Monday, 24 April 2017 9.11 AM IST
ലിച്ചിയോട് എനിക്കും പ്രണയം
April 10, 2017, 8:30 am
അഞ്ജലി വിമൽ
ലിച്ചി... പേര് പോലെ സ്വാദും മധുരവും നിറഞ്ഞ പഴം.അങ്കമാലിയിലുമുണ്ടൊരു ലിച്ചി..മധുരം നിറഞ്ഞ, പ്രണയം തുളുമ്പിയ ഒരു സുന്ദരി ലിച്ചി.ഓരോ വാക്കിനും ശേഷം പൊട്ടി വീഴുന്ന ചിരികൾ...കുസൃതി നിറഞ്ഞ നോട്ടം, വാക്കുകൾ...ആലുവക്കാരിയായ രേഷ്മ രാജനെ അറിയുന്നവർക്ക് ലിച്ചിയും രേഷ്മയും രണ്ടാണെന്ന് പറയാനാകില്ല.

നിമ രേഷ്മയുടെ സ്വപ്നമായിരുന്നു. കുട്ടിക്കാലത്ത് ഓരോ സിനിമയും കണ്ടുകഴിഞ്ഞാൽ പിന്നെ കണ്ണാടിക്കു മുന്നിൽ രേഷ്മയുടെ വക നായികയെ പുനരവതിരിപ്പിക്കലുണ്ടാകും. അച്ഛന്റെ പ്രോത്സാഹനം കൂടി കിട്ടിത്തുടങ്ങിയതോടെ അഭിനയത്തോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. വളരുമ്പോൾ സിനിമാനടിയാവുക അതായിരുന്നു മുന്നിലുള്ള ലക്ഷ്യം. പിന്നീട്, നഴ്സിംഗ് പഠിക്കാനായി പോയതോടെ എല്ലാ മോഹങ്ങളും പൂട്ടി പെട്ടിയിലാക്കി വന്നു. സ്വപ്നത്തിൽ നിന്ന് നേരെ റിയാലിറ്റിയിലേക്കുള്ള ഒരു പറിച്ചു നടൽ. മരുന്ന്, രോഗികൾ, ആശുപത്രി... ഇതിനിടിയൽ സിനിമാമോഹവും മറന്നു. വിദേശത്ത് പോയി അവിടത്തെ മികച്ച ഒരു ഹോസ്പിറ്റലിൽ നഴ്സാവുക എന്നതായി അടുത്ത സ്വപ്നം. രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാമെന്ന അവസ്ഥ എത്തിയപ്പോഴാണ് രേഷ്മയുടെ ജീവിതം തന്നെ മാറ്റിയെഴുതിയ ഫ്രൈഡേ ഫിലിംസിൽ നിന്ന് ആ ഫോൺ കോൾ എത്തുന്നത്. അതോടെ, പെട്ടിയിലായ സ്വപ്നം പിന്നെയും ചിറക് വിടർത്തി. വീണ്ടും രേഷ്മയുടെ മനസിലേക്ക് സിനിമ.

''ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ പലരും എന്നോട് പറഞ്ഞത് ചിത്രം അങ്കമാലിയിൽ മാത്രമേ ഓടൂ എന്നാണ്. അധികം പ്രതീക്ഷയൊന്നും വയ്ക്കണ്ട. ഇത് അങ്കമാലിയിൽ മാത്രം റിലീസ് ചെയ്താൽ മതിയെന്ന് വരെ പലരും പറഞ്ഞു. അതൊക്കെ കേട്ട് അന്ന് കുറച്ചു വിഷമം തോന്നിയിരുന്നെങ്കിലും ഇന്ന് ഹാപ്പിയാണ്. അങ്ങനെ പറഞ്ഞവരോടെല്ലാം ഒരു മധുര പ്രതികാരം വീട്ടാനായി. അനുരാഗ് കശ്യപ് വരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞില്ലേ.. അതിലും വലുതൊന്നും ഇനി വേണ്ടന്നേ.... ശരിക്കും സന്തോഷമായി. ഞങ്ങളുടെ കഷ്ടപ്പാടിനൊക്ക ഫലം കണ്ടു. ''

ഇതുവരെ ആരും കാട്ടാത്ത ധൈര്യമായിരുന്നു അങ്കമാലി ഡയറീസിൽ ലിജോ ജോസ് പെല്ലിശേരി കാട്ടിയത്. അഭിനയത്തിൽ മുൻപരിചയങ്ങളൊന്നുമില്ലാത്ത കുറേ താരങ്ങളെ ഒന്നിപ്പിച്ച് ഒരു സിനിമ. ആ പരീക്ഷണം വിജയിച്ചു.

''86 പുതുമുഖ താരങ്ങളാണ് ഞങ്ങൾ, അതൊരു വലിയ അനുഗ്രഹമായിരുന്നു.'' അത് പറഞ്ഞ് രേഷ്മ പൊട്ടിച്ചിരിക്കുന്നു, ലിച്ചിയുടെ അതേ ചിരി. '' വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഇതിനേക്കാൾ വലിയ ടെൻഷൻ ആകും. ഇത് ഞാനും പുതിയത്, നായകനും പുതിയത്, വില്ലനും പുതിയത്, ഓരോരുത്തരും പുതിയത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സിനിമയുടെ സെറ്റ് വളരെ കംഫർട്ടബിൾ ആയിരുന്നു. ആദ്യ ആഴ്ച തന്നെ എല്ലാവരും തമ്മിൽ പെട്ടെന്ന് അടുത്തു. അത് അഭിനയത്തെയും സഹായിച്ചു. സിനിമയിലെ കാരക്ടറിന്റെ പേരിലാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത്. ഞാൻ ഇപ്പോഴും ലിച്ചി തന്നെ, അതുപോലെ പെപ്പെ, കണകുണൻ, അപ്പാനി രവി അങ്ങനെ സിനിമയിലെ പേരിൽ തന്നെയാണ് എല്ലാരും അറിയപ്പെടുന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഒരു ക്യാമ്പ് വച്ചിരുന്നു. അഭിനയവും മറ്റു ക്ലാസുകളും ഉണ്ടായിരുന്നു. പരസ്പരം സഹായിച്ചാണ് ഓരോരുത്തരും അഭിനയിച്ചത്. അതുകൊണ്ട് ഒരാൾ ഡയലോഗ് തെറ്റിച്ചാൽ ബാക്കിയുള്ളവർക്ക് ആ ഡയലോഗ് വരെ കാണാപ്പാഠമായിരുന്നു. ആലുവക്കാരിയായതുകൊണ്ട് എനിക്ക് അങ്കമാലി ഭാഷ വലിയ പ്രശ്നമായില്ല. പിന്നെ, ലിജോ സാറും എല്ലാവരെയും സഹായിക്കുന്ന പെരുമാറ്റമായിരുന്നു.

രാജഗിരി ഹോസ്പിറ്റൽ എമർജൻസി വിഭാഗത്തിൽ നഴ്സായിരുന്ന രേഷ്മയെത്തേടി സിനിമ എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഹോസ്പിറ്റലിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി അവിടെ ചെയ്ത ഒന്നുരണ്ട് പരിപാടികളിൽ അവതാരകയാകുകയും ഹോസ്പിറ്റലിന്റെ ഒരു കോർപ്പറേറ്റ് വീഡിയോയിൽ അഭിനയിക്കുകയും ചെയ്തത് രേഷ്മയായിരുന്നു. പിന്നീട് ഒരു പരസ്യബോർഡും ചെയ്തു. ശരിക്കും ആ ചിത്രമായിരുന്നു രേഷ്മയെ സിനിമയിലെത്തിച്ചത്.

യാദൃശ്ചികമായി ആ ചിത്രം. വിജയ് ബാബുസാർ കണ്ടിരുന്നു. അദ്ദേഹമാണ് എന്നെ കുറിച്ച് ലിജോ സാറിനോട് പറയുന്നത്. അവര് എന്നെ കുറേ അന്വേഷിച്ചു നടന്നു. പരസ്യകമ്പനിയിലും അന്വേഷിച്ചു. ഒടുവിൽ ഹോസ്പിറ്റലിൽ വന്നിട്ടാണ് എന്നോട് അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. എന്താ റോളെന്ന് ചോദിച്ചപ്പോൾ നായികയാണെന്ന് പറഞ്ഞെങ്കിലും ഞാൻ അത്ര വിശ്വസിച്ചില്ല. ലൊക്കേഷനിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി. ''

ജീവിതത്തിലും സിനിമയിലും രേഷ്മ നഴ്സിന്റെ ജോലി ഭംഗിയായി ചെയ്തു. ആദ്യ സിനിമയിൽ തിളങ്ങാൻ തന്റെ പ്രൊഫഷൻ സഹായിച്ചിട്ടുണ്ടെന്നും രേഷ്മ പറയുന്നു.
'' ഞാൻ ഒരു നഴ്സായിരുന്നെങ്കിലും സിനിമയിലെ നഴ്സിന് നഴ്സിന്റെ വേഷമൊന്നും ഉണ്ടായിരുന്നില്ല. ആകെ വഴക്കു പറയുന്ന സീൻ മാത്രേ ഉണ്ടായിരുന്നോളൂ. അഭിനയിച്ചുവെന്ന് തോന്നാത്ത തരത്തിലായിരിക്കണം ഓരോ ഷോട്ടുമെന്ന് ആദ്യമേ ലിജോ സാർ പറഞ്ഞിരുന്നു. അത് ഞങ്ങളെല്ലാവരും തുടക്കം മുതലേ ശ്രദ്ധിച്ചു. ആദ്യ ഷോട്ട് ഞാനും പെപ്പയും പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്നതാണ്. ഞങ്ങളോട് പ്രാർത്ഥിക്കാൻ പറഞ്ഞു. പാട്ട് സീനിൽ ആ രംഗമുണ്ട്. ഞങ്ങൾ രണ്ടാളും കൂടി കണ്ണടിച്ചിരുന്നു ഉറക്കെ പ്രാർത്ഥിച്ചു, കർത്താവേ.. ആദ്യ ഷോട്ട് ആണേ... മിന്നിച്ചേക്കണേ. പ്രാർത്ഥിച്ച് കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ ഷോട്ട് ഓക്കെ പറഞ്ഞു. അന്നേരം ഞങ്ങൾക്ക് രണ്ടാൾക്കും തോന്നി സംഭവം കൊള്ളാലോ .. ഇത്രേ ഉള്ളോ അഭിനയമെന്നൊക്കെ. പക്ഷേ, ഡയലോഗ് പറയാൻ തുടങ്ങിയപ്പോഴേക്കും സീൻ ആകെ മാറി. ആളുകളൊക്കെ കൂടിയപ്പോൾ ടെൻഷനും തുടങ്ങി. എന്നാലും പേടിച്ച് ഓടാൻ പറ്റില്ലല്ലോ. പഴയ സ്വപ്നം തേടിയെത്തിയതല്ലേ... ''

അങ്കമാലി കണ്ടിറങ്ങുന്നവരുടെ മനസിൽ നിന്നും മായാത്ത ഒരു സീൻ ഉണ്ട്. വെള്ളമടിച്ച് പൂസായി നട്ടപ്പാതിരയ്ക്ക് പെപ്പയോട് പ്രണയം പറയുന്ന ലിച്ചി. രേഷ്മയുടെപ്രിയ സീനും അതുതന്നെയാണ്. മദ്യപിച്ചു പള്ളിയുടെ മുന്നിലൂടെ നടന്നുവരുന്ന രംഗം. ലിജോ സാർ പറഞ്ഞിരുന്നു വെള്ളമടിച്ചിട്ട് നടക്കുകയാണെന്ന് ഓർമ്മ വേണമെന്ന്. സ്‌ക്രിപ്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് അതൊക്കെ. ഒരുപാട് കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്. ആറു മിനിട്ടോളം ദൈർഘ്യമുള്ള ഒറ്റ ഷോട്ടായിരുന്നു അത്. രാത്രി ഒൻപതുമണിക്കു തുടങ്ങിയ ഷോട്ടാണെങ്കിലും തീർന്നപ്പോ രണ്ടു മണിയോളമായി. ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്കു ഓട്ടോയോ കാറോ ഒക്കെ ഫ്രെയിമിൽ കേറി വരും. അതിൽ ഇരിക്കുന്ന ആളുകൾ തിരിഞ്ഞു നോക്കും. വീണ്ടും വീണ്ടും അത് ഷൂട്ട് ചെയ്യേണ്ടി വന്നു. ആ നടത്തം ഇഷ്ടമായെന്ന് ഒത്തിരി പേർ പറഞ്ഞിരുന്നു. അത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. കഷ്ടപ്പെട്ടതിനൊക്കെ ഫലമുണ്ടായല്ലോ. പിന്നെ, ലിജോ ചേട്ടൻ ഞങ്ങളോട് എല്ലാവരോടും ആദ്യമേ പറഞ്ഞ കാര്യം ഓർക്കും. നിങ്ങളാരും അഭിനയിക്കരുതെന്ന്. മൂന്നുദിവസം പിടിച്ചിരുത്തി നമ്മുടെ കഥാപാത്രത്തെക്കുറിച്ചൊക്കെ പറയാൻ പറഞ്ഞു. അതിനിടയിൽ ഞങ്ങൾ എല്ലാരും നല്ല കൂട്ടായി. ഫാമിലി പോലെയായി. ആ അടുപ്പം കൊണ്ടുകൂടിയായിരിക്കും ഞങ്ങൾക്ക് എല്ലാവർക്കും നാച്യുറലായി അഭിനയിക്കാൻ പറ്റിയത്. ഞങ്ങൾക്ക് എല്ലാവർക്കും നല്ല ക്ലാസ് കിട്ടിയത് കൂടിയാണ് ഈ പടത്തിന്റെ വിജയം.

പിന്നെ, ലിച്ചിയും രേഷ്മയും ഒന്നു തന്നെയാണ്. കള്ളുകുടിയൊഴിവാക്കിയാൽ ബാക്കിയൊക്കെ രേഷ്മ തന്നെയാണ്. പ്രണയവും പ്രൊപ്പോസൽസും ബ്രേക്കപ്പും ഒക്കെ ഉണ്ടായിട്ടുണ്ട്. അതില്ലെങ്കിൽ പിന്നെ ജീവിതമില്ലല്ലോ. എന്റെ ചിരിയും എന്റെ സംസാരവും ഒക്കെ ഇങ്ങനെ തന്നെ. ആ പൊട്ടിച്ചിരിയൊക്കെ എനിക്കും ഉണ്ട്. അതിലൊന്നും ഒരു അഭിനയവും കൊണ്ടു വരേണ്ടി വന്നിട്ടില്ല.

മകൾ സിനിമയിലേക്ക് എത്തുന്നതിൽ ആദ്യമൊന്നും വീട്ടുകാർക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ഇന്നിപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് അവരാണ്. '' അമ്മയ്ക്കും ചേട്ടനും എതിർപ്പായിരുന്നു. വീടിനടുത്ത് ഞങ്ങൾ ബിനോപ്പൻ എന്നു വിളിക്കുന്ന ഒരു അങ്കിളുണ്ട്. അദ്ദേഹത്തോടു കാര്യം പറഞ്ഞു. പുള്ളിക്കാരനാണ് അമ്മയോട് പറയുന്നത് അവൾക്ക് താത്പര്യമുണ്ടേൽ ഒരവസരം കൊടുക്കാൻ. അങ്ങനെ അമ്മയും ബിനോപ്പനുമാണ് കൂടെ വന്നത്. പിന്നെ സെറ്റിൽ വന്നുകണ്ട് സേഫാണ് എന്നു ബോധ്യപ്പെട്ടതോടെ വീട്ടുകാർക്ക് സമാധാനമായി.

ടുവിൽ ഹോസ്പിറ്രലിൽ നിന്ന് ലീവ് കിട്ടാനായിരുന്നു ബുദ്ധിമുട്ട്. നഴ്സിംഗ് സൂപ്രണ്ടിനോട് ലീവ് ചോദിച്ചപ്പോൾ വേണേൽ ഒരാഴ്ച ലീവെടുക്കാൻ പറഞ്ഞു. അങ്ങനെ ഒരാഴ്ച ലീവെടുത്തു. പിന്നീട് ചെന്നപ്പോൾ പറഞ്ഞു, പോയി അച്ചനോട് സംസാരിക്കാൻ. അന്നേരം അച്ചൻ പറഞ്ഞു നന്നായി, നല്ല അവസരമല്ലേ കിട്ടിയിരിക്കുന്നതെന്ന്. ലീവ് പറഞ്ഞിട്ട് പൊയ്‌ക്കോളാൻ പറഞ്ഞു. അഭിനയിച്ചിട്ട് വന്നപ്പോഴേക്കും സ്ഥിതി ആകെ മാറി. നഴ്സിംഗ് സൂപ്രണ്ട് എന്നെ വേറെ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. പിന്നെ ഞാൻ പരാതി പറയാനോ ഒന്നും പോയില്ല. ഡിപ്പാർട്ട്‌മെന്റ് മാറിയപ്പോൾ ആകെ വിഷമമായി. ജോലി രാജി വയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു വേറെ പോസ്റ്റ് തരാമെന്ന്. പ്രൊബേഷൻ എക്സിക്യൂട്ടിവ് എന്ന പോസ്റ്റിൽ ഒന്നരമാസം ജോലി ചെയ്തു. ഇപ്പോൾ വീണ്ടും ലീവിലാണ്. ഞാൻ ഇതുവരെ എത്തിയത് എന്റെ സ്വന്തം തീരുമാനങ്ങളിലൂടെയാണ്. കൺഫ്യൂഷൻ വരുമ്പോൾ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കും. അവരെന്ത് പറഞ്ഞാലും മനസിൽ ഞാൻ തീരുമാനിച്ചതായിരിക്കും ഒടുവിൽ ഞാൻ തിരഞ്ഞെടുക്കുക. ''

പഴയ രേഷ്മയിൽ നിന്ന് പുതിയ രേഷ്മയിലേക്കുള്ള ദൂരം ചോദിച്ചപ്പോൾ രേഷ്മ ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് തുടർന്നു.'' ഞാൻ ഒട്ടും മാറിയിട്ടില്ല. പക്ഷേ, എന്റെ ജീവിതം മാറി. പേര് പോലും മാറി. ലിച്ചിയെന്നാണ് എല്ലാരും ഇപ്പോൾ വിളിക്കുന്നത്. ആ പേരിനോട് ഇപ്പോൾ എനിക്കും പ്രണയമാണ്. ലിച്ചിയോടുള്ള സ്‌നേഹം എന്നെ പലപ്പോഴും ഞെട്ടിക്കുന്നുണ്ട്. ഫോട്ടോയ്‌ക്കൊക്കെ വരുന്ന ലൈക്കും മെസേജും ഒക്കെ ഞാൻ കുത്തിയിരുന്ന് നോക്കാറുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്. ജീവിതം ഇത്രയൊക്കെ മാറുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു ലൈക്കിന് വേണ്ടി പിറകേ നടന്ന് ചോദിച്ച കാലമുണ്ടായിരുന്നു. ഒരു മാസം കൊണ്ടുള്ള വലിയ മാറ്റം. അയൽവക്കത്തും നാട്ടിലും വീട്ടിലുമെല്ലാം ഞാൻ ഇപ്പോഴും പഴയ ആള് തന്നെ. പുറം ലോകത്തേക്ക് നോക്കുമ്പോൾ കുറച്ചധികം മാറ്റം വന്നിട്ടുണ്ടെന്ന് തന്നെ പറയാം. സിനിമ വന്നതോടെ എന്റെ അഡ്രസ് മാറി. അതുവരെ ഞാൻ രാജന്റെ മകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ പലരും പരിപാടിക്ക് വിളിക്കുന്നു, ഇന്റർവ്യൂന് നിങ്ങളെ പോലെ ഒരുപാട് പേർ വിളിക്കുന്നു.. ആകെ സെലിബ്രിറ്റി പരിവേഷം. ഫ്രീ ടൈമൊക്കെ പോയി. വെറുതെയിരിക്കാനും ഉറങ്ങാനുമൊന്നും ഇപ്പോൾ സമയം കിട്ടുന്നില്ല. അതേയുള്ളൂ ആകെ വിഷമം. ഒരുപാട് പേർ സിനിമ ആഗ്രഹിച്ച് നടക്കുന്നില്ലേ. അതിന് വേണ്ടി എത്രയോ പേർ കഷ്ടപ്പെടുന്നു. അതൊന്നുമില്ലാതെ എനിക്ക് ഒരു നടിയാകാൻ കഴിഞ്ഞു. അപ്പോൾ ആ പൊസിഷനെ ഞാൻ റെസ്‌പെക്ട് ചെയ്യണമല്ലോ. ആ ബോധം എപ്പോഴും മനസിലുണ്ടാകും. എന്തായാലും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും. പക്ഷേ ലിച്ചിയെന്ന കഥാപാത്രത്തിനൊപ്പമോ മുകളിലോ നിൽക്കുന്ന കഥാപാത്രം ആയിരിക്കണം. ഏതെങ്കിലുമൊക്കെ വേഷം ചെയ്ത് ലിച്ചിയുടെ വിലകളയാൻ ആഗ്രഹമില്ല. അടുത്ത പടം മോശമായാൽ ലിച്ചിയെ നശിപ്പിച്ചുവെന്ന് പറയില്ലേ. ''

അഭിനയമാണോ നഴ്സിംഗാണോ ഇഷ്ടമെന്ന് ചോദിച്ചാൽ അത് അഭിനയമാണെന്നാണ് രേഷ്മയുടെ മറുപടി. '' കുറച്ചു കാലം നാട്ടിൽ ജോലി ചെയ്ത ശേഷം വിദേശത്തു പോയി സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ച എനിക്ക് ഇത്രയും വലിയ അവസരം കിട്ടിയത് തന്നെ വലിയ ഭാഗ്യമല്ലേ. എന്റെ കാര്യത്തിൽ ഞാൻ സിനിമയെ തേടി പോയതല്ല, സിനിമ എന്നെ തേടി വന്നതാണ്. എല്ലാം തീർത്തും അപ്രതീക്ഷിതമായിട്ട് സംഭവിച്ച കാര്യങ്ങളാണ്. നഴ്സിംഗിൽ അട്രാക്ഷൻ തോന്നിയതു കൊണ്ടൊന്നുമായിരുന്നില്ല സത്യത്തിൽ അതിലേക്ക് തിരിഞ്ഞത്. വലിയ പണിയില്ലെന്ന് കരുതി പോയതാ. ഞാൻ കണ്ടിട്ടുള്ള കുറേ ഹോസ്പിറ്റലുകളിൽ നഴ്സുമാരൊക്കെ വെറുതേ നടക്കുകയാ പതിവ്. അങ്ങനെയാണ് എനിക്കും നഴ്സിംഗിനോട് താത്പര്യം തോന്നിയത്. പിന്നെ, പഠിച്ചിറങ്ങുന്നവരൊക്കെ പുറത്തേക്കും പോകുന്നു. അപ്പോ എനിക്കും തോന്നി ഈ കോഴ്സ് കുഴപ്പമില്ല എങ്കിൽ പിന്നെ ചെയ്യാമെന്ന്. പക്ഷേ അതിനുള്ളിൽ കയറിയപ്പോ പണി കിട്ടി. ഞാൻ സെല്ക്ട് ചെയ്തതുകൊണ്ട് വീട്ടിൽ ഒന്നും പറയാനും പറ്റില്ലല്ലോ. പക്ഷേ, എനിക്ക് ആ പ്രൊഫഷനോട് ഒരിഷ്ടം ഉണ്ടായിരുന്നു. ലിച്ചിയെപ്പോലെ തന്നെ പുറത്തുപോയി പഠിക്കണമെന്നും സമ്പാദിക്കണമെന്നും ഒറ്റയ്ക്ക് ജീവിക്കണമെന്നും ആഗ്രഹമുള്ള ആളാണ് ഞാനും. ''

ആലുവയിലാണ് വീട്. വീട്ടിൽ ഇപ്പോൾ അമ്മ ഷീബയും ചേട്ടൻ ഷോൺ രാജനും മാത്രമേയുള്ളു. അച്ഛൻ കെ.സി.രാജൻ മരിച്ചിട്ട് മൂന്നു വർഷമാകുന്നു. ചേട്ടൻ കാക്കനാട് ഒരു ഐ. ടി കമ്പനി തുടങ്ങി. അച്ഛൻ രാഷ്ട്രീയപ്രവർത്തകനായിരുന്നു. എനിക്ക് ജോലി കിട്ടിയിട്ട് വേണം അച്ഛന് ഫ്‌ളൈറ്റിൽ കയറാനെന്ന് എപ്പോഴും പറയുമായിരുന്നു. എന്റെ ഈ വിജയം കാണാൻ അച്ഛൻ ഇല്ലാത്തതാണ് വലിയ വിഷമം. ആദ്യമായി ഫ്‌ളൈറ്റിൽ കയറിയപ്പോൾ അച്ഛനെ വല്ലാതെ മിസ് ചെയ്തു. വിവാഹമാലോചന മുമ്പേ ഉണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കുക, സ്വന്തമായി അദ്ധ്വാനിക്കുക, വീട്ടിലേക്ക് പൈസ കൊടുക്കുക ഇതൊക്കെയാണ് എന്റെ മനസിൽ. അതുകൊണ്ട് തത്ക്കാലം വിവാഹജീവിതത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്തായാലും ഉടനെയൊന്നും വിദേശത്തേക്ക് പോകാനും പ്ലാനില്ല. ഇനിയിപ്പോ സിനിമയിൽ നിൽക്കാനാണ് ഇഷ്ടം. കഥ കേട്ടു കൊണ്ടേയിരിക്കുകയാണ്. പുതിയ കഥ വരട്ടെ. ഞാൻ കാത്തിരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.