Monday, 29 May 2017 6.42 PM IST
ഭാഗ്യം തെളിഞ്ഞു
April 17, 2017, 7:00 am
അശ്വതി വിജയൻ
വയനാടൻ തണുപ്പിന്റെ കുളിർമായാണ് അനു സിത്താരയുടെ സംസാരത്തിലുള്ളത്. തികഞ്ഞ ഒരു നാട്ടിൻപുറത്തുകാരി. കൽപ്പറ്റയിൽ നിന്ന് മലയാള സിനിമയിലേക്കുള്ള വണ്ടി കയറുമ്പോഴൊന്നും ഒരിക്കൽ പോലും അനു കരുതിയിരുന്നില്ല മലയാളികൾ ഇത്രയേറെ തന്നെ സ്‌നേഹിക്കുമെന്ന്. ഹാപ്പിവെഡ്ഡിംഗിലെ വിജയത്തിന് ശേഷം അനുവിനെ തേടിയെത്തുന്നത് ഒരു പിടി ചിത്രങ്ങളാണ്.

വരവ് മോശമായില്ല
'ഹാപ്പി വെഡ്ഡിംഗാ'യിരുന്നു എന്റെ ആദ്യ ബ്രേക്ക്. ഹാപ്പി വെഡ്ഡിംഗിന്റെ കഥ കേൾക്കുമ്പോൾ കഥാപാത്രം കുറച്ച് നെഗറ്റീവാണെന്ന് അറിയാമായിരുന്നു. ആദ്യം കുറച്ച് ടെൻഷനും തോന്നി. എന്നാലും അതൊരു മികച്ച സിനിമയാകുമെന്ന് മനസിലിരുന്നാരോ പറഞ്ഞു. സിദ്ദിഖ് സാറിന്റെ ഫുക്രി, അനൂപ് മേനോനോടൊപ്പം സർവ്വോപരി പാലാക്കാരൻ, അച്ചായൻസ് എന്നീ ചിത്രങ്ങളെല്ലാം തേടി വന്നത് അതിനു പിന്നാലെയാണ്. സിദ്ദിഖ് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത്. നൂറു കോടി ക്ലബിലൊക്കെ കയറിയ ആളല്ലേ. അതുപോലെ ജയറാമേട്ടന്റെയും ജയേട്ടന്റെയുമൊക്കെ ഫാനാണ് ഞാൻ. അവരോടൊപ്പം എങ്ങനെ അഭിനയിക്കുമൊന്നൊരു ടെൻഷനുണ്ടായിരുന്നു. പക്ഷേ, സംസാരിച്ചപ്പോൾ തന്നെ ഒട്ടും പേടിക്കേണ്ട ആളുകളല്ലെന്ന് മനസിലായി. അത്രയ്ക്ക് ഫ്രണ്ട്ലിയാണ് എല്ലാവരും. അവരുടെ ഗുരുത്വവും വിനയവുമൊക്കെ കണ്ടു പഠിക്കേണ്ടതാണ്.

നൃത്തവും സിനിമയും
കഥ മുഴുവൻ കേട്ടിട്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കഥാപാത്രം എങ്ങനെയുള്ളതാണെന്നും നോക്കും. പിന്നെ കോസ്റ്റിയൂമിന്റെ കാര്യം ആദ്യമേ പറയാറുണ്ട്. ഇതൊക്കെ ഇഷ്ടമായാൽ മാത്രമേ ഒരു സിനിമയ്ക്ക് യെസ് പറയൂ. കംഫർട്ടബിളായി തോന്നുന്ന എല്ലാ കോസ്റ്റിയൂമും ഉപയോഗിക്കും. പക്ഷേ, എനിക്ക് ഇഷ്ടം തോന്നണം. ഇതുവരെ ചെയ്തതെല്ലാം സാധാരണ കഥാപാത്രങ്ങളായിരുന്നു. അച്ചായൻസിൽ മാത്രം അല്പം മോഡേണാണ്. അപ്പോഴും എന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന വേഷങ്ങളാണ് ധരിക്കാറ്. ജീവിതത്തിൽ നാടൻ വേഷങ്ങളും ചുരിദാറുമൊക്കെയാണ് ഇഷ്ടം.

എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയിട്ടുണ്ട്. പിന്നെ പ്രാണനായ നൃത്തത്തെ കൈവിടരുതെന്നും. സിനിമയില്ലാതായാലും ഡാൻസ് കൂടെക്കാണുമെന്നുറപ്പാണ്. കൽപ്പറ്റയിൽ 'നവരസ' എന്ന പേരിൽ ഞങ്ങൾക്ക് ഡാൻസ് സ്‌കൂളുണ്ട്. ഷൂട്ടിംഗ് തിരക്കുകളിലാകുമ്പോൾ അമ്മയാണ് സ്‌കൂളിന്റെ കാര്യങ്ങൾ നോക്കുന്നത്. എനിക്കൊരു അനിയത്തിയുണ്ട് സൊനാര. അവൾക്ക് പാട്ടിനോടാണിഷ്ടം.

ഒടുവിൽ സിനിമേലെടുത്തു
കൽപ്പറ്റ എസ്.കെ.എം. ജെ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് കേരള കലാമണ്ഡലത്തിലെത്തി. എട്ടു മുതൽ പത്താം ക്ലാസു വരെയാണ് അവിടെ പഠിച്ചത്. മോഹിനിയാട്ടമായിരുന്നു മെയിൻ. സബ് ആയി കുച്ചിപ്പുടിയും ഭരതനാട്യവും പഠിച്ചു. കലാമണ്ഡലമാണ് എന്നിലെ കലാകാരിയെ ചീകിമിനുക്കിയത്. അതിനു ശേഷമാണ് കലോത്സവങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. പ്ലസ് ടു വിന് പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മോഹിനിയാട്ടത്തിന് എ ഗ്രേഡ് ലഭിച്ചു. അതിനു മുമ്പ് തന്നെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം എന്നെത്തേടിയെത്തിയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് മാനുവാണ്. സുരേഷ് അച്ചു സംവിധാനം ചെയ്ത പൊട്ടാസ് ബോംബിലാണ് ആദ്യം നായികയായത്. പിന്നീട് സത്യൻ അന്തിക്കാട് സാറിന്റെ ഒരു ഇന്ത്യൻ പ്രണയകഥ. ചെറുതാണെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം. കുറച്ച് നല്ല അഭിനയ മുഹൂർത്തങ്ങളും ഒരു ഇന്ത്യൻ പ്രണയകഥ സമ്മാനിച്ചു. തമിഴിലും ഒരു ചിത്രത്തിൽ അഭിനയിച്ചു. ഇതിനിടയിൽ ഊട്ടി ഡബ്ല്യു.എം.ഒ കോളേജിൽ നിന്ന് ഡിഗ്രിയും ചെയ്തു.

കലാകുടുംബം
വീട്ടിൽ എല്ലാവർക്കും കലയോടുള്ള താത്പര്യം കുറച്ച് കൂടുതലാണ്. ഞങ്ങളുടെ വീടിന്റെ ഓരോ കോണിലും കലയുടെ സ്പർശമുണ്ടായിരുന്നു. ഞാൻ എന്തുകൊണ്ടൊരു നടിയായി, നർത്തകിയായി എന്നതിനൊക്കെയുള്ള ഉത്തരം എന്റെ അച്ഛനും അമ്മയുമാണ്. ഞാൻ സ്‌നേഹം നിറച്ച് മാനു എന്ന് വിളിക്കുന്ന അച്ഛൻ അബ്ദുൾ സലാമിന് കോർപറേഷനിലാണ് ജോലി. പക്ഷേ, നാടകാഭിനയത്തോടുള്ള ഇഷ്ടം എപ്പോഴും മാനുവിന്റെ കൂടെയുണ്ട്. അമ്മ രേണുക നൃത്താദ്ധ്യാപികയാണ്. കലയോടുള്ള ഈ ഇഷ്ടമാണ് അവരെ ഒരുമിപ്പിച്ചത്. അമ്മയാണ് എന്നെ ചുവടു വയ്ക്കാൻ പഠിപ്പിച്ചത്. ഓർമ വച്ചപ്പോഴേ നൃത്തം ചെയ്ത് തുടങ്ങി. അമ്മയുടെ ഡാൻസ് ക്ലാസുകളും മാനുവിന്റെ നാടക റിഹേഴ്സലുകളും കണ്ട് വളർന്ന എനിക്ക് അതിനോടൊക്കെ താത്പര്യമുണ്ടാകുന്നത് സ്വാഭാവികമല്ലേ. മാനുവും അമ്മയും അനിയത്തിയുമല്ലാതെ എനിക്കൊരു സ്പെഷ്യൽ ആളിന്റെ പിന്തുണ കൂടിയുണ്ട്. എന്റെ സ്വന്തം വിഷ്ണുവേട്ടൻ. ഹാപ്പി വെഡ്ഡിംഗിൽ അഭിനയിക്കുന്നതിന് മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. പ്ലസ്ടുവിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ്. ബംഗ്ലൂ രുവിൽ മീഡിയാ സ്റ്റുഡിയോ നടത്തുന്നു. വിവാഹിതയായതു കൊണ്ട് സിനിമയിൽ അവസരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നില്ല. അഭിനയിക്കാൻ വിളിക്കുന്നവരാരും കല്യാണം കഴിഞ്ഞത് ഒരു പ്രശ്നമായിട്ട് പറയാറുമില്ല. മലയാളത്തിൽ ഒരുപാട് നടിമാർ കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നുണ്ടല്ലോ. കാലമൊക്കെ മാറിയില്ലേ. എപ്പോഴും ഒരാളുടെ പിന്തുണയുള്ളത് നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മനസിന് കുറച്ചു കൂടി ധൈര്യമുണ്ടാകും. എന്റെ മിക്ക ഫോട്ടോസും എടുക്കുന്നത് വിഷ്ണുവേട്ടനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.