മഞ്ഞിൽ വിരിഞ്ഞ കാഴ്‌ചകൾ
April 9, 2017, 11:03 am
പി.ആർ. ലേഖ മോഹൻ
വെളുപ്പിനു ഇത്രയും വെണ്മയോ? ഇത്രത്തോളം വശ്യമായ സൗന്ദര്യമോ?അതിശയിച്ചുപോയി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മഞ്ഞുമലകളിൽ ലയിച്ചു നിൽക്കുമ്പോൾ വേറൊരു ലോകത്തെത്തിയ പ്രതീതി. അതെ, വേറൊരുലോകം തന്നെയാണത്. ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന, ലാസ്റ്റ് കോണ്ടിനന്റ് എന്നറിയപ്പെടുന്ന, ഒരു രാജ്യത്തിനും സ്വന്തമല്ലാത്ത ഭൂഖണ്ഡം.സുഹൃത്തുക്കളുടെ ഇടയിൽ ആരെയെങ്കിലും കുറച്ചുനാൾ കാണാതിരുന്നാൽ നമ്മൾ തമാശയായി ചോദിക്കില്ലേ. നീ എവിടെ ആയിരുന്നു? അന്റാർട്ടിക്കയിൽ പോയിരുന്നോ എന്ന്. ലോകത്തിന്റെ ഏതോ ഒരു വിദൂര കോണിൽ ആർക്കും എത്തിച്ചേരാൻ പറ്റാത്ത മഞ്ഞുമൂടിയ സ്ഥലം. അതാണല്ലോ അന്റാർട്ടിക്ക. അങ്ങനെയുള്ള ഒരു സ്ഥലത്ത് പോകുക. അവിടെയൊക്കെ ചുറ്റി നടക്കുക. സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. എന്നാൽ പ്രശസ്ത ഫോട്ടോഗ്രാഫർ ബാലൻ മാധവൻ സാഹസികമായ ഒരു അന്റാർട്ടിക്ക യാത്രയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഞാനും ഭർത്താവും കൂടി പോകാൻ തീരുമാനിച്ചു.

ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ ഇക്കാര്യം പറഞ്ഞപ്പോൾ ആദ്യം അവരതു തമാശയായിട്ടാണ് എടുത്തത്. പിന്നെ സത്യമാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു. അങ്ങനെ അന്റാർട്ടിക്കയിലേക്ക് ആർക്കു വേണമെങ്കിലും പോകാമോ? എങ്ങനെ പോകും? തണുപ്പ് സഹിക്കാൻ പറ്റുമോ? അങ്ങനെ നൂറുനൂറു ചോദ്യങ്ങൾ. ഒന്നിനും എനിക്കും ഉത്തരമില്ലാതിരുന്നതിനാൽ പോയി വന്നിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ കേരളത്തിൽ നിന്നും ആദ്യമായി 20 പേർ അടങ്ങുന്ന സംഘം അന്റാർട്ടിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യാർട്ടിക്ക എന്ന് ഞങ്ങൾ പേരിട്ട സംഘത്തിൽ വിവിധ മേഖകളിലുള്ളവരുണ്ട്, മിക്കവാറും പേർ ഫോട്ടോഗ്രഫിയിൽ നല്ല പ്രാവീണ്യമുള്ളവർ. ചിലി, സൗത്ത് ആഫ്രിക്ക, അർജന്റീന, ന്യൂസിലാൻഡ് എന്നീ നാലു രാജ്യങ്ങൾ വഴി മാത്രമേ അന്റാർട്ടിക്കയിൽ എത്താൻ കഴിയൂ. ചിലി വഴിയായിരുന്നു ഞങ്ങളുടെ യാത്ര. വിമാനത്തിൽ ദോഹ വഴി ബ്രസീലിലെ സാവോ പോളോയിലൂടെ ചിലിയുടെ ഏറ്റവും പ്രശസ്ത പുത്രനായ പാബ്‌ളോ നെരൂദയുടെ നാടായ സാന്റിയാഗോയിൽ ആണ് ആദ്യം എത്തിയത്. തീവ്രമായ വിപ്ലവചിന്തകളും കാല്പനിക പ്രണയകവിതകളും ലോകത്തിന് സമ്മാനിച്ച നെരൂദയുടെ പാദസ്പർശമേറ്റ സ്ഥലവും അദ്ദേഹം തന്നെ രൂപകല്പന ചെയ്ത വീടും അങ്ങനെ കാണാൻ കഴിഞ്ഞു. അവിടുന്നു വീണ്ടും ചിലിയുടെ തെക്കേ അറ്റമായ പറ്റഗോണിയ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തലസ്ഥാനമായ പുന്റ അരിനാസിലേക്ക്. സാന്റിയാഗോയിൽ താപനില 38 ഡിഗ്രി ആയിരുന്നെങ്കിൽ തീരദേശമായ ഇവിടെ അത് 6 ഡിഗ്രി ആയി കുറഞ്ഞു. എങ്കിലും അപ്രതീക്ഷിതമായ തണുപ്പും ചെറിയ ചാറ്റൽ മഴയും ഒന്നും വകവയ്ക്കാതെ വിഖ്യാത ദേശ സഞ്ചാരി ഫെർഡിനാന്റ് മഗലന്റെ പ്രതിമയുടെ അടുത്തുനിന്നു ഫോട്ടോ എടുക്കാൻ എല്ലാവരും തിക്കിത്തിരക്കി. അതുമാത്രമല്ല, ആ പ്രതിമയിൽ കൂടെയുള്ള തദ്ദേശവാസിയായ ഒരാളുടെ കാലിൽ ഒന്നു ചുംബിക്കുകയും വേണം. അങ്ങനെ ചെയ്താൽ നമ്മൾ വീണ്ടും ഇവിടെയെത്തുമെന്നാണ് വിശ്വാസം. അപ്പോൾ പിന്നെ ഒന്നു ചുംബിക്കാതെ മടങ്ങാൻ ആർക്കു തോന്നും.

പിന്നീട് അധികം വൈകാതെ തന്നെ പാതിരാസൂര്യൻ എന്നർത്ഥമുള്ള മിഡ്നറ്റ്‌സോൾ എന്ന കപ്പലിൽ ഞങ്ങൾ യാത്ര തുടങ്ങി. മഗലൻ കടലിടുക്കിലൂടെ ഒരു രാത്രി യാത്ര ചെയ്തുകഴിഞ്ഞപ്പോൾ തന്നെ വെള്ളത്തിലൂടെ ഐസ് കട്ടകൾ ഒഴുകി നടക്കുന്നതു കണ്ടു തുടങ്ങി. മഞ്ഞുകട്ടിയിലൂടെ യാത്ര ചെയ്യാൻ പാകത്തിന് ഐസ് ബ്രേക്കർ ഒക്കെ ഘടിപ്പിച്ച ഞങ്ങളുടെ കപ്പൽ ആദ്യം നങ്കൂരമിട്ടത് ഗരിബാൾടി ഫിയോട്സിലാണ്. കപ്പലിൽ നിന്നു ചെറിയ റബർ ബോട്ടുകളിൽ കയറി മഞ്ഞുമലകളുടെ അടുത്തെത്തി. തൂവെള്ളയ്ക്കിടയിൽ ആകാശ നീലിമ കലർന്ന ഹിമ പർവ്വതങ്ങൾ അതിമനോഹര ദൃശമായിരുന്നു. അന്തരീക്ഷത്തിലെ വായുവുമായി പ്രതികരിക്കുമ്പോഴുള്ള രാസമാറ്റം കൊണ്ടുണ്ടാകുന്നതാണ് ഈ നീലനിറം. നോക്കിയിരിക്കെ വലിയ ശബ്ദത്തോടെ കൂറ്റൻ മഞ്ഞുകട്ടകൾ അടർന്നുവീണു. ഞങ്ങൾ പോയ ജനുവരിമാസം അന്റാർട്ടിക്കൻ പ്രദേശത്തെ വേനൽ കാലമാണ്. അപ്പോൾ മഞ്ഞുരുകി വീഴുന്നതാണിങ്ങനെ. എന്നാൽ ശൈത്യകാലത്ത് മൈനസ് 70 ഡിഗ്രിയോളം താപനിലയാണ്. അപ്പോൾ സമുദ്രജലം ഐസായി ഇവിടം സഞ്ചാരയോഗ്യമല്ലാതായി തീരും. വർഷത്തിൽ നവംബർ മുതൽ മാർച്ചുവരെയുള്ള അഞ്ചുമാസം മാത്രമേ അന്റാർട്ടിക്കയിൽ പോകാൻ കഴിയൂ.

ഹുങ്കാരത്തോടെയുള്ള ഹിമപ്രവാഹം കണ്ടിരിക്കെ സിംഹഗർജനം പോലെയുള്ള വേറൊരു ശബ്ദം പെട്ടെന്ന് കേട്ടു. ആ സ്ഥലത്തേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ചാരനിറമുള്ള ഒരു കൂട്ടം കടൽ സിംഹങ്ങൾ മഞ്ഞുപാറകളിലിരിക്കുന്നു. സിംഹത്തിനോളം ഭംഗിയില്ലെങ്കിലും അതിനോളം തന്നെയുള്ള ശൗര്യവും ശബ്ദവും അവയിൽ കണ്ടു. അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു അത്. ഈ പ്രദേശങ്ങളിൽ പെൻഗ്വിനുകൾ മാത്രമായിരിക്കും എന്നാണല്ലോ പൊതുവേയുള്ള ധാരണ. രണ്ടാം ദിവസം ഉറങ്ങി എണീറ്റത് ലോകത്തിന്റെ ഏറ്റവും അറ്റത്തുള്ള സിറ്റി എന്നറിയപ്പെടുന്ന പോർട്ട് വില്യംസി ലാണ്. ചിലിയൻ അന്റാർട്ടിക്കയുടെ സുപ്രധാന കേന്ദ്രമായ ഈ സ്ഥലത്തുകൂടി വേണം കേപ്‌ഹോണിലെത്താൻ. വളരെ ദൂരത്തുനിന്നുതന്നെ കേപ്‌ഹോൺ ദൃശ്യമാകും. അവിടെ പാറക്കെട്ടിനു മുകളിൽ വളരെ ഉയരത്തിലായി പറക്കുന്ന ആൽബട്രോസ് പക്ഷിയുടെ ഒരു രൂപമുണ്ട്. ഈ മുനമ്പ് ചുറ്റിക്കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് മരണമടഞ്ഞ ആയിരക്കണക്കിന് നാവികരുടെ ഓർമ്മയ്ക്കായുള്ള സ്മാരകമാണത്. ഇവിടം കഴിഞ്ഞാൽ പച്ചപ്പ് പാടെ അപ്രത്യക്ഷമാകും. ശൈത്യത്തിന്റെ കാഠിന്യം കൂടി വരും. കടൽ പ്രക്ഷുബ്ധമായി തുടങ്ങും. ലോകത്തിലെ ഏറ്റവും പ്രയാസമേറിയതും ദുർഘടവുമായ ഡ്രേക് പാസേജ് തരണം ചെയ്തുവേണം അന്റാർട്ടിക്കയിൽ എത്താനും പിന്നീട് തിരിച്ചു വരാനും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ കടൽ യാത്രയിൽ അങ്ങോട്ടുപോയപ്പോൾ ഒരുവിധം പിടിച്ചു നിൽക്കാനായെങ്കിലും മടക്കയാത്രയിൽ ഒരു കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞു. ഒമ്പതാം നിലയിലെ ഡെക്ക് വരെ ആഞ്ഞടിച്ചുയർന്ന അലകളിൽ ഞാനുൾപ്പെടെ പലരും കടൽച്ചൊരുക്കിനു അടിമപ്പെട്ടുപോയി. കടൽ ശാന്തമായി തീർന്ന ഒരു പ്രഭാതത്തിൽ കണ്ണു തുറന്നപ്പോൾ വെള്ള പരവതാനി കൊണ്ടുമൂടിയ ഒരു വെളുത്ത സ്വർഗലോകമാണ് മുന്നിൽ കണ്ടത്. എല്ലാ ക്ഷീണവും അതിൽ അലിഞ്ഞുപോയി. ഒരു പച്ചിലപോലുമില്ലാത്ത, മനുഷ്യവാസമില്ലാത്ത, നിശബ്ദതയിൽ മുങ്ങിക്കുളിച്ച് നോക്കെത്താദൂരത്തോളം മഞ്ഞുമലകൾ മാത്രമുള്ള ഒരു മാസ്മര ലോകം. അനിർവചനീയമായ ഈ കാഴ്ച കണ്ട് എല്ലാവരും കുറച്ചുസമയത്തേക്ക് ഏതോ ചിന്തകളിൽ മുഴുകി നിന്നുപോയി. കറുപ്പും വെളുപ്പും കുപ്പായമിട്ട കന്യാസ്ത്രീകളെ പോലെ പെൻഗ്വിനുകളും ഒരേ കാൻവാസിൽ കോറിയിട്ട ജീവനുള്ള ചിത്രങ്ങൾ പോലെ അവിടവിടെയായി കാണപ്പെട്ടത് ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കി.

കപ്പലിനുള്ളിൽ താപനില ക്രമീകരിച്ചിരുന്നതിനാൽ പുറത്തെ മൈനസ് 14 ഡിഗ്രി തണുപ്പൊന്നും നമ്മൾ അറിഞ്ഞിരുന്നില്ല. പക്ഷേ മരം കോച്ചുന്ന തണുപ്പും കാറ്റുമൊക്കെ ചെറുക്കാൻ എല്ലാ മുൻ കരുതലുകളും എടുത്തിട്ടുവേണം പുറത്തേക്കിറങ്ങാൻ. കമ്പിളി വസ്ത്രങ്ങളും ലൈഫ് ജാക്കറ്റുമൊക്കെ നിർബന്ധമാണ്. വേറെയും പ്രത്യേക തയ്യാറെടുപ്പുകൾ കഴിഞ്ഞാലേ അന്റാർട്ടിക്കയിൽ കാല് കുത്താൻ കഴിയുകയുള്ളൂ. നമ്മൾ ധരിക്കുന്ന ജാക്കറ്റ് വാക്വം ചെയ്തു ഇടുന്ന ബൂട്ട്സ് ഒക്കെ പൊട്ടാസ്യം പെർമാംഗനേറ്റിൽ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ ബോട്ടിൽ കയറാനാകൂ. ഭക്ഷണ പദാർത്ഥങ്ങൾ പോയിട്ട് ഒരു നുള്ള് മണ്ണുപോലും ആ ഭൂഖണ്ഡത്തിൽ കൊണ്ടുപോയി അവിടം മലിനമാക്കാൻ പാടില്ല. തുപ്പുകയോ മൂത്രമൊഴിക്കുകയോ അരുത്. അതുപോലെ അവിടെ നിന്നും ഒന്നും എടുക്കാനും സമ്മതിക്കില്ല. പാലിക്കേണ്ട മര്യാദകളൊക്കെ നമ്മളെ മുൻകൂട്ടി അറിയിക്കും. കപ്പലിലെ ആംഫി തിയേറ്ററിൽ ഇടവിട്ട സമയങ്ങളിൽ നമ്മൾ കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ചുളള ഡോക്യുമെന്ററി ചിത്രങ്ങളും അവിടെയുള്ള പക്ഷികളെയും മറ്റു ജീവജാലങ്ങളെയും കുറിച്ചൊക്കെയുള്ള വിശദമായ ചർച്ചകളും പ്രഭാഷണങ്ങളുമൊക്കെ ദിവസേന ഉണ്ടാകും.
അഞ്ചുദിവസം കൊണ്ട് അന്റാർട്ടിക്കയിലെ പല സ്ഥലങ്ങളും കാണാനായി. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ടായിരുന്നു. അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഷെട്ലാൻഡ് ദ്വീപ സമൂഹത്തിലുള്ള ഹാഫ് മൂൺ ദ്വീപിലേക്കാണ് ഞങ്ങളും ആദ്യം പോയത്. ചരലുകൾ നിറഞ്ഞ മഞ്ഞുപാകിയ കരയിൽ ആദ്യമായി കാലുകുത്തിയപ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ഞങ്ങളെ സ്വീകരിക്കാൻ പെൻഗ്വിനുകളും ഉണ്ടായിരുന്നു.

ആദ്യമൊക്കെ കുറച്ചു പാടുപെട്ടെങ്കിലും മഞ്ഞിൽ വടികുത്തി മല കയറാൻ പെട്ടെന്നുതന്നെ പഠിച്ചു. പാറക്കെട്ടിനുമുകളിൽ നൂറുകണക്കിന് പെൻഗ്വിനുകൾ തിങ്ങിപ്പാർക്കുന്നത് ഒരു അദ്ഭുത കാഴ്ചയായിരുന്നു. മനുഷ്യരെ അവർക്ക് തെല്ലും ഭയമില്ലെന്നു തോന്നി. ഭക്ഷണത്തിനായി കടലിലേക്കും തിരിച്ചു കരയിലേക്കും നിരന്തരം യാത്ര ചെയ്യുന്ന പെൻഗ്വിൻ 'ഹൈവേ' യിൽ കൂടി നടക്കാൻ നമുക്ക് അനുവാദമില്ല എന്നുമാത്രം. ആ വഴി മാറി വേണം നമ്മൾ നടക്കാൻ. ലോകത്തെ പതിനേഴു തരം പെൻഗ്വിനുകളിൽ ഏഴെണ്ണം അന്റാർട്ടിക്കയിൽ മാത്രം കാണുന്നവയാണ്. തലയ്ക്ക് താഴെയായി ചെറിയ ഒരു കറുത്ത ബാൻഡുള്ളതുകാരണം ഹെൽമറ്റ് ധരിച്ച ഒരു പ്രതീതി ഉളവാക്കുന്ന ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ കോളനിയാണ് ഹാഫ് മൂൺ ദ്വീപിലുള്ളത്.

അടുത്തുള്ള ഡിസെപ്ഷൻ ദ്വീപിലെ വേയിലേഴ്സ് ബേയിലെ കാഴ്ച തീർത്തും വ്യത്യസ്തമായിരുന്നു. അന്റാർട്ടിക്ക ഭൂഖണ്ഡം കണ്ടുപിടിച്ചശേഷം അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും നാവികരെത്തി തിമിംഗലങ്ങളെയും നീർനായകളെയും കൂട്ടത്തോടെ വേട്ടയാടിയിരുന്നു. അവയെ കൊന്ന് എണ്ണയും രോമവുമൊക്കെ ശേഖരിക്കുന്നതിനുളള കൂറ്റൻ ബോയിലറുകൾ മനുഷ്യന്റെ ക്രൂരതയുടെ പ്രതീകമായി ഇപ്പോഴും അവിടെയുണ്ട്. സജീവമായ അഗ്നിപർവതമുള്ള അന്റാർട്ടിക്കയിലെ രണ്ടു സ്ഥലങ്ങളിൽ ഒന്നാണിവിടം. കരിമണൽ തീരത്താകെ ഒരു മൂടൽമഞ്ഞ് സൃഷ്ടിച്ചുകൊണ്ട് സൾഫർ പുക പറന്നുയരുന്നുണ്ടായിരുന്നു. തീർത്തും വൈരുദ്ധ്യമായ ഒരു പ്രതിഭാസം ഇവിടെ കാണാനായി. കടലിലെ ഐസ് വെള്ളത്തിനോടു ചേർന്ന് കിടക്കുന്ന കരിമണലിൽ ഒന്നു വിരലിട്ട് കുഴിച്ചാൽ തിളച്ചു പുകയുന്ന വെള്ളം. ചരിത്ര സ്മാരകമായി സൂക്ഷിച്ചിരിക്കുന്ന ഈ സ്ഥലത്ത് ഒരു അഗ്നിപർവത സ്‌ഫോടനത്തിൽ നശിച്ചുപോയ ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളും അതു പോലെ നിലകൊള്ളുന്നു. കുറച്ചകലെയുള്ള വിൽഹെൽമിനാ ബേയ്ക്ക് വേയിൽമിനാ ബേയ് എന്ന ഓമനപ്പേരുമുണ്ട്. അത് ശരിവക്കുംവിധം യാത്രാമദ്ധ്യേ ഹംപ്ബാക് ഇനത്തിൽപെട്ട തിമിംഗലങ്ങൾചിലപ്പോൾ മൂന്നും നാലുമൊക്കെ ഒരുമിച്ച് കപ്പലിനടുത്തുവന്നു. ഞങ്ങൾക്ക് വേണ്ടിയെന്ന പോലെ വെള്ളത്തിൽ ഊളിയിട്ട് ഉയർന്നുവന്ന് അവയുടെ ഭീമാകാരമായ ശരീര സൗന്ദര്യം മുഴുവനും നമ്മളെയൊന്ന് കാണിച്ചിട്ട് പെട്ടെന്ന് തന്നെ മുക്രയിട്ടു അപ്രത്യക്ഷമാവും. കണ്ണാടികൂട്ടിലല്ലാതെ വിശാലമായ സമുദ്രത്തിൽ ഇവയെ കാണുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാൻ കഴിയില്ല. ഇവിടുന്ന് നീങ്ങി നീക്കോ തുറമുഖത്തേക്ക് അടുക്കുമ്പോൾ ലെപ്പേട് സീൽസ് എന്ന നീർനായകളെയാണ് കാണുക. വെള്ളത്തിലിറങ്ങുന്ന പെൻഗ്വിനുകളാണ് ഇവയുടെ ഇരയെങ്കിലും കരയിൽ ഇവർ ഒരുമിച്ചിരിക്കുന്ന കാഴ്ച രസകരമാണ്. ഇവയെ കൂടാതെ വെടൽ, എലിഫെന്റ് സീൽസ് എന്നീ ഇനത്തിൽപ്പെട്ട നീർനായകളെയും മറ്റിടങ്ങളിൽ കാണാൻ കഴിഞ്ഞു.

കണ്ണിനു മുകളിൽ ടർബർ കെട്ടിയതുപോലെയുള്ള ജന്റൂ പെൻഗ്വിനുകൾ മുട്ടയിടാനായി കൂട്ടത്തോടെ ചേക്കേറുന്ന സ്ഥലമാണ് ക്യുവർവിൽ ദ്വീപ്. കൂട്ടംകൂട്ടമായി പെൻഗ്വിനുകൾ അനങ്ങാതെ ഇരിക്കുന്നതു കണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ മിക്കവയുടെയും അടിയിൽ കുഞ്ഞുങ്ങൾ ചെറുകിയിരിക്കുന്നതായി കണ്ടു. കുഞ്ഞുങ്ങളെ റാഞ്ചികൊണ്ടുപോകാൻ സ്‌കൂവാ പക്ഷികൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അതുകാരണം ദേഹംകൊണ്ട് പൂർണമായി കുഞ്ഞുങ്ങളെ മറച്ചുപിടിച്ച് ഭക്ഷണം കൊടുക്കാൻ മാത്രം അവ ഒന്നനങ്ങും. ഇത്രയധികം പെൻഗ്വിനുകളെയും കുഞ്ഞുങ്ങളെയും കണ്ട് ശരിക്കും സ്തംഭിച്ചുപോയി. മഗലാനിക് പെൻഗ്വിൻ, റോക്‌ഹോപ്പർ, പിന്നെ ചുവന്ന ചുണ്ടും മഞ്ഞ കഴുത്തുമായി തലയെടുപ്പുള്ള കിംഗ് പെൻഗ്വിനുകളെയും ഈ യാത്രയിൽ കണ്ടു.

സ്‌കൂവാ, പെട്രൽ,ഗൾ, കൊർമറന്റ് തുടങ്ങി പലവിധം പക്ഷികളും ഇവിടെയുണ്ടെങ്കിലും വിശ്വവിഖ്യാത കൃതികളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള ആൽബട്രോസ് എന്ന പക്ഷിയാണ് ഏറ്റവും ആകർഷകമായി തോന്നിയത്. സങ്കൽപത്തിൽ മാത്രമുണ്ടായിരുന്ന ആ പക്ഷിയുടെ സൗന്ദര്യം എങ്ങനെയാണ് വർണ്ണിക്കുക. പക്ഷികളിൽ തന്നെ ഏറ്റവും നീളമുള്ള ചിറകുള്ള ഇവയെ കണ്ടാണോ മനുഷ്യർ വിമാനം രൂപകല്പന ചെയ്തത് എന്ന് തോന്നിപ്പോകും. ചിലപ്പോഴൊക്കെ കപ്പലിന്റെ ഡെക്കിൽ നിൽക്കുമ്പോൾ കാറ്റത്ത് നമ്മൾ പറന്നു പോകുമെന്ന് തോന്നും. പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്നു തിരിച്ചറിയപ്പെടുന്ന നിമിഷങ്ങൾ. ആഞ്ഞുവീശുന്ന ഈ കാറ്റത്ത് മണിക്കൂറുകളോളം നിലംതൊടാതെ. പറക്കാൻ ഇവയ്ക്ക് കഴിയും. 50 മുതൽ 70 വർഷം വരെ ജീവിക്കുന്ന ബ്ളാക് ബ്രോവ്ട് ആൽബട്രോസ് ഇനത്തിൽപ്പെട്ട പക്ഷികൾ കൂട്ടത്തോടെ മുട്ടയിട്ടു കുഞ്ഞുങ്ങളുമായി ഇരിക്കുന്ന കോളനിയിലേക്കും ഞങ്ങൾ പോയി.

അങ്ങനെ ഓരോ ദിവസവും വേറിട്ട കാഴ്ചകൾ കണ്ടാണ് ഉറങ്ങാൻ കിടക്കുന്നത്. രാത്രിയാവുന്നതുകൊണ്ടല്ല ആരും ഉറങ്ങുന്നത്. അന്റാർട്ടിക്കയിൽ പതിനൊന്നു മണി കഴിഞ്ഞാണ് സൂര്യൻ അസ്തമിക്കുന്നത്. അതുവരെയും തെളിഞ്ഞ പ്രകാശമാണ്. മൂന്നുനാലുമണിക്കൂറിനുളളിൽ തന്നെ സൂര്യൻ ഉദിക്കുകയും ചെയ്യും. കാഴ്ചകൾ കൂടാതെ അന്റാർട്ടിക്കയിൽ എത്തുന്നവർക്ക് പയറ്റി നോക്കാനായി സാഹസികമായ ഒരുപിടി കാര്യങ്ങളും ഒരുക്കിയിരുന്നു. സ്‌നോവാക്ക്, കയാക്കിംഗ് കൂടാതെ ഏറ്റവും വെല്ലുവിളി ഉയർത്തിയത് നീന്തൽ വേഷം മാത്രം ധരിച്ചുകൊണ്ട് മൈനസ് ഡിഗ്രി താപനിലയിലെ വെള്ളത്തിൽ മുങ്ങി വന്നാൽ കിട്ടുന്ന ധീരതാ സർട്ടിഫിക്കറ്റായിരുന്നു. ആദ്യ ധൈര്യശാലിയായി ഞങ്ങളുടെ ഗ്രൂപ്പിലുള്ള കൊല്ലംകാരൻ മനോജ് എന്ന ചെറുപ്പക്കാരൻ മലയാളത്തനിമയോടെ മുണ്ടുടുത്തു വെള്ളത്തിലിറങ്ങി നീന്തിക്കയറി. അതിനുശേഷം തണുത്തു മരവിച്ചെങ്കിലും ഗ്രൂപ്പിലെ മിക്കവാറും എല്ലാവരും ഈ യാത്രയുടെ ഹൈലൈറ്റായ അന്റാർട്ടിക്ക ഡിപ്പിന് തുനിഞ്ഞു.

ഒടുവിൽ അഞ്ച് സുന്ദരനാളുകൾക്ക് ശേഷം മറക്കാനാവാത്ത ഓർമ്മകളുമായി അന്റാർട്ടിക്കയിൽ നിന്നും ലമെയർ ചാലുവഴി ഞങ്ങൾ മടങ്ങി. കണ്ണാടിപോലെ തെളിഞ്ഞ ശാന്തമായ ഈ ജലാശയത്തിൽ ഇരുവശങ്ങളിലുമുള്ള കൂറ്റൻ മഞ്ഞുമലകളുടെ പ്രതിബിംബം. പല ആകൃതിയിലും വലിപ്പത്തിലുമുള്ള മഞ്ഞുപാളികളിൽ സൂര്യകിരണങ്ങൾ തട്ടിയപ്പോൾ അവ സ്വർണ തീഗോളങ്ങൾപോലെ ജ്വലിച്ചു. വർണ്ണാഭമായ ഫ്‌ളോട്ടുകൾ പോകുന്ന പോലെ ജലഘോഷയാത്രയായി ഞങ്ങളുടെ മുന്നിലൂടെ ഒഴുകി നടന്ന മഞ്ഞുശില്പങ്ങളെ കാമറാ കണ്ണുകൾ ഒപ്പിയെടുത്തു. എവിടെനിന്ന് എങ്ങനെ പടമെടുത്താലും മനോഹരമായിരിക്കുന്ന ഈ സ്ഥലം 'കൊഡാക് ഗ്യാപ് ' എന്നും അറിയപ്പെടുന്നു. നീർനായകളെയും ഫിൻവെയിലുകളെയും ഒക്കെ ഇവിടെ കണ്ടെങ്കിലും അന്റാർട്ടിക്കയിൽ നിന്നു മടങ്ങുന്ന വിഷമം എല്ലാവരിലും അനുഭവപ്പെട്ടു.
പതിനെട്ട് നാൾ ഒരുമിച്ച് ആഹ്ളാദത്തോടെ പങ്കിട്ട ദിവസങ്ങളും കാഴ്ചകളും ഓർമ്മയിൽ എന്നന്നേക്കുമായി സൂക്ഷിച്ചുകൊണ്ട് മദർ ഒഫ് ആൾ ട്രിപ്സ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യാത്രയ്ക്ക് തിരശീല വീണു. എങ്കിലും മനസിനെ മദിക്കുന്നത് ഈ ഭൂമി എത്ര മനോഹരമാണെന്നും പ്രകൃതിയുടെ മുന്നിൽ മനുഷ്യർ എത്ര നിസാരമാണെന്നും ഉള്ള തിരിച്ചറിവാണ്. നിർമ്മലമായ ഈ സ്ഥലം ഭൂമിയിൽ എന്നെന്നും നിലനിൽക്കണമെന്നുള്ളത് നമ്മുടെ കൂടെ ആവശ്യമാണ്. ലോകത്ത് ആകെയുള്ള ശുദ്ധജലത്തിന്റെ 70 ശതമാനവും ഐസിന്റെ 80 ശതമാനവുമുള്ള ഇവിടം ആഗോള ഉഷ്ണത്തിൽ അലിഞ്ഞു തുടങ്ങിയാലുള്ള ഭയാനകത നമ്മൾ ചിന്തിക്കണം.പ്രകൃതിയുടെ ഭൂസ്വത്ത് സംഹരിക്കുന്നതിലല്ല സംരക്ഷിക്കുന്നതിലാണ് നമ്മുടെ സുരക്ഷ എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.
(ലേഖികയുടെ ഇ മെയിൽ : lemozone@gmail.com)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ