Thursday, 30 March 2017 4.26 AM IST
തേനിയിലെ കണികാപരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
March 21, 2017, 12:10 am
ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാപരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി പാരിസ്ഥിതികാനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജൻസിയാണ് വെസ്റ്റ്ബോഡി ഹിൽസിൽ പഠനം നടത്തി റിപ്പോർട്ട് നൽകിയതെന്നും കാണിച്ച് ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ചെന്നൈ ബെഞ്ചിന്റെ വിധി. പ്രപഞ്ചോത്പത്തി ഉൾപ്പെടെയുള്ള നിരവധി രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് ശാസ്ത്രലോകം കരുതുന്ന ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭകേന്ദ്രത്തിലാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്.
2010-ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി കൊടുത്തത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞർക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കർ ഭൂമി തമിഴ്നാട് സർക്കാർ കൈമാറി. പാറ തുരന്ന് രണ്ട് കി.മീ നീളത്തിൽ തീർക്കുന്ന തുരങ്കത്തിലാകും നിലയം സ്ഥാപിക്കുക. 50,000 ടൺ ഭാരമുള്ള കാന്തിക ഡിറ്റക്ടർ ഉപയോഗിച്ചാണ് കണികാഗവേഷണം നടത്തുക. മധുരയിലെ പരീക്ഷണശാലയിലാണ് ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങൾ അന്തിമമായി കൂട്ടിയോജിപ്പിക്കേണ്ടത്. കണികാ പരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്.

 1500
5 വർഷം കൊണ്ട് പൂർത്തിയാവുമെന്ന് കരുതുന്ന കണികാഗവേഷണശാലയുടെ മൊത്തം ചെലവ് 1,500 കോടി രൂപ. ആണവോർജവകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പുമാണ് സാമ്പത്തികസഹായം ലഭ്യമാക്കുന്നത്.

 100
രാജ്യത്തെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 100 ശാസ്ത്രജ്ഞർ പദ്ധതിയുമായി സഹകരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ