കേഡൽ ആദ്യം കൊന്നത് പെറ്റമ്മയെ
April 12, 2017, 10:08 am
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയത് ഇന്റർനെറ്റിലെ ആസ്ട്രൽ പ്രൊജക്ഷൻ രീതിയുടെ പരീക്ഷണമായിരുന്നുവെന്ന് കേഡൽ മൊഴിനൽകി. യാതൊരു കൂസലുമില്ലാതെ, കൂട്ടക്കൊല നടത്തിയ രീതി കേഡൽ പൊലീസിനോട് വിശദീകരിച്ചു. ചില ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികളും പൊട്ടിച്ചിരികളുമായി കുഴപ്പിച്ച കേഡലിനെ വരുതിയിലാക്കാൻ ഒടുവിൽ പൊലിസിന് മനശാസ്ത്രവിദഗ്ദ്ധനെ വിളിക്കേണ്ടിവന്നു.
പെറ്റമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയതെന്ന് കേഡൽ പൊലീസിനോട് വെളിപ്പെടുത്തി. ബുധനാഴ്‌ച രാവിലെ 11ഓടെ മാതാവ് ഡോ.ജീൻപത്മയെ, താനുണ്ടാക്കിയ വീഡിയോഗെയിം കാണിക്കാനെന്ന മട്ടിൽ മുകൾനിലയിലേക്ക് വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചുവീഴ്‌ത്തിയശേഷം തലയിൽ മഴുകൊണ്ട് വെട്ടിക്കൊന്നു. മൃതദേഹം വലിച്ചിഴച്ച് ബാത്ത്‌റൂമിൽ കൊണ്ടിട്ടു. അമ്മയെ കൊലപ്പെടുത്തുമ്പോൾ അച്ഛനും സഹോദരിയും വീട്ടിലില്ലായിരുന്നു. ഉച്ചയൂണ് കഴിക്കാനെത്തിയ പ്രൊഫ.രാജ്തങ്കം, ഭാര്യയുടെ ശബ്ദംകേൾക്കാത്തതിനെ തുടർന്ന് മുകൾനിലയിലേക്ക് കയറിവന്നപ്പോൾ തലയ്ക്കടിച്ചു വീഴ്‌ത്തി. മഴുവിന് വെട്ടിക്കൊലപ്പെടുത്തി. ഇരുവരെയും തന്റെ കമ്പ്യൂട്ടർമുറിയിലെ ബാത്ത്‌റൂമിലേക്ക് വലിച്ചിട്ടു.
കൂട്ടുകാരിയുടെ വീട്ടിൽനിന്ന് വൈകിട്ട് അഞ്ചുമണിയോടെ സഹോദരി കരോളിൻ വീട്ടിലെത്തി. 15മിനിറ്റോളം കരോളിൻ ഫോണിൽ ആരുമായോ സംസാരിച്ചു. ഫോൺവിളി കഴിഞ്ഞയുടൻ മുകളിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. കരോളിനെയും ടോയ്‌ലറ്റിലേക്കിട്ടു. കാഴ്ച ശക്തിയില്ലാത്ത ബന്ധു ലളിത വീട്ടിലുള്ളവരെക്കുറിച്ച് ചോദിച്ചപ്പോൾ, വിദേശത്തുനിന്നെത്തിയ സുഹൃത്തിനൊപ്പം മാതാപിതാക്കൾ കന്യാകുമാരിയിൽ ഉല്ലാസയാത്രയ്ക്ക് പോയെന്നാണ് പറഞ്ഞത്. മൃതദേഹങ്ങൾ വെട്ടിനുറുക്കി ഘട്ടംഘട്ടമായി പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി.
വെള്ളിയാഴ്‌ച മുകൾ നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് എന്താണെന്ന് ലളിത ചോദിച്ചതോടെ താഴെയെത്തി അവരെയും മഴുവിന് കൊലപ്പെടുത്തി. കിടക്കവിരിയിൽ പൊതിഞ്ഞ് മുകളിലെ മറ്റൊരു ടോയ്‌ലറ്റിൽ സൂക്ഷിച്ചു. വീടിനുപുറകിലെ പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിടാനും ആലോചിച്ചു. രണ്ടുദിവസം മൃതദേഹങ്ങൾ കുറേശെ കത്തിച്ചെങ്കിലും ശനിയാഴ്‌ച രാത്രി പെട്രോളൊഴിച്ചപ്പോൾ അളവ് കൂടിപ്പോയതിനാൽ തീ ആളിക്കത്തി. കാലിലും കൈകളിലും പൊള്ളലേറ്റതോടെ രക്ഷപെടുകയായിരുന്നുവെന്നാണ് കേഡലിന്റെ മൊഴി. ഞായറാഴ്‌ച പുലർച്ചെ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ മൂന്നുപേരുടേത് കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലുമായിരുന്നു.
കൂട്ടക്കൊലയുടെ ആസൂത്രണം എപ്പോഴാണ് നടത്തിയതെന്ന ചോദ്യത്തിന് കേഡൽ വ്യക്തമായ ഉത്തരം നൽകുന്നില്ല.
സിറ്റിപൊലീസ് കമ്മിഷണർ ഓഫീസിലും കൺട്രോൾറൂമിനോട് ചേർന്നുള്ള ആധുനിക കേന്ദ്രത്തിലുമാണ് കേഡലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തത്. എ.ഡി.ജി.പി ബി.സന്ധ്യ, ഐ.ജി മനോജ്എബ്രഹാം, കമ്മിഷണർ ജി.സ്പർജ്ജൻകുമാർ, ഡി.സി.പി അരുൾ.ബി.കൃഷ്‌ണ എന്നിവരുടെ സംഘമാണ് കേഡലിനെ ചോദ്യംചെയ്തത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ