Tuesday, 27 June 2017 3.59 PM IST
ഗംഗയല്ല,​ ഇത് വിനായകൻ
March 19, 2017, 7:39 am
അനുപ്രിയ. എസ്
ആരും പ്രതീക്ഷിക്കുന്ന താരരൂപമായിരുന്നില്ല വിനായകന്റേത്. എന്നിട്ടും ഉള്ളിലെ കനലിന്റെ നെരിപ്പോടിലൂടെ, തന്റെ കഴിവിലുള്ള അഹംബോധത്തിലൂടെ സിനിമയുടെ വഴിയിൽ വിനായകൻ മുന്നോട്ടുതന്നെ നടന്നു. കമ്മട്ടിപ്പാടത്തിനു മുമ്പും ഈ നടൻ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും 'ഗംഗയാടാ'... എന്ന ഉള്ളുലയ്ക്കുന്ന വിളി വേണ്ടി വന്നു വിനായകൻ എന്ന നടനെ നമ്മളറിയാനായി. ഇന്നിപ്പോൾ കമ്മട്ടിപ്പാടത്തിലെ മികവുറ്റ അഭിനയത്തിലൂടെ മികച്ച നടനായി വിനായകൻ മാറി. സിനിമയേക്കാൾ ഞെട്ടിക്കുന്ന ജീവിതപരിസരമാണ് വിനായകനിലെ നടന്റെ, മനുഷ്യന്റെ മൂർച്ച കൂട്ടുന്നത്. കമ്മട്ടിപ്പാടത്തിൽ ജനിച്ചു വളർന്ന വിനായകന് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ അവാർഡ് ലഭിക്കുമ്പോൾ അതിൽ കാലത്തിന്റെ നീതിയെന്ന കൈയൊപ്പുണ്ട്.വിനായകനൊപ്പം അല്പനേരം.

''രാജീവ് രവി ഈ പ്രൊജക്ട് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് എനിക്കൊരു പാട്ട് ചെയ്താൽ കൊള്ളാം എന്നായിരുന്നു. അപ്പൊ രാജീവ് എനിക്കൊരു റഫറൻസ് തരികയും ഞാനൊരു ഹമ്മിംങ് ക്രിയേറ്റ് ചെയ്യുകയും അൻവറേട്ടൻ അതിന് ലിറിക്സ് എഴുതുകയും ചെയ്തു. കമ്മട്ടിപ്പാടത്തിലെ ഗംഗ ക്യാരക്ടർ പോലെ ആ പാട്ടും എല്ലാം കൊണ്ടും മാച്ചായിരുന്നു. ആദ്യമായി ചെയ്ത കൊംപോസിഷനാണ്. സംഗീതവും ഡാൻസും ചേരുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.''
കമ്മട്ടിപ്പാടത്തിലേക്കെത്തിയ വഴികൾ വിനായകന് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.

''രാജീവ് രവി 94, 95, 96 കാലത്ത് പറഞ്ഞ കഥയാണ് കമ്മട്ടിപ്പാടം. ഇരുപത് കൊല്ലത്തോളം രാജീവ് ഇതിന് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാവുന്ന പടം. ഞാനതിനെ വേറെ രീതിയിൽ കാണുന്നത് ഇത്രേം കാലം രാജീവ് രവി എനിക്ക് വേണ്ടി വർക്ക് ചെയ്യുകയായിരുന്നു. പ്രൊഡ്യൂസർ പ്രേം സാറും എനിക്ക് വേണ്ടി കാശുണ്ടാക്കുകയായിരുന്നു. ഇതിലോട്ട് വരാൻ ഞാനും ജോലി ചെയ്തിട്ടുണ്ട്. എന്റേത് ഇരുപത് ശതമാനമേ ഉള്ളൂ. മറ്റുള്ളവർ അതിൽ കൂടുതൽ ചെയ്തിട്ടുണ്ട്.''
ഒരിക്കലും മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിറചിരിയോടെ കണ്ടിട്ടില്ല വിനായകനെ. അതിന് കൃത്യമായ കാരണം വിനായകൻ പറയുന്നു.

''ഞാൻ എന്നെ വിലയിരുത്താറുണ്ട്. ഞാൻ അഭിനയിച്ച പടങ്ങളും വിലയിരുത്തും. അപ്പൊ ആധികാരികമായിട്ട് ജനത്തിന് മുന്നിൽ വന്നിരുന്ന് നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ലെന്ന് തോന്നിയതുകൊണ്ടാ ഇതുവരെ മീഡിയയിൽ വരാതിരുന്നത്. അതാണ് അതിന്റെ യഥാർത്ഥ സത്യം. ഒരു അംഗീകാരം ആദ്യം ലഭിക്കട്ടെ എന്നായിരുന്നു തോന്നൽ. സ്റ്റേറ്റ് അവാർഡ് കിട്ടിയ അന്ന് മുതൽ ആലോചിക്കുന്നുണ്ട് ഇനി മീഡിയയിൽ വന്നു തുടങ്ങാമെന്ന്.'' (വിനായകൻ ചിരിച്ചു)

കമ്മട്ടിപ്പാടത്തിനായുള്ള ഒരുക്കങ്ങൾ?
കമ്മട്ടിപ്പാടത്തിനായി വയറ് വെക്കാനാണ് ആദ്യം കുറേ കാലം നടന്നത്. ഭയങ്കര അലമ്പായിരുന്നു കുറച്ച് കാലം. നല്ല തീറ്റേം ഉണ്ടാരുന്നു. മുഖത്തെല്ലാം അതിന്റെ മാറ്റം വന്നിരുന്നു. പണി നല്ലോണം എടുത്തു. പിന്നെ 40 ദിവസം കൊണ്ട് വീണ്ടും 62 കിലോയിലേക്ക് വന്നു. അന്ന് എനിക്ക് വലിയ ഹാർഡ് വർക്കായിരുന്നു. രാത്രി ഒമ്പത് മണിക്ക് ഓടും. രാവിലെ അഞ്ച് മണിക്ക് സൈക്കിളോടിക്കും. ഭക്ഷണം കട്ട് ചെയ്തു. എങ്കിലും സന്തോഷമായിരുന്നു.

വില്ലൻ കഥാപാത്രങ്ങൾ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണോ?
ഏറ്റവും ഫ്രീഡമുള്ള റോളുകളാണ് വില്ലന്റേത്. എങ്ങനെ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും തിരിയാനാകും. അതിനൊരു സ്വാതന്ത്ര്യമുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ആക്സിഡന്റുകൾ കാരണമാണ് അങ്ങനെയുള്ള പടത്തിൽ പലതിൽ നിന്നും മാറുന്നത്. തെലുങ്കിൽ ഇപ്പോൾ പോകാറില്ല. ആറ് ദിവസമാണ് ഷൂട്ടെങ്കിൽ ആറു ദിവസവും കെട്ടിത്തൂക്കിയിട്ട് ഇടിയോട് ഇടിയാണ്. അപ്പോ ആ പരിപാടി നിർത്തി.

അവാർഡ് വിവരമറിഞ്ഞ് ആരൊക്കെ വിളിച്ചു?
ബഹുമാന്യനായ മുഖ്യമന്ത്രി വിളിച്ചിരുന്നു. ഞാൻ നല്ല ഒറക്കമായിരുന്നു അന്നേരം. ലാലേട്ടൻ വിളിച്ചിരുന്നു. ലാലേട്ടൻ വിളിച്ചപ്പോൾ സന്തോഷം തോന്നി. മുഖ്യമന്ത്രി വിളിച്ചപ്പോ പേടി തോന്നി. ലാലേട്ടനോട് മത്സരിച്ചെന്നാ പറയുന്നേ... ലാലേട്ടനൊക്കെ എതിരാളിയോ... ദൈവമേ...

അമ്മ മധുരം നൽകിയപ്പോൾ നിരസിച്ചതെന്തു കൊണ്ടാണ്?
വ്യവസ്ഥയോട് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. ഞാൻ ഉദ്ദേശിച്ച വ്യവസ്ഥ സന്തോഷമാണ്. പക്ഷേ, ഷുഗറുള്ള ഒരാൾക്ക് മധുരം നൽകുന്നത് മോശമായിട്ടാണ് തോന്നിയത്. അതുകൊണ്ടാണ് തട്ടിക്കളഞ്ഞത്. ഞാൻ ജീവിതത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇതൊക്കെ മോശമാണെന്ന് എന്നെ പിന്തുണയ്ക്കുന്ന മീഡിയയിൽ നിന്നു തന്നെ കുറേ പേർ വിളിച്ചുപറയുന്നുണ്ട്. എന്നാൽ എനിക്കതിൽ നിന്നും മാറാൻ പറ്റില്ല, ഞാൻ വിനായകൻ തന്നെയാണ് അപ്പഴും ഇപ്പഴും.

പരിശ്രമമാണോ ജീവിതം ഈ നിലയിൽ മാറ്റിയത്?
പ്രയത്നിച്ചാൽ എന്തും നടക്കും. എന്റെ വീട് പലരും കണ്ടതല്ലേ. ആ വീട്ടിൽ നിന്നും ഞാനിറങ്ങി വന്നത് റെയിൽവെ ട്രാക്കിലോട്ടാ. ട്രാക്കിലൂടെ നടന്ന് കാനയും കടന്നെത്തുന്നത് ബസ് സ്റ്റാന്റിലോട്ടും. അവിടെ എന്റെ സുഹൃത്തുക്കൾ. അവർക്ക് വീടില്ല, കൂരയില്ല, ഒന്നുമില്ല. അപ്പൊപിന്നെ ഞാനെങ്ങനെ എന്റെ സങ്കടം പറയും. എനിക്ക് കൂരയെങ്കിലും ഉണ്ട്. അവർക്ക് കുടിക്കാൻ വെള്ളമില്ല. മഴ വന്നാ പുതച്ചു മൂടാൻ തുണിയില്ല. അപ്പൊപിന്നെ ഞാനെന്റെ സങ്കടം പറയുന്നതിലെന്താണ് കാര്യം.

ഇനി സെലക്ടീവാകുമോ?
സെലക്ടീവാവില്ല. അത്രേം പടമില്ല. അതാണ് സത്യം. ഒന്നാലോചിച്ചേ 15 കൊല്ലം എത്ര പടം വന്ന്. നല്ല പടം വന്നാലല്ലേ ചെയ്യാൻ പറ്റൂ. ഞാൻ വിചാരിച്ചാ മാത്രം നടക്കില്ലല്ലോ. അത്ര ക്വാളിറ്റി സിനിമകൾ ഇപ്പോൾ ഇല്ല. ഇപ്പൊഴാണ് കുറച്ചൊക്കെ മാറി വരുന്നത്. വരും. മാറി വരും. മാറാതിരിക്കാൻ കഴിയില്ല. സിനിമ എന്നും ഡയറക്ടറുടേതാണ്. മമ്മൂട്ടി സാറിന്റേയും മോഹൻലാൽ സാറിന്റേയും പഴയ പടങ്ങളും പുതിയതും വച്ച് നോക്കുമ്പോൾ വ്യത്യാസം മനസിലാകുന്നുണ്ട്. തുണി പോലും കറക്ടല്ല. ഇടുന്ന ഡ്രസ് പോലും കൃത്യമല്ല.

സിനിമയിൽ ജാതി ഉണ്ടെന്ന് പറയുന്നു. അനുഭവമുണ്ടോ?
എന്റെ ലൈഫിൽ മൂന്ന് കൊല്ലം മുമ്പാണ് ഞാനെന്ത് ജാതിയാണെന്ന് ചിന്തിച്ചത്. അത് ചിന്തിച്ചപ്പോൾ എന്റെ മനസിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ചിന്തിക്കാതിരിക്കുക, ഫൈറ്റ് ചെയ്യുക എന്നതാണ് ഞാൻ പഠിച്ച വേറൊരു പാഠം. ലോകത്തെല്ലായിടത്തും വേർതിരിവുണ്ടാകും. ഇല്ലേ. മലയാള സിനിമയിൽ മാത്രമല്ല. കറുത്തവരുണ്ടാകും വെളുത്തവരുണ്ടാകും ചുരുണ്ട മുടിക്കാരുണ്ടാകും. പത്രക്കാരിൽ വേർതിരിവില്ലേ? ഉണ്ട്. വേർതിരിവുണ്ടാകും യുദ്ധം ഉണ്ടാകും. പരമമായ സത്യം അതുമാത്രമാണ്. ലോകം നിൽക്കുന്നത് തന്നെ യുദ്ധത്തിലാണ്. ഇതെല്ലാം എന്നുമുള്ളതാണ്. പ്രണയമുണ്ടാകും ലോകം നിൽക്കുന്നത് പ്രണയത്തിലാണ്. ശാന്തി എന്ന് വെറുതേ പറയുന്നതാണ്. യുദ്ധം മസ്റ്റാണ്, ലോകം നിലനിൽക്കാൻ.

സിനിമയുടെ കഥ നേരത്തെ കേൾക്കാറുണ്ടോ?
ഞാൻ കഥ കേൾക്കാറില്ല. സ്‌ക്രിപ്റ്റ് കേൾക്കില്ല. എനിക്കതിൽ വിശ്വാസമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഷൂട്ട് ചെയ്ത് അഭിനയിച്ച് എല്ലാം കഴിഞ്ഞ് എഡിറ്റ് സ്യൂട്ടിൽ വരുമ്പൊ കട്ട്ചെയ്ത് പോയിട്ടുണ്ടാകും. നമ്മൾ വെറുതേ വെയിലത്തിരുന്ന് അഭിനയിക്കുകയെന്നതാണ്. അങ്ങനെ വിശ്വാസമില്ലാതായി.

അവാർഡ് ലക്ഷ്യമായിരുന്നോ?
എന്റെ ടാർഗറ്റ് അവാർഡല്ലായിരുന്നു. എനിക്കിങ്ങനെ മീഡിയയുടെ മുന്നിൽ വന്നിരുന്ന് സംസാരിക്കണമായിരുന്നു. മൂന്ന് നാല് കൊല്ലമായിട്ടേ ഉള്ളൂ ഇങ്ങനെ കൊള്ളാവുന്ന സിനിമകൾ വന്നിട്ട്. ബാക്കി 15 കൊല്ലം മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കാവുന്ന ഒരു പടം ഞാൻ ചെയ്തിട്ടില്ല. പത്തൊമ്പത് ഇരുപത് വയസിൽ തെറിച്ച് നടക്കുന്ന പയ്യനായിരുന്നു. നേരത്തെ പറഞ്ഞ മതം ജാതി ചിന്തയില്ല. ഒന്ന് പോസ്റ്ററിൽ വരിക വലിയ ആഗ്രഹമായിരുന്നു. ബിഗ് ബി വരെ എത്തേണ്ടി വന്നു. ഏകദേശം 18 വർഷത്തോളം എടുത്തു അതിന്. അപ്പോഴും ഞാൻ മാധ്യമങ്ങളെ ശ്രദ്ധിച്ചിട്ടില്ല. ശ്രദ്ധിച്ചിട്ടില്ലെന്ന് പറഞ്ഞാ അതി ഗംഭീരമായിട്ടുള്ള ഒന്നും ഞാൻ ചെയ്തിട്ടില്ല. അതാണതിന്റെ സത്യം.

ഇവിടെയുള്ള വ്യവസ്ഥിതി ശരിയാണോ?
ഇന്നലെ ഇവിടെ റോഡിൽ പിള്ളേരെയൊക്കെ തല്ലിക്കൊണ്ട് പോകുന്നത് കണ്ടു. വെറുതേ കൊറേ പേര് കൊടിയുമായി വന്ന് നാട്ടിലുള്ള പിള്ളേരെ തല്ലി ഓടിക്കുക. എന്താ അവസ്ഥ എന്ന് നോക്കിയേ. ലോകം നിൽക്കുന്നത് തന്നെ പ്രേമത്തിലും പ്രണയത്തിലുമാണ്. അതിനെ തല്ലിപ്പൊളിക്കാൻ പോവുകയെന്ന് പറഞ്ഞാൽ പിന്നെ ലോകം എന്തിനാണ്. പ്രണയമില്ലെങ്കിൽ പിന്നെന്തിനാണ് ലോകം. ഇവിടുത്തെ എല്ലാ പ്രശ്നവും പ്രണയമില്ലാത്തതാണ്. ഡൽഹിയിലെ പെങ്കൊച്ചിന്റേം ഇതു തന്നെയായിരുന്നു പ്രശ്നം. ജിഷയുടെ കേസിലും അതാണ്, ട്രെയിനിൽ നിന്ന് തള്ളിയിട്ടതും അതാണ് ഇപ്പോൾ അടുത്ത സഹോദരിക്കുണ്ടായ ദുരനുഭവവും അതാണ്. പ്രശ്നം അതാണ്. എന്നിട്ടിത് പിന്നേം ചെയ്തോണ്ടിരുന്നാ. എല്ലാവരും ചിന്തിക്കേണ്ടതാണ്. പ്രണയമില്ലെങ്കിൽ പിന്നെന്തിനാണ് ജീവിക്കുന്നത്. എനിക്ക് കണ്ടമാനം പ്രണയമുണ്ടായിരുന്നു. ഇങ്ങനൊന്നുമല്ല. ആരെ വേണേലും പ്രണയിക്കാം. നമുക്ക് വെറുതേ പറയാം. എന്നാൽ നമ്മൾ നിൽക്കുന്നത് അതിന് വേണ്ടിയാല്ലേ. ഇടുന്ന ഷർട്ടും എഴുതുന്ന എഴുത്തുമെല്ലാം അതിനുവേണ്ടിയാണ്.

ഇനി ഒരു വിവാഹമോ. (വിനായകൻ പൊട്ടിച്ചിരിച്ചു) ഇനീം കെട്ടിയാ ഭാര്യ തല്ലും. അവിടുന്ന് എന്നെ വിട്ടത് തന്നെ ആൾക്കാരുമായിട്ടാണ്. ഒരു ഗ്യാംഗ് തന്നെ വന്നിട്ടുണ്ട്. എന്നേക്കാൾ കൂടുതൽ ഭാര്യയാണ് അവരുടെ ആള്.

കമ്മട്ടിപ്പാടത്തായിരുന്നല്ലോ ജീവിതം?
എറണാകുളത്ത് ഏറ്റവും കൂടുതൽ അഴുക്ക് വന്നു കൂടുന്നത് എന്റെ വീട്ടിലാണ്. ഏറ്റവും അവസാനം അഴുക്ക് ഇറങ്ങിപ്പോകുന്നതും എന്റെ വീട്ടിൽ നിന്നാണ്. ആറ് മാസക്കാലത്തോളം എന്റെ വീട്ടിൽ വെള്ളമാണ്. മഴപെയ്താൽ ആറ് മാസം മഴയാണെന്ന് പറയുന്ന അതേ സമയം തന്നെ മറ്റൊരു കാര്യം പറയാം. ഞങ്ങൾക്കന്ന് ഉത്സവമാണ്. ആരും പണിക്ക് പോകാതെ റെയിൽവേ ട്രാക്കിൽ കേറി നിൽക്കുക. അങ്ങോട്ടും ഇങ്ങോട്ടും വായിൽ നോക്കി നിൽക്കുക. അയ്യപ്പന്റെ ചായക്കടയിൽ പോയി ചായകുടിക്കുക. എന്റെ ബന്ധുക്കാരും മൂത്ത ആൾക്കാരും മരിച്ചപ്പൊ ആ റെയിൽവേ ട്രാക്കിലൂടെയാണ് ശവം ചുമന്ന് പുല്ലേപ്പടി ശ്മശാനത്തിലേക്ക് പോയിട്ടുള്ളത്. എന്നെ സംബന്ധിച്ച് എനിക്കൊരു കൂരയുണ്ട്. അതു പോലുമില്ലാത്തവരുണ്ട്. അതുകൊണ്ട് വിഷമമായി പറഞ്ഞതല്ല. ഞാൻ ഇവിടെയെത്തിയതിൽ സന്തോഷിക്കുന്നവനാണ്.

വിനായകന് അവാർഡ് നൽകണമെന്ന് സോഷ്യൽ മീഡിയയിൽ വൻ ബഹളമായിരുന്നല്ലോ?
എനിക്ക് അവാർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ യുവാക്കൾ രംഗത്തുവന്നത് വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാവാം. സിനിമ ഇറങ്ങിയപ്പോൾ മുതൽ അവർ രംഗത്തുണ്ട്. അത് എനിയ്ക്കല്ല, സിനിമയ്ക്ക് വേണ്ടിയുമല്ല. അവാർഡ് എന്നതിനപ്പുറമുള്ള പ്രതിഷേധമായിരുന്നു. അതിന്റെ മുന്നിൽ ഞാനില്ല.
അപ്പോൾ ഗംഗയായി മാറാൻ ഒട്ടും

സമയം വേണ്ടി വന്നില്ല അല്ലേ?
ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ. ഞാൻ കണ്ടിട്ടുള്ള ആത്മഹത്യകൾ. മോശം കാര്യങ്ങൾ... അതൊക്കെ ഞാൻ പഠിച്ച കാര്യങ്ങളാണ്. അതുകൊണ്ട് ഗംഗയായി മാറാനോ ഒരു ബാലൻചേട്ടനെ അറിയാനോ എനിക്കത്ര സമയം വേണ്ടി വന്നില്ല. ഞാൻ കണ്ടിട്ടുണ്ട് അത്തരം കണ്ടമാനം ആളുകളെ. ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന വഴി ഇത്ര ചെറുതാക്കിയത് ആരാണെന്ന് നേരത്തെയും ഞാൻ ചോദിച്ചിട്ടുണ്ട്. അവിടെ പത്തു, പതിനഞ്ച് വീട്ടുകാര് 60 വർഷത്തിലേറെയായി താമസിക്കുന്നവരാണ്. അതുപോലെ കണ്ടമാനം കോളനികൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ആദ്യം ഉണ്ടായിരുന്ന ആളുകളൊക്കെ കോളനിയായി മാറുന്നു. അതാണ് ഞാൻ കണ്ടിരിക്കുന്നത്. രാത്രിയാവുമ്പൊ പൊലീസുകാര് അങ്ങോട്ടാണ് വരുന്നത്. ഞാൻ ചെയ്തതല്ല അത്. ആരാണതിന്റെ ഉത്തരം പറയേണ്ടതെന്ന് അന്നും ചോദിച്ചതാണ്.

ആരുടെ കൂടെ സിനിമ ചെയ്യാനാണ് താത്പര്യം?
എല്ലാവരുടെയും കൂടെ വർക്ക് ചെയ്യാനാണ് ഇഷ്ടം. അതേ സമയം സുഹൃത്തുക്കളോട് നോ പറയാൻ സാധിക്കില്ല. നേരത്തെ പറഞ്ഞതു പോലെ ഇതു പറ്റില്ല. വളർന്നുവന്ന രീതിയുടെതുമൊക്കെയായിരിക്കാം. വീട്ടിൽ നിന്നും അങ്ങനെ പുറത്തിറങ്ങാതായിരിക്കില്ല. വീടിന്റെ അകത്തേക്കു തന്നെയാണ് കൂടുതലും ഇരിക്കുന്നത്. നാളുകൾക്ക് ശേഷം കാണുമ്പോൾ ആളുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ സജീവമാണ്. കച്ചോടവത്തിന്റെ ഭാഗമായിട്ടാണ് കേട്ടോ.

സ്വന്തം ഇമേജ് പൊളിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരാളെ കിട്ടിയാൽ കൂടുതൽ സംസാരിക്കും. അതു സത്യത്തിൽ മോശമാണ്. കൊച്ചിയിലാണ് വളർന്നത്. അന്നും ഇന്നും ഒരേ ഒരാളാണ്. എല്ലാവരും ചെയ്യേണ്ടത്. കണക്ക് കറക്ടാണ്. എന്താണ് പോകേണ്ടത്, അതിലേക്ക് പോയ്‌ക്കൊണ്ടിരിക്കും.

എന്തിനോടാണ് താത്പര്യം?
എനിക്കിഷ്ടം ഡാൻസും പാട്ടുമാണ്. അതുണ്ടെങ്കിൽ ഞാൻ ഹാപ്പി. സിനിമയിൽ കൊറിയോഗ്രാഫി ചെയ്യാൻ താത്പര്യമുണ്ട്. ലഭിക്കുമെങ്കിൽ അതിനിയും ചെയ്യും. അവാർഡ് കിട്ടിയതുകൊണ്ട് ഇതൊന്നും ചെയ്യാൻ പാടില്ലെന്ന ചിന്തയില്ല. ഡാൻസ് ചെയ്യുന്നത് എനിക്കു വേണ്ടി മാത്രമാണ്. അതിൽ നിന്നുള്ള സന്തോഷം എനിക്കേ അറിയൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ