Wednesday, 26 April 2017 3.31 PM IST
വിദ്യാർത്ഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്‌ണദാസ് റിമാൻഡിൽ
March 20, 2017, 10:43 pm
തൃശൂർ: രസീത് നൽകാതെ അനധികൃത ഫൈൻ ഈടാക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്‌റു കോളേജ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

നെഹ്‌റു അക്കാഡമിക് ഒഫ് ലാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തിനെ പാമ്പാടി കോളേജിലെ ഇടിമുറിയിൽ എട്ടു മണിക്കൂർ നേരം കൃഷ്ണദാസ് മർദ്ദിച്ചുവെന്നാണ് കേസ്. ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പറഞ്ഞ കടലാസുകളിൽ ഒപ്പിട്ടു നൽകിയില്ലെങ്കിൽ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടു നൽകിയതായി ഷഹീർ നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നെഹ്‌റു കോളേജിൽ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ പരാതി നൽകിയതായിരുന്നു മർദ്ദനത്തിന് കാരണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം രസീത് നൽകാതെ ഫൈൻ ഈടാക്കുന്നതിന് എതിരേയും കോളേജിലെ മറ്റു നടപടികൾക്കെതിരെയും കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സുതാര്യ കേരളത്തിലേക്ക് ഉൾപ്പടെ ആറു പരാതികൾ ഷഹീർ അയച്ചിരുന്നു. കേന്ദ്ര സർക്കാറിനും ഇൻകംടാക്‌സ് വകുപ്പിനും പരാതി നൽകി.

കഴിഞ്ഞ ഡിസംബർ മാസത്തിൽ ക്രിസ്‌മസ് വെക്കേഷന് ഷഹീറിനെ കോളേജിലേക്ക് വിളിപ്പിച്ചു. അവധിയായതിനാൽ ഷഹീർ പോയില്ല. ജനുവരി മൂന്നിന് കോളേജ് തുറന്നപ്പോൾ ലക്കിടി കോളേജിൽ നിന്നു ഷഹീറിനെ പാമ്പാടി കോളേജിലേക്കു വിളിച്ചു കൊണ്ടുപോയി. പാമ്പാടി കോളേജിൽ നിന്നും അധികൃതർ വന്ന് ഒരു ഓട്ടോയിൽകയറ്റിയാണ് ഷഹീറിനെ കൂട്ടികൊണ്ടുപോയത്. കോളേജിൽ കൃഷ്ണദാസും പി.ആർ.ഒയും മറ്റും കാത്തിരുന്നു. പറയുന്ന പേപ്പറിൽ ഒപ്പിട്ടു തന്നില്ലെങ്കിൽ പുറത്തുപോകില്ലെന്നായിരുന്നുവത്രെ ഭീഷണി. ഒപ്പിടില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദനമായി. ഒരു സ്ഥലത്തേക്കും പരാതി അയച്ചില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടാണ് പരാതി അയച്ചതെന്നും എഴുതിയ പേപ്പറുകളിൽ ഒടുവിൽ ഷഹീർ ഒപ്പിട്ടു കൊടുത്തു. ടി.സിയും മറ്റും വാങ്ങിപ്പോകുന്നതായി കാണിച്ച് മറ്റൊരു അപേക്ഷയും എഴുതി വാങ്ങി. റാഗിംഗ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർത്ഥികളുടേതായ വ്യാജ പരാതിക്കടിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. ഇതു കൂടി ഒപ്പിട്ടു കിട്ടിയാൽ നീ പുറംലോകം കാണില്ലെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്ന് ഷഹീറിന്റെ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു കോളേജിൽ ചേരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് ഷഹീർ പരാതി നൽകിയതും വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞതും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ