വരളുന്ന കേരളവും പരിഹാരങ്ങളും
March 17, 2017, 10:11 am
വീണാ വിശ്വൻ
കേരളത്തിലെ എല്ലാ ജില്ലകളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. വളരെ കുറഞ്ഞ ശതമാനം മാത്രം മഴ ലഭിച്ചതിനാൽ ഗുരുതരമായ വരൾച്ചയെ തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തൽ. കാലവർഷത്തിൽ 34 ശതമാനവും വടക്കുകിഴക്കൻ കാലവർഷത്തിൽ 69 ശതമാനവും കുറവു വന്നുവെന്നാണ് എന്നാണ് സർക്കാർ പറയുന്നത്. ഒരു കാലത്ത് മഴ സുലഭമായി ലഭിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോഴത് കുറയാനുള്ള കാരണം ചിന്തിക്കേണ്ട കാര്യമാണ്. മഴ കുറയുമ്പോഴും വെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുമ്പോഴുമാണ് മലയാളികൾ വരൾച്ചയെ കുറിച്ച് ചിന്തിക്കുന്നത്. ഇന്നിപ്പോൾ പണം മുടക്കി വെള്ളം വാങ്ങി തൽക്കാലം ആവശ്യങ്ങൾ പരിഹരിച്ച് പോകുന്നവരാണ് ഏറെയും.

എന്നാൽ എത്രനാൾ ഇതേ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും? പരിസ്ഥിതി സംരക്ഷണം വികസനത്തിന്റെ പേരിൽ വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണ് വരും തലമുറയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അനധികൃതമായും വികസനത്തിന്റെ പേരിലും മരം മുറിക്കുന്നതും കുഴൽകിണറുകളും ജലലഭ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്. ഭൂഗർഭ ജലത്തെ അമിതമായി ചൂഷണം ചെയ്യുന്ന കന്പനികളും കുറവല്ല.

കാലവർഷം കഴിഞ്ഞ നൂറുവർഷമായി കുറഞ്ഞുവരികയാണത്രേ. തുലാവർഷം, വേനൽമഴ പോലുള്ളവ കൂടുതലായി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വളരെ താഴ്ന്നനിലയിലുള്ള മേഘങ്ങൾ ഇടനാടൻ മലകളിലും മരങ്ങളിലും തട്ടിതടഞ്ഞാണ് വേനൽമഴ പോലുള്ളവ ലഭിക്കുന്നത്. ഇത്തരം മലകളും മരങ്ങളും നശിപ്പിക്കപ്പെടുന്നത് ഇതിന്റെ ലഭ്യതെയും ബാധിക്കുന്നുണ്ട്. അത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. നദികളിലെ നീരൊഴുക്ക് കുറയുക, കിണറുകൾ വറ്റുക, കാലാവസ്ഥ മാറുന്നത്, മണ്ണിലെ ജലത്തിന്റെ അളവ് കുറയുന്നത്, ചൂട് കൂടുക എന്നിവയും വരൾച്ചയുടെ അടിസ്ഥാനമാണ്. എന്നാൽ മഴ കുറയുന്നത് മാത്രമാണ് നാം വരൾച്ചയ്ക്ക് അടിസ്ഥാനമായി കാണുന്നത്. ഒരു മഴ പെയ്യുമ്പോൾ വരൾച്ചയെ കുറിച്ച് നാം മറക്കും. എന്നാൽ ശരിയായ രീതിയിലുള്ള പ്ലാനിംഗ് ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് വീണ്ടും നമ്മെ വരൾച്ചയിലേക്ക് നയിക്കുന്നത്.

പാറക്കെട്ടുകൾ തകർത്തും കുന്നുകൾ ഇടിച്ചും ജലസ്‌ത്രോതസുകൾ വറ്റിച്ചും അരുവിയും തടാകങ്ങളും നികത്തുന്നതുമാണ് വികസനം എന്നാണ് ഏവരുടെയും ധാരണ. ഇത്‌മൂലം കാടും നശിക്കുകയാണ്. പ്രകൃതിയുടെ നാശമാണ് പല പ്രകൃതിക്ഷോഭങ്ങളുടെയും കാരണം. മനുഷ്യനെ പോലെ മറ്റ് ജീവികൾക്കും ജീവൻ നിലനിർത്താൻ ജലം ആവശ്യമാണെന്ന കാര്യം മറക്കരുത്.

ജലസംരക്ഷണം, ജലവിനിയോഗം എന്നിവയിൽ നാം സ്വീകരിക്കുന്ന അലംഭാവവും അശാസ്‌ത്രീയമായ സമീപനവും ജലക്ഷാമത്തിന് കാരണമാവുന്നു. ഗാർഹിക ആവശ്യത്തിനായി കൂടുതൽ ജലം കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. ജലസേചനത്തിന് ആവശ്യത്തിൽ കവിഞ്ഞും ഉപയോഗിക്കുന്നു. അശാസ്‌ത്രീയമായ രീതിയാണ് ഇതിനായി പിന്തുടരുന്നതെന്ന് തന്നെ പറയാം. വരൾച്ച കൂടുതലും ബാധിക്കുന്നത് കാർഷിക രംഗത്തേയും കുടിവെള്ളത്തെയുമാണ്.

വരൾച്ച പ്രശ്‌നം മഴ സുലഭമായി ലഭിക്കുന്നതോടെ നാം മറക്കും. എന്നാൽ വരും കാലങ്ങളിൽ ഇവ ഉണ്ടാകാതിരിക്കാൻ വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തണം. സർക്കാർ മാത്രമല്ല അതിനായി ജനങ്ങളുടെ സഹകരണവും ആവശ്യമാണ്. നാൽപ്പത്തിനാല് നദികളുള്ള നമ്മുടെ സംസ്ഥാനത്ത്, അവയെ നല്ലരീതിയിൽ പരിപാലിച്ചാൽ തന്നെ ഒരുവിധം പ്രശ്‌നങ്ങൾ പരിഹരിക്കാം. ആദ്യം വേണ്ടത് ഇത്തരം ജലസ്‌ത്രാതസുകളെ മാലിന്യമുക്തമാക്കുകയാണ്. ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തണം, മഴസംഭരണികൾക്ക് കൂടുതൽ പ്രചാരം നൽകണം. തടയണ നിർമിച്ച് നദികളിലെയും മറ്റും സംഭരിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കാം, മാത്രമല്ല ജല അതോറിറ്രി പോലുള്ളവയുടെ മേൽനോട്ടത്തിൽ ഇത്തരത്തിൽ സംഭരിക്കുന്ന ജലം ശുദ്ധീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.