ഗോകുലത്തിൽ നിന്നൊരു പടക്കുതിര
March 26, 2017, 10:00 am
കിരൺ വെഞ്ഞാറമൂട്
നാലുവർഷത്തെ എൻജിനിയറിംഗ് പഠനം... 37 സപ്ലികൾ... മാർ ബസേലിയോസ് കോളേജിൽ നിന്ന് മടങ്ങുമ്പോൾ അവന്റെ മനസിൽ നിരാശയായിരുന്നില്ല, ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടുള്ളതായിരുന്നു ആ പടിയിറക്കം. നേരെ പോയത് വീടിന് പിന്നിലെ പഴയ തൊഴുത്തിലേക്കാണ്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുള്ള ഒരു സപ്ലിക്കാരന്റെ പോക്കായിരുന്നില്ല അത്. ശരിക്കുള്ള പഠനം അവിടെ തുടങ്ങുകയായിരുന്നു. പശുത്തൊഴുത്തിനെ പരീക്ഷണശാലയാക്കിയ ഗോകുൽ. വി. നാഥ് എന്ന തിരുവനന്തപുരത്തുകാരൻ ഇന്ന് ഡീ മസ്റ്റാംഗോ ടെക്‌നോളജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ്. പഠിച്ചിറങ്ങിയ അതേ കോളേജിലെ അഡ്വൈസറി ബോർഡ് അംഗം കൂടിയാണ് ഈ ഇരുപത്തിയെട്ടുകാരനെന്ന് അറിയുമ്പോൾ അറിയാതെ ചിന്തിച്ചു പോകും, നമ്മുടെ വിദ്യാഭ്യാസത്തിന്റെ അളവുകോൽ മാറ്റാൻ സമയമായില്ലേയെന്ന്...

അഭിമാന പദ്ധതികളായ കൊച്ചി മെട്രോയിലും ജലനിധിയിലും എച്ച്.എൽ.എൽ ലൈഫ് കെയറിലുമെല്ലാം ഡീ മസ്റ്റാംഗോ ടെക്‌നോളജിയുടെ കൈയ്യൊപ്പുണ്ട്. കടൽ വെള്ളത്തെ കുടിവെള്ളമാക്കി മാറ്റുന്ന മാലിദ്വീപിലെ റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റുകളിലെ കൺട്രോൾ യൂണിറ്റ് നിർമ്മാണമാണ് ഗോകുലിന്റെ കമ്പനി അവസാനമായി ചെയ്ത ഏറ്റവും വലിയ പ്രോജക്ട്. മനുഷ്യാദ്ധ്വാനം കഴിയുന്നത്ര കുറച്ച്, സോഫ്ട്‌വെയർ, സെൻസറുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്ന റോബോട്ടിക് ഓട്ടോമേഷനാണ് ഗോകുലിന്റെ പ്രവർത്തനമേഖല. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) ധനസഹായത്തോടെയാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പ് കമ്പനിയ്ക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് നോമിനേറ്റ് ചെയ്ത നാല് കമ്പനികളിലൊന്ന് ഗോകുലിന്റെ ഡീ മസ്റ്റാംഗോയാണ്. അവാർഡ് പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളു. 2015 ൽ ഡീമസ്റ്റാംഗോ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തു. ഡീ മസ്റ്റാംഗോ എന്ന വാക്ക് ഗ്രീക്കിൽ നിന്നും സ്പാനിഷിൽ നിന്നും കടമെടുത്തതാണ്. ഡീ എന്നാൽ ഗ്രീക്കിൽ 'ദ' എന്നും മസ്റ്റാംഗോ എന്നാൽ സ്പാനിഷിൽ പടക്കുതിരയുമെന്നാണ് അർത്ഥം. പിടിച്ച് കെട്ടാനാകാത്ത പടക്കുതിരയായി ഗോകുൽ മുന്നേറുകയാണ്.

യന്ത്രങ്ങളെ താലോലിച്ച കുട്ടിക്കാലം
ഓർമയുറച്ച കാലം മുതൽ യന്ത്രങ്ങളോടായിരുന്നു ഇഷ്ടം. സെന്റ് തോമസ് സ്‌കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ മുമ്പിൽ ആളാകാൻ ഐസ്‌ക്രീം സ്റ്റിക്കിൽ മോട്ടോർ ഘടിപ്പിച്ച് സ്പീഡ്‌ബോട്ട് ഉണ്ടാക്കിയാണ് തുടക്കം. പക്ഷെ വീട്ടുകാരോ അദ്ധ്യാപകരോ അവന്റെ കഴിവിനെ അംഗീകരിച്ചില്ല. പഠിക്കാൻ മോശമായതിനാൽ ആറാം ക്ലാസിൽ സ്‌കൂളിൽ നിന്നും പുറത്താക്കി. വിദ്യാധിരാജ വിദ്യാമന്ദിർ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പിന്നിടുള്ള പഠനം. സിറിഞ്ചിൽ നിർമ്മിച്ച യന്ത്രക്കൈയും മോട്ടോർ ഘടിപ്പിച്ച ടോയ് ഗണ്ണുമെല്ലാം അവന്റെ കൈകളിൽ പിറന്നു. ഇതൊന്നും പഠിത്തത്തിൽ കാണാനില്ലല്ലോ..' അദ്ധ്യാപകരുടെ ചോദ്യം തളർത്തി. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കുന്നവൻ, അനുസരണയില്ലാത്തവൻ, പഠിക്കാത്തവനൊന്നൊക്കെ മുദ്രകുത്തപ്പെട്ടു. പ്ലസ്ടുവിന് പേയാട് സെന്റ് സേവിയേഴ്സ് സ്‌കൂളിലെത്തുന്നത് വരെ ജീവിതം ഇങ്ങനെയായിരുന്നു. സെന്റ് സേവിയേഴ്സിലെ പ്രിൻസിപ്പൽ റോയി സാറാണ് തന്റെ കഴിവുകളെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ഗോകുൽ പറയുന്നു.

റോബോട്ടിക്സ് ലോകത്തേക്ക്
മാർ ബസേലിയോസ് കോളേജിൽ ബി.ടെക് മെക്കാനിക്ക് എൻജിനിയറിംഗ് ഒന്നാം വർഷം പഠിക്കുമ്പോൾ ബംഗളൂരു റോബോട്ടിക് ക്ലബ് കോളേജിൽ നടത്തിയ വർക്ക്‌ഷോപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നാണ് ഗോകുൽ തിരിച്ചറിഞ്ഞത് താൻ ഇത്രയും നാൾ ചെയ്തിരുന്നത് റോബോട്ടിക്സായിരുന്നെന്ന്. പിന്നീട് ബോസ്റ്റണിലെ മസാചുസെറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) മാർബസേലിയോസിൽ വച്ച് നടത്തിയ വർക്ക്‌ഷോപ്പിൽ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. അന്ന് ആവശ്യം അനുസരിച്ച് ഓഫാക്കണോ ഓണാക്കണോയെന്ന് സ്വയം വിളിച്ചു പറയുന്ന സ്വിച്ച് നിർമ്മിച്ച് ഗോകുൽ എല്ലാവരെയും ഞെട്ടിച്ചു. പക്ഷേ പരീക്ഷകളോടും പുസ്തകങ്ങളോടും അവൻ അകന്നുതന്നെ നിന്നു. സപ്ലികൾ പെറ്റുപെരുകാൻ തുടങ്ങി. പ്രാക്ടിക്കലുകളോടും ലാബുകളോടും മാത്രമായിരുന്നു താത്പര്യം. അന്ന് നിയോ ക്രിക്കറ്റ് ചാനലും ജവഗൽ ശ്രീനാഥും ഇന്റൽ ശാസ്ത്രജ്ഞരുമായി ചേർന്ന് ചെന്നൈയിൽ സംഘടിപ്പിച്ച ഇന്റൽ സ്‌പോർട്സ് ഇവന്റിൽ ഗോകുൽ പങ്കെടുത്തു. ക്രിക്കറ്റ് ബോളിന്റെ ലൈനും ലെംഗ്തും കണ്ടുപിടിക്കുന്ന ചെറിയ ഉപകരണമാണ് നിർമ്മിച്ചത്. അന്ന് തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച ഇരുപത് യുവശാസ്ത്രജ്ഞരിൽ ഒരാൾ ഗോകുലായിരുന്നു. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന റോബോട്ടിനെയാണ് ഫൈനൽ ഇയർ പ്രോജക്ടിൽ ഗോകുൽ നിർമ്മിച്ചത്.സംഗതി ഹിറ്റായതോടെ സഹപാഠികളുടെ ഫൈനൽ ഇയർ അക്കാഡമിക് പ്രോജക്ടുകളും ചെയ്ത് കൊടുക്കാൻ തുടങ്ങി. 2010 ൽ കോളേജിൽ നിന്നും പടിയിറങ്ങുമ്പോഴേക്കും അതവന്റെ വരുമാന മാർഗവുമായി. എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ പണം വാങ്ങി ചെയ്ത് കൊടുക്കും. മറ്റു ബ്രാഞ്ചുകാരുടെ പ്രോജക്ടുകൾ പോലും അവനെ തേടിയെത്തിയതോടെ വിവിധ മേഖലകളിലേക്കും പഠനം വ്യാപിപ്പിച്ചു. 2015 ഓടെയാണ് ബി.ടെക് പേപ്പറുകളെല്ലാം എഴുതിയെടുത്തത്.

തൊഴുത്തിൽ നിന്ന് തുടക്കം
2010 ൽ കോളേജിൽ നിന്നിറങ്ങിയ ശേഷം വീട്ടിലെ തൊഴുത്തിനെയാണ് പരീക്ഷണശാലയാക്കിയത്. ഊണും ഉറക്കവുമില്ലാത്ത നാളുകളായിരുന്നു അന്നൊക്കെ.പ്രോജക്ട് ചെയ്ത് കിട്ടുന്ന പണം കൂടുതൽ ഗവേഷണങ്ങൾക്കായി മാറ്റിവച്ചു.വീട്ടുകാർ ഇതൊക്കെ തമാശയായാണ് കണ്ടതെങ്കിലും അമ്മൂമ്മ ഇന്ദിര പ്രോത്സാഹനമായി കൂടെയുണ്ടായിരുന്നു. അദ്ധ്യാപികയായിരുന്ന അമ്മൂമ്മയുടെ പെൻഷൻ തുകയായിരുന്നു ആദ്യത്തെ മൂലധനം. 2010 ൽ എച്ച്.എൽ.എല്ലിന് വേണ്ടി സർജിക്കൽ സൂചിയുടെ ഗുണമേന്മ പരിശോധിക്കുന്ന ഉപകരണം നിർമ്മിക്കാനുള്ള അവസരം ലഭിച്ചതാണ് ഒരു കമ്പനി എന്ന ആശയത്തിലേക്ക് ഗോകുലിനെ കൊണ്ടെത്തിച്ചത്. 2013 ഓടെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു പങ്കാളിത്ത സംരംഭമായി രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവിൽ വാടക കെട്ടിടത്തിൽ പുതിയ ഓഫീസും തുറന്നു. പിന്നീട് പരീക്ഷണങ്ങളെല്ലാം അവിടെയായി.

ഗോജൽ
2014 ൽ ജലനിധിക്ക് വേണ്ടി ചെയ്ത വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റമായിരുന്നു പിന്നീട് ലഭിച്ച പ്രോജക്ട്. മൊബൈൽ നെറ്റ്വർക്കിന്റെ സഹായത്തോടെ വാട്ടർ പമ്പിന്റെ പ്രവർത്തനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമായിരുന്നു അത്. തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലായിരുന്നു ഗോജൽ എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയത്. ജലസ്രോതസിനെയും പമ്പ് ഹൗസിനെയും വയർലസ് സംവിധാനം വഴി ബന്ധിപ്പിച്ച് വാട്ടർ ടാങ്കിലും പമ്പിലും സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ സിം ഘടിപ്പിച്ച് സെൻസർ വഴിയാണ്‌ഗോചലിന്റെ പ്രവർത്തനം. വെള്ളം തീരുമ്പോൾ ടാങ്കിൽ നിന്നും പമ്പിലേക്ക് എസ്.എം.എസ് പോകും. പമ്പിൽ എസ്.എം.എസ് എത്തിയാൽ ജലസംഭരണിയിൽ വെള്ളമുണ്ടോയെന്നും പമ്പിന് പ്രവർത്തനശേഷിയുണ്ടോയെന്നും പരിശോധിച്ച ശേഷം മോട്ടോർ പമ്പ് സ്വയം ചെയ്യും . ടാങ്ക് നിറയുന്നതനുസരിച്ച് തനിയെ ഓഫ് ആകും. 25,000 രൂപയാണ് ഒരു മെഷിനിന്റെ നിർമ്മാണ ചെലവ്. ഇതേ രീതിയിൽ വീടുകളിൽ സ്ഥാപിക്കാവുന്ന ഗോജൽ വി 2.0 എന്ന വാട്ടർ ഇൻഡിക്കേറ്ററും ഡീ മസ്റ്റാംഗോഇന്ന് നിർമ്മിക്കുന്നുണ്ട്. ഒരു ഉപകരണം സ്ഥാപിക്കാൻ 3000 രൂപ വരെയാകും. പിന്നീട് എച്ച്.എൽ.എൽ സെർവർ റൂമിലെ വെള്ളത്തിന്റെ ചോർച്ച കണ്ടെത്തുന്ന ഉപകരണം നിർമ്മിച്ച് നൽകി. 2015 നവംബറിലാണ് ഡീമസ്റ്റാംഗോ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്തത്.

കെ.എസ്.ഐ.ഡി.സി സാമ്പത്തിക സഹായം നൽകിയ ശേഷമാണ് വീട്ടുകാർ പോലും ഗോകുലിനെ അംഗീകരിക്കാൻ തുടങ്ങിയത്. കമ്പനിയിൽ ടെക്നിക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തിരുവനന്തപുരത്തുകാരനായ അഭിഷേക് മോഹനാണ്. അമൃത് വരുൺ, വൈശാഖ് എസ്.മണി, വിപിൻ ശ്രീകുമാർ, ജർമ്മനിയിൽ പഠിയ്ക്കുന്ന ചൈതൻ അനിൽ കുമാർ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്നത് ചൈതനാണ്. മണ്ണന്തലയിൽ സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററിലാണ് ഡീ മസ്റ്റാംഗോയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. വട്ടിയൂർക്കാവിലും ഒരു യൂണിറ്റുണ്ട്.അവിടെയാണ് ഗവേഷണങ്ങളെല്ലാം നടക്കുന്നത്.

യന്ത്രക്കൈയും അയൺമാനും
തലച്ചോറിൽ നിന്നുള്ള സിഗ്നൽ കൊണ്ട് പ്രവർത്തിക്കുന്ന ഒരു യന്ത്രക്കൈയുടെ നിർമ്മാണത്തിലാണിപ്പോൾ ഗോകുലും സംഘവും. ഇതിന്റെ പ്രോട്ടോടൈപ്പ് നിർമ്മിച്ചുകഴിഞ്ഞു. കൈയില്ലാത്തവർക്കും ഉള്ളവർക്കും ഉപയോഗിക്കാവുന്ന യന്ത്രക്കൈ (എക്‌സോസ്‌കെൽട്ടൻ ആം ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന കൃത്രിമ കൈ) ഉപയോഗിച്ച് 16 കിലോ വരെ ഭാരം ഉയർത്താനാവും. നിലവിൽ 20 കിലോ വരെ ഭാരം ഉയർത്താൻ കഴിയുന്ന അമേരിക്കൻ കമ്പനിയുടെ ടൈറ്റൻ ആം മാത്രമാണ് ഇവരുടെ ഏക എതിരാളി. പക്ഷേ ടൈറ്റന്റെ കൃത്രിമക്കൈയ്ക്ക് ഇതിനെ അപേക്ഷിച്ച് ഭാരം കൂടുതലാണെന്ന് ഗോകുൽ പറയുന്നു. വിപണിയിൽ ഇറക്കിയാൽ അത് ടൈറ്റനെ വെല്ലുമെന്നതിൽ സംശയമില്ല. പ്രതിരോധ മേഖലയിൽ ഉപയോഗിക്കാവുന്ന എക്‌സോസ്‌കെൽട്ടൻ ബോഡി അതായത് അയൺമാൻ സിനിമയിലെ പോലുള്ള ഒരു സൂപ്പർഹീറോയെ നിർമ്മിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. പക്ഷേ അതിലേക്ക് എത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം.

കൊച്ചി മെട്രോയും മാലിദ്വീപും
കൊച്ചി മെട്രോ ഫയർ സ്റ്റേഷനുകളിലെ വാട്ടർ ടാങ്കിൽ ഡിജിറ്റൽ വാട്ടർ ലെവൽ ഇൻഡിക്കേറ്റർ സിസ്റ്റം സ്ഥാപിക്കലായിരുന്നു ഡി.എം.ആർ.സിയിൽ നിന്നും ലഭിച്ച പ്രോജക്ട്. ഒരു മാസം കൊണ്ട് ഗോജൽ വാട്ടർലെവൽ ഇൻഡിക്കേറ്റർ എന്ന ഉപകരണം നിർമ്മിച്ചു നൽകി. 33 ഉപകരണങ്ങൾ കമ്പനിക്ക് ഇതുവരെ കൈമാറി.ഒരു ഉപകരണത്തിന് 25,000 രൂപ വിലവരും. വാട്ടർ അതോറിട്ടി ഡെപ്യൂട്ടി ചീഫ് എൻ. ഹാരിസ്, കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ എം.ഡി രാജീവ് പി.എസ് എന്നിവരാണ് ഡി.എം.ആർ.സിക്ക് ഗോകുലിനെ പരിചയപ്പെടുത്തുന്നത്. മാലിദ്വീപിൽ കടൽ വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതിയായ റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റിന്റെ ഭാഗമായി പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ഗോകുൽ പറയുന്നു. സ്റ്റാറ്റിക് എന്ന വൻകിട കമ്പനിക്കാണ് ഓസ്‌മോസിസ് പ്ലാന്റിന്റെ നിർമ്മാണ ചുമതല. ഈ പ്ലാന്റിൽ കൺട്രോൾ യൂണിറ്റ് നിർമ്മിക്കലായിരുന്നു ലഭിച്ച ആദ്യ പ്രോജക്ട്. ആദ്യ ഘട്ടത്തിൽ ആറ് പ്ലാന്റുകളിൽ കൺട്രോൾ യൂണിറ്റ് നിർമ്മിച്ചു. ഒരു പ്ലാന്റിൽ യൂണിറ്റ് സ്ഥാപിക്കാൻ ഒരു ലക്ഷം രൂപയാകും. ഈ പ്ലാന്റിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ ഓൺലൈനായി പ്രശ്നം പരിഹരിക്കാൻ കഴിയുന്ന സംവിധാനം സ്ഥാപിക്കാനുള്ള രണ്ടാം ഘട്ട തയ്യാറെടുപ്പിലാണ് ഡീ മസ്റ്റാംഗോ. സ്റ്റാറ്റിക് കമ്പനിയുമായി ചേർന്ന് ഉടൻ ഇതിന്റെ നിർമ്മാണവും ആരംഭിക്കും. യു.എൻ സഹായം ലഭിക്കുന്ന സ്റ്റാറ്റിക് കമ്പനിയോടൊപ്പം പ്രവർത്തിക്കാനായത് വലിയ നേട്ടമാണെന്ന് ഗോകുൽ പറയുന്നു. ഇനിയൊരു ലോക മഹായുദ്ധമുണ്ടായാൽ അത് ജലത്തിന് വേണ്ടിയായിരിക്കും. ജലദൗർലഭ്യം വർദ്ധിച്ച് വരികയാണല്ലോ. ജലം എങ്ങനെ പാഴാക്കാതെ ഉപയോഗിക്കാം എന്നാണ് ഞങ്ങളുടെ കമ്പനി ചിന്തിക്കുന്നത്. അതാണ് കുടിവെള്ളത്തിൽ ഞങ്ങൾ ഫോക്കസ് ചെയ്യുന്നതും ഗോകുൽ പറയുന്നു. കേരളത്തിൽ ബി.ടെക്കുകാർ ഒരുപാടുണ്ട്. പക്ഷേഎൻജിനിയേഴ്സ് ഇല്ല. സമൂഹത്തിന് ഗുണമാകുന്ന എന്തെങ്കിലും കൂടി ചെയ്താലെ എൻജിനിയറാകുന്നുള്ളു എന്ന അഭിപ്രായക്കാരനാണ് ഗോകുൽ.

കുടുംബം
ഭാര്യ ബിന. എസ് . കുമാർ ഇൻഫോസിസിൽ ടെസ്റ്റിംഗ് എൻജിനിയറായി ജോലി ചെയ്യുന്നു. നാല് വർഷം പ്രണയിച്ചശേഷമായിരുന്നു വിവാഹം. ഇരുവരും ഇപ്പോൾ പട്ടത്താണ് താമസം. അച്ഛൻ വിശ്വംഭരൻ സെൽട്രൽ പൊളിടെക്നിക്കിൽ ടെക്െ്രസ്രെൽ ടെക്‌നോളജിയുടെ മേധാവിയായിരുന്നു. അമ്മ ബിന്ദു.ഇരുവരും ഇപ്പോൾ കവടിയാറിൽ രസോയി എന്ന സ്ഥാപനം നടത്തുകയാണ്. സഹോദരൻ ഋഷികേശ് 'അധോലോകം' മ്യൂസിക് ബാൻഡിൽ അംഗമാണ്.
(ഗോകുലിന്റെ ഫോൺ : 8891497155
ലേഖകന്റെ ഫോൺ : 8589888445)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.