Friday, 26 May 2017 3.39 AM IST
സഖാവും 'സഖാവും' തമ്മിൽ
April 16, 2017, 9:23 am
ആർ.സുമേഷ്
ചോരച്ചുവപ്പുള്ള കമ്മ്യൂണിസത്തിന്റെ കഥകൾ എന്നും യുവാക്കൾക്ക് പ്രചോദനവും ഊർജവുമാണ്. പഴയകാലത്തെ കമ്മ്യൂണിസ്‌റ്റ് നേതാക്കളിൽ നിന്ന് ആധുനിക കാലത്തെ സഖാക്കന്മാരിൽ കമ്മ്യൂണിസം എത്തി നിൽക്കുന്പോൾ അതിനുണ്ടായ മൂല്യച്യുതികളെ കേവലം യാദൃച്ഛികം എന്ന് മാത്രം വിശേഷിപ്പിച്ചാൽ പോര. തലമുറ വിടവ് എന്ന് പറഞ്ഞൊഴിയാനും കഴിയില്ല. കമ്മ്യൂണിസം കനത്ത വെല്ലുവിളി നേരിടുന്ന കാലത്താണ് ദേശീയ അവാർഡ് ജേതാവായ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയും എത്തുന്നത്. കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകൾക്ക് വലിയൊരു ചരിത്രമുള്ളതിനാലും ആ കമ്മ്യൂണിസം പ്രമേയമായി നിരവധി സിനിമകൾ വന്നതിനാലും സഖാവ് മുന്നോട്ട് വയ്ക്കുന്ന പ്രമേയം പുതിയതാണെന്ന് ഒരു തരത്തിലും പറയാനാവില്ല. എന്നാൽ അവതരണരീതിയിൽ പുതുമ സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

സഖാവിൽ നിന്ന് സഖാവിലേക്കുള്ള പരിണാമം
കൃഷ്‌ണകുമാർ എന്ന ചെറുപ്പക്കാരൻ കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.കെയുടെ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. നമ്മുടെ ഇന്നത്തെ കമ്മ്യൂണിസ്‌റ്റുകാരെ പോലെ പാർട്ടി പദവികൾ ആഗ്രഹിക്കുന്ന സ്വാർത്ഥനായ കമ്മ്യൂണിസ്‌റ്റ് യുവനേതാവ്. തനിക്ക് മുന്പിലുള്ള പ്രതിബന്ധങ്ങൾ അത് സ്വന്തം പാർട്ടിയിൽ നിന്നായാലും വെട്ടിമാറ്റണമെന്ന പക്ഷക്കാരൻ. അങ്ങനെയുള്ള സഖാവ് കൃഷ്‌ണകുമാർ (കൃഷ്‌ണകുമാർ സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്)​ പണ്ടുകാലത്തെ സഖാവ് കൃഷ്‌ണന്റെ കഥ അറിയുന്നതും തുടർന്ന് യുവസഖാവിന്റെ ജീവിതത്തെ അത് ഏത് തരത്തിൽ സ്വാധീനിക്കുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

കമ്മ്യൂണിസം പറയുന്ന സഖാക്കൾ
കമ്മ്യൂണിസ്‌റ്റ് കഥ പറയുന്ന ആദ്യത്തെ സിനിമയല്ല സഖാവ്. പഴയകാലത്തും കോളേജ് ജീവിതവും കമ്മ്യൂണിസവും ജന്മി - കുടിയാൻ വ്യവസ്ഥയുമൊക്ക സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ന്യൂജനറഷേൻ ചോരത്തിളപ്പിന്റെ കഥ പറഞ്ഞ ഒരു മെക്സിക്കൻ അപാരതയും വന്നുപോയി. ചോരത്തിളപ്പ് വിദ്യാർത്ഥി രാഷ്ട്രീയത്തെ ഉപരിപ്ളവമായി പറഞ്ഞ അപാരതയിൽ നിന്ന് വ്യത്യസ്തമാണ് സഖാവ് എന്ന സിനിമ. കടുത്ത അരാഷ്ട്രീയവാദം മുന്നോട്ട് വച്ച മെക്സിക്കൻ അപാരത,​ സഖാവിലെത്തുന്പോൾ അത് ഇരുത്തം വന്ന സഖാവിന്റേയും ഒരു യഥാർത്ഥ സഖാവ് എങ്ങനെയെല്ലാം ആയിരിക്കണമെന്നതിന്റേയും നേർക്കാഴ്ചയാവുകയുമാണ്.

രസിപ്പിച്ച് ചിന്തിപ്പിക്കുന്ന ആദ്യ പകുതി
രണ്ടു മണിക്കൂറും 43 മിനിട്ടുമാണ് സിനിമയുടെ ആകെ ദൈ‌ർഘ്യം. ആദ്യ പകുതി അവസാനിക്കുന്നത് തന്നെ ഏതാണ്ട് ഒന്നേ മുക്കാൽ മണിക്കൂറിന് ശേഷമാണ്. ന്യൂജനറേഷൻ വിദ്യാർത്ഥി നേതാവായി യുവനടൻ നിവിൻ പോളിയും പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അൽത്താഫും ചേർന്നുള്ള തമാശ രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. എന്നാൽ,​ ചിലയിടങ്ങളിൽ തമാശ ബോറടിയായി മാറുന്നുണ്ട്.

രണ്ടാം പകുതി മുഴുവൻ യഥാർത്ഥ സഖാവ് കൃഷ്‌ണകുമാറിലേക്കുള്ള രൂപാന്തരമാണ്. മുതലാളി വർഗത്തിനെതിരെ അ‌ഞ്ചു സഖാക്കന്മാരുമായി ചേർന്ന് പടനയിച്ച സഖാവ് കൃഷ്‌ണൻ പണ്ടെങ്ങോ കണ്ടുമറന്ന യഥാർത്ഥ കമ്മ്യൂണിസ്‌റ്റുകാരുടെ പുനരവതാരമാണ്. പിന്നെ പോരാട്ടങ്ങളുടെ കഥയാണ്. തോട്ടങ്ങളിൽ പണിയെടുത്തവന്റേയും പാടത്ത് പണി ചെയ്യുന്നവന്റേയും അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ,​ അതിജീവനത്തിന്റെ ചോര ചിന്തിയ കഥകൾ.

സിന്ദാബാദ് വിളിച്ചിരുന്ന കമ്മ്യൂണിസം
ഈൻക്വിലാബ് സിന്ദാബാദ് എന്ന് മുഷ്ടി ചുരുട്ടി ഒരു സഖാവ് വിളിച്ചത് ഏറ്റുവിളിക്കാൻ ആയിരം കൈകൾ ഉയർന്നൊരു കാലമുണ്ടായിരുന്നു. മുൻകാല കമ്മ്യൂണിസം ആധുനിക കാലത്തെ കമ്മ്യൂണിസവുമായി താദാത്മ്യം പ്രാപിച്ച് ഇന്നത്തെ രൂപത്തിലെത്തുന്പോഴുണ്ടായ തെറ്റ് കുറ്റങ്ങളും സിനിമ പറഞ്ഞുവയ്ക്കുന്നു. പാർട്ടിയിൽ പ്രവർത്തിക്കാൻ അണികളെ കിട്ടാതെ വരുന്പോൾ നേതാക്കൾക്കുണ്ടാവുന്ന ആശങ്കകളും സിനിമ പങ്കുവയ്ക്കുന്നു. കമ്മ്യൂണിസത്തിന്റെ വിത്ത് ആദ്യം പാകേണ്ടത് ജനങ്ങളുടെ മനസിലാണെന്ന പഴയ വാചകം പൊടിതട്ടി എടുക്കുന്നുണ്ട് സംവിധായകൻ ഇവിടേയും. യഥാ‌ർത്ഥത്തിൽ അതൊരു സൂചകമാണ്. അടിത്തറ നഷ്ടമാവുന്ന പാർട്ടിയുടെ ഉയിർത്തെഴുന്നേൽപിലേക്കുള്ള സൂചകം. ഇങ്ങനെ എത്രയോ വാചകങ്ങൾ സഖാവ് കൃഷ്‌ണൻ പറയുന്നുണ്ട്. ഇതെല്ലാം ഇന്നത്തെ കമ്മ്യൂണിസത്തിന്റെ അവസ്ഥയിൽ നിശബ്ദമായി വിലപിക്കുന്ന ഒരാളുടെ മനോഗതിയാണ്. ജാതി വ്യവസ്ഥയെ തള്ളിപ്പറഞ്ഞിരുന്ന സഖാവിനോട്,​ നിന്റെ പേരിന്റെ മുന്നിലോ പിന്നിലോ വാലുണ്ടോയെന്ന് ജന്മി ചോദിക്കുന്പോൾ,​ എന്റെ പേരിന് മുന്നിൽ ഒരുവാലേയുള്ളൂ അത് സഖാവ് എന്നാണെന്ന് കൃഷ്ണൻ മറുപടി നൽകുന്നിടത്ത് കരഘോഷം മുഴങ്ങുകയാണ്.

വലിയ പഞ്ച് ഡയലോഗുകൾ അത്രയൊന്നും സിനിമയിൽ ഇല്ല. എന്നാൽ,​ ഉള്ളതിനെ ഓണം പോലെ ആഘോഷിക്കുകയും ചെയ്യുന്നു. അതേസമയം,​ രോമത്തെ പിടിച്ച് എഴുന്നേൽപിക്കുന്ന രംഗങ്ങൾ ഒന്നും സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നുമില്ല. തിരക്കഥ രചിച്ച സിദ്ധാർത്ഥ് ശിവ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം മോശമാക്കിയിട്ടില്ല. എങ്കിലും ഇനിയും മെച്ചപ്പെടുത്താമായിരുന്ന ഒന്നാണ് ഈ സിനിമയെന്ന് കണ്ടിറങ്ങുന്പോൾ പ്രേക്ഷകന് തോന്നിയേക്കാം. ദൈർഘ്യം സിനിമയുടെ ആസ്വാദന ശേഷിയെ നല്ലതോതിൽ ബാധിക്കുന്നുണ്ട്. എഡിറ്റിംഗിൽ അൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇനിയും സിനിമ ആസ്വാദ്യകരമായേനെ. ക്ളൈമാക്‌സു കഴിഞ്ഞ് പിന്നെയും അഞ്ച് മിനിട്ടോളം സിനിമ സ‌‌‌ഞ്ചരിക്കുന്നുണ്ട്. ആ ടെയിൽ പീസിലാണ് യഥാർത്ഥ ക്ളൈമാക്‌സ്.
സഖാവിലെ സഖാക്കൾ

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻ പോളി രണ്ട് വേഷത്തിൽ മൂന്ന് ഗെറ്റപ്പുകളിൽ എത്തുന്നു. സഖാവ് കൃഷ്‌ണൻ എന്ന കഥാപാത്രം നിവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും. യുവസഖാവിൽ നിന്ന് 70 പിന്നിട്ട വയോധികനിലേക്കുള്ള നിവിന്റെ രൂപമാറ്റം അതിശയിപ്പിക്കുന്നതാണ്. കൃഷ്‌ണകുമാർ എന്ന അലസനായ സഖാവിനെക്കാൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുക സഖാവ് കൃഷ്‌ണൻ ആണെന്ന് നിസംശയം പറയാം.

പ്രൊഫസർ അലിയാർ,​ സുധീഷ്,​ സന്തോഷ് കീഴാറ്റൂർ,​ മുസ്തഫ തുടങ്ങിയവരാണ് സിനിമയിലെ മറ്റു സഖാക്കന്മാർ. ഡോക്ടറുടെ വേഷത്തിൽ എത്തിയ ശ്രീനിവാസൻ, എസ്‌റ്റേറ്റ് ഉടമയുടെ വേഷത്തിൽ എത്തുന്ന ടോണി ലൂക്ക്,​ സഹായിയായ കങ്കാണിയുടെ വേഷത്തിലെത്തിയ ബൈജു,​ സഖാവിന്റെ കൂട്ടുകാരനായ മഹേഷിന്റെ വേഷത്തിലെത്തിയ അൽത്താഫ് എന്നിവർ പ്രത്യേകം പരാമർശം അർഹിക്കുന്നു.

സഖാവ് ജാനകിയായി എത്തുന്ന ഐശ്വര്യ രാജേഷി(കാക്കമുട്ടൈ ഫെയിം)​ന് ഇത് മികച്ച വേഷമാണ്. സഖാവ് കൃഷ്‌ണനൊപ്പം പാർട്ടിക്കു വേണ്ടി പോരാടിയ ഐശ്വര്യ,​ തന്റെ യുവത്വവും വാർദ്ധക്യവും ഭംഗിയായി തന്നെ അവതരിപ്പിച്ചു. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ നിന്ന് സഖാവിൽ അഭിനയപ്രാധാന്യമുള്ള വേഷം കിട്ടിയ ഐശ്വര്യയ്ക്ക് ഇത് ഇരട്ടിമധുരവുമാണ്. സഖാവ് കൃഷ്ണന്റെ മകളായി അപർണ ഗോപിനാഥും നഴ്സിന്റെ വേഷത്തിൽ ഗായത്രി സുരേഷും എത്തുന്നു.

പ്രശാന്ത് പിള്ളയുടെ സംഗീതം സിനിമയോട് ഇണങ്ങുന്നതാണ്. ഗാനങ്ങൾ അത്ര മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല.

വാൽക്കഷണം: കണ്ണാടി നോക്കൂ സഖാക്കളെ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ