ചാഞ്ചാടിയാടി ഉറങ്ങാം
March 19, 2017, 7:32 am
ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അമിതമായ തൊഴിൽ സമ്മർദ്ദവും ദേഷ്യവും ടെൻഷനും ഒക്കെയായി പലർക്കും ഉറക്കം പിടിതരാത്ത ഒന്നായി മാറി. ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ അത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കുമെന്ന യാഥാർത്ഥ്യം അറിയാതെ പോകരുത്. ആരോഗ്യകരമായ ജീവിതത്തിന് ദിവസവും കുറഞ്ഞത് 6-8 മണിക്കൂർ ഉറക്കം നിർബന്ധമാണ്. ഏതൊരു വ്യക്തിക്കും ഉറക്കം പ്രധാനമാണ്. ഉറക്കമില്ലെങ്കിൽ പിന്നെ ജീവിതമില്ല. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. ഉറക്കവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നു. നല്ല ഉറക്കമുള്ള ഒരാൾക്കെ നല്ല ആരോഗ്യം നിലനിർത്താനാവുകയുള്ളൂ.

*എന്നും രാത്രി ഉറങ്ങുന്നതിന് ഒരു പ്രത്യേക സമയം നീക്കി വയ്ക്കുക. പത്ത് മണി എന്നതാണ് നല്ല കണക്ക്. എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാൻ ശീലിച്ചോളൂ. കുറച്ച് ദിവസം അത് പരീക്ഷിക്കുമ്പോൾ ബാക്കിയുള്ള ദിവസങ്ങളിൽ ഈ സമയമാകുമ്പോൾ ഉറക്കം താനേ വന്നുകൊള്ളും.
*നല്ല ഉറക്കത്തിന് നല്ല കിടക്കയും തലയിണയും പ്രധാനമാണ്. ഇവ ശരിയല്ലെങ്കിൽ ഉറക്കത്തിനും ഭംഗം വരും. സ്ഥിരം കിടക്കുന്ന കിടക്കയിൽ നിന്ന് മാറി കിടന്നാലും സുഖകരമായ ഉറക്കം ലഭിക്കണമെന്നില്ല.
*ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. ഭക്ഷണം ശരിയായി ദഹിക്കാതെ ഉറങ്ങുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു കാരണവശാലും കഴിച്ചയുടനെ ഉറങ്ങാൻ കിടക്കരുത്.
*കിടക്കുന്നതിന് മുമ്പായി കിടക്ക വൃത്തിയാക്കണം. മാത്രവുമല്ല, ബെഡ്റൂമിലെ ലൈറ്റും ഓഫ് ചെയ്യണം. വെളിച്ചം വേണമെന്നുള്ളവർക്ക് അടഞ്ഞ വെളിച്ചം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും.
*ഉറക്കത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിലും കാര്യമുണ്ട്. വയറ് നിറയെ വാരി വലിച്ച് കഴിച്ചാൽ അന്നത്തെ ഉറക്കം നഷ്ടപ്പെടും എന്ന് ഓർത്തോളൂ. അതുപോലെ തന്നെ ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. രാത്രിയിൽ എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവിൽ കഴിക്കുവാൻ ശ്രദ്ധിക്കണം.
*ചായ, കാപ്പി തുടങ്ങിയവ ഉറങ്ങുന്നതിനു മുമ്പ് ഒഴിവാക്കണം. മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഇത് ശരിയല്ല. ഉറക്കം വരുത്തുമെന്നേയുള്ളൂ, പക്ഷേ, ആരോഗ്യകരമായ ഉറക്കം മദ്യം കഴിക്കുന്നവർക്ക് ഉണ്ടാകില്ല.
*മനസിനെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ചിന്തിക്കരുത്. ഇത് ഉറക്കം കെടുത്തും. രാത്രിയിൽ മണിയടിക്കാത്ത ക്ലോക്കു മാത്രം ബെഡ്റൂമിൽ വയ്ക്കുക. അല്ലെങ്കിൽ ഇതിന്റെ മണിയടി നിങ്ങളെ അലോസരപ്പെടുത്തും.
*കിടക്കുംമുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശീലമാക്കുക. പാലിൽ ധാരാളം കാൽസ്യവും മിനെറെൽസും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനും മനസിനും ഉൻമേഷവും റിലാക്‌സേഷനും ലഭിക്കുന്നതിനും സഹായിക്കുന്നു.
*ധാരാളം പഴങ്ങൾ കഴിക്കുക. പഴങ്ങളിൽ കൂടുതൽ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതു മസിലുകൾക്ക് അയവു നൽകുന്നതിന് സഹായിക്കുന്നു. പഴങ്ങളിലുള്ള വിറ്റാമിൻ ബി ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ