ഓർമകളുടെ തലനാരിഴകൾ
April 2, 2017, 5:01 pm
ആര്യനാട് മോഹനൻ
മുപ്പത് വർഷം മുമ്പാണ്. സാധാരണപോലെ ഒരു സുപ്രഭാതം. തിരുവനന്തപുരം കെ.ടി.ഡി.സി ഹോട്ടൽ ചൈത്രത്തിൽ ഞാൻ നടത്തിവരുന്ന വിക്കിജെൻസ് ബ്യൂട്ടി ക്ലീനിക്കിൽ സി.കെ. ഗുപ്തൻ (ഇ.എം.എസിന്റെ മകൾ രാധയുടെ ഭർത്താവ്) കയറി വന്നു. 'പ്രായമായ അച്ഛന് വീട്ടിൽ വന്ന് തലമുടി മുറിച്ച് തരാമോ' അദ്ദേഹം ചോദിച്ചു. ഈയെമ്മാണെന്നറിഞ്ഞപ്പോൾ നേരിൽ കാണാനുള്ള ചിരകാലാഭിലാഷം സാക്ഷാത്കരിക്കുന്ന പോലെ തോന്നി.

രാവിലെ ആറുമണിക്ക് തന്നെ വീട്ടിലെത്തി. മുടി മുറിക്കുന്നതിനിടയിൽ വീട്ടുകാര്യം മുതൽ നാട്ടുകാര്യങ്ങൾ വരെ അദ്ദേഹം സംസാരിച്ചു. ഇതോടെ ഞാൻ ഈയെമ്മിനും കുടുംബാംഗങ്ങൾക്കും സ്ഥിരം ഹെയർ കട്ടറായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരംഗത്തെപ്പോലെയായിരുന്നു ഞാൻ. ഒരുനാൾ പറഞ്ഞിരുന്ന സമയം കുറച്ചുവൈകി. ഇ.എം എന്നെ കാത്തിരുന്നു മടുത്തു. അന്ന് അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ട് ഞാൻ കണ്ടു. ആ വികാരം ഞാൻ ശരിക്കും മനസിലാക്കി. പക്ഷേ, അദ്ദേഹം എന്നോട് ഒരു വിഷമവും പ്രകടിപ്പിച്ചില്ല. ഇ.എം പുലർത്തിയിരുന്ന കർശനമായ സമയനിഷ്ഠ അന്നാണ് ശരിക്കും മനസിലായത്. പിന്നീടൊരിക്കലും ഞാൻ സമയം തെറ്റിച്ചിട്ടില്ല.

ഇ.എം.എസിനും ഭാര്യ ആര്യാ അന്തർജ്ജനത്തിനും (ഞാനവരെ അമ്മ എന്നാണ് വിളിക്കാറ്) മുടി മുറിക്കുന്നത് ഞാൻ തന്നെയാണ്. അവരുടെ മുടി മുറിക്കാനുപയോഗിച്ച കത്രികയ്‌ക്കൊപ്പം വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ തലയിൽ നിന്നും മുറിച്ചെടുത്ത കുറെ മുടിയും ഇന്നും ഞാൻ ഭദ്രമായി സൂക്ഷിക്കുന്നു. ഒപ്പം അമ്മ ആര്യാ അന്തർജ്ജനത്തിന്റെ മുടിയും.
ഈയെമ്മും അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു ദിവസം. മുടിമുറിക്കൽ കഴിഞ്ഞു. ഇ എം അമ്മയോട് പറഞ്ഞു 'മോഹനന് ചായ ഉണ്ടാക്കിക്കൊടുക്കൂ' പ്രായമായ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു.

'അച്ഛൻ വാക്ക് പറഞ്ഞാൽ അത് വാക്കാ മോഹനാ...' പത്ത് മിനിട്ടിനുള്ളിൽ ആവി പറക്കുന്ന ചായയുമായി അമ്മ മുന്നിൽ!

കൃത്യനിർവഹണത്തിൽ ഈയെമ്മിന്റെ വീട്ടിൽ പോകുമ്പോഴൊക്കെ അദ്ദേഹം ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പം ആഹാരം കഴിക്കണമെന്നത് സഖാവിന് നിർബന്ധമാണ്.
ഈയെമ്മിന് അടിയന്തരമായി ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടത് കൊണ്ട് പിറ്റേദിവസം രാവിലെ ഞാൻ വീട്ടിലെത്തണം. രാവിലെ എഴുന്നേറ്റപ്പോൾ കണ്ണിനൊരു ചൊറിച്ചിൽ. ഞാൻ സഖാവിന്റെ മരുമകൾ ഗിരിജയെ വിളിച്ചു വിവരം അറിയിച്ചു. 'പരിപാടി മാറ്റിവയ്ക്കാൻ വയ്യ. അച്ഛന് മുടി വളർന്നുപോയി. കൃത്യമായി എത്തണം.' ഗിരിജ അറിയിച്ചു. ഞാൻ രണ്ടും കല്പിച്ചു വീട്ടിലെത്തി. മുടിമുറിച്ചു മടങ്ങി. പിറ്റേ ദിവസം എ.കെ.ജി സെന്ററിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. ചെങ്കണ്ണുബാധിച്ചതു കാരണം സഖാവിന്റെ ഒരാഴ്ചത്തെ പരിപാടി മാറ്റിവച്ചു. തിരുവനന്തപുരം മേലേ തമ്പാനൂരിൽ താമസിച്ചിരുന്ന കാലത്ത് അസ്വസ്ഥനായി മൂന്ന് ദിവസം സഖാവ് കിടന്നു. കുടുംബാംഗങ്ങൾക്കും പാർട്ടിക്കാർക്കും ഉത്കണ്ഠയുടെ നിമിഷങ്ങൾ. നാലാം ദിവസം അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ ചരിത്രത്തെ പിന്നിലാക്കിയ സഖാവ് ഇനിയും എന്തെല്ലാമോ വായിച്ചറിയാനുള്ള വ്യഗ്രതയോടെ ബനിയനും ലുങ്കിയും ധരിച്ച് പ്രസന്നവദനനായി ഈസിചെയറിലിരിക്കുന്നു. ഫയലുകൾ വായിക്കുകയും കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ട്.

ദിവസത്തിൽ ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനായിരുന്നു അദ്ദേഹം. ഇ.എം പാവപ്പെട്ടവരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങുകളിൽ പങ്കെടുക്കാനും സമയം കണ്ടെത്തിയിരുന്നു. അത്തരം രണ്ട് സന്ദർഭങ്ങൾ കൂടി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു. ഞങ്ങൾ പുതുതായി പണിയിച്ച മന്ദിരത്തിന്റെ ഗൃഹപ്രവേശം, ഏറ്റിരുന്ന പോലെ അദ്ദേഹവും കുടുംബാംഗങ്ങളും അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന സ.ടി.കെ. രാമകൃഷ്ണനും എത്തി. ചടങ്ങിൽ ഇ.എം. ടി.കെയെക്കൊണ്ട് നാടമുറിപ്പിച്ചു. ഭദ്രദീപം തെളിയിപ്പിച്ചു. അവിടെ ചെലവഴിച്ച രണ്ടു മണിക്കൂറും അദ്ദേഹം ഒരു ആതിഥേയനായിരുന്നു. സന്ദർശനം കഴിഞ്ഞ് വിടപറയുമ്പോൾ മനസ് നൊമ്പരപ്പെടുന്ന അനുഭവം.

മറ്റൊന്ന്, ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്. പുസ്തകമാണെങ്കിൽ,ഒരു പ്രത്യേക വിഷയവും 'ശരീര കേശസൗന്ദര്യ സംവർദ്ധനം'ക്ഷണിക്കുമ്പോഴും പ്രകാശന ചടങ്ങിനെത്തുമ്പോഴും ഉൾത്തരിപ്പുണ്ടായിരുന്നു. ഈ വിഷയം സഖാവ് എങ്ങനെ വിലയിരുത്തും? 'കലയ്ക്ക് പരിമിതികളില്ല, എല്ലാ കലകൾക്കും അതിന്റേതായ മൂല്യങ്ങളുണ്ട്. തൊഴിലിനോടുള്ള വ്യക്തിയുടെ ആത്മാർത്ഥതയാണ് ഓരോ തൊഴിലിനും തിളക്കവും മൂല്യവും ഉണ്ടാക്കുക' സഖാവ് പറഞ്ഞു.

'മുടി മുറിക്കുന്നവനെയും അലക്കുകാരനെയും കളിമൺ പാത്ര നിർമാതാവിനെയും ഹീന ജാതിക്കാരനായി ചിത്രീകരിച്ചിരുന്ന ചാതുർവർണ്യവ്യവസ്ഥയുടെ കാലം കഴിഞ്ഞിരിക്കുന്നു. അതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്, ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അനേകർക്ക് ഇതൊരു കലയാണെന്ന ബോധം ഉളവാക്കാനും തൊഴിലിൽ വേണ്ട ആത്മധൈര്യം പകരാനും ഈ പുസ്തകം ഉതകട്ടെ. പ്രകാശന കർമ്മം നിർവഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈയെമ്മിന്റെ ആ ഇരിപ്പ് എന്റെ മനസിൽ ഇന്നും ഒളിമങ്ങാത്ത ഒരു കാഴ്ചയാണ്. ചരിഞ്ഞതല, പാറിപ്പറന്ന മുടി, ചീകി ഒതുക്കി ഇടം വലം കത്രിച്ചു മേനി വരുത്തുമ്പോൾ ചിരിച്ചുകൊണ്ട് 'ഭേഷ് ' എന്ന് പറയും. ഓരോ ഇരുപത് ദിവസം കൂടുമ്പോഴും ഇങ്ങനെ പറയുന്നത് വലിയ അംഗീകാരമായി ഞാൻ കരുതുന്നു. ഒരിക്കൽ അമ്പലത്തറയിലുള്ള വാടകവീട്ടിൽ ഈയെമ്മിന് തലമുടി മുറിക്കാൻ പോയി. അത് കഴിഞ്ഞ് അമ്മയുടെ തലമുടി മുറിച്ചു. മകൾ രാധ, മരുമകൻ ഗുപ്തൻ എന്നിവരുടെ താല്പര്യപ്രകാരം ഞാൻ അമ്മയുടെ തലമുടി പറ്റെ മുറിച്ചു. മുടി മുറിച്ചു കഴിയുന്നതുവരെ സംസാരിച്ചിരുന്ന അമ്മ മുടി മുറിച്ചുകഴിഞ്ഞ് നിലക്കണ്ണാടിയിൽ നോക്കി ഞെട്ടി. അമ്മക്കത് സഹിക്കാൻ കഴിഞ്ഞില്ല. തലമുണ്ഡനം ചെയ്‌തോ? ഭർത്താവ് ജീവിച്ചിരിക്കെ തലമുടി പറ്റെ മുറിച്ചതിലുള്ള വ്യാകുലത അവരുടെ മുഖത്ത് തെളിഞ്ഞു. ഇതേസമയം അടുത്ത മുറിയിൽ നിന്ന് സഖാവ് സാവധാനം വന്നു. പത്‌നിയുടെ തലയും അവരുടെ ഭാവപ്പകർച്ചയും കണ്ടു. അവരെ സമാധാനിപ്പിക്കാനെന്നോണം ഈയെമ്മിന്റെ കമന്റ്: 'ഭേഷായിരിക്കുന്നു!' തെറ്റുചെയ്തവനെപ്പോലെ പകച്ചുനിന്ന എന്റെ തോളിൽത്തട്ടി 'ഇനി ഇതുപോലെ മുറിച്ചാൽ മതി'. ഒരാഴ്ച കഴിഞ്ഞ് സഖാവ് നിര്യാതനായി. അദ്ദേഹം എന്നോട് പറഞ്ഞവാക്ക് അറംപറ്റിയത് പോലെ! അമ്മ മരിക്കുന്നതുവരെ സഖാവിന്റെ വാക്ക് ഞാൻ പാലിച്ചു. മുടി പറ്റേ മുറിച്ചു അമ്മയുടെ പരിഭവമില്ലാതെ.
(ലേഖകന്റെ ഫോൺ : 9447001241)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.