കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും നിയമവും
March 20, 2017, 9:10 am
അഡ്വ. എൻ.എസ്. ലാൽ
ഇതായിരിക്കാം ഒരു പക്ഷേ കലികാലം. ദുഷ്ടത വർദ്ധിക്കുന്നു. സത്യവും ധർമ്മവും അസ്തമിച്ചുകൊണ്ടിരിക്കുന്നു. അനീതി വിളയാടുന്നു. അടുത്തകാലത്തായി നമ്മുടെ കൊച്ചുകേരളത്തിൽ വിളയാടുന്ന ചില പീഡനങ്ങളെപ്പറ്റിയുള്ള വാർത്തകൾ നമ്മുടെഹൃദയവും സ്തംഭിക്കത്തക്കവയാണ്. പ്രായഭേദമന്യേ സാധുസ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കാലപുരിക്ക് അയയ്ക്കുന്ന സംഭവങ്ങൾ എത്രയെത്ര. കുരുന്നുകുട്ടികൾ മുതൽ വയോധികയെ വരെ ലൈംഗിക പീഡന ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭീകരമായ അവസ്ഥ. ഏതൊരു അതിക്രമത്തിന്റെയും, പീഡനത്തിന്റെയും, ഭീകരതയുടെയും കാരണം പ്രധാനമായും ഭയമില്ലായ്മയാണ്. പാലുകുടി മാറാത്ത പിഞ്ചുകുഞ്ഞിനെപ്പോലും ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വാർത്തകൾ മാദ്ധ്യമങ്ങളിൽ നിരന്തരം വരുന്നുണ്ട്. ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കുട്ടികളുടെ മേൽപറഞ്ഞ അനീതികളും അധർമ്മങ്ങളും, പീഡനങ്ങളും നിയന്ത്രിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനും നമ്മുടെ നാട്ടിൽ വേണ്ടുവോളം നിയമങ്ങൾ നിലവിലുണ്ട്. പക്ഷേ വിവിധ താത്പര്യങ്ങളാലും, നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന നിയമ സൈദ്ധാന്തിക സങ്കല്പത്താലും ഇന്ന് പീഡനങ്ങൾ നിർബാധം തുടരുന്നു.
ലൈംഗിക ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു വിപുലമായ നിയമം 2012ൽ കേന്ദ്ര സർക്കാർ പാസാക്കിയിട്ടുണ്ട്. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012 ഐക്യരാഷ്ട്ര സഭയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയും അവരുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുമാണ് മേൽ നിയമം കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, വേശ്യാവൃത്തിയിലേക്കോ നിയമവിരുദ്ധ ലൈംഗികപ്രവർത്തനങ്ങൾക്ക് വേണ്ടിയോ കുട്ടികളെ ചൂഷണം ചെയ്യുക, അശ്‌ളീല വസ്തുക്കൾ നിർമ്മിക്കുന്നതിനുവേണ്ടി കുട്ടികളെചൂഷണം ചെയ്യുക തുടങ്ങിയവ തടയുന്നതിനും അങ്ങനെ ചൂഷണം ചെയ്യുന്നവരെ ഉചിതമായ ശിക്ഷാനടപടികൾക്ക് വിധേയരാക്കുവാനുമുള്ളതാണ് മേല്പറഞ്ഞ നിയമം.

ലൈംഗികാതിക്രമണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ താഴെ പറയും പ്രകാരം വിഭജിച്ചിട്ടുണ്ട്.

*ആക്രമണത്തോടെയുള്ള ലൈംഗിക പീഡനം
‌*ലൈംഗിക കൈയേറ്റം
*ഗുരുതരമായ ആക്രമണത്തോടെയുള്ള ലൈംഗിക പീഡനം
*ഗുരുതരമായ ലൈംഗിക കൈയേറ്റം
*ലൈംഗികമായി ശല്യം ചെയ്യൽ
*അശ്‌ളീല കാര്യങ്ങൾക്കായി കുട്ടിയെ ഉപയോഗപ്പെടുത്തൽ

നിയമത്തിൽ മേൽ പറഞ്ഞ കുറ്റകൃത്യങ്ങളെ കൃത്യമായി നിർവചിച്ചിട്ടുണ്ട്, വിവിധ ലൈംഗികാവശ്യങ്ങൾക്കും ലൈംഗിക വൈകൃതങ്ങൾക്കും, പ്രകൃതിവിരുദ്ധ നടപടികൾക്കും ഒരു വ്യക്തി കുട്ടിയെ ആക്രമിച്ച് വിധേയരാക്കുന്നത് ആക്രമണത്തോടെയുളള ലൈംഗിക പീഡനമെന്ന് വിശാലാർത്ഥത്തിൽ പറയാവുന്നതാണ്. ലൈംഗികാക്രമണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ നിയമവ്യവസ്ഥയിൽ, ആരാണോ മറ്റൊരാൾക്കെതിരെ കുറ്റം ആരോപിക്കുന്നത്, അതു തെളിയിക്കാൻ കുറ്റം ആരോപിക്കുന്നയാൾ ബാദ്ധ്യസ്ഥനാണ്. എന്നാൽ, കുട്ടികളെ സംബന്ധിച്ച് ഈ നിയമത്തിൽ, കുട്ടികൾക്കെതിരെ കുറ്റങ്ങൾ ഒരാൾ ചെയ്തുവെന്നോ, അതിന് പ്രേരിപ്പിച്ചുവെന്നോ തുടങ്ങിയതാണ് ആരോപണമെങ്കിൽ, ആരോപണ വിധേയനായ ആൾ അത് മറിച്ച് തെളിയിക്കുന്നതുവരെ അയാൾ കുറ്റം ചെയ്തവനാണെന്ന് കോടതി അനുമാനിക്കുന്നു. അതായത് കുറ്റാരോപിതനായ വ്യക്തിയാണ് അയാൾ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കേണ്ടത്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ കാലതാമസം കൂടാതെ വിചാരണ ചെയ്തു തീർപ്പാക്കുവാൻ പ്രത്യേക കോടതികൾ നിലവിലുണ്ട്. കുട്ടികൾക്കെതിരെ പീഡനം നടന്നുവെന്നോ, അല്ലെങ്കിൽ നടക്കുവാൻ സാദ്ധ്യതയുണ്ടെന്നോ മനസിലാക്കി വ്യക്തി, പ്രസ്തുത വിവരം അടുത്ത ലോക്കൽ പൊലീസിനെയോ, സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനെയോ അറിയിക്കേണ്ടതാണ്.

ഹോട്ടലുകൾ, ലോഡ്ജുകൾ, ആശുപത്രികൾ, ക്ലബുകൾ, സ്റ്റുഡിയോകൾ മുതലായവയിലെ ജീവനക്കാർ, കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതിനുവേണ്ടിയുള്ള ഏതെങ്കിലും സാധ്യതകൾ അവരുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, പ്രസ്തുത വിവരം ലോക്കൽ പൊലീസിനോ, ജുവനൈൽ പൊലീസ് യൂണിറ്റിനെയോ നൽകേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉടൻതന്നെ പൊലീസ് രേഖപ്പെടുത്തേണ്ടതാണ്. മേൽപറഞ്ഞ അവസരങ്ങളിൽ പ്രസ്തുത വിവരം പൊലീസിനെ അറിയിക്കാതിരിക്കുകയോ, പൊലീസ് ആ വിവരം റെക്കാഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ അത്തരം വീഴ്ചകൾക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ