Tuesday, 27 June 2017 4.02 PM IST
കഥകളുടെ ചിരിയലമാര !
March 17, 2017, 4:23 pm
പി. സനിൽകുമാർ
ആദ്യമായിട്ടാകണം ഒരു അലമാര മലയാള സിനിമയുടെ ആദിമദ്യാന്തം നായകനാകുന്നത്. ആദ്യഷോട്ട് മുതൽ കഥയുടെ വഴിത്തിരിവുകളിലെല്ലാം നിവർന്നുനിൽക്കുന്ന മരയലമാര. ചിരിയൊളിപ്പിച്ച ഈ അലമാര, പക്ഷേ രണ്ട് കുടുംബങ്ങളുടെ കലഹത്തിലേക്കും കണ്ണീരിലേക്കുമാണ് വാതിൽ തുറക്കുന്നത്. കേട്ട് പതംവന്ന കുടുംബകഥയെ ചിരിയുടെ ചിന്തേരിട്ട് പുതിയ അലമാരയിൽ നിറച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

കട്ടപ്പാര, അലമാര
അലമാരകൾ പലതുണ്ട്. മരം തൊട്ട് ഉരുക്ക് വരെ വിവിധ തരത്തിൽ. ഈട്ടി കൊണ്ടുള്ള വലിയ അലമാരയാണ് ഇവിടത്തെ കഥാപാത്രം. ഒരിക്കൽ പ്രൗഢമായി വാണിരുന്നെങ്കിലും ഇപ്പോൾ അനാഥമായ അലമാരയുടെ കഥ അലമാര തന്നെ പറയുകയാണ്. അതിനിടയിൽ മനുഷ്യരുടെ ഈഗോയുടെ വിളയാട്ടങ്ങളും കാണാം. നടൻ സലീംകുമാറിന്റെ ശബ്ദത്തിൽ അലമാര സംസാരിക്കുമ്പോൾ വല്ലാത്തൊരു ജീവനുണ്ട്.

നവദമ്പതിമാരുടെ പുതുജീവിതത്തിലേക്ക് വിരുന്നുവന്നതാണ് അലമാര. പക്ഷേ വലിയൊരു കുടുംബപ്പാര ആകാനായിരുന്നു വിധി. സംവിധായകന്റെ അഭിപ്രായത്തിൽ അലമാര ഒരു ഫാമിലി-കോമഡി ചിത്രമാണ്. കല്യാണം കഴിച്ചവർക്ക് പെട്ടെന്ന് പിടികിട്ടും. കല്യാണം കഴിക്കാൻ പോകുന്നവർക്ക് നല്ലൊരു പാഠവുമായിരിക്കും. പുതുമോടിയിലുള്ള ചെറുപ്പക്കാർ ഉൾപ്പെടുന്ന കുടുംബ പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യം വയ്ക്കുന്നത്. നല്ലൊരു കഥയും മികച്ച അഭിനേതാക്കളും ഉണ്ടെങ്കിലും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്താനുള്ള വിദ്യകളില്ലാത്തതാണ് പോരായ്മ. ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളെപ്പോലെ ചെറിയ പ്ളോട്ടിലാണ് മിഥുൻ അലമാരയും ഒരുക്കിയിട്ടുള്ളത്. നിർദോഷ ഫലിതരൂപത്തിൽ നായകന്റെ 'സംഘിമാമനെ' അതിവിദഗ്ദ്ധമായി അവതരിപ്പിക്കുന്ന അലമാരയെ സൂക്ഷിക്കേണ്ടതുമാണ്. ചിന്താഭാരമില്ലാതെ, ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രമാക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

എന്താണ് അലമാരയിൽ?
പുതുതലമുറയുടെ കുടുംബത്തിലേക്കാണ് മിഥുൻ കാമറ വച്ചിരിക്കുന്നത്. സോഷ്യൽമീഡിയഡിജിറ്റൽ സാദ്ധ്യതകളുടെ ഉത്തരവാദിത്വമില്ലാത്ത ഉപയോഗത്തിൽ താളംതെറ്റുന്ന ജീവിതങ്ങളെ സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട്. ഇതിൽ പക്ഷേ അലമാരയാണ് വില്ലനാകുന്നത്. 47-ാമത് കണ്ട പെണ്ണും വിവാഹത്തിന്റെയന്ന് ഒളിച്ചോടുന്നതോടെ കല്ല്യാണം മുടങ്ങിയ നിരാശയിലാണ് അരുൺ. വീണ്ടും പെണ്ണുകാണലിന് നിൽക്കാതെ കൂട്ടുകാരുടെയും മാമന്റെയും കൂടെ ബാംഗ്ളൂരിലെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നു. അവിടെ കൂട്ടുകാർ ചേർന്ന് വാങ്ങിയ
സ്ഥലത്തെ മരവീട്ടിൽ മദ്യപാനാഘോഷം. ഇതിനിടെ, മറ്റൊരു കൂട്ടുകാരൻ കണ്ടപ്പോൾ വേണ്ടെന്നുവച്ച പെണ്ണിനോട് നായകന് പ്രേമം തോന്നുന്നു. അവൾ ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ളൂരെത്തുന്നു. വീട്ടുകാരുടെ എതിർപ്പുകളെ തണുപ്പിച്ച് വിവാഹം. പിറ്റേന്നത്തെ വിരുന്നിൽ പെണ്ണുവീട്ടുകാർ സമ്മാനിക്കുന്ന വലിയ വിലയുള്ള തടിയലമാര ഇരുവീട്ടുകാരുടെയും സംസാര വിഷയമാകുന്നു. ബാംഗ്ളൂരിലെ ഫ്ളാറ്റിൽ അരുണിന്റെയും സ്വാതിയുടെയും പിണക്കങ്ങൾക്കും നാട്ടിലെ അലമാരയാണ് കാരണം. ചെറുതിൽ നിന്ന് വലുതായി പ്രശ്നങ്ങൾ കയ്യിൽ നിൽക്കാതാകുന്നു. ഇതിനിടയിലേക്ക് ഭൂമാഫിയയും ഗുണ്ടകളും കേസും കോടതിയും വ്യക്തികളുടെ ഈഗോകളും കടന്നുവരുന്നു. ചിരിയുടെ കുഞ്ഞോളങ്ങളുമായി കൂട്ടുകാരുള്ളതാണ് അരുണിനും പ്രേക്ഷകർക്കും ആശ്വാസമാകുന്നത്.

അലമാര പണിതവർ
നായകൻ അരുണിന്റെ വേഷത്തിൽ സണ്ണിവെയ്നും നായിക സ്വാതിയായി അതിഥി രവിയും എത്തുന്നു. അരുണിന്റെ മാതാപിതാക്കളായി സീമാ.ജി.നായരും രഞ്ജി പണിക്കരും മികച്ച പ്രകടനാണ്. മാമനായി കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ കസറി. കയ്യടിക്കെടാ എന്നെല്ലാം മാമൻ പറയുന്നുമുണ്ട്. കൂട്ടുകാരുടെ റോളിൽ അജു വർഗീസ്,​ സൈജു കുറുപ്പ്,​ സുധി കൊപ എന്നിവരും കൊള്ളാം. മാഫിയാത്തലവൻ ഷെട്ടിയായി ഇന്ദ്രൻസിന്റെ മികച്ച അപ്പിയറൻസ് കാണാം. മഹേഷ് ഗോപാലിന്റെ കഥയിൽ ജോൺ മന്ത്രിക്കൽ ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്നു. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. പാട്ടുകളിൽ സതീഷ് കുറുപ്പിന്റെ കാമറാച്ചന്തമുണ്ട്.

ഫൈനൽകട്ട്: അലമാരയാണ്,​ (ജീവിത) തടി കേടാക്കരുത് !
റാങ്കിംഗ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ