അന്താരാഷ്ട്ര വനദിനം: ഇനി വായുവും വാങ്ങേണ്ടി വരുമോ?​
March 21, 2017, 12:25 am
രഹാന ഹബീബ്
വീണ്ടും ഒരു അന്താരാഷ്ട്ര വനദിനം കൂടി...വനദിനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ വനങ്ങളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് ഉറപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് .എല്ലാ വർഷവും ഏതാണ്ട് 13 മില്യൺ ഹെക്ടറോളം വന നശീകരണം ഉണ്ടാവും എന്നാണ് യുഎൻ കണക്കെടുപ്പിൽ തെളിഞ്ഞത് .കാലാവസ്ഥാ വ്യതിയാനം , ആഗോള താപനം , വനനശീകരണം , ഇതെല്ലാം ഭൂമിയെ ഒന്നിന് പുറകെ ഒന്നായി കാർന്നു തിന്നുന്ന കാൻസർ ആയി മാറുമ്പോൾ പരിഹാരം മനുഷ്യൻ കണ്ടു പിടിച്ചേ മതിയാവൂ ..അതിനു ഏറ്റവും പ്രാധാന്യം വന സംരക്ഷണത്തിന് തന്നെ .കാരണം വനങ്ങളിൽ നിന്ന് വേണം നമുക്കു വായുവും , ജലവും മണ്ണും ഒക്കെ കിട്ടാൻ .ഇതെല്ലാം തിരിച്ചറിഞ്ഞാണ് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി 2012 നവംബർ 28 നു വനങ്ങൾക്കായി ഒരു ദിവസം എന്ന നിയമം പാസ്സാക്കി ഇങ്ങനെ ഒരു ദിവസത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിച്ചത് .അതു പ്രകാരം എല്ലാ വർഷവും മാർച്ച് 21 നു ലോക വനദിനം ആയി ആചരിക്കുന്നു .
ലോകത്തിൽ ഏറ്റവും കൂടുതൽ വന മേഖലയുള്ള ഒരു രാഷ്ട്രമാണ് ഇന്ത്യ.അതിൽ തന്നെ നമ്മുടെ സംസ്ഥാനം മുൻപന്തിയിലുമാണ്. കേരളത്തിനും ഈ മേഖലയിൽ ഒരുപാടു കാര്യങ്ങൾ വീണ്ടും ചെയ്യാനുണ്ട് .പ്രത്യേകിച്ചും കേരളം കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ വരൾച്ച കാലഘട്ടമായ ഈ 2017 ​ൽ .ഏതാണ്ട് പത്തോളം ജില്ലകളിലെ വനമേഖലയിൽ ഇത്തവണ കാട്ടു തീ ഉണ്ടായി .വരൾച്ചയോടൊപ്പം കാട്ടു തീയും ചൂടിന്റെ ആക്കം കൂട്ടുമെന്നും ഉള്ള ജലാശയങ്ങൾ എല്ലാം വറ്റി വരണ്ടു പോകുമെന്നും പ്രത്യേകിച്ച് പറയണ്ട കാര്യമില്ലലോ . പുൽമേടുകളും വരണ്ട കാടുകളും വേനൽക്കാലത്തു കത്തുക പതിവാണ് .അത് പ്രകൃതിയുടെ ഒരു പ്രതിഭാസവുമാണ്, സുനാമിയും കൊടുംകാറ്റും പേമാരിയും ഒക്കെ പോലെ .കാട്ടുമുളകൾ ഉരഞ്ഞോ , ഇടി മിന്നലിലോ ഒക്കെ ഒരു തീപ്പൊരി പാറി വീണാൽ മതി അത് വൻ കാട്ടു തീയായി മാറാൻ ..പുൽമേടുകൾ കത്തിയാൽ മാത്രമേ പുതിയ പുൽനാമ്പുകൾ കിളിർക്കുകയുള്ളു .പക്ഷെ കാട്ടു തീ വൻ മരങ്ങളുള്ള കാടു നശിപ്പിച്ചാൽ അത് വീണ്ടും ഉയിർത്തെഴുന്നേറ്റു വരാൻ വർഷങ്ങൾ എടുക്കും .ദിനം പ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് ഏക്കറോളം വനമേഖല കത്തി നശിച്ചു പോകുന്നത് കണ്ടു നിൽക്കാൻ പറ്റില്ല എന്ന് സാരം .ഇത് മുൻകൂട്ടി മനസിലാക്കിയാണ് നമ്മുടെ വനം വകുപ്പ് എല്ലാ വർഷവും വേനൽക്കാലം തുടങ്ങുമ്പോൾ തന്നെ ഫയർ ലൈൻ എന്ന പ്രതിരോധ മാർഗം സ്വീകരിക്കുന്നത് . ഇത് കാടിന്റെ അതിർത്തിയിൽ ചെയ്യുന്നു..അതു കാരണം കാടിനകത്തേയ്ക് തീ പടരുന്നത് തടയാൻ പറ്റുന്നു .പക്ഷെ വ്യാപകമായി കാട്ടു തീ പടർന്നാൽ അതിനെ പ്രതിരോധിക്കാനുള്ള നമ്മുടെ സംവിധാനങ്ങൾ അപര്യാപ്തമാണ് .മറ്റു രാജ്യങ്ങളിൽ ഹെലികോപ്റ്ററിൽ അഗ്‌നിശമന വാതകങ്ങൾ വർഷിക്കുമ്പോൾ ജീവൻ പണയം വെച്ച് കാട്ടിൽ കയറി പച്ചില തൂപ്പുകൾ കൊണ്ട് കാട്ടു തീ അടിച്ചു കെടുത്തുകയാണ് നിലവിൽ നമ്മൾ ചെയ്യുന്നത് .അതും ഫയർ പ്രൂഫ് ജാക്കറ്റോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ഇൻഷുറൻസോ പോലും ഇല്ലാതെ .
ഈ വർഷം സംസ്ഥാന വനം വകുപ്പിന്റെ ഫയർ മോണിറ്ററിങ് സെൽ കാട്ടു തീ കണ്ടു പിടിക്കാൻ ഉപഗ്രഹങ്ങളുടെ സഹായം സ്വീകരിച്ചു .കൂടാതെ വ്യോമ സേനയുടെ ഹെലികോപ്റ്ററുകൾ ഫയർ ബക്കറ്റുകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുകയും ചെയ്തു .സ്ഥലവാസികളെയും ആദിവാസികളെയും ചേർത്ത് ഒരു ഫയർ ബ്രിഗേഡ് സെല്ലി നു രൂപം കൊടുക്കയും കാട്ടു തീയുടെ മുൻകരുതലുകളെപ്പറ്റിയും പ്രതിരോധങ്ങളെ പറ്റിയും വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് രൂപം കൊടുക്കുന്നത് അടുത്ത വർഷം നമുക്ക് ഇത്രത്തോളം വനനശീകരണം ഇല്ലാതാക്കാൻ ഉപകരിക്കും .
ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും വീണ്ടും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്നത് ഭൂമിയുടെ ശ്വാസ കോശങ്ങളായ വനങ്ങളെ എത്രയും നന്നായി നിലനിർത്താൻ പറ്റുമോ അത്രയും നന്നായി നിലനിർത്തണം എന്ന് തന്നെയാണ് .കഴിയുമെങ്കിൽ തേക്ക് തോട്ടങ്ങളായി മാറിയ നമ്മുടെ സ്വാഭാവിക വനങ്ങളെ പുനഃരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് കുറെ കാര്യങ്ങൾ പ്രകൃതിയ്ക്ക് വേണ്ടി ചെയ്തു എന്ന് സമാധാനിക്കാം.കാടിനുള്ളിൽ നീരുറവകളുടെ ഒഴുക്ക് തടയാതെ തടയണകൾ സൃഷ്ടിച്ചു ജലാംശം കൂട്ടി കാട് വരണ്ടുങ്ങാതെ നോക്കുകയും വേണം .മരങ്ങൾ നിറഞ്ഞാൽ ഭൂഗർഭ ജല നിരപ്പുയരും .ഭൂമിയുടെ അന്തരീക്ഷോഷ്മാവ് കുറയുകയും ചെയ്യും .പക്ഷെ അതിനു നമ്മൾ കാടുകൾ പുനഃസൃഷ്ടിച്ചേ മതിയാവൂ .വെളളം നമ്മൾ വില കൊടുത്തു വാങ്ങാൻ തുടങ്ങി .ഇനി വായുവും കൂടി അങ്ങനെ വാങ്ങേണ്ടി വരുമോ....ചിന്തിക്കേണ്ട കാര്യമാണ് ...പ്രവർത്തിക്കേണ്ട കാര്യമാണ് ..ഇന്ന് മുതൽ തന്നെ .

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ