Wednesday, 26 April 2017 3.30 PM IST
ഇന്ന് ലോക വനദിനം: നാടിനെ പച്ച പുതപ്പിക്കാൻ പച്ചയായൊരദ്ധ്യാപകൻ!
March 21, 2017, 1:55 am
ആലപ്പുഴ: ഈ അദ്ധ്യാപകന്റെ 'ദിനചര്യകളിൽ' രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് വിദ്യാർത്ഥികളെ നല്ലപാഠം പഠിപ്പിക്കുക, രണ്ട് നാടാകെ വൃക്ഷത്തൈകൾ നട്ട് പ്രകൃതിയെ സ്നേഹിക്കുക.ലോക വനദിനമായ ഇന്ന് ജില്ലയുടെ പച്ചപ്പിന് പിന്നിൽ ഈ അദ്ധ്യാപകന്റെ കരുതലുമുണ്ട്. താമരക്കുളം വി.വി എച്ച്.എസ്.എസിലെ അദ്ധ്യാപകനായ റാഫിരാമനാഥ് ജില്ലയിൽ 75,000 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പ്രകൃതി സംരക്ഷണ പാഠങ്ങൾ സമൂഹത്തിലേക്കെത്തിച്ച റാഫി രാമനാഥിനെ സംസ്ഥാന സർക്കാർ 2015ൽ ജൈവവൈവിദ്ധ്യ പുരസ്കാരം നൽകിയാണ് ആദരിച്ചത്.

2009ൽ സ്കൂൾ പരിസ്ഥിതി ക്ലബിന്റെ കോ ഓർഡിനേറ്റർ സ്ഥാനം ഏറ്റെടുത്തത് മുതലാണ് കൂടുതൽ സമയം പരിസ്ഥിതിസംരക്ഷണത്തിനായി മാറ്റിവച്ച് തുടങ്ങിയത്. 2009ൽ അൻപത് ഔഷധസസ്യങ്ങൾ നട്ട് ആരംഭിച്ച സ്കൂളിലെ ഔഷധ ഉദ്യാനത്തിൽ ഇന്ന് 250 ഓളം ഔഷധസസ്യങ്ങൾ തഴച്ച് വളരുന്നു. സ്കൂളിലെ ഔഷധത്തോട്ടം സന്ദർശിക്കാനും ഔഷധങ്ങൾ ശേഖരിക്കുന്നതിനുമായി വിദ്യാർത്ഥികളും പൊതുജനങ്ങളും താമരക്കുളം വി.വി എച്ച്.എസ്.എസിൽ ദിവസവും എത്തുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ മികവിന് സംസ്ഥാന വനമിത്ര പുരസ്കാരം താമരക്കുളം സ്കൂളിൽ എത്തിച്ചതിന് പിന്നിൽ റാഫിമാഷിന്റെയും കുട്ടികളുടെയും അദ്ധ്വാനമുണ്ട്. കൂടാതെ നാഷണൽ ഗ്രീൻകോർപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ, ശുചിത്വ മിഷന്റെ മാതൃകാ സ്കൂൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്കൂളിന് നേടിക്കൊടുത്തു. 100 കോടി വൃക്ഷത്തൈകൾ നട്ടുവളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗ്രീൻവെയിൻ പരിസ്ഥിതി സംഘടനയുടെ സംസ്ഥാന കോ ഓർഡിനേറ്റർ കൂടിയാണ് റാഫി രാമനാഥ്.

സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസ് വളപ്പുകളിലുമൊക്കെ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നുണ്ട്. നക്ഷത്രവനങ്ങളും ശലഭപാർക്കുകളും ഔഷധത്തോട്ടങ്ങളും ഫലവൃക്ഷങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടും. താമരക്കുളം പിറവേലിൽ കണ്ഠകാള നട ക്ഷേത്രത്തിൽ ഉൾപ്പെടെ ഇരുപതോളം നക്ഷത്രവനങ്ങളാണ് തളിർത്തുനിൽക്കുന്നത്.
ജില്ലാ ശുചിത്വമിഷന്റെ റിസോഴ്സ് പേഴ്സണായ റാഫി രാമനാഥ് 2015ലെ ദേശീയഗെയിംസിൽ ശുചിത്വമിഷന്റെ ഗ്രീൻപ്രോട്ടോക്കോൾ ഒഫീഷ്യലായും പ്രവർത്തിച്ചു. വഴിയോര തണൽ മരങ്ങളിൽ ആണിയടിച്ച് പരസ്യബോർഡുകൾ വയ്ക്കുന്നതിനെതിരെ സർക്കാർ ഉത്തരവ് നേടിയെടുത്തിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന് നിർമ്മിച്ച തളിര് നല്ലനാളേയ്ക്കായി എന്ന ഡോക്യുമെന്ററിക്ക് ബാലകൃഷിശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. മരങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് നന്മമരം ഡോക്യുമെന്ററിയുടെ നിർമ്മാണത്തിലാണിപ്പോൾ.
സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പുരസ്കാരം, ശുചിത്വമിഷന്റെ മികച്ച കോ ഓർഡിനേറ്റർ, ഐവാല വൃക്ഷമിത്ര പുരസ്കാരം, ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിദ്ധ്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ഈ അദ്ധ്യാപകനെ തേടിയെത്തിയത്. വിദ്യാർത്ഥികൾക്ക് മാത്രമല്ല, നാടിനാകെ പച്ചപ്പിന്റെ മാതൃകയൊരുക്കുകയാണ് ഈ അദ്ധ്യാപകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ