Tuesday, 27 June 2017 3.57 PM IST
തോക്ക് ചൂണ്ടുന്ന 'പുത്തൻപണം'
April 12, 2017, 3:29 pm
ആർ.സുമേഷ്
2016 നവംബർ എട്ട് ഇന്ത്യയെ സംബന്ധിച്ചടത്തോളം സുപ്രധാന ദിവസമായിരുന്നു. കള്ളപ്പണക്കാരുടെ നെ‌ഞ്ചിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇല്ലാതാക്കിയത് നിരവധി ബിസിനസുകാരുടെ സ്വപ്നങ്ങളാണ്. ആ സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ ര‌‌ഞ്ജിത്ത് ഒരുക്കിയ സിനിമയാണ് പുത്തൻപണം. നേരത്തെ ഇന്ത്യൻ റുപ്പീ എന്ന പേരിൽ ര‌ഞ്ജിത്ത് ഒരു സിനിമ ഒരുക്കിയിരുന്നു. നോട്ടിരട്ടിപ്പിന്റെ കഥ പറഞ്ഞ രഞ്ജിത്ത് ഇത്തവണ നോട്ട് നിരോധനത്തെ കൂട്ടുപിടിച്ച് ഒരു ക്രൈം ത്രില്ലർ ഒരുക്കിയിരിക്കുകയാണ് ഇവിടെ.

പുത്തൻ പണത്തിന്റെ കഥ
നോട്ട് നിരോധനത്തിലൂടെ ബിസിനസുകാർക്ക് ഉണ്ടായ നഷ്ടത്തെ ഒരു കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ വരച്ചു കാണിക്കുകയാണ് ര‌ഞ്ജിത്ത് ചെയ്യുന്നത്. കാസർകോട്കാരൻ നിത്യാനന്ദ ഷേണായി ഒരു ബിസിനസുകാരനാണ്. അത്യാവശ്യം കൊല്ലും കൊലയും അല്ലറ ചില്ലറ കള്ളപ്പണ ഇടപാടും ക്വട്ടേഷനുമൊക്കെ കൈമുതലായുള്ള മുതലാളി. ഷേണായിയുടെ ബിസിനസ് പാ‌ർട്ട്ണർ ആണ് മുൻ മന്ത്രി കൂടിയായ ചന്ദ്രഭാനു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിനായി ഷേണായിക്ക് 25 കോടി ചന്ദ്രഭാനു നൽകുന്നു. എന്നാൽ, നോട്ട് നിരോധനം എല്ലാം അവതാളത്തിലാക്കുന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ ഷേണായ് ഒരു കൊലപാതക കേസിൽ പെടുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

ആദ്യ പകുതിയിൽ ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നതെങ്കിലും സിനിമ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ സിനിമ കൂടുതൽ നാടകീയതയിലേക്ക് കടക്കുകയാണ്. സിനിമയുടെ യഥാ‌ർത്ഥ പോയിന്റിലേക്ക് പ്രേക്ഷകൻ എത്തിക്കപ്പെടുന്നതും ഇവിടെ വച്ചാണ്. രണ്ടാം പകുതിയിൽ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ആരാധകരെ ആവേശപ്പെടുത്തുന്നുണ്ട്.

തിരക്കഥ മാറുന്ന പുത്തൻപണം
നോട്ട് നിരോധനമാണ് സിനിമയുടെ ചർച്ചാ വിഷയമെങ്കിലും അതിലല്ല സിനിമ പിന്നീട് കേന്ദ്രീകരിക്കപ്പെടുന്നത്. എന്നിരിക്കിലും ലോലമായ തിരക്കഥ ചിലപ്പോഴെങ്കിലും ആസ്വാദന ശേഷിയെ ബാധിക്കുന്നുണ്ട്. രഞ്ജിത്തും പി.വി.ഷാജികുമാറും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ താരത്തിളക്കം ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള വലിയ അഭിനയരംഗങ്ങളൊന്നും കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഗൗരവമേറിയ രംഗങ്ങളിൽ തമാശകൾ കൊണ്ടുവരാൻ ശ്രമിച്ചതും കല്ലുകടിയാവുന്നു.

നിത്യാനന്ദ ഷേണായിയുടെ വേഷത്തിലെത്തുന്ന മമ്മൂട്ടി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. കാസർകോടുകാരുടെ ഭാഷ നന്നായി തന്നെ മമ്മൂട്ടി കൈകാര്യം ചെയ്തു. സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും കാസർകോട് ഭാഷയാണ് സംസാരിക്കുന്നത്. ചില വാക്കുകൾ പ്രേക്ഷക‌ർക്ക് മനസിലാവുമെങ്കിലും മറ്റു ചിലപ്പോൾ പ്രേക്ഷകർ അന്ധാളിച്ചു പോകുന്നതും കാണാനാവും. നിങ്ങൾക്ക് മലയാളത്തിൽ പറഞ്ഞുകൂടെയെന്ന് സിനിമയിലെ കഥാപാത്രം തന്നെ ചോദിക്കുന്നത് തന്നെ കാസർകോട് ഭാഷ മനസിലാവാൻ ലേശം ബുദ്ധിമുട്ടുള്ളതാണെന്നതിന്റെ സൂചനയാണ്.

എട്ടു വയസുകാരനായ മുത്തുവിനെ അവതരിപ്പിച്ച് മലയാളത്തിൽ അരങ്ങേറിയ മാസ്‌റ്റർ സ്വരാജ് ഗ്രാമികയുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റാണ്. രണ്ടാം പകുതിയിൽ നിറ‌ഞ്ഞു നിൽക്കുന്ന മുത്തു സിനിമയുടെ കേന്ദ്ര ബിന്ദു ആയി മാറുന്നതും കാണാം. മുത്തുവിന്റെ അമ്മയുടെ വേഷത്തിലെത്തിയ ഇനിയ തന്റെ റോൾ ഭംഗിയാക്കി. സിദ്ധിഖ്, മാമുക്കോയ, ഇന്ദ്രൻസ്, സായികുമാർ, ഷീലു അബ്രഹാം. നിരഞ്ജന അനൂപ്, ബൈജു. ജോയ് മാത്യൂ, സുരേഷ് ക‌ൃഷ്‌ണ, ഹരീഷ് കണാരൻ, പി.ബാലചന്ദ്രൻ, കോട്ടയം നസീർ, വിജയകുമാർ ,​ ഗണപതി തുടങ്ങീ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

147 മിനുട്ടാണ് സിനിമയുടെ ദൈർഘ്യം. അനാവശ്യമായ ചില രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ദൈർഘ്യം ഇനിയും കുറയ്ക്കാമായിരുന്നു. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഓം പ്രകാശാണ്. ഗാനങ്ങൾ അത്ര മികച്ചതൊന്നുമല്ല.

വാൽക്കഷണം: ഇന്ത്യൻ റുപ്പി അല്ല പുത്തൻപണം
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ