നന്മയുടെ പൂമരം നട്ടുനനച്ച് ഡോക്ടർ സുകുമാരൻ
April 19, 2017, 9:48 am
പി.സി. ഹരീഷ്
കോഴിക്കോട്: കിണറ്റിൽ വീണ് പരിക്കേറ്റ് വലതുകാൽ മുറിക്കേണ്ടിവന്ന കക്കോടിയിലെ ദിനേശനും ഇരുവൃക്കകളും തകർന്ന് ഡയാലിസിസിന്റെ ബലത്തിൽ ജീവിക്കുന്ന സുനിതയ്ക്കും എല്ലാ മാസവും രണ്ടായിരം രൂപ കിട്ടുന്നുണ്ട്. മേപ്പയൂരിലെ അന്ധത ബാധിച്ച കുടുംബത്തിനും കിട്ടുന്നുണ്ട് ആയിരം രൂപ. ഇങ്ങനെ പലർക്കും... നിർദ്ധന രോഗികൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് മാസം തോറും പെൻഷൻ നൽകുന്നത് ഒരു ഡോക്ടറാണ്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ. ഇ. സുകുമാരന് ആതുരശുശ്രൂഷ ജീവകാരുണ്യ പ്രവർത്തനമാണ്.

സ്നേഹവും പരിചരണവും കാരുണ്യവും മനുഷ്യരോട് മാത്രമല്ല, ചെടികളോടുമുണ്ട്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ 'തുഷാരം'എന്ന വീടിന്റെ മതിലിലും പറമ്പിലും ടെറസിലും മാത്രമല്ല, പരിസരപ്രദേശം നിറയെ പൂച്ചെടികളും വള്ളിപ്പടർപ്പുകളും പൂമരങ്ങളുമാണ്. വീടിന് മുന്നിലുള്ള റെയിൽവേ കോമ്പൗണ്ടിലും വഴിയോരത്തുമൊക്കെ പൂമരങ്ങൾ നട്ടുപിടിപ്പിച്ചത് സുകുമാരൻ ഡോക്ടറാണ്. നന്മയുടെ പൂമരങ്ങൾ മനസിൽ വളരുമ്പോൾ അതിന്റെ വിത്തുകൾ ജീവിതവഴികളിലും നിറയുമല്ലോ...

ടെറസിൽ പച്ചക്കറിക്കൃഷിയുമുണ്ട്. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയതാണ് കൃഷിക്കമ്പം. പയറും വെണ്ടയും ചീരയും മുളകും ബീൻസും വഴുതനയും കായ്ച്ചുല്ലസിച്ചു നിൽക്കുന്നു. കാലത്ത് ആറു മണി മുതൽ എട്ടു മണിവരെ തനി നാടൻ കൃഷിക്കാരനാകും. കീടങ്ങളെ പ്രതിരോധിക്കാനുള്ള ടെക്‌നിക്കുകൾ, പുതിയ തരം വളപ്രയോഗങ്ങൾ, കൃഷി രീതികൾ... ഭാര്യ പുഷ്പയുമുണ്ടാകും കൂടെ.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഡോക്ടർ മുപ്പതു വർഷമായി കൊയിലാണ്ടിയിലെത്തിയിട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1966ൽ എം.ബി.ബി.എസ് പാസായി. രണ്ടുവർഷത്തിനകം സർക്കാർ സർവീസിൽ പ്രവേശിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ആയാണ് ‌വിരമിച്ചത്. കൊയിലാണ്ടി ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുന്നിൽ സുകുമാരൻ ഡോക്ടറുണ്ട്.

മൂത്തമകൾ ലീനയെ പയ്യന്നൂരിലേക്കാണ് വിവാഹം ചെയ്തയച്ചത്. രണ്ടാമത്തെ മകൾ ഷീനയും കുടുംബവും ബംഗളൂരുവിലാണ്. ഇളയ മകൻ സുനിൽ മർച്ചന്റ് നേവിയിൽ. അവധിക്കാലമായതോടെ മക്കളും പേരക്കുട്ടികളും എത്തിയിട്ടുണ്ട്. വേനൽച്ചൂടിൽ നാടാകെ വരണ്ടുണങ്ങുമ്പോൾ വീട്ടിലും നാട്ടിലും നന്മയുടെ പൂമരങ്ങൾ നട്ടുപിടിപ്പിക്കുന്ന മുത്തച്ഛൻ ഈ കുട്ടികൾക്കൊരദ്ഭുതമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ