രാമന്റെ മണ്ണ്
March 19, 2017, 7:30 am
പ്രദീപ് മാന്തവാടി
ചിരട്ടകൾ കമിഴ്ത്തി വച്ചത് പോലെയാണ് ചെറുവയലിൽ രാമന്റെ വീട്. പുല്ലു മേഞ്ഞ വീടുകൾ ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം. ചുട്ട് പൊള്ളുന്ന വേനൽചൂടിൽ എ.സിയെ വെല്ലുന്ന നല്ല അനുഭവം. മഴക്കാലത്താകട്ടെ നല്ല ചൂടും. വയനാട്ടിലെ കുറിച്യ തറവാടുകളുടെ അവസ്ഥ ഇതാണ്. വീര കേരള വർമ്മ പഴശ്ശിരാജാവിന്റെ ഒളിപ്പോരാളികളായ വയനാട്ടിലെ കുറിച്യർ വീട് പ്രകൃതിക്ക് അനുസരിച്ച് നിർമ്മിച്ചവരാണ്. അവരുടെ കരവിരുത് ഒന്നു വേറെ തന്നെ. കോടികൾ മുടക്കി കോൺക്രീറ്റ് സൗധം നിർമ്മിക്കുന്നവർക്ക് മുന്നിൽ ഇന്നും കുറിച്യഭവനങ്ങൾ മാതൃക തന്നെ. ചാണകം മെഴുകിയുളള തറയിൽ മന്ദിരിപ്പായയിൽ കിടന്നാൽ തന്നെ ആരോഗ്യം തിരിച്ച് കിട്ടും. പ്രകൃതിയുമായി ബന്ധപ്പെട്ട വസ്തുക്കൾ കൊണ്ടാണ് വീട് നിർമ്മാണം. പ്രകൃതിയുമായി ബന്ധമില്ലാത്ത ഒന്നും വീട്ടിൽ കാണില്ല. മനോഹരമായ കുറിച്യ ഭവനങ്ങൾ ഇന്ന് വയനാടിന് കൈമോശം വന്ന് കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു രാമന്റെ മകന്റെ കല്യാണം. ആരെങ്കിലും വന്നു വിളിച്ചാൽ രാമേട്ടൻ സെമിനാറിനാണെന്ന് പറഞ്ഞ് എല്ലാം വിട്ട് ഇറങ്ങിപ്പോകുമോയെന്നായിരുന്നു ഭാര്യ ഗീതയുടെ പേടി. അതാണ് രാമേട്ടന്റെ കൈയിലിരിപ്പ്. മകന്റെ കല്യാണത്തിന്റെ രണ്ടുദിവസം മുമ്പുവരെ രാമേട്ടൻ വീട് വിട്ടിറങ്ങി. കഴിഞ്ഞ ഞായറാഴ്ച കാസർകോട്ടായിരുന്നു സെമിനാർ. കല്യാണം വിളിക്കാൻ പലരെയും ബാക്കിയുണ്ടായിട്ടും രാമേട്ടൻ തിരഞ്ഞെടുത്തത് കാസർകോട് യാത്രയായിരുന്നു. അവിടെയും ഒരു സെമിനാർ. അതിനായി കല്യാണത്തിന്റെ ഒരാഴ്ച മുമ്പുള്ള ശനിയാഴ്ച തന്നെ യാത്രയായി. വന്നത് പിറ്റേന്ന് അർദ്ധരാത്രിയും. വന്നയുടൻ തന്നെ രാമേട്ടൻ ചോദിച്ചത് കല്യാണത്തിന്റെ ഒരുക്കം എവിടെവരെയായെന്നല്ല, അടുത്ത യാത്രയ്ക്കുള്ള തീയതിയായിരുന്നു. അതും തിരുവനന്തപുരത്തേക്ക്. ഭാര്യ ഗീത ഒന്നും പറഞ്ഞില്ല. കേട്ടിരുന്നതേയുള്ളൂ. അല്ലെങ്കിലും രാമേട്ടൻ അങ്ങനെയാണ്. കൃഷി കഴിഞ്ഞിട്ടെ രാമേട്ടന് മറ്റെന്തും ഉളളൂ. കൃഷിയെന്ന് പറഞ്ഞാൽ വെറും കൃഷിയല്ല. ജൈവ കൃഷി. പരമ്പരാഗതമായ വിത്തിനങ്ങൾ കാത്ത് സൂക്ഷിച്ച് കൃഷിയിറക്കുന്ന വയനാട്ടിലെ ചെറുവയൽ രാമനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. കൃഷി കഴിഞ്ഞേ ചെറുവയൽ രാമന് കുടുംബ ബന്ധമുള്ളുവെന്നാണ് അനുഭവം. അതു കൊണ്ടെന്ത്? മടിക്കുത്തിന് ഇന്നും കനമില്ല. കടത്തിൽ നിന്ന് കടത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ് ഈ ജൈവ കർഷകൻ. വിഷയം കൃഷിയാണോ? ആര് വന്ന് വിളിച്ചാലും അങ്ങ് ഇറങ്ങി തിരിക്കും.എവിടെയാണെന്നോ എപ്പോൾ തിരിച്ച് വരാൻ പറ്റുമെന്നോ ഒന്നും ആലോചിക്കില്ല. ഒന്നും ചെറുവയൽ രാമന് പ്രശ്നമല്ല. അത് അതിന്റെ രീതിയിൽ നടക്കുമെന്ന ഉറച്ച വിശ്വാസം രാമനുണ്ട്. വയസ് അറുപത്തിയെട്ടായില്ലെ? അമ്മാവൻ ചെറുവയൽ തലക്കര രാമന്റെ ശിക്ഷണം ഇതേവരെ പിഴച്ചില്ലല്ലോ?ഒന്നും സമ്പാദിച്ചില്ലെന്നാണ് ആകെയുള്ള പേരു ദോഷം. അതിന് ഉറച്ച സ്വരത്തോടെ രാമൻ നെഞ്ച് വിടർത്തി അഭിമാനത്തോടെ മറുപടി പറയുന്നു. ഇല്ല... ഒന്നും പിഴച്ചിട്ടില്ല. ഞാൻ നേടിയിട്ടെയുളളു. നല്ലൊരു കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞു. കേരളത്തിലും പുറത്തും അതിനുള്ള വിത്ത് പാകാൻ എനിക്ക് കഴിഞ്ഞു. ആ വിത്ത് ഇവിടെ പടർന്ന് പന്തലിക്കും. പാരമ്പര്യ വിത്തുകളിലൂടെ ഒരുനല്ല ജൈവ കാർഷിക സംസ്‌കാരം ഇവിടെ പച്ചപ്പ് ചാർത്തും. അതിന്റെ തിരിച്ചറിവിനാണ് വേരോട്ടം ഉണ്ടായിരിക്കുന്നത്. അങ്ങനെയൊരു വയലേലയാണ് ചെറുവയൽ രാമന്റെ സ്വപ്നം. അതിനാണ് മകന്റെ കല്യാണം പോലും കാര്യമായി നോക്കാതെ കൃഷിയെന്നും മറ്റും പറഞ്ഞ് ഈ കുറിച്യ കാരണവർ വീട് വിട്ടിറങ്ങുന്നത്.

തലമുറകൾ കൈമാറിയ ഒരു കൃഷി സംസ്‌കാരമാണ് ചെറുവയൽ രാമന്റെ ചെപ്പിലുളളത്. അത് പുറത്തെടുത്ത് പങ്കുവയ്ക്കാൻ ചുമതലപ്പെട്ടയാൾ ഇവിടെ രാമനാണ്. പിന്നെ രാമന്റെ പണി രാമനല്ലേ ചെയ്യാനൊക്കൂ. അതാണ് ഇവിടെ മുടക്കം കൂടാതെ വർഷങ്ങളായി രാമൻ ചെയ്തു കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തെ തേടി ആരെല്ലാമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ചെറുവയൽ കുടിലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്?വിദേശികളുൾപ്പെടെ ഒട്ടേറെപ്പേർ. രാമന്റെ അറിവ് വലുതാണ്. വലുതെന്ന് പറഞ്ഞാൽ ഏറെ വലുത്. കൃഷിവകുപ്പ് മന്ത്രിയായി വി. എസ്. സുനിൽകുമാർ ചുമതലയേറ്റതിന് ശേഷം ഇങ്ങ് ഓണം കോറാമൂലയിലെ ചെറുവയൽ രാമനെന്ന ഒരു സാധാരണ കൃഷിക്കാരനെ ഫോൺ വിളിക്കണമെങ്കിൽ ആള് ചില്ലറക്കാരനല്ലെന്ന് വ്യക്തം. തലമുറകളായി കാത്ത് സൂക്ഷിക്കുന്ന വിത്തിനങ്ങൾ കൈമോശം വരാതെ കാത്തുസൂക്ഷിക്കണമെന്നാണ് കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാറിനും രാമനോട് പറയാനുണ്ടായിരുന്നത്. നടൻ ശ്രീനിവാസൻ ഇക്കാര്യത്തിൽ കാണിക്കുന്ന താത്പര്യത്തെ രാമൻ വാനോളം പുകഴ്ത്തുന്നു. ഇങ്ങനെയും ഒരാൾ സജീവമായി രംഗത്ത് വരുന്നതിൽ രാമന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. രോഗമില്ലാത്ത ഒരു സമൂഹം അതാണ് രാമന്റെയും സ്വപ്നം. അതിനായി കൈകോർക്കണമെന്നാണ് രാമന്റെ പക്ഷം. വി. എസ് സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുളള പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെറുവയൽ രാമന്റെ വീട്ടിലെത്തി രാമന്റെ ജൈവകൃഷിയുടെ സ്വാദെന്തെന്ന് അറിഞ്ഞാണ് ചുരം ഇറങ്ങിയത്. ഈ വീട്ടുമുറ്റത്തിരുന്ന് അവർ കുത്തരി ചോറുണ്ടു. പുന്നെല്ല് കൊണ്ടുള്ള പായസം കഴിച്ചു. തോമസ് ഐസക്കിനെക്കുറിച്ച് പറയുമ്പോൾ രാമന് ആയിരം നാവ്. കൃഷിയിൽ രാമനെ സഹായിക്കാൻ ഭാര്യ ഗീതയും മക്കൾ രമണിയും രമേശനും രാജേഷും രജിതയും എല്ലാവരുമുണ്ട്. അതിന് പുറമേ മരുമകൾ തങ്കമണിയും പേരക്കുട്ടി ആദർശും. രാജേഷിന്റെ ഭാര്യ രജിതയാണ് പുതിയ അംഗം.

രാമന് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. കമ്മന നവോദയ എൽ.പി സ്‌കൂളിൽ അക്കാലത്ത് അഞ്ചാം ക്ലാസുവരെ മാത്രമേ ഉണ്ടായിരുന്നുളളു.1958ലാണ് ഇവിടെ ഒന്നാം ക്ലാസിൽ ചേർന്നത്. പട്ടിണിയും ദാരിദ്ര്യവും നന്നായിട്ടറിഞ്ഞു. തുടർ പഠനം ഒരു മരീചിക തന്നെയായിരുന്നു. ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. മഴക്കാലമായാൽ എങ്ങും വെള്ളപ്പൊക്കം. വഴി നടക്കാൻ ഒരു റോഡ് പോലുമില്ല.കിലോ മീറ്ററുകൾ നടന്ന് വേണം മാനന്തവാടി ഗവ. ഹൈസ്‌കൂളിലെത്താൻ. ഉടുതുണിക്ക് മറുതുണി പോലും വാങ്ങാൻ കഴിവുമില്ല.പിന്നെങ്ങനെ സ്‌കൂളിൽ പോകും? അന്നത്തെ പരിപാടി കന്നുകാലികളെ മേച്ച് നടക്കൽ തന്നെ. രാമനും അത് തന്നെ വിധി.വയലും കരയുമായി ഏക്കറുകണക്കിന് ഭൂമി. ഏതാണ്ട് 22 ഏക്കർ വരും. ആലയിൽ അറുപതിലേറെ കന്നുകാലികൾ. തറവാട്ടിൽ അംഗങ്ങളായി നിരവധി പേർ.രാമൻ പഠിക്കാൻ പോയാൽ ഇതൊന്നും നോക്കി നടത്താൻ ആളെ കിട്ടില്ല. അങ്ങനെ രാമൻ വീട്ടിലെ കന്നുകാലി ചെറുക്കനായി. പിന്നെ പത്തായപ്പുരയിൽ നിറയെ പൈതൃക വിത്തുകളും. അതാണ് ചെറുവയൽതറവാട്ടിലെ ഏറ്റവും വലിയ സമ്പാദ്യവും. തലമുറകളായി കാത്ത് സൂക്ഷിച്ച സമ്പാദ്യം. അത് കൈമോശം വന്നാൽ തകരുന്നത് ഒരു കാർഷിക സംസ്‌കൃതിയാണെന്ന് രാമന് തിരിച്ചറിവുണ്ടായിരുന്നു. പതിനേഴാം വയസിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മാവൻ രാമന് നൽകി. അന്ന് തുടങ്ങിയതാണ് രാമന്റെ വിശ്രമമില്ലാത്ത യാത്രയും ജോലിയും. ഇതിനിടെ പത്തൊമ്പതാമത്തെ വയസിൽ ആരോരും അറിയാതെ രാമൻ കണ്ണൂർ എംപ്‌ളോയ്‌മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തു. അതിന്റെ പേരിൽ ഒരു നിയമന ഉത്തരവും വന്നു. കണ്ണൂർ ഡി.എം.ഒ ഓഫീസിൽ നൂറ്റമ്പത് രൂപാ ശമ്പളത്തിൽ ജോലി. രാമന് പോകണമെന്നുണ്ടായിരുന്നു. അമ്മാവൻ ഒറ്റ ചോദ്യം മാത്രമേ രാമനോട് ചോദിച്ചുളളു. കണ്ണെത്താത്ത ഭൂമിയും എണ്ണിയാൽ തീരാത്ത കന്നുകാലികളെയും അതിനെക്കാൾ മൂല്യമുളള പഴയ നാടൻ വിത്തിനങ്ങളെയും വിട്ടിട്ടാണോ നൂറ്റമ്പത് രൂപയുടെ ജോലിക്കായി പോകുന്നത്? രാമൻ മറുത്തൊന്നും പറഞ്ഞില്ല. ഇതാണ് നിയോഗം എന്ന് രാമനും കരുതി. അങ്ങനെ രാമൻ പൈതൃക വിത്തുകളുടെ കാവലാളായി. കണക്ക് പുസ്തകം എടുത്ത് നോക്കിയാൽ രാമൻ പറയും. തനിക്ക് ഈ കച്ചവടത്തിൽ നേട്ടമേ ഉണ്ടായിട്ടുളളൂ എന്ന്. നേട്ടമെന്ന് വച്ചാൽ പുതിയ തലമുറയ്ക്ക് അറിവു പകർന്ന് നൽകുന്ന കാര്യത്തിലെന്ന് ചുരുക്കം. അല്ലാതെ സാമ്പത്തിക നേട്ടമല്ല. ക്ലാസും സിമ്പോസിയവും എന്നൊക്കെ പറഞ്ഞ് പോകുന്ന രാമൻ പലപ്പോഴും ബസ് യാത്രയ്ക്ക് കൂലി പോലും ഇല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. സംഘാടകരുടെ വിചാരം രാമൻ വലിയ സമ്പന്നനാണെന്നാണ്. രാമന് ആരോടും ബസ് കൂലി ചോദിക്കുന്ന ശീലവുമില്ല.

1989 മാർച്ച് 30ന് അമ്മാവൻ വിട പറയുമ്പോൾ രാമനെ ഏല്പിച്ചത് ഗന്ധകശാല, മുള്ളൻകയമ, മരത്തൊണ്ടി, ചെന്നെല്ല്, ഓണമൊട്ടൻ, വെളിയൻ എന്നിങ്ങനെ കുറെ പൈതൃക നെല്ലിനങ്ങൾ. രാമന്റെ പക്കൽ ഇന്ന് അമ്പതിലേറെ ഇതേ പോലെ പൈതൃക നെല്ലിനങ്ങൾ ഉണ്ട്. രാമൻ ഇത് ആർക്ക് വേണമെങ്കിലും തരും. പക്ഷേ കൃഷിയിറക്കിയാൽ അത് അതേ പോലെ തിരിച്ച് നൽകണം. അതാണ് വ്യവസ്ഥ. ഏക്കർ കണക്കിന് വയലുകളിൽ മൂന്ന് സെന്റിൽ രാമൻ കൃഷിയിറക്കുന്നത് പൈതൃക വിത്തുകളാണ്. ഒന്നും നഷ്ടപ്പെടരുതെന്ന് കരുതിയാണിത്. കുടിക്കാൻ പോലും വെള്ളമില്ലാത്ത കാലത്തും രാമന്റെ കിണർ ഇതേവരെ വറ്റിയിട്ടില്ല. ഇപ്പോൾ കിണറ്റിൽ മുക്കാൽ മീറ്റർ വെള്ളമേയുള്ളൂ. അതു തന്നെ നിലനിൽക്കുന്നത് തോട്ടത്തിലെ ഒരു മരം പോലും താൻ ഇതേവരെ വെട്ടിമാറ്റാത്തത് കൊണ്ടാണെന്ന് രാമൻ പറയുന്നു. എവിടെയുണ്ട് ഒരു തണ്ണീർ കുളം? ആറ് ഘട്ടമായി വയനാട്ടിൽ മഴ ലഭിച്ചിരുന്നു. കുംഭമഴ, മേട മഴ, മിഥുന മഴ, കർക്കടക മഴ, പിന്നെ ചിങ്ങത്തിലെ ചിണുങ്ങിയുളള ചിങ്ങ മഴ. പിന്നെ തുലാ വർഷവും. ഇപ്പോൾ ഒന്നുമില്ല. തോടുകളിൽ വീണ് കിടക്കുന്ന ചപ്പു ചവറുകൾ ഒഴുകിപ്പോകാനുളള ഒരു മഴ പോലും ഇതേവരെ ലഭിച്ചില്ല. പിന്നെങ്ങനെ വെളളം വറ്റാതിരിക്കും. പ്രകൃതിയെ അത്രയ്ക്കും ദ്രോഹിച്ചതിന്റെ ഫലമാണിത്. ഇനി വയനാടിന്റെ അവസ്ഥ കണ്ടറിയുക തന്നെ വേണം. രാമൻ പറഞ്ഞുനിറുത്തുമ്പോൾ നമ്മൾ ഓർക്കേണ്ടത് പലതുണ്ട്.

(ചെറുവയൽ രാമന്റെ ഫോൺ : 8281556350)
ലേഖകന്റെ ഫോൺ : 9447204774)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.