊണ്ടാട്ടവുമൊക്കെക്കൂട്ടി സ്വാദോടെ വയർനിറയെ കഞ്ഞികുടിച്ചു. സ്‌കൂളിൽ സഹപാഠികളായിരുന്ന ഞങ്ങൾ രാത്രിയുടെ കനത്ത നിശ്ശബ്ദതയിൽ പഴയ ഓർമ്മകൾ പരസ്പരം പങ്കു വച്ചു. ഫറവോന്റെ ഗോതമ്പു വയലുകൾ തിന്നു തീർത്ത വെട്ടുക്കിളികൾപോലെ എന്റെ ഓർമ്മകൾ ചിതറി വീഴാൻ തുടങ്ങി. ഒടുവിലത് ജോബ് സാറിൽക്കൂടി വീണപൂവിലെത്തി. പെട്ടെന്ന്, എന്റെ സംഭാഷണത്തെ മുറിച്ചുകൊണ്ട് 'ഞാനിപ്പവരാം' എന്നു പറഞ്ഞ് വേഗത്തിൽ അകത്തേക്ക് പോയ സഹദേവൻ അവന്റെ പ്രിയപ്പെട്ട നാഷണൽ പാനാസോണിക്കിന്റെ 'പോർട്ടബിൾ' ടേപ്പ് റെക്കാർഡറുമായി തിരികെ വന്നു. എന്നെപ്പോലെ തന്നെ സംഗീതം മനസ്സിൽ കൊണ്ടുനടക്കുന്ന, എസ്.ജാനകിയുടെ ആരാധകൻ കൂടിയായ സഹദേവൻ നീ 'ഇതൊന്നു കേട്ടു നോക്ക്'എന്നു പറഞ്ഞ് ടേപ്പ് റെക്കാർഡറുമായി ഓൺ ചെയ്തു.

'വീണ പൂവേ
കുമാരനാശാന്റെ വീണ പൂവേ..
വിശ്വദർശന ചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ
ഒരു ശുക്ര നക്ഷത്രമല്ലേ നീ '

ജീവിതത്തിൽ ഒരു പാട്ട് ഇത്ര മാധുര്യത്തോടെ ആസ്വദിച്ച ഒരു നിമിഷം വേറെ ഉണ്ടാവില്ല. ഒരു പക്ഷേ പ്രകൃതി ഒരുക്കിയ ആ പശ്ചാത്തലവും, ആ സാഹചര്യവും അതിനൊരു കാരണമാവാം. പരിസരമാകെ അതങ്ങനെ അലയടിച്ചു നിന്നു. ഒരു നൊമ്പരം പോലെ... വീണപൂവിനെ, നൊമ്പരപ്പൂവിനെത്തലോടുന്ന നേർത്ത സാന്ത്വനം പോലൊരു ഗാനം. ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ടിനിടയിലെ ഓടക്കുഴൽ നാദം. ജാനകിയമ്മയുടെ ആലാപനം 'താരസ്ഥായി' യിലേക്കെത്തിയപ്പോൾ അറിയാതെ മനസൊന്നു വിതുമ്പിപ്പോയി. അത്രയ്ക്കും വികാര വായ്പ്പോടെയാണ് ജാനകിയമ്മയത് പാടിയത്.

വീണ്ടും, വീണ്ടും, ആ പാട്ടു ഞാൻ കേട്ടു. കയ്യിൽ ടേപ്പ് റെക്കോർഡറുമായി നിലാവ് നിഴൽ വിരിച്ച തേന്മാവിന്റെ ചുവട്ടിലേക്ക് വീണപൂവിനെത്തേടി ഞാൻ നടന്നു. പാട്ടിൽ മുഴുകിപ്പോയ ഞാൻ അതേ വേദനയോടെ ജോബ് സാറിനെ ഒന്നോർത്തു പോയി. അന്ന് അദ്ദേഹം പൂവിന്റെ, പ്രേമിച്ച പെണ്ണിന്റെ വിരഹവും, വേദനയും പറഞ്ഞപ്പോൾ പ്രത്യേകിച്ചൊരു വികാരവും തോന്നിയിരുന്നില്ല.. പക്ഷേ ഇപ്പോൾ എനിക്ക് വേദന തോന്നുന്നു. നിലാവെട്ടത്തിൽ കറുത്ത മണ്ണിൽ മഞ്ഞേറ്റു് ചൈതന്യമറ്റു കിടക്കുന്ന പൂക്കളെ ഞാനൊന്നു നോക്കി. പിന്നെ, പറമ്പിന്റെ അതിരിലേക്ക് നടന്നു. ജാനകിയമ്മ വീണ്ടും പാടി.
'വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോൾ
വിരഹമുണർത്തിയ വേദനകൾ
നിൻ വേദനകൾ'...
അന്ന് ആ രാത്രിയിൽ, ആ നിമിഷത്തിൽ, അവിടെ വച്ച്, ഞാൻ ആശാനെ ഇഷ്ടപ്പെടാൻ തുടങ്ങി. വല്ലാത്ത ഒരിഷ്ടം. പിന്നീട്, ആശാനും, വീണപൂവും, ജോബ് സാറും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. വീട്ടിലെത്തി. തിരക്കുകളായി, ആശാനെ മറന്നു, വീണപൂവിനെയും. കർക്കിടകത്തിലെ ഒരു കറുത്ത പുലരി. പെരു മഴയിൽ, കാറ്റു കൊണ്ടു വന്ന തൂവാനം ജനൽപ്പാളികൾക്കിടയിലൂടെ എന്റെ മുഖത്തെ നനച്ചെടുത്തപ്പോൾ ഉറക്കമുണർന്ന ഞാൻ ഒരിക്കൽക്കൂടി വീണപൂവിനെക്കണ്ടു. മുറ്റത്തെ ചെമ്പരത്തിയുടെ ചോട്ടിൽ. വെള്ളത്തിൽ ഒഴുകി നടക്കുന്ന കടും ചുവപ്പുപൂക്കൾ...,വീണപൂക്കൾ... വീണ്ടും വീണപൂവിന്റെ ചിന്തകൾ കൂടുതൽ ശക്തമായിത്തുടങ്ങി. പഴയ പുസ്തകം കണ്ടെടുത്തു വായിക്കുവാൻ ഒരു ശ്രമം നടത്തി.
ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ ആഖ്യാന ചാതുരിയുടെ പരകോടിയിലെത്തി നിൽക്കുന്ന ആ ഖണ്ഡകാവ്യത്തിലെ ഭാഷയുടെ ഗഹനത അപ്പോൾ എനിക്ക് ഒട്ടും മനസിലാകാതെ പോയി. എത്ര ലളിതമായിട്ടായിരുന്നു ജോബ് സാർ അന്ന് ഈ ശ്ലോകങ്ങളൊക്കെ ക്ലാസ്സിൽ അവതരിപ്പിച്ചത്. ഞാൻ വീണ്ടും ജോബ് സാറിനെ ഓർത്തു. സാറിനെ ഒരിക്കൽക്കൂടി കാണണമെന്ന വല്ലാത്ത ഒരു മോഹം. അതെന്നെ അദ്ദേഹത്തിന്റെ മറിയപ്പള്ളിയിലുള്ള വീട്ടിലെത്തിച്ചു.ഒരു നിയോഗം പോലെ മറ്റൊരു യാത്രക്കിടയിലാണത് സംഭവിച്ചത്.
രോഗാതുരനായി തീർത്തും അവശനായിരുന്നു അദ്ദേഹമപ്പോൾ.

പഴയ 'സത്യജിത് റായ് '...
ഒരു മിന്നായം പോലെ എന്റെ മനസ്സിലൂടെ ആ ഗാംഭീര്യമുള്ള മുഖം ഒന്നു മിന്നി മറഞ്ഞു. കറുത്ത കണ്ണടയിലെ തീഷ്ണമായ നോട്ടമിപ്പോളില്ല.. തികച്ചും അവശൻ. സ്വയം പരിചയപ്പെടുത്തി വന്ദ്യവയോധികനായ അദ്ദേഹത്തിന്റെ അരികിൽ ഞാനിരുന്നു. ശുഷ്‌കിച്ച കൈ വിരൽക്കൊണ്ട് അദ്ദേഹമെന്റെ കൈ ചേർത്തു പിടിച്ചു. ആശാനോടും, വീണപൂവിനോടും പെട്ടന്നുണ്ടായ സ്നേഹത്തെക്കുറിച്ചും,അതിനു കാരണമാക്കിയ സാഹചര്യത്തെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞു. സാറിനതൊരു പുതിയ അനുഭവമായിരുന്നു. ഒരു കാവ്യത്തെയും കവിയെയും അറിയുവാൻ, അത് പഠിപ്പിച്ച അധ്യാപകന്റെ അടുക്കൽ വീണ്ടും ചെല്ലുന്ന ആദ്യത്തെ ശിഷ്യൻ...!കുറ്റബോധത്തോടെ അന്ന് സാറിനെ ശപിച്ചു പോയ കാര്യമൊക്കെ പറഞ്ഞപ്പോൾ ആ രോഗാവസ്ഥയിലും അദ്ദേഹമൊന്നു ചിരിച്ചു. വിഷയത്തോടുള്ള എന്റെ ആത്മാർത്ഥത കണ്ടിട്ടാവം അദ്ദേഹമെന്റെ മുൻപിൽ ആ പഴയ അദ്ധ്യാപകനായി മാറി. ക്ഷീണിച്ച, പതിഞ്ഞ ശബ്ദത്തിൽ വീണപൂവിനെ അദ്ദേഹമെന്റെ മനസിലേക്ക് പകർന്നു തന്നു. എന്നോട് ഒരു പ്രത്യേക വാത്സല്യം തോന്നിയ അദ്ദേഹം അവിടെ ഒരു ദിവസം തങ്ങുവാൻ എന്നോടു പറഞ്ഞു. രോഗം മാറി ഒരു പ്രത്യേക ഊർജം ലഭിച്ചപോലെയായിരുന്നു അദ്ദേഹത്തിനപ്പോൾ. അടഞ്ഞു കിടന്ന വീട്ടിലെ ലൈബ്രറി മുറി എനിക്കുവേണ്ടി തുറന്നു.

വീണപൂവിന്റെ നാൽപ്പത്തൊന്നു ശ്ലോകങ്ങളുടെയും അർത്ഥം പൂർണമായും ഞാൻ മനസിലാക്കി. എന്റെ സാഹിത്യാന്വേഷണത്തിന്റെ പുതിയ ഒരു വഴിത്തിരിവായിരുന്നു അത്. ആശാന്റെ എല്ലാ കൃതികളും തിരഞ്ഞു പിടിച്ചു ഞാൻ വായിക്കുവാൻ തുടങ്ങി. ആശാനെ കൂടുതൽ അറിയാൻ തോന്നയ്ക്കലെ ആശാൻ സ്മാരകത്തിൽ പോയി. വെറുമൊരു വീണപൂവിൽക്കൂടി മനുഷ്യാവസ്ഥയുടെ ഉയർച്ച താഴ്ചകളെ നമുക്ക് കാട്ടിത്തന്ന മഹാകവി. 'സ്ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസുള്ളവനും,കഷ്ട സമ്പൂർണ്ണനുമാകുന്നു. അവൻ പൂ പോലെ വിടർന്ന് പൊഴിഞ്ഞു പോകുന്നു. നില നിൽക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.' ബൈബിളിലെ ഈ 'ഇയ്യോബ്' വചനത്തോടു ചേർന്നു നിൽക്കുന്നു ആശാന്റെ വീണപൂവും. പെട്ടന്ന് വായിച്ചു തീർക്കാവുന്ന ഒരു ചെറുകഥ പോലെയാണ് മനുഷ്യന്റെ ഈ ലോകവാസം. 'അവനി വാഴ്വു കിനാവ് ' എന്ന ഈ തത്വചിന്തയെ അധിഷ്ഠിതമാക്കിയായിരുന്നു ആശാൻ വീണപൂവ് രചിച്ചിരുന്നത്. അതിനോട് ചേർത്തു വച്ച മറ്റു ചിന്തകളിൽക്കൂടി ഒട്ടേറെ കാര്യങ്ങൾ ലോകത്തോടു പറഞ്ഞു.

ഭക്തിയും, ശൃഗാരവും മാത്രം കാവ്യരചനയുടെ വിഷയങ്ങളാക്കി കോളാമ്പികൾക്കു ചുറ്റും വട്ടം കൂടിയിരുന്നു, ചതുരംഗം കളിച്ചും, വെടിപറഞ്ഞും, അക്ഷരശ്ലോകങ്ങൾ ചൊല്ലിയുമൊക്കെ സമയം കഴിച്ചിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് ചിന്തയുടെ അക്ഷരക്കനലുകൾ വാരി വിതറി, ചുട്ടു പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്ത കവി..! താൻ ജീവിച്ചിരുന്ന കാലഘട്ടത്തിനപ്പുറത്തേക്കു ചിന്തിച്ച ക്രാന്തദർശിയായിരുന്നു ആശാൻ.

പാടത്തും, പറമ്പിലും, ചേറിലും, ചെളിയിലും, അയിത്തത്തിന്റെ വിത്തുകൾ വാരിവിതറിയ പഴയ മേലാളന്മാരിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയമേലാളന്മാർ ജാതി,മത, വർഗ്ഗ ഗോത്രങ്ങൾ തിരിച്ച് അയിത്തത്തെ കമ്പ്യൂട്ടർവൽക്കരിച്ചിരിക്കുന്നു. രാഷ്ട്രീയത്തിൽ, കലയിൽ, സാഹിത്യത്തിൽ, സിനിമയിൽ, സ്‌കൂളിൽ, കോളേജിൽ തുടങ്ങി സാമൂഹത്തിന്റെ സമസ്ത മേഖലകളിലും, സാക്ഷരതയുടെ പുതിയ 'ഹൈ ടെക് അയിത്തം' ഒളിഞ്ഞും തെളിഞ്ഞും തുടർന്നു കൊണ്ടേയിരിക്കുന്നു. ആശാൻ നിർത്തിയിടത്തു നിന്നും പ്രിയ കവി വയലാർ വീണ്ടും വീണപൂവിനെക്കുറിച്ചെഴുതി.'വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ...' പക്ഷേ, തലമുറകൾ കഴിഞ്ഞിട്ടും ആശാന്റെ വിശ്വദർശന ചക്രവാളത്തിൽ നന്മയുടെ വഴി കാട്ടികളായ നക്ഷത്രങ്ങൾ തെളിയുന്നില്ല. പകരം കാൽവരിക്കുന്നിലെ കറുത്ത രാത്രിയിൽ മനുഷ്യ പുത്രന്റെ മരണത്തിനു കാവൽ നിന്ന ആ രക്തനക്ഷത്രങ്ങൾ തെളിഞ്ഞു കത്തുന്നു. ആത്മീയ മരണത്തിന്റെ പ്രതീകങ്ങളായ നക്ഷത്രങ്ങൾ...!! മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്നേഹത്തെ ദർശിച്ച, സ്നേഹം കൊണ്ടു സർവ്വവും നേടാമെന്നടിയുറച്ചു വിശ്വസിച്ച പടിഞ്ഞാറൻ കവി 'ഷെല്ലിയെ' സ്നേഹിച്ചുകൊണ്ടുതന്നെ ആശാനുമെഴുതി... 'സ്നേഹമാണഖില സാരമൂഴിയിൽ '... സ്നേഹം നിറഞ്ഞു തുളുമ്പി പ്രണയത്തിന്റെ നളിനിയും ലീലയുമെഴുതി. സ്നേഹ പാടത്ത് പുതിയ വിത്തുകൾ പാകി, സ്നേഹച്ചെടികളെ വളർത്തിയെടുക്കാൻ ആശാൻ അന്നു ശ്രമിച്ചു. പക്ഷേ ഇന്നോ...?ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ പീഡനമേൽക്കുന്ന പെൺകുട്ടികൾ ഒരു പച്ച മനുഷ്യനെ ഭിത്തിയോടു ചേർത്ത് വണ്ടിയിടിപ്പിച്ചു കൊല്ലുന്ന, അസുരതയുടെ ആൾരൂപങ്ങൾ...!!ഒറ്റക്കൈകൊണ്ടൊരു പെൺകുട്ടിയെ കൊന്നു തള്ളി കോടതിയിൽ ചിരിച്ചു നിൽക്കുന്നൂ അസുരന്മാർ..! ഗുണ്ടകളാകുന്ന ഗുരുക്കന്മാർ..! ചോര രാഷ്ട്രീയമാക്കിയ നേതാക്കന്മാർ....! ഇവരൊക്കെ ജീവിതമിവിടെ ഉത്സവമാക്കുമ്പോൾ, അങ്ങകലെ – ആലപ്പോയിലെ, ടുണീഷ്യയിലെ, ഈജിപ്തിലെ, ഇസ്താംബൂളിലെ, ഇസ്രായേലിലെ, ഇറാക്കിലെ, പാലസ്ഥീനിലെ, പാക്കിസ്ഥാനിലെ, അഫ്ഗാനിസ്ഥാനിലെ, ഗാസയിലെ, സ്വാത്ത് താഴ്വരയിലെ തെരുവുകൾ ചോര വീണു ചുവക്കുന്നു. മൃതദേഹങ്ങളിൽ ഉമ്മ വയ്ക്കുന്ന ഉറ്റവരുടെ നിലവിളികൾ... കൈയിൽ കളിപ്പാട്ടവുമായി പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ.. തീയും, ഗന്ധകവും, ഉഷ്ണക്കാറ്റും ആഞ്ഞു വീശുന്ന അഭയാർത്ഥി കൂടാരങ്ങളിലെ ദീനരോദനം... അവിടെ, പച്ചയായ പുൽപ്പുറങ്ങൾ കൂരിരുൾ താഴ്വരകളാകുന്നു. സ്നേഹം നഷ്ടപ്പെട്ട ഊഷരഭൂമിയിൽ അക്രമം 'ക്രമമായി'ക്കൊണ്ടിരിക്കുന്നു.

കുമാരനാശാന്റെ കാവ്യങ്ങളുടെ പ്രസക്തി ഇവിടെയാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ, ആരെയും ആകർഷിക്കുന്ന അഴകും, സൗരഭ്യവും, ശുദ്ധിയും, മൃദുത്വവുമൊക്കെയുണ്ടായിരുന്ന മനോഹരിയായ പൂവിന്റെ അകാല ചരമത്തിൽ വേദനിക്കുന്ന കവി 'ഗുണികളൂഴിയിൽ നീണ്ടു വാഴാ'... എന്നു പറയുമ്പോൾ എല്ലാക്കാലത്തും അത് അക്ഷരംപ്രതി തന്നെ സംഭവിക്കുന്നു. അസുരതയും, മൃഗീയതയും മനസ്സിലൊളിപ്പിച്ച് ദുഷ്ടന്മാർ പനപോലെ തന്നെ വളരുന്നു. മനസ്സിൽ നന്മയുള്ളവരോ അൽപ്പായുസ്സുക്കളാകുന്നു. ആശാന്റെ കാര്യത്തിലത് അറം പറ്റിയപോലെ തന്നെ സംഭവിച്ചു. സ്നേഹത്തിന്റെ, കരുണയുടെ, വാക്കുകൾ കൊണ്ട് അക്ഷര തൈലമുണ്ടാക്കി നമ്മെ തലോടിയ മഹാകവി അൻപത്തൊന്നാമത്തെ വയസിൽ മൺമറഞ്ഞു പോയി.

ഇരുപത്തിയഞ്ചാം വയസിൽ ജീവിതം പൊലിഞ്ഞു പോയ പടിഞ്ഞാറിന്റെ പ്രണയ കവി കീറ്റ്സിനെപ്പോലെ കുമാരകോടിയിൽ 'ജലത്തിൽ പേരെഴുതപ്പെട്ടവനായി' ആശാനും. ആശാനിൽക്കൂടി പിന്നീട് ഞാൻ ഒട്ടേറെ കവികളിലേക്ക് വീണ്ടും പോയി. ആശാന്റെ ഇഷ്ടകവി ടാഗോറിലേക്കെത്തി. കീറ്റ്സിനെയും കാളിദാസനെയും, കൂടുതൽ, കൂടുതൽ അറിഞ്ഞു. കാണ്വാശ്രമ പരിസരത്ത് നിലാവുപോൽ പൂത്തു നിൽക്കുന്ന വനജോത്സ്യനകൾ, ആശ്രമ വയലുകളിൽ നിന്ന് വരിനെല്ലുകൾ കൊത്തിപ്പറക്കുന്ന തത്തക്കൂട്ടങ്ങൾ, മണൽത്തിട്ടയിൽ മുട്ടിയുരുമ്മിയിരിക്കുന്ന ഇണയരയന്നങ്ങൾ, മരവുരികൾ തൂക്കിയ മരത്തിനു കീഴെ കലമാന്റെ കൊമ്പിൽ ഇടങ്കണ്ണുരസുന്ന പെണ്മാൻ.

കാളിദാസന്റെ ശാകുന്തളം എന്റെ മനസിൽ മഴവിൽ ചിത്രങ്ങളായി. കാല്പനികതയുടെ കുന്നിൻപുറങ്ങളിൽ എന്റെ കിനാക്കൾ ഗോക്കളെപ്പോലെ മേഞ്ഞു നടന്നു. മഞ്ഞു പെയ്യുന്ന കുളിർ രാവുകളിൽ മൾബറിത്തോട്ടത്തിലെ വെളുത്ത ചായം പൂശിയ ഒരു കൊളോണിയൽ വീടിന്റെ വെള്ള ജനാലകൾ തുറന്ന്, മങ്ങിയ ഇരുണ്ട വെളിച്ചത്തിൽ രാപ്പാടികളുടെ പാട്ടു കേട്ട് കണ്ണടച്ചു നിൽക്കുന്ന കീറ്റ്സിനെ ഞാൻ സ്വപ്നം കണ്ടു.

വർഷങ്ങൾ പിന്നെയും കഴിഞ്ഞു, നാടും നഗരവും മാറി. പ്രകൃതിയും, കാലാവസ്ഥയും മാറി. 'പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞിയെന്ന് കുമാരനാശാൻ സ്വപ്നംകണ്ട ആ പൂക്കാലം മാറി. ഇതിനിടയിൽ ഞാനൊരു പ്രവാസിയായി. വായനയുടെ കരുത്തിൽ കുറെയൊക്കെ എഴുതി. ഒട്ടേറെ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു, ദേശീയ പുരസ്‌ക്കാരമെന്ന അംഗീകാരവും, ആ അംഗീകാരം മാനിച്ച് വല്യ വേദികളിൽ എനിക്കും ഓരോ ഇരിപ്പിടം തരപ്പെട്ടു തുടങ്ങി. ജീവിതം കൂടുതൽ തിരക്കുള്ളതായി. അവിചാരിതമായി ജാനകിയമ്മയും, വീണപൂവും ഒരിക്കൽക്കൂടി എന്നിലേക്ക് തിരിച്ചു വന്നു. അഭിലാഷ് പുതുക്കാട് രചന നിർവ്വഹിച്ച 'എസ്. ജാനകി ആലാപനത്തിലെ തേനും വയമ്പും' എന്ന വേൾഡ് ബുക്ക് ഒഫ് റെക്കോർഡും, ഇന്ത്യൻ ബുക്ക് റെക്കോഡും ലഭിച്ച ബുക്കിന്റെ പ്രകാശന കർമ്മത്തിൽ മുഖ്യാതിഥിയായി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വന്നതായിരുന്നു ഞാൻ. എന്റെ സാഹിത്യാന്വേഷണത്തിന്റെ, വായനയുടെ, ഒരു പുതിയ ലോകം തുറക്കുവാൻ പാട്ടിൽക്കൂടി എന്നെ പ്രേരിപ്പിച്ച പ്രിയ ഗായികയെക്കുറിച്ചു സംസാരിക്കുവാൻ കിട്ടിയ സുവർണ്ണാവസരമായിരുന്നു അത്. ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ച് കുറെ സംസാരിച്ചു. പ്രത്യേകിച്ച് വീണപൂവിനെക്കുറിച്ച്. അന്ന് രാത്രി മുഴുവൻ വീണപൂവിന്റെ ചിന്തകളായിരുന്നു. മനസ്സ് വീണ്ടും ആർദ്രമാകുവാൻ തുടങ്ങിയിരുന്നു. മുറിക്കുള്ളിൽ അരണ്ടവെളിച്ചം മാത്രമുപയോഗിച്ച് നവ സാങ്കേതികതയുടെ പൂർണതയോടെ ജാനകിയമ്മയുടെ ആ പാട്ട് വീണ്ടും ഞാൻ കേട്ടു. 'വീണ പൂവേ ... കുമാരനാശാന്റെ വീണ പൂവേ.. വിശ്വ ദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്രമല്ലേ നീ...'മഞ്ഞും, മരവും, നിലാവുമൊന്നുമില്ലാതെ ഫ്‌ളാറ്റിനകത്തെ അടച്ചുപൂട്ടിയ മുറിയിലിരുന്ന് ഞാനാ പാട്ടു കേൾക്കുമ്പോൾ മനസ്സിലേക്ക് വീണ്ടുമൊരു മഞ്ഞു മഴ പെയ്തിറങ്ങുകയായിരുന്നു...
( joshymangalath66@gmail.com)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.