Thursday, 30 March 2017 4.24 AM IST
കുണ്ടറ പീഡനം: പ്രതി അപ്പൂപ്പൻ, അറസ്‌റ്റ് രേഖപ്പെടുത്തി
March 19, 2017, 4:10 pm
കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ പീഡനത്തിനിരയായ പത്ത് വയസുകാരി അനില മരിച്ച സംഭവത്തിൽ കുട്ടിയുടെ അപ്പൂപ്പൻ വിക്ടറി(62)നെ പൊലീസ് അറസ്‌റ്റു ചെയ്തു. പ്രമുഖ ക്രിമിനൽ വക്കീലിന്റെ ഗുമസ്തനായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്നയാളാണ് വിക്ടർ. വിക്ടറിനെയും കുട്ടിയുടെ അമ്മ ഷീജയേയും നുണപരിശോധനയ്ക്ക് വിധേയനാക്കാനിരിക്കെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അനിലയുടെ മുത്തശ്ശിയുടേയും സഹോദരിയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്.വിക്ടടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് വെളിപ്പെടുത്തി.

ആദ്യം മുതൽ തന്നെ വിക്ടർ സംശയമുനയിലായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, മുത്തശിയും അനിലയുടെ സഹോദരിയും നൽകിയ മൊഴി വിക്ടറാണ് പ്രതിയെന്ന സംശയം ഉറപ്പിക്കാൻ പൊലീസിന് സഹായകമായി.

കുണ്ടറ സ്വദേശി ജോസിന്റെയും ഷീജയുടെയും മകൾ അനിലയെ (10) ജനുവരി 15നാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ