പ്രതീക്ഷയുടെ ഈസ്‌റ്റർ
April 16, 2017, 8:33 am
സോജൻ സ്വരാജ്
എന്റെ അന്തിമവിധിയുടെ നാളുകൾ അടുത്തെത്തി എന്നറിഞ്ഞപ്പോൾ അവൻ തന്റെ ശിഷ്യൻമാരോട് പറഞ്ഞു, നിങ്ങൾ നേരെ എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്ക് ചെല്ലുക, അവിടെ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിട്ടുണ്ടാവും, നിങ്ങൾ അതിനെ അഴിച്ച് കൊണ്ടു പോരുക,ആരെങ്കിലും ചോദിച്ചാൽ കർത്താവിന് അതിനെകൊണ്ട് ആവശ്യമുണ്ട് എന്ന് പറയുക.'' അങ്ങനെ യേശുക്രിസ്തു തന്റെ മരണത്തിന് തൊട്ടു തലേന്ന്, ആസന്നമായ കൊലക്കളത്തിലേയ്ക്ക് രാജകീയമായി കടന്നു. ഈ ഓർമപുതുക്കലിന്റെയും വലിയ നോമ്പിന്റെയും ആചാരമായി ലോകമെങ്ങുമുള്ള ക്രൈസ്തവർ പീഡാനുഭവ വാരത്തിലേയ്ക്കും കടന്നു. മുഴുവൻ ദേവാലയങ്ങളിലും യേശുദേവന്റെ രാജകീയ എഴുന്നള്ളത്തിനായി കുരുത്തോലകളും സൈത്തിൻകൊമ്പുകളുമായി ജറുസലേം വീഥികൾ ഒരുങ്ങുന്നു. സ്വീകരിക്കാൻ വഴിയരുകിൽ കാത്ത് നിന്ന അവർ അദ്ദേഹത്തെ ജയ് വിളിച്ചു, ''ഓശാന, ഓശാന ദാവീദിൻ സുതൻ ഓശാന...''

യേശുദേവൻ മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന്റെ മുന്നോടിയായി ജറുസലേം വീഥികളിൽ കഴുതപുറത്തേറി നടത്തിയ രാജകീയ എഴുന്നള്ളത്തിന്റെ അനുസ്മരണമായാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ഞായറായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ എഴുന്നള്ളത്ത് കടന്നു പോകുന്ന ജറുസലേം വീഥികളിൽ കാത്തിരുന്നവർ സൈത്തിൻ കൊമ്പുകളും മരച്ചില്ലകളും മുറിച്ച് വഴിയിൽ വിതറി യേശുദേവന് സ്വാഗതമരുളിയിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സഭയുടെ ആരംഭം മുതലെ ഓശാന ഞായർ ആചരിക്കുന്നതിനായി സൈത്തിൻ കൊമ്പുകൾക്കും മരച്ചില്ലകൾക്കും പകരമായി തെങ്ങിന്റെ കുരുത്തോലകളാണ് ഉപയോഗിക്കുക.

തലേദിവസം തന്നെ വിശ്വാസികൾ ആവശ്യമുള്ള കുരുത്തോലകൾ ദേവാലയങ്ങളിൽ എത്തിക്കും. കേടുകൾ ഇല്ലാത്തതും മൂപ്പില്ലാത്തതുമായ തെങ്ങിന്റെ കൂമ്പ് ഓലകൾ ആണ് കുരുത്തോലയ്ക്കായി ഉപയോഗിക്കുക. ദേവാലയങ്ങളിലെ കുടുംബ കൂട്ടായ്മകളും കുടുംബാംഗങ്ങളും പോഷക ഭക്ത സംഘടനകൾ വഴിയുമാണ് ഇവ ശേഖരിച്ച് പള്ളികളിൽ എത്തിക്കുക. ഞായറാഴ്ച രാവിലെ ഏഴിന് മുമ്പായി മിക്ക ദേവാലയങ്ങളിലും ഓശാനയോട് അനുബന്ധിച്ചുളള പ്രത്യേക പ്രാർത്ഥനകൾ ആരംഭിക്കും. ദേവാലയങ്ങളിൽ പ്രത്യേകമായി തയാറാക്കിയ പ്പേളകളിലോ പന്തലുകളിലോ ആദ്യം പ്രാർത്ഥനകൾ ആരംഭിക്കും. കുരുത്തോലകൾ വൈദീകൻ ആശീർവദിച്ച് വെഞ്ചരിച്ച ശേഷം വിശ്വാസികൾക്ക് ഓരോരുത്തർക്കായി നൽകും. തുടർന്ന് കുരുത്തോലകളും കൈകളിലേന്തി ദേവാലയത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തും. തുടർന്ന് ദേവാലയത്തിൽ വി. കുർബാന തുടരുകയുമാണ് ഓശാന ഞായറിന്റെ ചടങ്ങ്.

കേരളത്തിന്റെ ക്രിസ്ത്യൻ സഭകളിൽ പീഡാനുഭവകാലം, കഷ്ടാനുഭവകാലം എന്നിങ്ങനെ അറിയപ്പെടുന്ന പ്രധാന നാളുകളാണ് വലിയവാരം. ജറുസലേമിൽ നിലനിന്നിരുന്ന പഴയ പെസഹാ ആചരണ പ്രകാരം ആടിനെ ബലിയർപ്പിക്കുന്നതിന് പകരമായി മനുഷ്യപുത്രനെ ബലിയർപ്പിച്ചതിന്റെ അനുസ്മരണമാണ് ഈ വാരത്തിൽ നടക്കുക. ഓശാന തിരുന്നാളിന് നാലാം നാൾ വ്യാഴാഴ്ച, യേശുക്രിസ്തു വി. കുർബാന സ്ഥാപിച്ചതിന്റെയും അന്ത്യാത്താഴത്തിന്റെ ഓർമപുതുക്കലായി പെസഹാ ആചരിക്കും. കുരുത്തോലകൾ ഉപയോഗിച്ച് പെസഹാ അപ്പം തയാറാക്കിയാണ് ആചരണം. അമ്പതു ദിവസത്തെ വലിയ നോമ്പാചരണത്തിന്റെ ഒടുവിലായാണ് പെസഹാ ആചരണം. ഈ ദിവസത്തിലേയ്ക്കുള്ള ഒരുക്കത്തിനായി ദേവാലയങ്ങളിൽ വിശ്വാസികൾക്കായി പ്രത്യേകം പ്രാർത്ഥനകളും ധ്യാനങ്ങളും ആരാധനകളും നടത്തും.

കുമ്പസാരവും പശ്ചാത്താപത്തിന്റെയും നവികരണത്തിന്റെയും കാലഘട്ടമായാണ് സഭ ഈ ദിവസങ്ങളെ കാണുന്നത്. പെസഹാ വ്യാഴാഴ്ച കുർബാന മദ്ധ്യേ വൈദീകൻ 11 പേരുടെ പാദങ്ങൾ കഴുകി ചുംബിക്കും. വിനയത്തിന്റെ മാതൃക കാട്ടി യേശു തന്റെ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ അനുസ്മരണമാണ് നടക്കുക. ഇതിനായി ഇടവക സമൂഹത്തിലെ 11 പേരെ ഓരോ വർഷവും കണ്ടെത്തും. കുർബാനയ്ക്ക് ശേഷം ക്രൈസ്തവ ഭവനങ്ങളിൽ പെസഹാ അപ്പവും തേങ്ങാപ്പാൽ ഉപയോഗിച്ച് തയാറാക്കിയ പാലും തയാറാക്കും. കുടുംബനാഥൻ പ്രാർത്ഥനകൾക്ക് ശേഷം അപ്പം മുറിച്ച് പാലും ചേർത്ത് മറ്റുള്ളവർക്ക് നൽകുന്നതാണ് പെസഹാ ആചരണം. അരിപ്പൊടിച്ച് കുഴച്ച് പുളിപ്പില്ലാത്ത അപ്പമാണ് ഇതിനായി പാകം ചെയ്യുക. വി.കുർബാനയുടെ സ്ഥാപനത്തോടനുബന്ധിച്ച് യേശുവും ശിഷ്യൻമാരും നടത്തിയ അന്ത്യാഴത്തിന്റെ അനുസ്മരണമാണ് പെസഹാ.

കുരിശിന്റെ വഴിയെ കാൽവരിയാത്ര:
കുരുത്തോല പെരുന്നാളും പെസഹാ ആചരണവും കഴിഞ്ഞു, പാപപരിഹാരത്തിനായി ക്രൈസ്തവർ ക്രൂശിതന്റെ പിന്നാലെ കാൽവരി കയറും. പീലാത്തോസ് രാജാവിന്റെ അരമനയിൽ നിന്ന് കുറ്റവാളിയായി വിധിക്കപ്പെട്ട് കുരിശും ചുമന്ന് ഗാഗുൽത്തായിലെത്തി രണ്ട് കള്ളന്മാർക്കൊപ്പം വധിക്കപ്പെട്ടതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി. കുരിശുമരണത്തിലൂടെ പാപമോചനം സാദ്ധ്യമായി എന്ന വിശ്വാസത്തിൽ വിദേശരാജ്യങ്ങളിൽ ദുഃഖവെള്ളി നല്ല വെള്ളി എന്ന അർഥത്തിൽ 'ഗുഡ് ഫ്രൈഡേ' എന്നും പറയാറുണ്ട്. രാവിലെ മുതലേ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കും. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളോട് അനുബന്ധിച്ച് വി. കുർബാന ഇല്ലാത്ത ഏക ദിവസമാണ് ദുഃഖവെള്ളി. കുർബാനയ്ക്ക് പകരമായി പീഡാനുഭവത്തിന്റെ അനുസ്മരണം നിറഞ്ഞ പഴയ നീയമത്തിലും പുതിയ നീയമത്തിലും നിന്നുള്ള ബൈബിൾ വായനകൾ മാത്രമാണ് നടക്കുക. തുടർന്ന് ക്രിസ്തുവിന്റെ ഗാഗുൽത്താ യാത്രാ അനുസ്മരണമായി വിശ്വാസികൾ കുരിശുമല കയറും. കുരിശിന്റെ വഴി പോലുള്ള പ്രത്യേക പ്രാർത്ഥനകളും ഇന്നേ ദിവസം നടക്കും.

യേശുക്രിസ്തു മരണത്തെ തോൽപിച്ച് ഉത്ഥാനം ചെയ്തുവെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ആചരണമാണ് ഈസ്റ്റർ. അതിനാൽ, ഈസ്റ്റർ പ്രത്യാശയുടെയും പ്രതീക്ഷയുടെ തിരുനാളാണ്. ക്രൈസ്തവരുടെ ആരാധന ക്രമപരമായ ഈസ്റ്റർ ആഘോഷങ്ങളിൽ ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രതീകങ്ങൾ ഏറെയാണ്. ദുഃഖവെള്ളിയുടെ തിക്താനുഭവങ്ങൾ മാറി പ്രകാശത്തിന്റെ ലോകത്തിലേക്കുള്ള പ്രതീക്ഷയാണ് ഈ പ്രതീകം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.