Monday, 29 May 2017 9.34 AM IST
അന്നത്തെ ചിരിയിൽ ഈ പുരസ്‌കാരം
March 13, 2017, 9:00 am
ഓർക്കാപ്പുറത്ത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം വന്നതിന്റെ ത്രില്ലിലായിരുന്നു നടി രജിഷാ വിജയൻ. ആദ്യ സിനിമയിൽ തന്നെ പുരസ്‌കാരത്തിളക്കമായപ്പോൾ രജിഷയ്ക്ക് ഓർമകൾ ഏറെയുണ്ട്.

''അഭിനയിച്ചപ്പോഴും ഡബ്ബ് ചെയ്തപ്പോഴും ഇല്ലാത്ത ടെൻഷനായിരുന്നു 'അനുരാഗ കരിക്കിൻ വെള്ളം' റിലീസാകുന്നതിന്റെ തലേന്ന്. സത്യം പറഞ്ഞാൽ ഉറങ്ങാൻ പറ്റിയില്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഫാമിലിക്കും ഫ്രണ്ട്‌സിനും ഫിലിമിന്റെ ഫുൾ ക്രൂവിനുമൊപ്പമാണ് സിനിമ കണ്ടത്. സിനിമയെക്കുറിച്ച് ആരും മോശമായി പറയില്ലെന്ന കാര്യം എനിക്കുറപ്പായിരുന്നു. എന്റെ പെർഫോമൻസും ഡബ്ബിംഗുമൊക്കെ ആളുകൾക്കിഷ്ടമാകുമോ എന്നായിരുന്നു ടെൻഷൻ. ഇപ്പോൾ കൂവുമെന്ന് വിചാരിച്ച സ്ഥലത്തൊക്കെ ആൾക്കാർ ചിരിക്കുകയും കൈയടിക്കുകയും ചെയ്തപ്പോഴാണ് സമാധാനമായത്. സിനിമ കണ്ടിറങ്ങിയപ്പോൾ എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. അത് സിനിമ തരുന്ന ഫീലാണ്. ഇന്നിപ്പോൾ വിചാരിക്കാത്ത നിമിഷം അവാർഡുമെത്തി. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്.''

ഒരു സിനിമ മോഹമായിരുന്നു
ഒരു സിനിമയിലെങ്കിലുമഭിനയിക്കണമെന്ന മോഹം ഒരുപാട് കാലമായുണ്ടായിരുന്നു. സിനിമയിലേക്കുള്ള ചവിട്ടുപടിയായിട്ടല്ല ആങ്കറിംഗിനെ കണ്ടത്. ജേർണലിസം മാസ് കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. അതിനുശേഷം ഒരു പ്രൊഫഷനെന്ന നിലയ്ക്ക് തന്നെയാണ് ആങ്കറിംഗ് ചെയ്തു കൊണ്ടിരുന്നത്. 'അനുരാഗ കരിക്കിൻ വെള്ളം' തീരെ പ്രതീക്ഷിക്കാതെ എന്നെ തേടി വന്ന സിനിമയാണ്. അതിന് മുമ്പേ ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഞാൻ ചെയ്താൽ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയ ഒരു സിനിമയും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഈ സിനിമയുടെ സംവിധായകൻ ഖാലിദ് റഹ് മാനും കാമറാമാൻ ജിംഷി ഖാലിദുമൊക്കെ എന്റെ സുഹൃത്തുക്കളായിരുന്നു. നല്ല കാസ്റ്റും ക്രൂവും. സ്റ്റോറി ലൈനാണ് ഞാനാദ്യം കേട്ടത്. ഖാലിദ് റഹ്മാൻ വളരെ കാഷ്വലായാണ് എനിക്ക് കഥ പറഞ്ഞു തന്നത്. എലിസബത്ത് എന്ന 'എലി' വെറുമൊരു നായികാ വേഷമല്ലെന്ന് എനിക്ക് മനസിലായി. എന്നെക്കൊണ്ട് ചെയ്യാൻ പറ്റ്വോ എന്നുപോലും തോന്നിയിരുന്നു. എലി എന്ന കാരക്ടറും എന്റെ റിയൽ കാരക്ടറും തമ്മിൽ ചില സമാനതകളുണ്ട്. എലിയെപ്പോലെ ഇമോഷണലാണ് ഞാനും. വളരെ സെൻസിറ്റീവായ ഒരു പെൺകുട്ടി. ആരുമായും പെട്ടെന്നടുക്കുന്നയാളല്ല ഞാൻ. അടുത്തു കഴിഞ്ഞാൽ വളരെ ഇൻവോൾവ്ഡായിരിക്കും.

എലിയെന്നായിരുന്നു അന്ന് വിളി
ഈ സിനിമ കണ്ടിട്ട് എന്റെ ആദ്യ സിനിമയാണെന്ന് തോന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. എലിയെ എല്ലാവർക്കുമിഷ്ടമാകില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സാധാരണ നായികമാരെപ്പോലെയുള്ള പെർഫെക്ട് നായികാ കഥാപാത്രമായിരുന്നില്ല എലി. എലിസബത്തിനെ എലിയെന്ന് വിളിക്കുമ്പോലെ എനിക്ക് ചെല്ലപ്പേരോ ഇരട്ടപ്പേരോ ഒന്നുമില്ല. രജീഷാ വിജയനെന്ന കടിച്ചാൽ പൊട്ടാത്ത പേരായത് കൊണ്ട് പലരും ചുരുക്കപ്പേരും ചെല്ലപ്പേരുമൊക്കെ ഇടാൻ നോക്കിയെങ്കിലും ഒന്നുമങ്ങോട്ട് ശരിയായില്ല. പല പേരും എനിക്ക് ഇഷ്ടമായില്ല. ചിലർ രജു, അമ്മു എന്നൊക്കെ വിളിക്കാറുണ്ട്.

എന്റെ മാത്രം കഥയല്ല
സിനിമ ഇറങ്ങിയപ്പോൾ ഇൻഡസ്ട്രിയിലുള്ള ഒരുപാട് പേർ എന്റെ പേരെടുത്ത് പറഞ്ഞഭിനന്ദിച്ച് എഫ്.ബിയിൽ പോസ്റ്റിട്ടിരുന്നു. സിനിമ കണ്ടിറങ്ങിയ ഉടൻ രാജുചേട്ടൻ (പൃഥ്വിരാജ്) വിളിച്ച് നന്നായിട്ടുണ്ട് ഇനിയും നല്ല സിനിമകളും കാരക്ടറുകളും തിരഞ്ഞെടുത്ത് ചെയ്യണമെന്ന് പറഞ്ഞു. പ്രേക്ഷകരുടെ അഭിനന്ദനവും കിട്ടി. പലരുടെ ജീവിതവുമായി അടുത്തു നിൽക്കുന്ന കഥാപാത്രമായിരുന്നു എലി. സിനിമ കണ്ട ശേഷം ഗേൾഫ്രണ്ട്‌സിനെയൊന്ന് വിളിക്കാനോ ഒരു മെസേജെങ്കിലും അയയ്ക്കാനോ തോന്നിയെന്നാണ് ഒരുപാട് പേർ പറഞ്ഞത് . അതൊരു വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. പെൺകുട്ടികൾ അത്യാവശ്യം വെറുപ്പിക്കുന്നവരാണ്. അതുപക്ഷേ, മനഃപൂർവ്വം ചെയ്യുന്നതല്ല, സ്‌നേഹം കൊണ്ടാണ്. ആൺകുട്ടികളെപ്പോലെ ഒരുപാട് കൂട്ടുകാരുള്ളവരായിരിക്കില്ല പെൺകുട്ടികൾ. മിക്കപ്പോഴും ബെസ്റ്റ്ഫ്രണ്ട് ബോയ്ഫ്രണ്ടായിരിക്കും.

ഞാനൊരു പാവം
ചലഞ്ചിംഗ് റോളുകളാണ് ഞാനാഗ്രഹിക്കുന്നത്. ദിലീപേട്ടന്റെ നായികയായി വരുന്ന ജോർജേട്ടൻസ് പൂരം റിലീസിന് ഒരുങ്ങുകയാണ്. ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണിപ്പോൾ. ഞാനൊരു ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണ്. ഡയറക്ടർ ഓ.കെ പറയുന്നതുവരെ ഒരു സമാധാനവും കിട്ടില്ല. ഡയറക്ടറും പ്രൊഡക്ഷൻ ഹൗസും പോലെ പ്രധാനമാണ് ഒപ്പമഭിനയിക്കുന്നവരും.

ഇതാണ് ജീവിതം
എന്റെ അച്ഛൻ വിജയൻ ആർമിയിലായിരുന്നത് കൊണ്ട് ഒരുപാട് നാടുകളും സംസ്‌കാരങ്ങളും ജീവിതരീതികളും പരിചയിക്കാൻ കഴിഞ്ഞു. അമ്മ ഷീല ടീച്ചറായിരുന്നു. ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. അനിയത്തി അഞ്ജുഷ വിജയൻ പന്ത്രണ്ട് കഴിഞ്ഞു. പഞ്ചാബ്, പൂനെ, അഗർത്തല, ഡൽഹി, മീററ്റ് തുടങ്ങി പല പല സ്ഥലങ്ങളിലായിട്ടായിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. കോഴിക്കോട്ടും പഠിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.