Monday, 29 May 2017 9.35 AM IST
'അടുത്ത സിനിമയുമായി ‌ഞാൻ വരും'
March 16, 2017, 12:00 am
ആശാമോഹൻ
തന്റെ ആദ്യ ചിത്രത്തിന്റെ അപാകതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരോട് വിധു വിൻസെന്റിന് പറയാൻ ഒന്നേയുള്ളൂ 'എന്റെ സിനിമ ഇങ്ങനെയാണ്..'- ആരുടെ മുന്നിലും വിധു അതു പറയും. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലിരുന്ന് മികച്ച സംവിധായിക എന്ന ബഹുമതി നേടിക്കൊടുത്ത സിനിമയെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പറയുമ്പോൾ അതിലെല്ലാം അളന്നുകുറിച്ച വ്യക്തതയും കൃത്യതയുമുണ്ട്. വിമർശനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ആളാണ് ഞാൻ. വിമർശനങ്ങളാണ് നമ്മളിലെ മികച്ചതിനെ പുറത്തെടുക്കുന്നത്. നമുക്ക് സമൂഹത്തോട് എന്താണോ പറയാനുള്ളത് , അത് പറയാനുള്ള മീഡിയം മാത്രമാണ് സിനിമ. അതിലെ പെർഫെക്ഷനെക്കുറിച്ചും ലാവണ്യശാസ്ത്രത്തെക്കുറിച്ചുമൊന്നും ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതിനപ്പുറം സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയാണ് ശ്രദ്ധിക്കേണ്ടത്.

സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല
സിനിമ സ്ഥിരമായി കാണാറുണ്ട്. പക്ഷേ, ഒരിക്കലും സിനിമ സംവിധാനം ചെയ്യുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നില്ല. ഏൽപ്പിക്കുന്ന ജോലികൾ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുക .അതായിരുന്നു എന്റെ ശീലം. 16 വർഷം ടെലിവിഷൻ ജേർണലിസ്റ്റായി ജോലി നോക്കി. അതിനിടെ ദളിതരുടെ ദുഃസ്ഥിതിയെക്കുറിച്ച് പഠനം നടത്തിയിരുന്നു. അതിൽ നിന്ന് ലഭിച്ച വിഷയമാണ് മാൻഹോൾ സിനിമയ്ക്ക് ആധാരം. ശരിക്കും അത് ഞങ്ങൾ ഡോക്യുമെന്ററിയായാണ് ചെയ്തത്. എന്റെ സ്‌ക്രിപ്ട് റൈറ്ററാണ് ഇത് സിനിമയാക്കിക്കൂടേയെന്ന് ചോദിച്ചത്. ഉമേഷ് ഓമനക്കുട്ടന്റെ പ്രേരണ ഒന്നു കൊണ്ടാണ് മാൻഹോൾ ഉണ്ടായത്. ഒരു സിനിമ എന്ന ബാദ്ധ്യത ഏറ്റെടുക്കാൻ തക്ക പ്രാപ്തിയുണ്ടോ എന്ന സംശയം മനസ്സിൽ തോന്നിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിംഗ് വളരെ വേഗം പൂർത്തിയാക്കി. ഡിസംബറിനു മുമ്പേ രാജ്യാന്തര ചലച്ചിത്ര മേളയിൽ സമർപ്പിക്കാനും കഴിഞ്ഞു. ഷൂട്ടിംഗിനെക്കാൾ പ്രശ്‌നം സിനിമ പുറത്തിറക്കുന്നതിലാണ്. അതേക്കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ട്. എങ്കിലും സിനിമാ സംവിധാനം കുറച്ചുകൂടി നേരത്തേ തുടങ്ങേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

ആക്ടിവിസത്തിൽ നിന്ന് ജേർണലിസത്തിലേക്ക്
സ്ത്രീകളുടെ ജീവിതമെന്നത് ജോലിസ്ഥലവും വീടുമായി ഒതുങ്ങുകയാണ്. അതിൽ നിന്നു പുറത്തുവരേണ്ട സമയം അതിക്രമിച്ചു. തങ്ങളുടെ ജോലിയിൽ പുതിയത് എന്തു ചെയ്യാമെന്നാണ് പുരുഷൻ ചിന്തിക്കുന്നത്. പക്ഷേ സ്ത്രീകൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നില്ല. നമ്മളായി ഒരുക്കിയ വേലിയാണത്. അതു പൊളിക്കണം. അങ്ങനെ ഒരു പൊളിച്ചെഴുത്ത് ഉണ്ടായപ്പോഴാണ് ഒരു സംവിധായികയുടെ മേലങ്കി അണിയാൻ കഴിഞ്ഞത്. ചെറുപ്പം മുതലേ ഇത്തരം ആക്ടിവിസങ്ങളിൽ ഞാൻ പങ്കെടുക്കുമായിരുന്നു. കേരള സ്ത്രീ വീഥി എന്ന സംഘടന ഉണ്ടായിരുന്നു. അതിൽ ഞാനുണ്ടായിരുന്നു. കോഴിക്കോട് വിജി എന്നു പറയുന്ന ചേച്ചിക്കു കീഴിൽ ഞങ്ങൾ അണിനിരന്നിരുന്നു. ആദ്യമായി മൂത്രമൊഴിക്കൽ സമരത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ അണി ചേർന്നു. ശരിക്കുപറഞ്ഞാൽ ആക്ടിവിസ്റ്റായ ശേഷമാണ് ഞാൻ മാധ്യമപ്രവർത്തകയും സിനിമാക്കാരിയുമൊക്കെയായത്. എന്റെ മകൾ സഞ്ജനയെ പലപ്പോഴും ഭർത്താവിന്റെ വീട്ടിലും എന്റെ വീട്ടിലുമൊക്കെയായി നിറുത്തും. കഴിഞ്ഞ വർഷമാണ് അവൾ എന്റെ കൂടെ തിരുവനന്തപുരത്ത് നിന്നത്. അപ്പോഴും അവളെ ഞാൻ ഓഫീസിൽ കൊണ്ടിരുത്തുകയോ സുഹൃത്തുക്കളുടെ വീട്ടിലാക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. വലുതാകുന്തോറും ഇൻഡിപെൻഡന്റായി ജീവിക്കാൻ അവൾ പ്രാപ്തയാകണം. അങ്ങനെ മാറി നിൽക്കുന്നതിൽ അവൾക്ക് ഒരു വിഷമവുമില്ല. എന്നാൽ, ഞാനവളുടെ നല്ല സുഹൃത്തുമാണ്. മക്കളൊക്കെ വളർന്ന് അവരുടെ കാര്യം നോക്കുമ്പോൾ നമ്മൾ ജീവിതത്തിൽ ഒറ്റയ്ക്കാവും. അത് പലപ്പോഴും നമ്മൾ മറന്നുപോകുന്നു.

ദളിതരെ നമ്മൾ കാണുന്നില്ല
ദളിതരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ തുറന്നു കാട്ടുന്നതിൽ നമ്മൾ ഒരുപടി പിന്നിലാണ്. ഒരു സംഭവത്തിന്റെ യഥാർത്ഥ വശങ്ങളിലേക്ക് കടന്നാൽ മാത്രമേ അതിനുള്ളിലെ ദുരിതം കാണാൻ കഴിയൂ. തോട്ടിപ്പണി നിറുത്തലാക്കിയിട്ടും ഇന്നും ആ ജോലി ചെയ്യുന്നവർ എന്റെ സ്വദേശത്തുണ്ട്. അതറിഞ്ഞാണ് ഞാൻ അവരെ കാണാനും ജീവിതം അടുത്തറിയാനും പോയത്. അത് ചാനലിൽ കാണിക്കുന്നതിന് സമയപരിധിയുണ്ട്. അതിനുമപ്പുറം അവർക്ക് പറയാനുണ്ടെന്ന് തോന്നിയതിനാൽ ഡോക്യുമെന്ററിയായി. പിന്നെ സിനിമയുമായി. കഴിഞ്ഞ ബഡ്ജറ്റിൽ മാൻഹോൾ ജോലി ചെയ്യുന്നവർക്കായി തുക നീക്കി വച്ചപ്പോൾ വലിയ സന്തോഷം തോന്നി. സിനിമയുടെ യഥാർത്ഥ ലക്ഷ്യം കൈവരിച്ച പോലെ അനുഭവപ്പെട്ടു.

ഉത്തരവാദിത്തം വർദ്ധിപ്പിച്ചു
പുരസ്‌കാരങ്ങൾ സന്തോഷം നൽകുന്നതാണെങ്കിലും അത് ഉത്തരവാദിത്തം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഫിപ്രസി പുരസ്‌കാരവും സംസ്ഥാന അവാർഡുമൊക്കെ എന്നിലെ സംവിധായികയുടെ ടെൻഷൻ ഒന്നുകൂടി വർദ്ധിപ്പിച്ചു. ശരിക്കും പറഞ്ഞാൽ ഇരുട്ടടി പോലെയായി. പക്ഷേ ഈ അവാർഡുകൾ ഞങ്ങളുടെ ചിത്രത്തിന് ഒരു കോടി രൂപയുടെ പരസ്യം നൽകുന്ന അത്രയും പബ്‌ളിസിറ്റി നൽകി. വിതരണക്കാർ അന്വേഷിച്ചുവന്നു. ഉടൻ തന്നെ റിലീസ് ചെയ്യണമെന്ന് പറഞ്ഞു. അതൊക്കെ വലിയ കാര്യങ്ങളാണ്. അതെല്ലാം അവാർഡിൽ നിന്ന് വന്ന ഗുണങ്ങളാണ്.

ഇനിയൊരു സ്ത്രീവിഷയം
അടുത്ത സിനിമയുടെ പണിപ്പുരയിലാണ് ഞാൻ. സ്ത്രീകളെ കുറിച്ചുള്ള ചിത്രമായിരിക്കും. അതിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ജോലികളിലാണ്. വ്യത്യസ്തമായ ട്രീറ്റ്‌മെന്റായതിനാൽ തന്നെ കുറച്ചുകൂടി ടെക്‌നിക്കൽ പെർഫെക്ഷനും ഫണ്ടുമൊക്കെ ആവശ്യമുണ്ട്. ഇനിയും പണമിറക്കാൻ അച്ഛനെ കിട്ടില്ല (അച്ഛൻ എം.പി വിൻസെന്റായിരുന്നു മാൻഹോളിന്റെ പ്രൊഡ്യൂസർ) അതുകൊണ്ട് പുതിയ പ്രൊഡ്യൂസറെ കണ്ടെത്തണം. അതിൽ അനുയോജ്യരായ താരങ്ങളെ സെലക്ട് ചെയ്യണം. കുട്ടികളെ വേണം. അവർക്കായി വർക്ക്‌ഷോപ്പ് ഒരുക്കണം. പിന്നെ അണിയറ പ്രവർത്തകർ ഉൾപ്പെടെ സ്ത്രീകളായിരിക്കണം എന്ന് ആഗ്രഹമുണ്ട്. അതിനായുള്ള ശ്രമത്തിലാണ്.

വിധു വിൻസെന്റ്
കൊല്ലം സ്വദേശി എം.പി വിൻസെന്റിന്റെയും അൽഫോൺസയുടെയും മകളായി ജനിച്ചു. 1998ൽ ഏഷ്യാനെറ്റ് ചാനലിലൂടെ മാധ്യമപ്രവർത്തകയായി. തുടർന്ന് നിരവധി ചാനലുകളിൽ ജോലി നോക്കി. 2014ൽ മീഡിയ വണ്ണിൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായി പ്രവർത്തിക്കവേ 'വൃത്തിയുടെ ജാതി ' എന്ന പേരിൽ തോട്ടിപ്പണി ചെയ്യുന്നവരെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കി. ഇത് പിന്നീട് മാൻഹോൾ എന്ന സിനിമയായി. ഭർത്താവ് സഞ്ജയ് പി.കെ കോഴിക്കോട് എൻ.ഐ.ടിയിൽ അദ്ധ്യാപകനാണ്. മകൾ സഞ്ജന. കഴിഞ്ഞ രണ്ടു വർഷമായി തിരുവനന്തപുരത്താണ് വിധു താമസിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.