തിരക്കുകളിലാണ് ഞാനിപ്പോൾ
March 13, 2017, 9:00 am
അഞ്ജലി വിമൽ
വീട്ടിലിരുന്ന ഒരാളെ പെട്ടെന്ന് പിടിച്ച് അഭിനയിക്കാൻ കൊണ്ട് നിറുത്തിയാൽ എന്തായിരിക്കും അവസ്ഥ? ഒന്നും ചെയ്യാൻ കഴിയാതെ ബ്ലാങ്ക് ആയി നിൽക്കുന്ന ഒരവസ്ഥയില്ലേ... അവിടെ നിന്നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നായിക ചിപ്പിയുടെ അഭിനയജീവിതം തുടങ്ങുന്നത്. സ്വപ്നത്തിൽ പോലും സിനിമ ഇല്ലാതിരുന്ന ഒരു പെൺകുട്ടി സിനിമയിലും സീരിയലിലും തിളങ്ങി വലിയ പ്രൊഡക്ഷൻ ഹൗസിന്റെ സാരഥിയുമൊക്കെയായി മാറിയ കഥയാണ് ചിപ്പിയുടെ ജീവിതം. 25 വർഷം പിന്നിലേക്ക് പോകണം ചിപ്പിയുടെ സിനിമാജീവിതം അറിയാൻ.

''വീട്ടിൽ ആർക്കും സിനിമാലോകവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും ഞാൻ സിനിമയിലെത്തി. കെ.പി.എ.സി ലളിതാന്റിയാണ് എന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അതുവരെ സിനിമ സ്വപ്നം പോലും കണ്ടിട്ടില്ല. ആന്റി പറഞ്ഞിട്ടാണ് അങ്കിളെന്നെ പാഥേയത്തിലേക്ക് സെലക്ട് ചെയ്യുന്നത്. കാമറയ്ക്ക് മുന്നിൽ പകച്ചു നിന്നതു ഇന്നുമെനിക്കോർമ്മയുണ്ട്. '' ചിപ്പി ഒരു നിമിഷം ഓർമ്മകളിലേക്ക് നടന്നു.

ഇന്നിപ്പോൾ സിനിമയിൽ അഭിനയിച്ചിട്ട് പതിനാറു വർഷത്തോളമാകുന്നു. കല്യാണം കഴിഞ്ഞ് ഇതുവരെ സിനിമ ചെയ്തില്ല. പക്ഷേ, സീരിയലുകളിൽ കൂടുതലായി അഭിനയിച്ചു. അതാണിപ്പോഴെനിക്ക് കംഫർട്ട്. സിനിമയിൽ ഇല്ലെങ്കിലും എനിക്ക് അതൊന്നും മിസ് ചെയ്യാറില്ല. അഭിനയിക്കുന്നില്ല എന്നു മാത്രമേയുള്ളൂ. അല്ലാതെ ഞാൻ പൂർണമായും അതിൽ നിന്ന് മാറിയിട്ടില്ല. ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ട് സിനിമയിലില്ല എന്ന ഫീലിംഗ്സ് ഉണ്ടായിട്ടില്ല. പ്രൊഡക്ഷൻ യൂണിറ്റുമായി നിറഞ്ഞു നിൽക്കുകയാണ്. കല്യാണം കഴിഞ്ഞിട്ടാണ് കൂടുതൽ സിനിമയിൽ ലൈവാകുന്നതെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. അതുവരെ വരുന്നു അഭിനയിക്കുന്നു പോകുന്നു . അതായിരുന്നു എന്റെ ലൈൻ.

നാലു, നാലര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിപ്പി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നത്. വാനമ്പാടി എന്ന സീരിയലൂടെ വീണ്ടുമൊരു മടങ്ങിവരവ്. വാനമ്പാടിയുടെ തമിഴ് 'മൗനരാഗ'ത്തിലും ചിപ്പി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ ഷൂട്ട് തിരുവനന്തപുരവും പരിസരപ്രദേശങ്ങളിലുമാണ്, തമിഴ് ലൊക്കേഷൻ കുറ്റാലത്തും.

''ഒത്തിരി നാളിന് ശേഷമാണ് ഞാൻ ഔട്ട് ഡോർ ഷൂട്ടിന് പോകുന്നത്. ബാക്കിയൊക്കെ കൂടുതലും തിരുവനന്തപുരം ഭാഗത്ത് തന്നെയാണ്. മോളുടെ പഠിത്തമൊക്കെ ആയിട്ട് ഇതാണ് സൗകര്യം. ആദ്യകാലത്തൊക്കെ ഞാൻ ആക്ടിംഗിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമായിരുന്നു അന്നുവരെ എന്റെ ലോകം, ഇപ്പോൾ സിനിമയുടെ ഫുൾ കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഓൺ സ്‌ക്രീൻ വരുന്നില്ലെന്നേയുള്ളൂ. ബിഹൈൻഡ് ദി സ്‌ക്രീൻ നിറഞ്ഞു നിൽക്കുന്നുണ്ട്. '' സിനിമ കാണുമെന്നല്ലാതെ സ്വപ്നത്തിൽ പോലും അഭിനയം എന്റെ മനസിൽ തോന്നിയിട്ടില്ല. പുതിയ കുട്ടികളോടൊക്കെ ബഹുമാനമാണ്. അവരൊക്കെ സിനിമ സ്വപ്നം കണ്ട് വളരെ സീരിയസായി തന്നെ അതിന് വേണ്ടി വർക്ക് ചെയ്യുന്നവരാണ്. ഒരു പാഷനുമില്ലാതെ വന്ന ഞാൻ പെട്ടെന്നാണ് സിനിമയിൽ സജീവമായത്. ഇപ്പോൾ ഓർക്കുമ്പോൾ അതെല്ലാം ഭാഗ്യമായിരുന്നുവെന്ന് പറയാനാണിഷ്ടം. 93 ൽ പാഥേയത്തിലൂടെയായിരുന്നു തുടക്കം. വിവാഹം കഴിഞ്ഞതോടെ വലിയൊരു ബ്രേക്ക് വന്നു. പിന്നെ വീണ്ടും സീരിയലുകൾ ചെയ്തു തുടങ്ങി. എന്നാലും ഓടി നടന്ന് അഭിനയിക്കാൻ ആഗ്രഹമില്ല. ഒരു പ്രോജക്ട് കഴിഞ്ഞ് അടുത്തതിൽ പ്രത്യക്ഷപ്പെടാൻ ഞാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും സമയമെടുക്കും. പക്ഷേ, ഇപ്പോഴത്തേത് അല്പം കൂടിപ്പോയി. നാലു വർഷം കഴിഞ്ഞു. തുടർച്ചയായിട്ട് അഭിനയിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല. ഇപ്പോൾ കുടുംബവും നോക്കണ്ടേ. നല്ല വേഷങ്ങൾ വരുമ്പോൾ വിട്ടു കളയാൻ തോന്നാത്തതാണ് ചെയ്യുന്നത്. സിനിമകളുടെ പ്രൊഡക്ഷൻ തിരക്കിലായപ്പോൾ പിന്നെ സീരിയലുകളൊന്നും കമ്മിറ്റ് ചെയ്തില്ല. ടമാർ പടാർ, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന് പിന്നാലെയായപ്പോൾ സീരിയലിന്റെ കഥയൊന്നും കേൾക്കാനും നിന്നില്ല. അതാണ് നീണ്ട ബ്രേക്ക് വന്നത്.

വീണ്ടും അഭിനയിക്കണമെന്ന മോഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി മനസിലേക്കു വന്നിരുന്നുവെന്ന് ചിപ്പി പറയുന്നു. എന്തെങ്കിലും ഒരു പുതുമയ്ക്ക് വേണ്ടി കാത്തിരുന്നപ്പോഴാണ് വാനമ്പാടിയുടെ കഥ ചിപ്പിയെ തേടിയെത്തുന്നത്.

''കഥ കേട്ടപ്പോൾ ഇഷ്ടമായി. വളരെ വ്യത്യസ്തമാണെന്ന് തോന്നി. പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുറച്ച് പാട്ടുകളൊക്കെയായിട്ടാണ് സീരിയൽ വന്നത്, ഇത്രയും സീരിയലുകൾ വന്നുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എന്തെങ്കിലും ഒന്ന് കഥയിൽ ഉണ്ടാകണ്ടേ. അങ്ങനെ വ്യത്യസ്തമായതുണ്ടെന്ന് തോന്നിയതു കൊണ്ടാണ് വാനമ്പാടിയിൽ വന്നത്. ഒരു അര മണിക്കൂറിൽ തന്നെ നാലും അഞ്ചും സീരിയലുകൾ പൊയ്‌ക്കോണ്ടിരിക്കുകയാണ്. അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നമ്മുടെ സീരിയലിൽ ഉണ്ടെങ്കിലേ അത് ശ്രദ്ധിക്കപ്പെടൂ. അങ്ങനത്തെ ഒരു പ്രോജക്ട് വരാനുള്ള ഒരു കാത്തിരിപ്പ് കൂടിയായിരുന്നു ഈ ബ്രേക്ക്. എല്ലാ ദിവസവും സീനിൽ വന്നില്ലെങ്കിലും മുഴുവൻ കഥയിലും നന്ദിനി എന്ന കഥാപാത്രമുണ്ടാകും. ഷൂട്ട് കുറച്ച് ദിവസമേ ഉള്ളൂ. അതാകുമ്പോൾ നമ്മുടെ സൗകര്യത്തിന് ചെയ്യാനും കഴിയും. ''

ചിപ്പിയ്ക്കും ഭർത്താവ് രഞ്ജിത്തിനും സ്വന്തമായി രണ്ട് പ്രൊഡക്ഷൻ ബാനറുകളാണുള്ളത്. രജപുത്ര വിഷ്വൽ മീഡിയയും അവന്തിക ക്രിയേഷൻസും. രജപുത്രയിലാണ് സിനിമകൾ പോകുന്നത്. അവന്തികയിൽ സീരിയലുകളും. മകളുടെ പേര് കൂടിയാണ് അവന്തിക. കാമറയ്ക്ക് മുന്നിൽ നിന്നും പിന്നിലേക്കുള്ള മാറ്റത്തെ കുറിച്ചും ചിപ്പി പറയുന്നു... ''ഇപ്പോഴാണ് ഞാൻ ടെൻഷനൊക്കെ അനുഭവിക്കുന്നത്. എന്നാലും ഞാനിത് നന്നായി എൻജോയ് ചെയ്യുന്നുണ്ട്. സിനിമയ്ക്ക് പുറകിലുള്ള എഫേർട്ട് ഇതിൽ വർക്ക് ചെയ്യുമ്പോൾ മാത്രമേ മനസിലാകൂ. പ്രൊഡക്ഷൻ എന്ന രീതിയിൽ വന്നപ്പോഴാണ് ഞാനും ആ ബുദ്ധിമുട്ടൊക്കെ അറിഞ്ഞത്. പക്ഷേ, പ്രൊഡക്ഷനിൽ അങ്ങനെയല്ല. ഒത്തിരി കാര്യങ്ങളുണ്ട് നോക്കാൻ. അഭിനയിക്കുമ്പോൾ ആരും ഇതൊന്നും അന്വേഷിക്കില്ല. ഞാനും ഇതൊന്നും അറിഞ്ഞിട്ടില്ല. വരും, അഭിനയിക്കും, അതിനിടയിൽ സംവിധായകനും സ്‌ക്രിപ്ട് റൈറ്ററും പറയുന്നതു കേൾക്കുന്നു, അതുപോലെ അഭിനയിക്കുന്നു. അതല്ലാതെ സിനിമയുടെ പിന്നാമ്പുറത്തെ കുറിച്ചൊന്നും അന്വേഷിക്കാറുമില്ല, അറിയാറുമില്ല. ഇപ്പോൾ ബുദ്ധിമുട്ടുകളൊക്കെ ശരിക്കും അറിയുന്നുണ്ട്. പ്രൊഡക്ഷനിലാകുമ്പോൾ വരുന്ന എല്ലാ കഥകളും നമ്മളും കേൾക്കേണ്ടി വരും. നമുക്കും ഇഷ്ടപ്പെട്ടാൽ മാത്രമല്ലേ ചെയ്യാൻ കഴിയൂ, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്. ലാഭനഷ്ടങ്ങൾ ഒരുപാടുണ്ടാകും. രഞ്ജിയേട്ടൻ കൂടെയുള്ളതു കൊണ്ട് വലിയ പ്രോബ്ലം ഇല്ല.

പ്രൊഡക്ഷനിലേക്ക് തിരിയുമ്പോഴാണ് അഭിനയമാണ് ഇതിനേക്കാൾ ഈസിയെന്ന് മനസിലാവുക. എ ടു ഇസഡ് കാര്യങ്ങളും ശ്രദ്ധിക്കണം. എല്ലാത്തിലും നമ്മുടെ ശ്രദ്ധ വേണമല്ലോ. ഷൂട്ടിംഗ് നടക്കുന്നുണ്ടോ, കറക്ട് സമയത്ത് കാര്യങ്ങളെല്ലാം നടക്കുന്നുണ്ടോ? ആർട്ടിസ്റ്റുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? സാമ്പത്തികം തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. സീരിയലിലും ഇതൊക്കെ തന്നെ ചെയ്യണം. കൃത്യ സമയത്ത് ഷൂട്ട് നടക്കുന്നുണ്ടോ എപ്പിസോഡ് കറക്ട് പ്ലേ ചെയ്യുന്നുണ്ടോ ഒക്കെ അന്വേഷിക്കണം.

സിനിമാഭിനയവും സീരിയലഭിനയവും രണ്ടും രണ്ടാണെന്ന പക്ഷക്കാരി കൂടിയാണ് ചിപ്പി. സിനിമയ്ക്കു തന്നെയാണ് കൂടുതൽ ഗ്ലാമർ. പക്ഷേ, സീരിയലിലേക്ക് വരുമ്പോൾ നമ്മൾ വീട്ടിലൊരംഗമായി മാറും. സിനിമ മിക്കവാറും ആളുകൾ ഓർക്കും. പാട്ടിലൂടെയും കോമഡിയിലൂടെയും ഒക്കെ അതിങ്ങനെ ജനമനസുകളിൽ ലൈവായി നിൽക്കുന്നതല്ലേ. സീരിയലാകുമ്പോഴത്തെ പ്രശ്നം ലൈവ് അല്ലയെങ്കിൽ പിന്നെ അത് ആരുടെയും മനസിലുണ്ടാകില്ല. ഓരോ സിനിമയും റിപ്പീറ്റ് വരുന്നുണ്ടല്ലോ. സീരിയിലിൽ അങ്ങനെയല്ല, അടുത്ത സീരിയൽ വരുമ്പോൾ പഴയതു മറക്കും. ഗുരുവായൂരപ്പൻ എന്ന സീരിയലിൽ ഞാൻ കുറൂരമ്മയായിട്ടാണ് അഭിനയിച്ചത്. ഞാൻ ചെയ്ത സീരിയൽ വേഷങ്ങളിൽ ഇപ്പോഴും ആൾക്കാരുടെ മനസിലുള്ള ഏക വേഷം ഇതാണ്. പത്തുവർഷത്തോളമാകുന്നു അത് ടെലികാസ്റ്റ് ചെയ്തിട്ട്. ഇപ്പോഴും ആൾക്കാർ എന്നെ കാണുമ്പോൾ അതിനെ കുറിച്ച് പറയാറുണ്ട്. എങ്കിലും കൂടുതൽ പേരും സിനിമയിലെ വേഷങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അതൊരു സന്തോഷം തന്നെയാണ്. സീരിയൽ ആ സമയത്ത് മാത്രേയുള്ളൂ. ഏറ്റവും നന്നായിട്ട് അഭിനയിക്കുന്ന സീൻ വരുന്ന ദിവസം ഒരു പവർ കട്ട് വന്നാൽ മതി. അത് പിന്നെ ആർക്കെങ്കിലും കാണാൻ പറ്റോ? ചോദിച്ച് മനസിലാക്കിയാലും ആ സീൻ കാണാൻ പറ്റില്ല. സിനിമയിൽ അങ്ങനെയൊരു പ്രശ്നമേയില്ല.

പലർക്കും അറിയാത്ത ഒരു കാര്യം കൂടി ചിപ്പിയുടെ സിനിമാ കരിയറിലുണ്ട്. മലയാളത്തിൽ ചെയ്തതിനേക്കാൾ കൂടുതൽ ചിത്രങ്ങൾ കന്നടയിൽ ചെയ്തിട്ടുണ്ട്. ഏകദേശം 37 ചിത്രങ്ങൾ കന്നടയിലുണ്ട്.

'ആദ്യത്തെ കൺമണി'യുടെ കന്നടപ്പതിപ്പിൽ അഭിനയിച്ചപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടത്. അതുകണ്ടിട്ടാണ് രാജ്കുമാറിന്റെ കമ്പനി നിർമ്മിക്കുന്ന 'ജന്മതജോഡി'യിലേക്ക് വിളിച്ചത്. സൂപ്പർസ്റ്റാറായ ശിവരാജ്കുമാറായിരുന്നു നായകൻ. ആ സിനിമ ഒരു വർഷമാണ് കന്നടയിൽ ഓടിയത്. അതോടെ കന്നഡയിൽ എന്റെ ഭാഗ്യം തെളിഞ്ഞു. ഡയലോഗ് പഠിക്കാനായിരുന്നു അവിടെ പ്രയാസം. എങ്കിലും കുറച്ചുകാലം കൊണ്ട് കന്നഡ പഠിച്ചെടുത്തു. അങ്ങനെ കന്നടയിലും മലയാളത്തിലും അത്യാവശ്യം തിരക്കുകളായി. സിനിമയിൽ നിന്ന് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. മിക്കവരുടേയും ഫാമിലിയുമായിട്ടാണ് ക്ലോസ്. പ്രൊഡക്ഷൻ ഹൗസിന്റെ ഭാഗമായതോടെ ആർട്ടിസ്റ്റുകളേക്കാളും കൂടുതലായി ഇപ്പോൾ ടെക്നീഷ്യൻസുമാരുമായിട്ടാണ് അടുപ്പം. പണ്ടു തൊട്ടേയുള്ള സിനിമയിലെ സുഹൃത്ത് ആനിയാണ്. ഞങ്ങളെപ്പോഴും കാണും സംസാരിക്കും. വളരെ അടുത്ത കൂട്ടുകാരാണ് ഞങ്ങൾ. സിനിമയിൽ ഉണ്ടായിരുന്നപ്പോഴും നല്ല ബന്ധമായിരുന്നു. അതിനേക്കാൾ കൂടുതലാണ് ഇപ്പോൾ. ആനീസ് കിച്ചൺ സമയം കിട്ടുമ്പോഴൊക്കെ ഞാൻ കാണാറുണ്ട്, എനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ മേനക ചേച്ചിയുമായും വലിയ ബന്ധമാണ്. തിരുവനന്തപുരത്താണല്ലോ ഞങ്ങളെല്ലാവരും സെറ്റിലായിരിക്കുന്നത്. എപ്പോഴും കാണുന്നതും ഇവരെയൊക്കെ തന്നെയാണ്. പിന്നെ, ആറ്റുകാൽ പൊങ്കാലയ്ക്കും മിക്കവാറും ഞങ്ങളൊക്കെ ഒരുമിച്ചുണ്ടാകും. ഇത്തവണ പൊങ്കാല അടുത്തതിന്റെ സന്തോഷം കൂടിയുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയം മുതലേ ഞാൻ പൊങ്കാല ഇടാറുണ്ട്. അത്രയും വിശ്വാസമുണ്ട്. ഓർമ്മയിൽ വിരലിലെണ്ണാവുന്ന തവണ മാത്രമേ മുടങ്ങിയിട്ടുള്ളൂ. ദേവിയുടെ അനുഗ്രഹമുള്ളതു കൊണ്ടാണ് ഇത്രയും തവണ പൊങ്കാലയിടാൻ കഴിഞ്ഞത്. എന്തായാലും ഇത്തവണയും പൊങ്കാലയ്ക്ക് ഞാനുണ്ടാകും.

സംസാരത്തിനിടിയൽ ഒരു പാട്ടൊഴുകി വന്നു.
''വൈഡൂര്യ കമ്മലണിഞ്ഞു..
വെണ്ണിലാവ് രാവിൽ നെയ്യും..
പൂങ്കോടി പാവുടക്കണ പൊന്മാനേ....''
പാട്ട് കേട്ടതും ചിപ്പി പിന്നെയും ഒരു നിമിഷം മൗനത്തിലായി. പിന്നെയൊരു പൊട്ടിച്ചിരിയും.

''പഴയ ചിത്രങ്ങളൊക്കെ ഇപ്പോൾ കാണുമ്പോൾ ഭയങ്കര ചമ്മലാണ്. എന്റെ മോളെന്നെ എപ്പോഴും കളിയാക്കും അഭിനയം കൊള്ളില്ല അമ്മേ എന്നൊക്കെ പറഞ്ഞ്. അതുകൊണ്ട് പരമാവധി ഞാൻ കാണാൻ നിക്കാറില്ല (ചിരിക്കുന്നു ). മേക്കപ്പ് ശരിയായില്ല. അഭിനയം പോരാ എന്നൊക്കെയാ അവൾ പറയുന്നത്. വിമർശനം അധികമാകുമ്പോൾ ഞാൻ പതുക്കെച്ചെന്ന് ടി.വി ഓഫ് ചെയ്യും. എന്റെ സിനിമകളിൽ പ്രിയപ്പെട്ടത് പാഥേയമാണ്. ഇത്ര വർഷമായെങ്കിലും ആൾക്കാർ ഓർക്കുന്നത് പാഥേയത്തിലെ കഥാപാത്രത്തെയാണ്. പിന്നെ എന്റെ അവസാന ചിത്രം കാറ്റു വന്നു വിളിച്ചപ്പോഴും ഇഷ്ടമാണ്. ആളുകൾ കൂടുതലും കാണുമ്പോൾ പറയുന്നത് ഈ രണ്ട് ചിത്രങ്ങളുമാണ്. വർഷം ഒരുപാട് കഴിഞ്ഞെങ്കിലും ആളുകൾക്ക് ഇപ്പോഴും ഓർമ്മയുണ്ടല്ലോ. അത് വലിയൊരു കാര്യമല്ലേ.''

സിനിമ വിട്ടോ എന്ന ചോദ്യത്തിനും മറുപടി ഒരു ചിരിയായിരുന്നു.'' നല്ല കഥകൾ വന്നാൽ തീർച്ചയായും ചെയ്യും. '' ആ കാത്തിരിപ്പിലാണ് ഇപ്പോൾ ചിപ്പിയും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ