Friday, 26 May 2017 3.37 AM IST
നരിക്കുനിയിലെ സൗരഭ്യം
April 16, 2017, 10:45 am
അഞ്ജലി വിമൽ
ഒരു പാക്കറ്റ് കടല പ്രതിഫലമായി കൈയിൽ പിടിപ്പിച്ചു തന്ന ശേഷം ആ സർക്കസുകാരൻ പറഞ്ഞു, 'മോള് മിടുക്കിയാണ്.. നല്ല നിലയിലാകും'. അന്ന് സുരഭിക്ക് നാലു വയസേ പ്രായമുള്ളൂ. പപ്പയ്‌ക്കൊപ്പം വിരൽതുമ്പിൽ തൂങ്ങി നടന്ന സമയം. വർഷമിത്രയും കഴിഞ്ഞെങ്കിലും ഇന്നും ആ ആളിന്റെ പേര് സുരഭിക്ക് കൃത്യമായി ഓർമ്മയില്ല. പക്ഷേ മനസിൽ ആ രൂപമുണ്ട്. എന്തായാലും ആ പ്രവചനം സുരഭിയുടെ ജീവിതത്തിൽ തെറ്റിയിട്ടില്ല. അവിടന്നങ്ങോട്ട് ചെറിയ ചെറിയ സമ്മാനങ്ങൾ സുരഭിയെ തേടിയെത്തി. ഒടുവിൽ ഒരു സുപ്രഭാതത്തിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാർത്തയറിഞ്ഞപ്പോഴേക്കും സുരഭി നല്ലോണം ഞെട്ടി.

''തലയിൽ ദേസീയ ചക്കയല്ലേ വീണിരിക്കണേ...'' ഇതായിരുന്നു സുരഭിയുടെ പ്രതികരണം.

സുരഭി, പാത്തുവായി ജനഹൃദയങ്ങളിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാലു കൊല്ലമായി. കോഴിക്കോടിന്റെ പ്രാദേശിക ഭാഷയായിരുന്നു പാത്തുവിനെ ഇത്രയേറെ ജനപ്രിയയാക്കിയത്. സുരഭിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം തളച്ചിടൽ. അതിൽ നിന്ന് പുറത്തു കടക്കാൻ വേണ്ടിയാണ് 'മിന്നാമിനുങ്ങ്' ചെയ്യാൻ തയ്യാറാകുന്നത്.
'ഒരു കുഞ്ഞു മിന്നാമിനുങ്ങ് പോലെയുള്ള സിനിമയാണിത്. ആരേലും പറഞ്ഞാൽ വിശ്വസിക്കോ... ജീവിതത്തിൽ ആദ്യമായിട്ട് കിട്ടിയ സ്‌ക്രി്ര്രപാണ്. വായിച്ചു നോക്കിയിട്ട് നിങ്ങൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ എന്ന് പറഞ്ഞാണ് സംവിധായകൻ അയച്ചു തരുന്നത്. നമുക്കാണേൽ ഇതുവരെ സ്‌ക്രി്ര്രപ് വായിച്ചു ശീലോമില്ല. ചെറിയ വേഷങ്ങൾക്ക് ആരാ സ്‌ക്രി്ര്രപ് തരിക. സാധാരണ ലൊക്കേഷനിൽ ചെല്ലുമ്പോഴായിരിക്കും ഒന്നോ രണ്ടോ പേജ് വായിക്കാൻ തരുന്നത്. പാത്തുവല്ലാത്ത വേഷം നിനക്ക് ചെയ്യാൻ പറ്റുമെന്ന് തെളിയിക്കാൻ ഇത് ചെയ്യൂവെന്ന് പറഞ്ഞ് സുഹൃത്തുക്കളാണ് എന്നെ നിർബന്ധിച്ചത്. '' ഇങ്ങനെയായിരുന്നു മിന്നാമിനുങ്ങിലെത്തിയതെന്നും സുരഭി പറയുന്നു.

ഈ സിനിമയിലെ അമ്മയ്ക്ക് പേരില്ല. ഏത് നാട്ടിൽ ചെന്നാലും ഇതുപോലൊരു അമ്മയുണ്ടാകും. ചിലർക്ക് ചേച്ചിയായും മറ്റു ചിലർക്ക് മകളായും വേറെ ചിലർക്ക് അമ്മയായും ഇങ്ങനൊരാളെ കാണാം. കഥയുമായി സമീപിച്ചപ്പോൾ സംവിധായകന് പറയാനുണ്ടായിരുന്നത് ഒറ്റ കാര്യമായിരുന്നു, കോഴിക്കോടൻ ഭാഷ വേണ്ട. അതുകേട്ടപ്പോൾ സുരഭിക്കും സന്തോഷം. അതുവരെ തന്നെ തേടിയെത്തിയ സ്ഥിരംവേഷങ്ങളിൽ നിന്നും ഒരു മോചനം. അങ്ങനെയാണ് തിരുവനന്തപുരം ഭാഷയിൽ ചെയ്യാൻ തീരുമാനിക്കുന്നത്.

''ഞാൻ സംസ്‌കൃത സർവകലാശാലയിൽ പഠിക്കുമ്പോൾ അവിടത്തെ ഹോസ്റ്റലിൽ ഒരു മേട്രനുണ്ടായിരുന്നു, മീന മേട്രൻ. തിരുവനന്തപുരത്തുകാരിയാണ്. അവരുടെ നടപ്പും വസ്ത്രധാരണവും സംസാര രീതിയുമൊക്കെ അന്നേ ശ്രദ്ധിച്ചിരുന്നു. അതേ െ്രസ്രെലാണ് ഞാൻ മിന്നാമിനുങ്ങിൽ കൊണ്ടു വന്നിരിക്കുന്നതും. പിന്നെ എല്ലാ ദിവസോം രാത്രി മീന മേട്രനാകും. സ്‌ക്രിെ്രപ്രടുത്ത് തിരുവനന്തപുരം ഭാഷയിലേക്കും മാറ്റും. അങ്ങനെ 12 ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കി. രാവിലെ മൂന്നു മണിക്ക് ഉണർന്ന് രാത്രി 12 മണിക്ക് ഉറങ്ങുന്ന ആളാണ് ഇതിലെ അമ്മ. അതിന് വേണ്ടി ശരീരഭാരം കുറച്ചിരുന്നു. അതല്ലാതെ മറ്റൊരുക്കങ്ങളൊന്നും കഥാപാത്രമാകാൻ ചെയ്തിട്ടില്ല.''

ഒരു ബിരിയാണി സന്തോഷം
ആദ്യത്തെ അവാർഡ് എനിക്ക് കിട്ടിയത് ഔസേപ്പച്ചൻ സാറിൽ നിന്നാണ്. ചിത്രത്തിന്റെ മ്യൂസിക് കഴിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ച് പറഞ്ഞു, സുരഭീ.. ഒരു അവാർഡ് മണക്കണുണ്ടല്ലോയെന്ന്. ആ അഭിനന്ദനമായിരുന്നു എന്റെ ആദ്യ അവാർഡ്. നല്ല മട്ടൺ ബിരിയാണി കഴിച്ച സന്തോഷം അപ്പോ തോന്നിയിരുന്നു. പക്ഷേ, അന്നൊന്നും മനസിൽ ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സംഗീത നാടക അക്കാഡമി അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും കിട്ടിയപ്പോ ദേശീയ തലത്തിൽ എന്തെങ്കിലും ഒരു അവാർഡ് കിട്ടണേയെന്ന് സത്യമായിട്ടും പ്രാർത്ഥിച്ചിരുന്നു. അത്യാഗ്രഹമാണെന്ന് അറിയാം, എന്നാലും പ്രാർത്ഥിക്കാതെ നിവൃത്തിയില്ലല്ലോ. സംസ്ഥാന അവാർഡിൽ പരാമർശമൊക്കെ കിട്ടിയതല്ലേ അപ്പോ പിന്നെ ദേശീയ തലത്തിൽ കിട്ടിയില്ലെങ്കിൽ നാണക്കേടാകില്ലേയെന്ന് കരുതിയാണ് പ്രാർത്ഥിച്ചത്. അതിന് വേണ്ടി വഴിപാടും നേർന്നിരുന്നു. പക്ഷേ, സത്യായും മികച്ച നടിയാകണമെന്ന് പ്രാർത്ഥിച്ചിട്ടില്ല, എന്തോ ഓർത്ത് സുരഭി പൊട്ടിച്ചിരിച്ചു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് സുരഭി. അച്ഛൻ കെ. പി ആണ്ടി ഡ്രൈവറായിരുന്നു. തുച്ഛമായ ശമ്പളത്തിലും അവളെ നൃത്തം പഠിക്കാൻ വിട്ടു. മകളുടെ കഴിവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചു.

''ഞാനൊരു കലാകാരിയാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് പപ്പയായിരുന്നു. പപ്പയ്ക്ക് കല എന്നു പറഞ്ഞാ ജീവനായിരുന്നു. ഞങ്ങടെ നാട്ടിൽ സർക്കസ് കളിക്കാർ വന്നപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത്. അന്നെനിക്ക് മൂന്നോ നാലോ വയസേയുള്ളൂ. ഒരു പാട്ടിനൊപ്പം ഡാൻസ് ചെയ്യാനായിരുന്നു കയറ്റിയത്. പപ്പ പറഞ്ഞു തന്നതുപോലെ ഞാനവിടെ ചെയ്തു. കൂട്ടത്തിൽ നിന്ന ഒരാള് 'ആണ്ടിയേട്ടാ ഓള് സൂപ്പറാണല്ലോ' എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. ആദ്യമായി കിട്ടിയ അഭിനന്ദനം അതായിരുന്നു. മൂന്നോ നാലോ വയസേ അന്നെനിക്കുള്ളൂ. പക്ഷേ, ഇപ്പോഴും അതെന്റെ കാതിലുണ്ട്. പപ്പയാണെന്റെ അഭിനയ ഗുരു. അദ്ദേഹം മരിച്ചതോടെ എങ്ങനെയും ജോലി വാങ്ങണമെന്നായി. മൃഗഡോക്ടറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം മറ്റൊന്നുമല്ല, എന്റെ കൂടെ പഠിച്ച എല്ലാരും മൃഗഡോക്ടർമാരാ.. ഒരിക്കൽ അതിനൊരു അവസരം വന്നു. ഇത്തവണ എന്തായാലും പരീക്ഷ എഴുതാമെന്ന കരുതിയിരുന്നപ്പോ അതും ഷൂട്ട് കാരണം മുടങ്ങിപോയി. ഒടുവിൽ ആ മോഹം ഞാൻ ഉപേക്ഷിച്ചു. പിന്നെ, സംസ്‌കൃത കോളേജിൽ അപേക്ഷിച്ചു. തീയേറ്റർ ആർട്ട് എന്താണെന്ന് കൃത്യമായിട്ട് അറിയാത്ത സമയത്താണ് ഞാൻ തീയേറ്റർ കോഴ്സിന് അപ്ലേ ചെയ്തത്. നരിക്കുനിയിൽ ജനിച്ചു വളർന്ന നമ്മക്ക് എന്ത് തീയേറ്റർ ആർട്ട്. നാടകാന്ന് പറഞ്ഞാൽ മനസിലാകും. അതല്ലാതെ തീയേറ്ററിനെ കുറിച്ചൊന്നും ഒരു ഐഡിയേം ഇല്ല. ചുമ്മാ ഒരു രസത്തിന് അപേക്ഷിച്ചു. ആദ്യമൊക്കെ അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിലിരുന്നു ക്ലാസിലിരുന്നത്.

ബി.പി.എൽ നടിയാണേ
ഞാൻ ഇതുവരെയും വലിയൊരു റോളിൽ അഭിനയിച്ചിട്ടില്ല. എന്നെ തേടി അങ്ങനെയൊരു റോളും വന്നിട്ടില്ല എന്നതാണ് സത്യം. എന്നിട്ടും ആദ്യമായി നായികയായ ചിത്രത്തിൽ തന്നെ ദേശീയ അവാർഡ് ലഭിച്ചത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്. എനിക്കേറ്റവും പ്രിയപ്പെട്ട, ഞാൻ ആരാധിക്കുന്ന, നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ ഐശ്വര്യാറായിക്കൊപ്പമാണല്ലോ മത്സരിച്ചതെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. കന്യാകുമാരി മുതൽ കാശ്മീര് വരെ എത്രയോ സിനിമകൾ.. എത്രയോ നടികൾ... എന്നിട്ടും ബി.പി.എൽ റോളുകൾ ചെയ്തു നടന്ന എന്നെ തേടി ദേശീയ അവാർഡെത്തിയല്ലോന്ന് ഓർക്കുമ്പോ മേലാകെ കുളിരാണ്... എന്റെ റേഷൻകാർഡ് ബി.പി.എൽ നിന്ന് എ.പി.എല്ലിലേക്കു മാറിയെങ്കിലും എന്റെ വേഷങ്ങൾ ഇതുവരെ എ.പി എല്ലിലേക്ക് മാറിയിട്ടില്ല.

നരിക്കുനിയിലെ മൈക്കിൾ ജാക്സൺ
കോഴിക്കോട്ടെത്തിയാൽ സുരഭിയെ അറിയാത്തവരില്ല. വർഷങ്ങൾക്കുമുമ്പേ സുരഭി അവിടത്തെ മൈക്കിൾ ജാക്സൺ ആണ്. സകല പരിപാടിയിലും മുന്നിലുണ്ടാകും. കൂടുതലും ഡാൻസ് പരിപാടികളാണ്. നരിക്കുനിയിലെത്തിയാൽ പിന്നെ സുരഭിയുടെ രാജ്യമാണ്.''എന്റെ സ്വർഗമാണ് നരിക്കുനി. ദൈവാനുഗ്രഹം കൂടുതലുള്ള ആളാണ് ഞാനെന്നു തോന്നുന്നു. ഇല്ലേൽ പിന്നെ എനിക്ക് നരിക്കുനിയിൽ നിന്ന് ദേശീയ തലത്തിലേക്ക് ഉയരാൻ പറ്റോ... നമ്മക്ക് ഇപ്പഴും ആ നാടും ഭാസേം മതിയേ... എന്റെ സംസാരം കേട്ടിട്ട് കാട്ടുഭാഷയാണെന്ന് പറഞ്ഞ് കളിയാക്കിയവർ ഒരുപാട് പേരുണ്ട്. ഒരു നാടകത്തിലാണ് ഞാൻ ആദ്യം ഈ ഭാഷ ഉപയോഗിച്ചത്. പിന്നീട് ഈ ഭാഷയാണ് എന്നെ ഞാനാക്കുന്നതെന്ന് അന്നേ തിരിച്ചറിഞ്ഞു. അതോടെ അതു മതി ഇനിയങ്ങോട്ടെന്ന് തീരുമാനിച്ചു. പാത്തുവാകാൻ അതുകൊണ്ട് എനിക്ക് അല്പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല.''

ദിലീഷേട്ടാ.... ഞാനിവിടുണ്ടേ
മികച്ച മലയാള ചിത്രമായി 'മഹേഷിന്റെ പ്രതികാരം' തിരഞ്ഞെടുത്തതിൽ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നൊരാളാണ് സുരഭി. ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ സുരഭിയുടെ ക്ലാസ്‌മേറ്റ് കൂടിയാണ്. എം.എയ്ക്ക് ഒരേ ക്ലാസിലായിരുന്നു ഇരുവരും. അടുത്ത ചിത്രത്തിൽ ഒരു ചെറിയ വേഷം നൽകുമെന്ന് ദിലീഷ് പോത്തൻ മുമ്പ് പറഞ്ഞിരുന്നു. അവാർഡൊക്കെ കിട്ടിയതോടെ ഇനി ആ റോൾ മാറ്റുമോയെന്നാണ് സുരഭിയുടെ ഇപ്പോഴത്തെ സംശയം . ''സിനിമ എനിക്ക് എന്നും വേണം. നായികയാകണമെന്നു മനസിൽ അന്നും ഇന്നും ഇല്ല. ഒരു ആർട്ടിസ്റ്റ് ആകണമെന്ന് മാത്രേ ഉള്ളൂ. അതിനൊരു തടസമാകരുതേ ഈ നാഷണൽ അവാർഡ് എന്നാണ് പ്രാർത്ഥന. ''

ആ പത്രവാർത്ത മറക്കില്ലാട്ടോ
പത്രത്തിൽ ഒരു ഫോട്ടോ അച്ചടിച്ചു വരികയെന്നത് വലിയ കൊതിയായിരുന്നു. പപ്പ മരിച്ച സമയത്താണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായി ഞാനും ചേച്ചിയും കൂടി പോയത്. വീട്ടിലറിഞ്ഞാൽ വിടില്ല. അതുകൊണ്ട് ആരോടും പറയാതെയാണ് പോയത്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന സമയം. എല്ലാ മത്സരത്തിലും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടക്കില്ലാന്ന് അറിയാമായിരുന്നു. ഒടുവിൽ നേരെ പത്രക്കാരെ പോയി കണ്ട് കാര്യം പറഞ്ഞു, 'പക്കമേളത്തിന് കാശില്ല, കണ്ണീരോടെ സുരഭി' പിറ്റേദിവസത്തെ പത്രത്തിലെ വാർത്ത. അത് ക ണ്ടിട്ട് ജയരാജ് സാറിന്റെ ഭാര്യയാണ് എന്നെ കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. അധികം വൈകിയില്ല അടുത്ത പടത്തിൽ എനിക്ക് അവസരം കിട്ടി. ആ വാർത്തയായിരുന്നു ജീവിതത്തിൽ പിന്നീടുള്ള മാറ്റങ്ങൾക്കെല്ലാം കാരണമായതെന്നു സുരഭി ഓർക്കുന്നു.

കോഴിക്കോട് നരിക്കുനിയിൽ ആഘോഷം തീർന്നിട്ടില്ല. തങ്ങളുടെ കുട്ടിക്ക് കിട്ടിയ വലിയ അംഗീകാരത്തിൽ ഓരോരുത്തരും മനസ് നിറഞ്ഞ് ആഹ്ലാദിക്കുകയാണ്. അമ്മ രാധയും സഹോദരങ്ങളായ സുബിതയും സുമിതയും സുധീഷും വീട്ടിലേക്ക് വരുന്നവരെ നിറഞ്ഞ ചിരിയോടെ അകത്തേക്ക് സ്വീകരിച്ച് മധുരം നൽകുന്നു. സുരഭിയെ കാണാനായി ഓരോ ദിവസവും എത്തുന്നത് എത്രപേരാന്ന് ഒരു നിശ്ചയവുമില്ല. മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, സിനിമാതാരങ്ങൾ.... അവർക്കെല്ലാർക്കും കൂടി തന്റെ ഇരുപത്തിനാല് മണിക്കൂർ തികയുന്നില്ലെന്നാണ് സുരഭിയുടെ ആകെയുള്ള പരാതി. അംഗീകാരത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും അഭിനയത്തിൽ പടർന്നു പന്തലിക്കാനല്ല, വേരുകൾ ആഴ്ത്തി ചുവടുറപ്പിക്കാനാണ് സുരഭിയ്ക്ക് ഇഷ്ടം. ഇപ്പോൾ മനസിലായില്ലേ നാലാം ക്ലാസിൽ നാലുവട്ടം തോറ്റ പാത്തുവല്ല ഇതെന്ന്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ