Sunday, 28 May 2017 6.28 AM IST
സ്ത്രീപക്ഷത്ത് നിന്ന് സൈറാബാനു
March 17, 2017, 3:55 pm
ആർ.സുമേഷ്
നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് c/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല (എന്റെ സൂര്യപുത്രി ഫെയിം)​ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പൂർണമായും സ്ത്രീ കേന്ദ്രീകൃതമാണ്. രണ്ട് അമ്മമാർ തങ്ങളുടെ മക്കളെ എങ്ങനെ സ്നേഹിക്കുന്നു എന്നതിനെ വൈകാരികതയും അതേസമയം കുറച്ച് അതിഭാവുകത്വവും നിറച്ച് അവതരിപ്പിക്കാനാണ് ഈ സിനിമയിലൂടെ സംവിധായകന്റെ ശ്രമം.

എറണാകുളമാണ് സിനിമയുടെ പശ്ചാത്തലം. പോസ്റ്റ്ഓഫീസിൽ ജോലി ചെയ്യുന്ന സൈറാബാനുവിന് ഒരു മകനുണ്ട്,​ അല്ല വളർത്തുമകൻ,​ ജോഷ്വ പീറ്റർ ജോർജ്. ലാ കോളേജ് വിദ്യാർത്ഥിയായ ജോഷ്വയ്ക്ക് ഫോട്ടോഗ്രാഫിയിലാണ് കന്പം. ഒരു പ്രമുഖ പത്രത്തിലെ ഫോട്ടോഗ്രാഫറായിരുന്ന പീറ്റർ ജോർജിന്റെ മകനാണ് ജോഷ്വ. ഒരിക്കൽ ഫോട്ടോയെടുക്കാൻ കാടുകയറിയ പീറ്റർ പിന്നെ മടങ്ങിവന്നില്ല. അങ്ങനെ ജോഷ്വ സൈറയുടെ സംരക്ഷണയിൽ വളരുന്നു. ഒരു ദിവസം ജോഷ്വ ഓടിച്ച ബൈക്കിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരണപ്പെടുന്നു. ഈ കേസിൽ നിന്ന് മകനെ രക്ഷിക്കാൻ സാധാരണക്കാരിയായ സൈറാബാനു നടത്തുന്ന നിയമപോരാട്ടമാണ് സിനിമയുടെ ആകെത്തുക.

സൈറാബാനു എന്ന മഞ്ജുവാര്യർ
തിരിച്ചു ‌വരവിന് ശേഷം മഞ്ജു വാര്യർക്ക് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് സൈറാ ബാനു എന്ന കഥാപാത്രം. ഈ കഥാപാത്രത്തോട് നീതിപുലർത്തുന്ന പ്രകടനമാണ് മഞ്ജുവിന്റേത്. എന്നാൽ,​ ചിലയിടങ്ങളിൽ കോമഡി അവതരിപ്പിക്കാനുള്ള മഞ്ജുവിന്റെ ശ്രമങ്ങൾ പാളിപ്പോകുന്നത് സിനിമയിലെ കല്ലുകടിയാവുന്നുണ്ട്.

25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെത്തിയ അമല അഡ്വക്കേറ്റ് ആനിജോൺ തറവാടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിരിച്ചുവരവ് അത്ര മികച്ചതൊന്നുമല്ലെങ്കിലും സിനിമയുടെ ഗതി നിർണയിക്കുന്നതിൽ അമലയ്ക്കും സുപ്രധാന പങ്കുണ്ട്.

കിസ്‌മത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷെയിൻ നിഗം ലാ അക്കാഡമി വിദ്യാർത്ഥിയുടെ വേഷത്തിൽ അത്ര മികച്ച പ്രകടനമൊന്നും കാഴ്‌ചവയ്ക്കുന്നില്ല. മഞ്ജുവിന്റെ കഥാപാത്രത്തിന്റെ നിഴലായി മാത്രം ഷെയിൻ ഒതുങ്ങിപ്പോവുന്നു. ജോഷ്വയുടെ ജോഡിയായെത്തുന്ന അരുന്ധതി (നിരഞ്ജന അനൂപ്)​ക്ക് കാര്യമായൊന്നും ചെയ്യാനില്ല.

റേഡിയോ ജോക്കിയായ പ്രശാന്ത് മേനോൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയൊരുക്കാനാണ് സംവിധായകന്റെ ശ്രമമെന്നതിനാൽ തന്നെ വൈകാരികതയെ തിരക്കഥാകൃത്ത് കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ സിനിമ വേഗം കുറഞ്ഞാണ് സഞ്ചരിക്കുന്നത്. നാടകീയതയും വൈകാരികതയും പലപ്പോഴും പ്രേക്ഷകന്റെ ആസ്വാദനശേഷിക്ക് വിലങ്ങുതടിയാവുന്നുണ്ട്. ഫാസിസത്തിനെതിരെ ചുംബനസമരം നടത്തി പ്രതിഷേധിച്ചവരുടെ 'പ്രേത'ങ്ങളെ, ഇവിടേയും കാണാം. അന്യംസ്ഥാന തൊഴിലാളികളുടെ വരവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നുവേണ്ട നിരവധി പ്രശ്നങ്ങൾ സിനിമയിൽ വന്നു പോകുന്നുണ്ട്. രണ്ടാം പകുതിയിൽ കോടതിയിൽ മാത്രമായി കേന്ദ്രീകരിക്കുന്ന സിനിമ,​ വ്യവസ്ഥിതികളോടുള്ള സാധാരണക്കാരന്റെ രോഷവും പ്രകടമാക്കുന്നു. അതേസമയം,​ നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങൾ പ്രേക്ഷകന് മുന്നിലിട്ടാണ് സിനിമ അവസാനിക്കുന്നത്. പൊലീസുകാരും ഉന്നതരും തമ്മിലുള്ള കൂട്ടുകെട്ട് ,​ വലിയവരുടെ മക്കളെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയ പതിവ് ചേരുവകൾ എല്ലാം ഈ സിനിമയിലും കാണാം.

ജോയ് മാത്യു, ഗണേശ് കുമാർ, സുജിത്ത് ശങ്കർ, ജോൺ പോൾ, ജഗദീഷ്, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുനിൽ സുഖദ‌,​ ബിജു സോപാനം തുടങ്ങിയരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

ഗാനങ്ങൾ അത്ര മികച്ച അനുഭവമൊന്നും പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. പശ്ചാത്തല സംഗീതവും ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്.

റേറ്റിംഗ് :
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ