സാന്ത്വന ഹസ്തം
April 2, 2017, 9:30 am
മിനി ഗോപിനാഥ്
തിരുവനന്തപുരത്ത് പെരുന്താന്നിയിലുള്ള അരുമന ഹോസ്പിറ്റലിലേക്ക് ചെന്നാൽ അവിടെ സദാ സുസ്‌മേരവദനനായി ഇരിക്കുന്ന ഒരാളുണ്ട്, ഡോ. എം.ആർ. രാജഗോപാൽ. പാലിയം ഇന്ത്യയുടെ ചെയർമാൻ. വേദനയുമായി എത്തുന്ന രോഗികൾക്ക് അദ്ദേഹം ഒരു പ്രതീക്ഷയാണ്. ജീവിതം തീർന്നെന്നു കരുതുന്നയിടങ്ങളിൽ നിന്ന് എത്രയോ പേരെ അദ്ദേഹം കൈ പിടിച്ച് നടത്തിയിരിക്കുന്നു. പലപ്പോഴും രോഗത്തേക്കാൾ കൂടുതലായി രോഗിയെ തളർത്തുന്നത് അവന്റെ ചിന്തകളാകും. അവരോട് ഡോക്ടർക്ക് ഒന്നേ പറയാനുള്ളൂ... 'ഞാൻ ഒപ്പമുണ്ട് .'

രാജാഗോപാലിന്റെ ജീവിതം പൂർണമായും പാലിയം ഇന്ത്യയിൽ തന്നെയാണെന്ന് പറയാം. രോഗികളും അവരുടെ മനസിന്റെ പിടച്ചിലും എന്നും അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്നും എം.ബി.ബി.എസും എയിംസിൽ നിന്ന് എം.ഡിയും കരസ്ഥമാക്കി അനസ്‌തെറ്റിസ്റ്റായിട്ടാണ് സേവനം തുടങ്ങിയത്. പക്ഷേ, താത്കാലിക വേദനയിൽ നിന്നും രോഗിയെ രക്ഷപ്പെടുത്തതിനേക്കാൾ ഡോക്ടർ ഇഷ്ടപ്പെട്ടിരുന്നത് വേദനിക്കുന്നവന്റെ അരികിലേക്ക് ഇറങ്ങിച്ചെന്ന് അവനൊപ്പം നിൽക്കാനായിരുന്നു. പഠിക്കുന്ന കാലത്ത് അയൽപക്കത്ത് വസിച്ചിരുന്ന കാൻസർ രോഗിയുടെ വേദന ഇന്നും ഡോക്ടറുടെ മനസിലുണ്ട്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അത് മറക്കാൻ കഴിഞ്ഞിട്ടില്ല. ഒരു അനസ്‌തെറ്റിസ്റ്റിന് പുസ്തകങ്ങളിലൂടെ തിയറി പഠിക്കാം. പക്ഷേ, മനസിനേൽക്കുന്ന വേദനയോ? അതിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തന്നെ അദ്ദേഹം മനസിലുറപ്പിച്ചു. ഇതിന്റെ ആദ്യപടിയായി 1993ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തെ പാലിയേറ്റീവ് കെയർ സംരംഭമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കം. അധികം വൈകാതെ സംഭവം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അങ്ങനെ 2003ൽ ' പാലിയം ഇന്ത്യ' എന്ന പേരിലേക്ക് സ്വതന്ത്രമായി പാലിയേറ്റീവ് കെയർ രജിസ്റ്റർ ചെയ്തു. വളരെ പെട്ടെന്ന് തന്നെ കേരളത്തിന് പുറത്തേക്കും പാലിയം ഇന്ത്യ വ്യാപിച്ചു തുടങ്ങി.

മഹാരോഗങ്ങളെയും വേദനകളെയും ശാരീരികമായും മാനസികമായും ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ പാലിയം ഇന്ത്യ പ്രാപ്തമാക്കുന്നു. ''പലരുടെയും തെറ്റിദ്ധാരണ പാലിയേറ്റീവ് കെയർ എന്നാൽ കാൻസർ ചികിത്സാകേന്ദ്രം എന്നാണ്. ഇവിടെ ആശ്രയമായി എത്തുന്നവരിൽ പകുതിയോളം പേരും ഈ രോഗവുമായി എത്തുന്നവരാണ്. മറ്റ് പല മഹാരോഗങ്ങളാലും അപകടങ്ങളാലും ജീവിതം തന്നെ മാറി മറിഞ്ഞവരുടെയും അത്താണി കൂടിയാണ് ഈ സ്ഥാപനം. അതുപോലെ, ദുരിതാരംഭത്തിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത് സ്‌നേഹമുള്ള ബന്ധുക്കൾ ആയിരിക്കും. ഇത് ശരിയായ നടപടിയല്ല. രോഗിയുടെ ജീവിതം അവന്റെ അവകാശമാണ്, അത് അവൻ തന്നെ ജീവിച്ച് തന്നെ തീർക്കണം. അവനോട് സഹതാപം കാട്ടുന്നതിന് പകരം ഒരു കൈത്താങ്ങായി ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശം അവരിൽ ഉളവാക്കാൻ സാധിച്ചാൽ അത് അവന് നൽകുന്നത് വലിയൊരു ആശ്വാസമായിരിക്കും. എനിക്ക് നിന്നെ പരിപാലിക്കാൻ കഴിയും, സംരക്ഷിക്കാം. സ്‌നേഹം പകർന്ന് നൽകാം. ആവശ്യമായ മരുന്നുകൾ കൃത്യസമയത്ത് നൽകാം എന്നീ അറിവുകൾ തീർച്ചയായും ഒരു മാറ്റത്തിന് തുടക്കമാകും. അവരെ തഴയാതെ അവരിലെ നല്ല ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രവർത്തന സന്നദ്ധരാക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം അവരിൽ വർദ്ധിക്കും. പിന്നെ, ഈ അവസ്ഥയിലുള്ള ഭൂരിഭാഗം പേരിലും കാണുന്ന വികാരം ദേഷ്യമാണ്. ആ സമയത്ത് നമ്മൾ സമചിത്തതയോടെ പെരുമാറണം. '' ഡോക്ടർ വ്യക്തമാക്കുന്നു.

ജനങ്ങൾക്കിടയിൽ പാലിയേറ്റീവ് കെയറിനെക്കുറിച്ചുള്ള അജ്ഞത ഇന്നും ഉണ്ട്. പാലിയം ഇന്ത്യയെ കുറിച്ച് പരിസരവാസികൾ പോലും അറിഞ്ഞത് വളരെ വൈകിയാണെന്ന് ഡോക്ടർ പറയുന്നു. അതിനുദാഹരണമായി തൊട്ടടുത്തുതന്നെ താമസിച്ച ഒരാളുടെ അനുഭവവുംപങ്കുവച്ചു. കാൻസർ ബാധിതനായി അയാൾ വേദന കടിച്ചമർത്തി ജീവിച്ച് മരിച്ചതിന് ശേഷമാണ് ബന്ധുക്കൾ ഇതിനെക്കുറിച്ചറിഞ്ഞത്. അന്നവർക്ക് ആ മനുഷ്യന് വേണ്ടി ചെയ്യാൻ കഴിയാതെ പോയ സാന്ത്വന ചികിത്സ ഒരു പ്രായശ്ചിത്തമെന്നോണം പലർക്കായി ഇപ്പോൾ ചെയ്തുവരുന്നു. ഇടയ്ക്കിടെ ഇവിടം സന്ദർശിച്ച് തങ്ങളാലാവുന്നത് ചെയ്യാറുമുണ്ട്.ഒരാൾ കാലിടറി വീഴുമ്പോൾ, കൈപിടിച്ച് ഉയർത്തേണ്ടത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ധർമ്മവും ഉത്തരവാദിത്വവും കൂടിയാണെന്നും ഡോക്ടർ ഓർമ്മപ്പെടുത്തുന്നു. ഡോക്ടറിനും നഴ്സിനും മാത്രമല്ല ഇതിലാർക്കും പങ്കാളികളാകാം. ഇതിനുള്ള പരിശീലനവും ഇവിടെ തന്നെ ലഭ്യമാണ്. പ്രായോഗിക പരിശീലനത്തിനാണ് മുൻഗണന. അല്പം സമയവും സന്മനസും ഉള്ളവർക്ക് വോളന്റിയേഴ്സും ആകാം. അത്യാസന്ന നിലയിലുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇതിന് ഡോക്ടർ, നഴ്സ്, മറ്റ് സ്റ്റാഫ് ഇവരടങ്ങിയ സംഘമാണ് സഹായ ഹസ്തങ്ങളുമായി എത്തുന്നത്. ഡോ. ഈശ്വരപിള്ളയെ പോലുള്ളവർ പാലിയം ഇന്ത്യയിൽ സൗജന്യസേവനം നൽകുന്നുമുണ്ട്.

പാലിയം ഇന്ത്യ ഒരു ഗവൺമെന്റ് സ്ഥാപനം അല്ല. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഒന്നുമില്ലാത്തതിനാൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. പട്ടത്ത് എസ്.യു.ടിയിൽ പ്രവർത്തിച്ചിരുന്ന പാലിയം ഇന്ത്യയാണ് ഇപ്പോൾ അരുമന ഹോസ്പിറ്റലിലേക്ക് മാറിയത്. വിദേശീയർ വരെ ഇവിടെ വന്നു പോകുന്നു. ഡോക്ടർമാർ റിസർച്ചിന്റെ ഭാഗമായി സന്ദർശനം നടത്തുകയും സേവനം അനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. പാലിയം ഇന്ത്യയിൽ മരുന്ന് തികച്ചും സൗജന്യമാണ്. ഹോസ്പിറ്റലിൽ പതിനഞ്ചോളം കിടക്കകൾ മാത്രമേയുള്ളൂ. ഇതിൽ നിന്ന് തന്നെ പരിമിതമായ സൗകര്യങ്ങളെക്കുറിച്ച് മനസിലാക്കാമല്ലോ. നടന്ന് ഒ.പിയിൽ വരാൻ കഴിയാത്തവർക്ക് ആവശ്യാനുസരണമുള്ള ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിൽ പാലിയം ഇന്ത്യ പ്രത്യേകം പരിഗണന നൽകുന്നുണ്ട്. ഇതൊക്കെയാണ് ഡോ. രാജഗോപാൽ എന്ന സ്‌നേഹസമ്പന്നനായ മനുഷ്യനെ ദൈവത്തിന്റെ പ്രതിരൂപമാക്കി മാറ്റുന്നത്.

മനസ് പൊള്ളിക്കുന്ന, കൺതുറപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാനുണ്ട്. സംസാരിക്കുന്നതിനിടയിൽ അവിടെ കണ്ട ഒരു പെൺകുട്ടിയെ ശ്രദ്ധിക്കാനിടയായി. അവളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴറിഞ്ഞു പേര് ആഷ്ല എന്നാണെന്ന്. എം.സി.എ ക്കാരിയായ ആഷ്ല ചെന്നൈയിൽ ജോലി ചെയ്യുകയായിരുന്നു. 2010 ൽ ട്രെയിൻ യാത്രയിൽ വാതിലിൽ നിന്നും തെറിച്ച് വീണതാണ്. അപകടത്തെ തുടർന്ന് നാല് വർഷം ഫിസിയോതെറാപ്പി ചെയ്തു. അപ്പോഴാണ് പാലിയം ഇന്ത്യയെക്കുറിച്ചറിഞ്ഞത്. കണ്ണൂരിലെ ഇരിട്ടി എന്ന കൊച്ചുഗ്രാമത്തിലെ വീട്ടിനുള്ളിൽ തള്ളിനീക്കേണ്ടതായ ആഷ്ലയുടെ ജീവിതത്തിന് അർത്ഥം കൈവന്നത് ഇവിടെ എത്തിയതോടെയാണ്. മാത്രവുമല്ല ഡോക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻഡ്, ആ സ്ഥാപനത്തിന്റെ ജീവനാഡി, ഡോക്ടർക്ക് മകൾ ഇതൊക്കെയാണ് ഇന്നവൾ. നിറപ്പകിട്ടാർന്ന പഴയ ജീവിതത്തിനേക്കാൾ അർത്ഥം കൈവരിച്ചുകൊണ്ട് ഇന്നവൾ ധന്യമായ ജീവിതം നയിക്കുന്നു.

ഡോക്ടറുടെ കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇതുതന്നെയാണ് എന്റെ യഥാർത്ഥ കുടുംബം എന്നായിരുന്നു മറുപടി. രാവിലെ 9 മുതൽ 5 വരെയാണ് പാലിയം ഇന്ത്യയിൽ ഡോക്ടറുടെ പ്രവർത്തനസമയം എന്നൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും ഈ ഡോക്ടർ ഇവിടെ സദാസമയവുണ്ട്. പാത്തോളജിസ്റ്റായ ഡോക്ടർ ചന്ദ്രികയാണ് അദ്ദേഹത്തിന്റെ ഭാര്യ. തിരുവനന്തപുരത്ത് കുമാരപുരത്താണ് വീട്. രണ്ട് ആൺമക്കളുണ്ട്. അമേരിക്കയിലും ബാംഗ്ലൂരിലും കഴിയുന്നു. മൂന്ന് പേരക്കുട്ടികളുമുണ്ട്. മക്കൾ എൻജിനീയറിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും അതൊന്നും പാലിയം ഇന്ത്യയുടെ ഭാവിയെ ബാധിക്കില്ലെന്നും തനിക്ക് പകരം മറ്റൊരാൾ ഇതിനെ നയിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

സുതാര്യമായ ജീവിതം, മരണംവരെ ലോകോപകാരപ്രദമായി ജീവിക്കണം. ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും. അവാർഡുകളും അംഗീകാരങ്ങളും ഒക്കെ ധാരാളം ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും എണ്ണിയെണ്ണിപ്പറയാനൊന്നും അദ്ദേഹത്തിന് യാതൊരു താത്പര്യവുമില്ല. പക്ഷേ, കാഷ് അവാർഡുകൾ അദ്ദേഹത്തിന് ആശ്വാസമാണ്. കാരണം, വേദനകളുടെ സാഗരത്തിൽ ആശ്വാസത്തിന്റെ ഒരു തുള്ളിയെങ്കിലും ആകുമല്ലോ. ഡോക്ടറുടെ മുറിയിലെ ഇന്ത്യയുടെ ഭൂപടത്തിൽ പാലിയം ഇന്ത്യയുടെ വേരുകൾ പടർന്നുകൊണ്ടിരിക്കുന്നതിന്റെ നേർരേഖ കാണാം.യാത്ര പറഞ്ഞിറങ്ങവേ വേദനകളുടെ പ്രതിരൂപമായ ആ സഹജീവിയുടെ കരം ഒരാശ്വാസമെന്നോണം മൃദുലമായി സ്പർശിച്ചു. ദുരിതങ്ങളുടെ ലോകത്ത് ഏതാനും മണിക്കൂറുകൾ ചെലവിട്ട് കഴിഞ്ഞപ്പോൾ മനസ് മന്ത്രിച്ച് തുടങ്ങി... ഈ നിമിഷം വരെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിത സൗഭാഗ്യങ്ങളോടുള്ള എന്റെ നന്ദി.

പാലിയം ഇന്ത്യയുടെ ഫോൺ : 9746745497
ലേഖികയുടെ ഫോൺ : 9446570573
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.