Monday, 29 May 2017 9.20 AM IST
പ്രണയത്തിന്റെ പുതിയ തീരങ്ങൾ തേടി കാട്ര് വെളിയിടൈ
April 7, 2017, 4:38 pm
രൂപശ്രീ ഐ.വി
പ്രണയത്തിന്റെ ചായക്കൂട്ടുകളുമായി ചെറിയ ഇടവേളയ്ക്കുശേഷം മണിരത്നം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകന് പ്രതീക്ഷകൾ ഏറെയാണെങ്കിലും അതിനൊത്ത് ഉയരാൻ 'കാട്ര് വെളിയിടൈ'യ്ക്ക് കഴിഞ്ഞോ എന്ന് സംശയമാണ്. പ്രമേയത്തിൽ പ്രണയത്തിന്റെ പുതിയ തീരങ്ങൾ തേടിയെങ്കിലും പ്രേക്ഷകന്റെ ചങ്കിൽ തൊടാൻ കഥയ്ക്ക് കഴിയാതെ പോയി. പ്രണയം പറയാൻ പശ്ചാത്തലമായി കാശ്മീർ തിരഞ്ഞെടുത്തപ്പോൾ വെള്ളിത്തിരയിലെന്നപോലെ കാഴ്ചക്കാരന്റെ മനസിലും ഇടയ്ക്കിടെ പ്രണയത്തിന്റെ മഞ്ഞുകാറ്റു വീശുന്നുണ്ട്.

പ്രവചിക്കാവുന്ന കഥ
യുദ്ധവിമാനത്തിന്റെ പൈലറ്റായ വരുണിന്റെയും ( കാർത്തി) ഡോക്ടർ ലീല എബ്രഹാമിന്റെയും (അദിതി റാവു ഹൈദരി) പ്രണയം കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുമ്പോൾ സസ്‌പെൻസുകളോ ത്രില്ലോ ഇല്ലാത്ത ഒരു പ്രണയചിത്രം മാത്രമായാവുന്നു 'കാട്ര് വെളിയിടൈ'. സ്വന്തം കരിയറിനും ആഗ്രഹങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന കാമുകനും ബന്ധങ്ങളിൽ തുല്യതയും പരസ്പര ബഹുമാനവും ആഗ്രഹിക്കുന്ന കാമുകിയും തമ്മിലുള്ള വാക്കേറ്റങ്ങൾ അവരുടെ പ്രണയത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിരഹവും വീണ്ടുമുള്ള ഒന്നിക്കലുമടങ്ങുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി.

ഇത് പുത്തൻ റൊമാൻസ്
മതത്തിന്റെയും ജാതിയുടെയും പ്രായത്തിന്റെയും മതിൽക്കെട്ടുകൾ പൊട്ടിച്ചുകൊണ്ടുള്ള പ്രണയ കഥകളൊരുപാട് പറഞ്ഞ മണിരത്നം രണ്ടായിരത്തിനുശേഷം പറഞ്ഞ കഥകളെല്ലാം തന്നെ പുതിയ കാലത്തിലെ പ്രണയപ്രതിസന്ധികളെക്കുറിച്ച് കൂടിയായിരുന്നു. 2015ൽ ഓ കാതൽ കൺമണിയിലൂടെ 'ലിവിംഗ് ടുഗദർ' ബന്ധത്തിന്റെ കഥ പറഞ്ഞ് ഒടുക്കം വിവാഹത്തിലൂടെ കഥയോട് വിട്ടുവീഴ്ച ചെയ്ത് ഒരു പരമ്പരാഗതവാദിയായി അദ്ദേഹം മാറിയിരുന്നു. എന്നാൽ ഇത്തവണ വിവാഹമെന്ന കെട്ടിയിടൽ ഇല്ലാതെയും ബന്ധങ്ങൾ ശക്തമായി നിലകൊള്ളുമെന്ന പുതിയ തിരിച്ചറിവാണ് മണിരത്നം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. കാമുകൻ പിരിഞ്ഞുപോകുമ്പോഴും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒറ്റയ്ക്ക് വള‌‌ർത്തുമെന്ന ശക്തമായ മറുപടി നൽകുന്ന നായികയാണ് കാട്ര് വെളിയിടൈയിലെ ഡോക്ടർ ലീല എബ്രഹാം. തന്റെ അഭിപ്രായങ്ങളെ മാനിക്കാത്ത കാമുകന്റെ പിടിവാശികൾക്കു മുന്നിൽ തോൽക്കാതെ നിന്ന് മറുപടി നൽകുന്ന ശക്തായ സ്ത്രീകഥാപാത്രം കൂടിയാണവൾ.

സംഗീതം ഒരുപിടി മുന്നിൽ
എ. ആർ. റഹ്മാന്റെ സംഗീതം ഇത്തവണ മണിരത്നത്തിന്റെ കഥയോട് തോൾ ചേർന്നല്ല നിന്നത്. മറിച്ച് കഥയ്ക്കും ഒരുപിടി മുന്നിലായിരുന്നു. പറയാൻ ഉദ്ദേശിച്ച കഥ വേണ്ടപോലെ പറഞ്ഞുവയ്ക്കാൻ മണിരത്നത്തിന് കഴിയാതെ വരുമ്പോഴും രവി വർമ്മന്റെ ഛായാഗ്രഹണവും റഹ്മാന്റെ സംഗീതവും പ്രേക്ഷകനെ രണ്ടര മണിക്കൂർ പിടിച്ചിരുത്തുക തന്നെ ചെയ്യും. സിനിമ കണ്ടിറങ്ങുമ്പോൾ ബാക്കിയാവുക കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരു മഞ്ഞുമഴ പോലെ പ്രണയം തൊട്ടു തലോടി കടന്നു പോയ അനുഭൂതി.

പ്രണയം നിറയുന്ന ഫ്രെയിമുകൾ
ഗൃതാതുരതയുടെ മഞ്ഞ വെളിച്ചം നിറയുന്ന ഫ്രയിമുകളോരോന്നും അതി മനോഹരമായ ദൃശ്യാനുഭവമാകുമെന്നത് തീർച്ച. എ. ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിൽ നിറയുന്ന ആറോളം ഗാനങ്ങൾ പതിവുപോലെ അതി മനോഹരം. ഫ്രെയിമുകൾ കൂടി നിറങ്ങളിൽ മുങ്ങി നിവർന്നപ്പോൾ കാഴ്ചയുടെ ധാരാളിത്തവും വ്യക്തം.

അഭിനയത്തിൽ അതിദി തന്നെ
വരുണായി കാർത്തിയും ലീലയായി അദിതി റാവുവും സ്ക്രീനിൽ നിറയുമ്പോൾ അഭിനയം കൊണ്ട് അദിതി കാർത്തിയെ കവച്ചുവച്ചു. ഭാവതീവ്രമായ പ്രണയ-വിരഹ രംഗങ്ങളെ വളരെ അനായാസമായി അദിതി കൈപ്പിടിയിലൊതുക്കുമ്പോൾ കാർത്തി പലയിടത്തും വീണുപോയി.

അച്ചാമ്മയെന്ന മലയാളി കഥാപാത്രമായി കെ.പി.എ.സി ലളിതയും കേണൽ മിത്രനായി ഡൽഹി ഗണേഷും സ്ക്രീനിൽ നിറഞ്ഞു നിന്നു.

'കാട്ര് വെളിയിടൈ' എന്ന ശീർഷകം പോലെ പ്രണയത്തിന്റെ ഇളംകാറ്റിൽ എപ്പഴൊക്കെയോ പ്രേക്ഷകന്റെ ഉള്ളം കുളിർപ്പിക്കാൻ മണിരത്നത്തിന് കഴിഞ്ഞെങ്കിലും പ്രണയമഴ നനയിക്കാത്തതിന്റെ പരിഭവം ബാക്കിയാണ്.

പാക്ക് അപ് പീസ് : പ്രണയത്തിൽ നനയില്ല, കാറ്റിൽ കുളി‌ർക്കാം
റേറ്റിംഗ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ