ഇനി പറക്കാം, ഹാ‌ർലിയുടെ സ്‌ട്രീറ്ര് റോഡിൽ
March 20, 2017, 6:02 am
ANILKUMAR SHARMA
മുൻഗാമിയായ സ്‌ട്രീറ്ര് 750യേക്കാൾ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളുമായി ഹാർലി ഡേവിഡ്‌സൺ അണിയിച്ചൊരുക്കിയ പുത്തൻ ക്രൂസർ ബൈക്കാണ് സ്‌ട്രീറ്ര് റോഡ് 750. സ്‌ട്രീറ്ര് 750യുടെ അടിത്തറയിൽ തന്നെയാണ് ഈ പുതു താരത്തിന്റെയും നിർമ്മാണം. എന്നാൽ, എൻജിൻ കരുത്തിൽ പതിനൊന്ന് ശതമാനവും ടോർക്കിൽ അഞ്ച് ശതമാനവും വർദ്ധന വരുത്തിയിട്ടുണ്ട്. 5.86 ലക്ഷം രൂപയാണ് ന്യൂഡൽഹി എക്‌സ്‌ഷോറൂം വില. മുൻഗാമിയേക്കാൾ 80,000 രൂപ അധികമാണിത്.
യുവത്വം നിറയുന്ന, ചുറുചുറുക്കുള്ള രൂപകല്‌പനയാണ് സ്‌ട്രീറ്ര് റോഡ് 750ക്ക് ഹാർലി ചാർത്തിയിരിക്കുന്നത്. വിവിഡ് ബ്ളാക്ക്, ചാർകോൾ ഡെനിം, ഒലീവ് ഗോൾഡ് നിറഭേദങ്ങളിൽ ലഭിക്കുന്ന ഈ ക്രൂസർ യുവാക്കളെയാണ് പ്രധാനമായും ഉന്നമിടുന്നത്. സ്‌പോർട്ടീ ലുക്ക് ലഭിക്കാൻ വീതിയേറിയ ഹാൻഡിൽ ബാറാണ് നൽകിയിരിക്കുന്നത്. അതിന്റെ ഇരു അറ്റങ്ങളിലുമായി റിയർവ്യൂ മിറർ സ്ഥാനം പിടിച്ചിരിക്കുന്നതാകട്ടെ ഏറെ വ്യത്യസ്‌തമായും. 765 എം.എം ആയി ഉയർത്തി സീറ്റുകൾ സ‌ജ്ജീകരിച്ചിരിക്കുന്നു. ഇതാകട്ടെ റൈഡിംഗ് പൊസിഷൻ നല്ല സുഖകരമാക്കുന്നു.
749 സി.സി ലിക്വിഡ് കൂളായ, സിംഗിൾ ഒ.എച്ച്.സി., 8 - വാൽവ്, വി - ട്വിൻ ഹൈ ഔട്ട്‌പുട്ട് റെവൊല്യൂഷൻ എക്‌സ് എൻജിനാണുള്ളത്. ഗിയറുകൾ ആറ്. 238 കിലോഗ്രാം ഭാരമുണ്ട് ബൈക്കിന്. മുൻഗാമിയേക്കാൾ കഷ്‌ടിച്ച് അഞ്ച് കിലോ കൂടുതൽ. റൈഡിംഗ് സുഖകരവും ആസ്വാദ്യകരവുമാക്കാനായി യു.എസ്.ഡി ടെലസ്‌കോപ്പിക് ഫോർക്, പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകൾ കാണാം. ഗ്രൗണ്ട് ക്ളിയറൻസ് 205 എം.എം. പുതിയ ഡിസൈനിൽ തീർത്ത 17 - ഇഞ്ച് അലോയ് വീലുകളും മുൻ ടയറിലെ 300 എം.എം ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും ആകർഷകമാണ്. സ്‌റ്രാൻഡേർഡ് മോഡലിൽ തന്നെ എ.ബി.എസുണ്ട്. 13.1 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.
ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷകളോടെ അവതരിപ്പിക്കുന്ന മോഡലാണ് സ്‌ട്രീറ്ര് റോഡ് 750. ഹാർലിയുടെ ഇന്ത്യയിലെ മൊത്തം വില്‌പനയിൽ പകുതിയിലേറെ പങ്കുവഹിക്കുന്ന ശ്രേണിയിലേക്കാണ് ഈ പുതുതാരം എത്തുന്നത്. മികച്ച വില്‌പന നേട്ടം കൊയ്യുന്ന സ്‌ട്രീറ്ര് 750യേക്കാൾ വലിയ വില വ്യത്യാസമില്ലെന്ന മികവും സ്‌ട്രീറ്ര് റോഡ് 750ക്കുണ്ട്. ട്രയംഫ് ബോൺവീൽ, യമഹ എസ്.ആർ 400, ഹ്യോസംഗ് എസ്.ടി 7, ഹ്യോസംഗ് അക്വില പ്രൊ 650 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ