Wednesday, 26 April 2017 3.30 PM IST
വിജയം റാഞ്ചാൻ ഇന്ത്യ
March 19, 2017, 5:10 pm
റാ‌ഞ്ചി: ഇന്ത്യ- ആസ്ട്രേലിയ ക്രിക്കറ്റ് പരന്പരയിലെ മൂന്നാം ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ആസ്ട്രേലിയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 451ന് മറുപടിയായി നാലാം ദിനം ഇന്ത്യ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 603 റൺസെടുത്ത് ഡിക്ളയർ ചെയ്തു. ഇന്ത്യയ്ക്ക് 152 റൺസിന്റെ ലീഡാണ് ഇപ്പോഴുള്ളത്. രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ നാലാം ദിനം കളി അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ വിജയം എട്ടു വിക്കറ്റ് അകലെ മാത്രമാണ്. ഡേവിഡ് വാർണർ (14)​,​ നഥാൻ ലിയോൺ (2)​ എന്നിവരുടെ വിക്കറ്റാണ് ആസ്ട്രേലിയയ്ക്ക് നഷ്ടമായത്. രണ്ടു പേരെയും രവീന്ദ്ര ജഡേജ ബൗൾഡാക്കുകയായിരുന്നു. ഏഴു റൺസുമായി റെൻഷായാണ് ക്രീസിൽ. അവസാന ദിനം പിച്ച് ബൗളർമാരെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

നേരത്തെ,​ ചേതേശ്വർ പുജാരയുടെ ഇരട്ട സെഞ്ച്വറിയും സെ‌ഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹയുടെ പ്രകടനവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 525 പന്തിൽ 21 ബൗണ്ടറിയുടെ അകന്പടിയോടെയാണ് പുജാര 202 റൺസ് നേടിയത്. പുജാരയുടെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ പുജാര പുറത്താവുകയും ചെയ്തു. പൂജാരയുടേത് അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിംഗ്സുകളിലൊന്നാണ്. ഒരിന്നിങ്‌സിൽ ആദ്യമായി 500 പന്ത് നേരിടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും പൂജാര സ്വന്തമാക്കി. 495 പന്തിൽ 270 റൺസെടുത്ത മുൻ ക്യാപ്ടൻ രാഹുൽ ദ്രാവിഡിന്റെ റെക്കാഡാണ് പുജാര മറികടന്നത്. 2004 ഏപ്രിലിൽ പാകിസ്ഥാനെതിരെയായിരുന്നു രാഹുൽ ദ്രാവിഡിന്റെ നേട്ടം. വെസ്‌റ്റ് ഇൻഡീസിനെതിരെ 491 പന്തിൽ 201 റൺസെടുത്ത നവ്ജ്യോത് സിംഗ് സിദ്ദു, ആസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ 477 പന്തിൽ 206 റൺസെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തിൽ 172 റൺസെടുത്ത സുനിൽ ഗാവസ്‌കർ തുടങ്ങിയവരെയെല്ലാം പുജാര പിന്തള്ളി. 232 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്‌സറും പായിച്ചാണ് വൃദ്ധിമാൻ സാഹ സെ‌ഞ്ച്വറി നേടിയത്. ഇരുവരും പുറത്തായശേഷം ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രവീന്ദ്ര ജഡേജയാണ് (55 പന്തിൽ പുറത്താകാതെ 54) ഇന്ത്യയുടെ സ്‌കോർ 600 കടത്തിയത്.

ആറിന് 360 എന്ന നിലയിലായിരുന്നു ഇന്ത്യ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. വളരെ കരുതലോടെയായിരുന്നു ബാറ്റ്സ്‌മാന്മാർ ബാറ്റ് വീശിയത്. മോശം പന്തുകൾ മാത്രം തിരഞ്ഞെടുത്ത് ശിക്ഷിച്ച് പുജാരയും സാഹയും ഇന്നിംഗ്സ് മുന്നോട്ട് നീക്കി. ഏഴാാം വിക്കറ്റിൽ ഇരുവരും ചേർന്ന് 199 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഒന്പതാം വിക്കറ്റിൽ ഉമേഷ് യാദവും ജഡേജയും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ