Sunday, 28 May 2017 6.30 AM IST
സ്നേഹിച്ച് കൊല്ലല്ലേ
March 12, 2017, 10:30 am
അഞ്ജലി വിമൽ
കട്ടക്കലിപ്പിൽ മലയാളസിനിമയുടെ നെറുകയിലേക്ക് ഓടി കയറി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ് അപ്പാനി രവി. മലയാളികൾക്ക് ഇതുവരെ കണ്ടുപരിചയമുള്ള സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അപ്പാനി. ശരത് കടന്നു വന്നത് ജീവിതപ്രയാസങ്ങളുടെ വഴികളിലൂടെയായിരുന്നു. മെലിഞ്ഞ ശരീരമോ പ്രായക്കുറവോ ഒന്നും അപ്പാനി രവിയെ അവതരിപ്പിക്കുന്നതിൽ ശരത്തിന് വില്ലനായില്ല. ഒരിക്കൽ പരിഹസിച്ച് പുറത്താക്കിയവർക്കുള്ള മറുപടി കൂടിയാണ് ശരത്തിന്റെ ഈ വിജയം. അരുവിക്കരയിൽ നിന്നും അങ്കമാലിയിലേക്ക് എത്തിയ കഥ ശരത് പറയുന്നു.

അപ്പാനി രവിയായ കഥ !
കാലടിയിൽ എം.എ തീയേറ്റർ വിദ്യാർത്ഥിയാണ് ഞാൻ. അതിനിടയിലാണ് അങ്കമാലി ഡയറീസിലേക്ക് ഓഡിഷന് വിളിക്കുന്നത്. ഒരുപാട് പേര് അന്ന് പങ്കെടുക്കാനുണ്ടായിരുന്നു. മാത്രവുമല്ല, സ്ഥിരം ഓഡിഷൻ വേദികളിൽ കയറിയിറങ്ങി നിരാശയോടെ മടങ്ങിയിരുന്ന ആളു കൂടിയായതു കൊണ്ടും എനിക്ക് പ്രതീക്ഷ അല്പം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കുട്ടിക്കാലം മുതലേ നാടകവും അഭിനയവുമായി നടന്നൊരാൾ. നാടകം കൊണ്ട് ജീവിക്കാൻ ഒരുങ്ങിയിറങ്ങിയപ്പോൾ നാലുപാടു നിന്നും എതിർപ്പുകളായിരുന്നു. അതെല്ലാം തരണം ചെയ്താണ് പഠിക്കാനിറങ്ങിയത്. കാരണം മറ്റൊന്നല്ല, മനസ് മുഴുവൻ അഭിനയമായിരുന്നു.
അവസരം കിട്ടിയപ്പോൾ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ദൈവം കൊണ്ടു തന്ന ഒരു പിടിവള്ളി. വില്ലൻ വേഷമാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. എന്റെ ഈ ശരീരം കൊണ്ട് പറ്റുമോയെന്ന് ആദ്യം സംശയം തോന്നിയെങ്കിലും പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. കാരണം, എന്നെ പ്രൊമോട്ട് ചെയ്യാനോ പൊക്കിവിടാനോ ഒന്നും വേറാരുമില്ല. ഞാനൊറ്റയ്‌ക്കേ ഉള്ളൂ. അപ്പോൾ പിന്നെ വാശിയോടെ മുന്നേറുക എന്നു മാത്രമായി മനസിൽ.

മെലിഞ്ഞ വില്ലനോ !
വില്ലനാകാൻ വലിയ ശരീരമൊന്നും വേണ്ട. മുഖത്തെ ഭംഗി നോക്കിയോ ശരീരം നോക്കിയോ അല്ല കഥാപത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്ന അഭിപ്രായക്കാരനാണ് ഞാൻ. പല സ്ഥലങ്ങളിൽ നിന്നും എന്റെ രൂപത്തിന്റെ പേരിൽ എന്നെ ഒഴിവാക്കിയിട്ടുണ്ട്. മനസ് വല്ലാതെ തകർന്നു പോയ നിമിഷങ്ങൾ. അതിനൊക്കെയുള്ള തിരിച്ചടിയാണ് ഈ വിജയം. അപ്പാനി രവി വില്ലനാണെങ്കിൽ കൂടിയും ഉള്ളിൽ നന്മയുള്ളൊരാളാണ്. സിനിമയുടെ അവസാനഭാഗങ്ങളിൽ അത് വ്യക്തമാണ്. അത് മനസിലായതുകൊണ്ടാണ് അപ്പാനി രവിയെ കേരളക്കരയാകെ സ്‌നേഹിക്കുന്നത്. അത് അപ്പാനി രവിയോടുള്ള സ്‌നേഹമാണ്, അല്ലാതെ എന്നോടുള്ളതല്ല. സിനിമാനടൻ എന്ന മേൽവിലാസം സ്വന്തമായി വെട്ടിതെളിച്ചെടുത്തത് തന്നെയാണ്. പൊക്കമില്ല, വണ്ണമില്ല എന്നൊക്കെ പറഞ്ഞവർക്കു ഇനി ഞാൻ അപ്പാനി രവിയെ ചൂണ്ടിക്കാട്ടും.

ഞാനും ഇവിടുണ്ടായിരുന്നു !
ഇതുവരെ എവിടൊയിരുന്നുവെന്ന് ചോദിച്ചാൽ ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരാളിയിരുന്നല്ല എന്നുമാത്രം. വെറും ഒരു നാടകക്കാരൻ. ചെറിയ ചെറിയ നാടകങ്ങൾ, പിന്നെ കുറച്ച് തെരുവുനാടകങ്ങൾ, ഇടയ്ക്ക് സ്‌കൂളിലും കോളേജിലും നാടകങ്ങൾ പഠിപ്പിക്കുക, പട്ടിണി കിടക്കാതിരിക്കാൻ കൂലിപ്പണിക്കുക പോവുക. പിന്നെ പറ്റുന്ന സമയങ്ങളിൽ അല്പം മേക്കപ്പ് വർക്കിനും പോകും. ഇടയ്ക്ക് കിട്ടുന്ന പൈസയെല്ലാം കൂട്ടിവച്ച് നേരെ ഓഡിഷന് പോവുക, നിരാശയോടെ മടങ്ങി വരിക. ഇതായിരുന്നു ഞാൻ. കാലടിയിൽ എത്തിയതോടെയാണ് പട്ടിണി മാറിയത്. അവിടെ കാന്റീനിൽ നിന്ന് ഇരുപത് രൂപയ്ക്ക് ഒരു ദിവസം മുഴുവൻ കഴിച്ചു കൂട്ടാമായിരുന്നു. പെയിന്റിംഗ് പണിയ്ക്ക് ഇപ്പോഴും പോകും. അതാണ് കൂടുതലിഷ്ടം. അതാകുമ്പോൾ ദേഹമനങ്ങണ്ടല്ലോ. എന്റെ ഈ ശരീരം വച്ച് വേറെ എന്ത് പണിയ്ക്കു ഞാൻ പോകും. (ചിരിക്കുന്നു) ബ്രഷെടുക്കുക, പെയിന്റടിക്കുക.. അത്ര തന്നെ.

പട്ടിണിയായിരുന്നു വില്ലൻ !
നാടകപ്രവർത്തകനായതു കൊണ്ട് ജീവിക്കാനുള്ള വരുമാനം അതിൽ നിന്ന് മാത്രം കിട്ടില്ല. വയർ നിറയണമെങ്കിൽ വേറെ പണിക്കു പോയെ പറ്റൂ. അങ്ങനെയാണ് കൂലിപ്പണിക്കിറങ്ങുന്നത്. സാമ്പത്തികം വലിയ വില്ലനായിരുന്നു. പട്ടിണിയുടെ വില നന്നായിട്ട് അറിഞ്ഞിട്ടുണ്ട്. ഇതൊന്നും സെന്റിമെൻസ് പിടിച്ച് വാങ്ങാൻ പറയുന്നതല്ല. സത്യസന്ധമായ കാര്യങ്ങളാണ്. 24 വയസേ ആയിട്ടുള്ളൂവെങ്കിലും 30 വയസിന്റെ അനുഭവം ഇപ്പോൾ തന്നെ ഉണ്ട്. അടുക്കും ചിട്ടയുമില്ലാതെ പഠിച്ച് വന്നവനാണ്. പത്താംക്ലാസ് കഴിഞ്ഞ് നേരെ ജോലിക്ക് പോയി. പിന്നെയും പഠിച്ചു. വീണ്ടും പഠനം മുടങ്ങി. പഠനം ജോലി, ജോലി പഠനം, ഒടുവിൽ ഇപ്പോൾ എം.എ വരെയായി. തിരിഞ്ഞ് നോക്കിയാൽ ഫുൾ ബ്ലാങ്കാണ്. അപ്പോൾ പിന്നെ മുണ്ട് മുറുക്കെ ഉടുത്ത് ഇറങ്ങുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ഒരു കൈയിൽ ബക്കറ്റും മറ്റേ കൈയിൽ ബ്രഷുമായി പെയിന്റിംഗിന് ഇറങ്ങി.

ആ ചിരിയിലുണ്ടായിരുന്നു എല്ലാം
ലൊക്കേഷൻ നല്ല രസമായിരുന്നു. സിനിമയെ സ്‌നേഹിക്കുന്ന, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന് വാശിയോടെ ആഗ്രഹിക്കുന്ന 86 പുതുമുഖങ്ങളാണ് ഒരുമിച്ച് അണിനിരന്നത്. അതുകൊണ്ട് തന്നെ ഭീകര കോൺഫിഡൻസായിരുന്നു. എന്തെങ്കിലും തെറ്റ് വന്നാൽ തന്നെ പരസ്പരം സംസാരിച്ച് വീണ്ടും ചെയ്യും. ഈഗോ ഇല്ല. എല്ലാരും പരസ്പരം സപ്പോർട്ടായിരുന്നു. പെല്ലിശേരി സാർ ഒരു സംഭവമാണ്. അഭിനയം കഴിഞ്ഞാൽ ആരോടും ഒന്നും പറയില്ല. സാർ എല്ലാം ചെറിയൊരു ചിരിയിലാണ് ഒതുക്കുന്നത്. ആ ചിരിയുടെ അർത്ഥം ഇപ്പോഴാണ് മനസിലായത്. പുതിയ സിനിമകൾ എന്നെ തേടി വരുന്നുണ്ട്. പക്ഷേ, ഒന്നും ഞാൻ ഏറ്റിട്ടില്ല. അപ്പാനി രവിയെ സ്‌നേഹിച്ച പ്രേക്ഷകരെ നിരാശപ്പെടുത്താൻ ആകില്ല. അതുകൊണ്ട് ഇനി ചെയ്യുന്നതും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു വേഷമായിരിക്കും. എനിക്കിത് പാഷനല്ല, ജീവിതം തന്നെയാണ്. ഫേസ്ബുക്കിലൊക്കെ ഫ്രണ്ട്സ് ലിസ്റ്റിൽ ആഡ് ചെയ്യാൻ വേണ്ടി ദിവസവും വരുന്ന മെസേജുകൾ എത്രയാന്ന് എനിക്ക് തന്നെ അറിയില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. സന്തോഷം കൊണ്ട് കരച്ചിൽ വരുന്നതു പോലെയായിരുന്നു ആദ്യമൊക്കെ. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ,, ഇങ്ങനെയൊന്നും ഒരാളെ സ്‌നേഹിക്കാൻ പാടില്ല... കുട്ടിക്കാലം തൊട്ടെ നാടകം തന്നെയാണ് ജീവിതം. സാധാരണ കുടുംബമാണ് എന്റേത്. അച്ഛൻ സുകു കൂലിപ്പണിക്കാരനാണ്. അമ്മ മായ വീട്ടമ്മ. മുത്തശ്ശനുണ്ട് വീട്ടിൽ. സിനിമയുടെ സ്‌ക്രിപ്ട് റീഡിംഗ് സമയത്താണ് മുത്തശ്ശി മരിക്കുന്നത്. പെൻഷൻ കിട്ടുന്ന പൈസയൊക്കെ പലപ്പോഴും ആരും കാണാതെ ഒളിപ്പിച്ച് മുത്തശ്ശി എനിക്ക് തരുമായിരുന്നു. ഞാൻ വലിയ നടനാവണമെന്ന് ആഗ്രഹിച്ചത് മുത്തശ്ശിയായിരുന്നു. പെങ്ങൾ ശരണ്യ വിവാഹിതയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.