Monday, 29 May 2017 6.50 PM IST
ഞാൻ സമ്മർദ്ദത്തിലാണ്: വി.എ.ശ്രീകുമാർ മേനോൻ
April 19, 2017, 11:41 am
ശരത്‌ലാൽ ചിറ്റടിമംഗലത്ത്
ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ പരസ്യചിത്ര സംവിധായകരിൽ ഒരാളാണ് മലയാളിയായ പാലക്കാട് പുത്തൂർ സ്വദേശി വി.എ.ശ്രീകുമാർ മേനോൻ. 2017 ആഗസ്‌റ്റിൽ 'ഒടിയൻ' എന്ന നൂറു കോടി സിനിമയും തൊട്ടുപിന്നാലെ 2018 സെപ്തംബറിൽ ബി.ആർ ഷെട്ടി നിർമ്മിക്കുന്ന ആയിരം കോടിയുടെ 'മഹാഭാരത'വും സംവിധാനം ചെയ്യുന്നത് ഇതേ ശ്രീകുമാർ തന്നെയാണ്. നിർമ്മാണച്ചെലവിലും താരനിരയിലും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ഈ നവാഗത സംവിധായകന്റെ വെള്ളിത്തിരയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ഇന്ത്യയിലെ നമ്പർ വൺ പരസ്യചിത്ര നിർമ്മാണക്കമ്പനിയായ 'പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസി'ന്റെ മാനേജിങ് ഡയറക്ടറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമാണ് ഇദ്ദേഹം. തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് ശ്രീകുമാർ മേനോൻ മനസ്സുതുറക്കുന്നു.

ചോദ്യം: അഭിനയ ചക്രവർത്തി മോഹൻലാലിനോടൊപ്പം രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ, അതിലൊന്ന് രാജ്യത്തെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന എം.ടിയുടെ തിരക്കഥയിൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന 'മഹാഭാരതം'. സിനിമാ സംവിധായകനായി രാജ്യം മുഴുവൻ ഉറ്റുനോക്കും വിധം അസൂയാവഹമായ ഒരു അരങ്ങേറ്റമാണ് താങ്കളുടേത്. പരസ്യമേഖലയിൽ നിന്നും സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുമ്പോൾ പ്രതീക്ഷകൾ എത്രത്തോളമാണ് ?

ഉ: അടിസ്ഥാനപരമായി ഞാനൊരു ക്രിയേറ്റീവ് പേഴ്സൺ ആണ്. എന്റെ കമ്പനിയുടെ ക്രിയേറ്റീവ് ഹെഡ് ഞാൻ തന്നെയാണ്. കമ്പനിയുടെ ക്രിയേറ്റീവ്, സ്ട്രാറ്റജി, ബ്രാൻഡ് എന്നീ മേഖലകളിലാണ് ഞാൻ കൂടുതലായും വർക്ക് ചെയ്യുന്നത്. ഏതൊരു ക്രിയേറ്റീവ് ആയ വ്യക്തിയുടേയും അന്തിമ ലക്ഷ്യമായിരിക്കുമല്ലോ സിനിമ. സിനിമാ മോഹങ്ങൾ വളരെക്കാലമായി മനസിൽ കൊണ്ടു നടക്കുന്നുണ്ട്.
എന്നാൽ, പരസ്യരംഗത്ത് നിന്ന് വിട്ടുമാറി ചെയ്യാവുന്ന തരത്തിൽ യാതൊരു പ്രൊജക്ടും നേരത്തെ എന്റെ മുന്നിൽ വന്നിരുന്നില്ല. പരസ്യ രംഗത്ത് ഇപ്പോൾ കംഫർട്ടബിൾ ആണ്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന കമ്പനിയും 140 സ്റ്റാഫുമൊക്കെയായി കഴിയവേ, പെട്ടെന്ന് ഇതെല്ലാം വിട്ട് സിനിമയിലേക്ക് പോകാൻ തക്കവണ്ണം ശക്തമായ ഒരു കാരണം വേണമെന്ന് എനിക്ക് തന്നെ തോന്നുന്ന ഒരു പ്രൊജക്ട് വേണമായിരുന്നു. അങ്ങനെയാണ് രണ്ടു വർഷം മുമ്പ് ഞാൻ രണ്ടാമൂഴത്തിന്റെ ജോലികൾ തുടങ്ങിവച്ചത്. ആ ബിഗ് പ്രൊജക്ടിന് ഇൻവെസ്റ്റ്മെന്റ് വൈകുന്നതിനിടെയാണ് 'ഒടിയൻ' എന്ന രസകരമായ സ്ക്രിപ്റ്റ് കേൾക്കാനിടയായത്. അങ്ങനെയാണ് ആദ്യം ആ സിനിമ ചെയ്യാൻ തീരുമാനിച്ചത്. തൊട്ടുപിന്നാലെ തന്നെ രണ്ടാമൂഴത്തിന് പണം മുടക്കാൻ ആളെത്തുകയും ചെയ്തു. അങ്ങനെയാണ് തുടർച്ചയായി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്.
എന്റെ കമ്പനി ഇപ്പോൾ കുറച്ച് പ്രൊഫഷണലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എനിക്ക് ഇപ്പോൾ അത്യാവശ്യത്തിന് ക്രിയേറ്റീവ് സപ്പോർട്ട് നൽകുക മാത്രമെ ചെയ്യേണ്ടതുള്ളൂ. അത്തരത്തിലൊരു ചിട്ട എന്റെ കമ്പനിക്ക് വന്നുകഴിഞ്ഞു എന്ന വിശ്വാസത്തിലാണ് സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നത്.

ചോദ്യം: രണ്ടാമൂഴം സംവിധാനം ചെയ്യാൻ ആരെങ്കിലും താങ്കളെ നിർബന്ധിച്ചിരുന്നോ ?

ഉ: ഇല്ല, ഇതെന്റെ സ്വന്തം തീരുമാനമാണ്. രണ്ടാമൂഴം വായിച്ച ഏതൊരു മലയാളിയുടേയും ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമായിരിക്കും അതൊരു സിനിമയായി കാണണമെന്നത്. അത്രമാത്രം ആഴത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു കൃതിയാണത്. രണ്ടാമൂഴം സംവിധാനം ചെയ്യുക എന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു.

ചോദ്യം: പരസ്യ രംഗത്തേക്ക് കടന്നു വന്നത് എങ്ങനെ?

ഉ: ഞാൻ പരസ്യ രംഗത്തേക്ക് കടന്നു വന്നിട്ട് ഇത് 24ാ മത്തെ വർഷമാണ്. ഇരുപത്തി രണ്ടാമത്തെ വയസിൽ സി.എയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി അഡ്വർട്ടൈസിംഗ് രംഗത്തേക്ക് വരുന്നത്. ഇരുപത്തി രണ്ടാമത്തെ വയസിൽ ഇന്റർമീഡിയറ്റ് പാസായി നിൽക്കുമ്പോഴാണ് ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി പരസ്യ രംഗത്തേക്ക് കടന്നത്. പിന്നെ ഇതിൽ പെട്ടു പോയി എന്നുതന്നെ പറയാം. എന്റെ വളർച്ചയും ഉയർച്ചയും താഴ്ചയുമെല്ലാം ആദ്യ ആറ് മാസത്തിനകം തന്നെയായിരുന്നു. 1993ൽ എന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ എനിക്ക് മൂന്നര കോടി രൂപ തരാൻ ബാക്കി വെച്ചിരുന്ന ഒരു ക്ലയന്റ് പൊതുഫണ്ട് ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ വിവിധ പത്രങ്ങൾക്ക് പരസ്യം നൽകിയതുമായി ബന്ധപ്പെട്ട് മൂന്നര കോടി രൂപയുടെ ഭാരിച്ച കടം എന്റെ തലയിലായി. കൊടുത്ത ചെക്കുകളെല്ലാം പത്രങ്ങൾ മടക്കി. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ സ്ഥലമില്ലാതെ ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്ത അവസ്ഥയായിരുന്നു ഞാൻ. എന്നാൽ ആ സമയത്ത് എന്റെ അച്ഛനാണ് രക്ഷകനായെത്തിയത്. എന്റെ പേരിലുണ്ടായിരുന്ന ഭൂമിയൊക്കെ വിറ്റ് അച്ഛൻ കടത്തിൽ നിന്ന് രക്ഷിച്ചു. അപ്പോഴേക്കും പത്തു കോടിയോളം രൂപയുടെ മൊത്തം കടം ഉണ്ടായിരുന്നു. അതോടെയാണ് എങ്ങനെയെങ്കിലും ഈ മേഖലയിൽ തന്നെ പിടിച്ചുനിൽക്കണം എന്ന് തീരുമാനിച്ചത്. ഒടുക്കം ഈ കടത്തിൽ നിന്നെല്ലാം രക്ഷപ്പെട്ടു വരുമ്പോഴേക്കും 15 വർഷം കഴിഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ യുവത്വമെല്ലാം നഷ്ടപ്പെട്ടിരുന്നു. 22 മുതൽ 38 വയസു വരെയുള്ള എന്റെ ജീവിതത്തിലെ നല്ല പ്രായമെല്ലാം ഇതിനായി ഹോമിക്കപ്പെട്ടു.

ചോദ്യം: ആദ്യമായി സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിലും മോഹൻലാൽ ഉണ്ടല്ലോ ? ലാലേട്ടനുമായി അടുപ്പം എങ്ങനെ?

ഉ: ഒരു മഹാഭാഗ്യമായാണ് ഞാൻ ഇതിനെ കാണുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ദക്ഷിണേന്ത്യയിലെ സംവിധായകർ എല്ലാം തന്നെ. ലാലേട്ടനുമായി നേരത്തെ മുതൽ എനിക്ക് പരിചയമുണ്ട്. മോഹൻലാൽ ടേസ്റ്റ് ബഡ്സ്, മണപ്പുറം ഗോൾഡ് ലോൺ തുടങ്ങിയ പരസ്യങ്ങളൊക്കെ നേരത്തെ ലാലേട്ടനെ വച്ച് ചെയ്തിരുന്നു. മോഹൻലാലിന്റെ സിനിമയിലെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് നടത്തിയ പ്രോഗ്രാം സംഘടിപ്പിച്ചത് ഞങ്ങളുടെ കമ്പനിയായിരുന്നു. അന്നു മുതലേ മോഹൻലാലുമായി വളരെയടുത്ത ബന്ധമാണ് ഉള്ളത്.

ചോദ്യം: രണ്ടാമൂഴത്തിൽ കേന്ദ്ര കഥാപാത്രമയ ഭീമനെ അവതരിപ്പിക്കാൻ എം.ടി തന്നെയാണോ ലാലേട്ടനെ തിരഞ്ഞെടുത്തത് ?

ഉ: ഇന്ന് ലോക സിനിമയിൽ ഭീമനെ അവതരിപ്പിക്കാൻ മോഹൻലാലോളം പ്രാപ്തിയുള്ള മറ്റൊരു നടനില്ല. രണ്ടാമൂഴം വായിച്ച ഓരോ വായനക്കാരന്റെയും മനസിൽ ഭീമനെന്നാൽ മോഹൻലാലിന്റെ മുഖമാണ്. മോഹൻലാൽ ആണ് ഭീമനെന്നത് ഓട്ടോമാറ്റിക്ക് ചോയ്സ് ആണ്. രണ്ടാമൂഴം വായിക്കുമ്പോൾ എം.ടി സാറിന്റേയും എന്റേയും മനസിൽ ഭീമൻ എന്നാൽ മോഹൻലാലാണ്.

ചോദ്യം: 'ഒടിയന്റെ' ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുന്നത് ?

ഉ: 'ഒടിയന്റെ' ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. ജൂണിൽ ആയിരുന്നു നേരത്തെ ഷൂട്ടിംഗ് പ്ലാൻ ചെയ്തത് എങ്കിലും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് താടി വളർത്താനായി ഒന്നര മാസം കൂടി ഷൂട്ടിംഗ് നീട്ടിവെക്കുകയായിരുന്നു. മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയിൽ തയ്യാറാക്കുന്ന ഒരു മുഴുനീള ത്രില്ലറാണ് ഒടിയൻ. ഇരുട്ടിന്റെ മറവിൽ ആളുകളെ പേടിപ്പിക്കുന്ന ഒടിയന്മാരെ കുറിച്ചാണ് ഈ ചിത്രം.
നൂറ് കോടി ചെലവിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. പ്രകാശ് രാജ് ആണ് പ്രതിനായക വേഷം ചെയ്യുന്നത്.

ചോദ്യം: ആയിരം കോടി ചെലവിൽ നിർമ്മിക്കുന്ന മഹാഭാരതത്തിൽ നേരിടുന്ന വെല്ലുവിളികൾ?

ഉ: 600ഓളം പേജ് വരുന്ന രണ്ടാമൂഴമെന്ന നോവലിനെ 190 സീനുകളിലേക്ക് എം.ടി വാസുദേവൻ നായർ എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ മാറ്റിയെഴുതിയിരിക്കുകയാണ്. നോവലിലെ കഥാപാത്രങ്ങളെയോ കഥാസന്ദർഭങ്ങളേയോ ഒന്നും തന്നെ ഒഴിവാക്കാതെയാണ് അദ്ദേഹം തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കൗതുകം.‌ മലയാളത്തിൽ ഷൂട്ടിംഗ് തുടങ്ങുന്നതിന്ന് ഒന്നര ' വർഷം മുമ്പ് തന്നെ എഴുതി മുഴുവൻ സ്ക്രിപ്റ്റ് സംവിധായകന് ലഭിക്കുകയെന്നത് കിട്ടാക്കനിയാണ്. 84 വയസ്സ് പ്രായം ചെന്ന ദേശീയ സംസ്ഥാന തലത്തിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒരു തിരക്കഥാകൃത്ത് മഹാഭാരതം പോലെയൊരു ബൃഹത്തായ പുരാണത്തെക്കുറിച്ച് തിരക്കഥ ഒരുക്കിയതോടെ ഈ വമ്പൻ പ്രൊജക്ടിന്റെ പകുതി ജോലിയും തീർന്നുവെന്നാന്ന് ഞാൻ വിശ്വസിക്കുന്നത്. സംവിധായകനായ എന്റെ അഭിപ്രായങ്ങളെ പരിഗണിച്ച് സ്ക്രിപ്റ്റ് ഒരിക്കൽ കൂടി മാറ്റിയെഴുതാൻ എം.ടി വാസുദേവൻ നായർ തയ്യാറായി. തുടർന്നും വലിയ അർപ്പണബോധത്തോട് കൂടി സ്വന്തം ശബ്ദത്തിൽ നിരവധി തവണ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. സംവിധായകനെന്ന നിലയിൽ എനിക്കുണ്ടായേക്കാവുന്ന വെല്ലുവിളികളിൽ പകുതിയും ഇതിനോടകം തന്നെ പരിഹാരമായി.
ഏറ്റവും നല്ല ടെക്നോളജികളും ടെക്നീഷ്യൻസിനെയും ഉപയോഗിക്കാൻ കഴിയുകയെന്ന ഫിലിംമേക്കിംഗ് വെല്ലുവിളി നല്ലൊരു നിർമ്മാതാവിനെ കണ്ടെത്തിയതോടെ തന്നെ പരിഹരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ മഹാഭാരതം എന്ന വമ്പൻ പ്രൊജക്ട് ഏറ്റെടുക്കാവുന്ന വെല്ലുവിളിയായി തന്നെയാണ് കരുതുന്നത്.

ചോദ്യം: ആരൊക്കെയാകും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുക ? അമിതാഭ് ബച്ചൻ അഭിനയിക്കുമോ ?

ഉ: മഹാഭാരതത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ബോളിവുഡിലെ മികച്ച അഭിനേതാക്കളെയും ഹോളിവുഡിലെ ഏതാനും പ്രമുഖ താരങ്ങളെയും കഥാപാത്രങ്ങളായി പരിഗണിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങളൊന്നും ഇതുവരെ പറയാറായിട്ടില്ല. അദ്ദേഹത്തിന്റെ തിരക്കുകൾ കൂടി പരിഗണിച്ച ശേഷം മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് എനിക്ക് അദ്ദേഹത്തെ സമീപിക്കാൻ എളുപ്പമാണ് എന്നത് ഒരു വസ്തുതയാണ്.

ചോദ്യം: മഹാഭാരതം സിനിമയാക്കുമ്പോൾ മാനസിക സമ്മർദ്ദമുണ്ടോ ?

ഉ: മഹാഭാരതം സിനിമയാക്കുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഞാൻ നേരിടുന്ന സമ്മർദ്ദം ഇതിന്റെ കഥ എല്ലാവർക്കും അറിയാമെന്നതാണ്. ബാഹുബലി സിനിമയാക്കുമ്പോൾ കഥയെന്താണെന്ന് ആർക്കും അറിയാൻ വഴിയില്ല. എല്ലാവർക്കുമറിയാവുന്ന മഹാഭാരതത്തെ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ഈ സമ്മർദത്തിലൂടെ കടന്നു പോകുകയല്ലാതെ മറ്റു പോംവഴികൾ ഇല്ലല്ലോ.
കഴിഞ്ഞ രണ്ട് വർഷത്തോളമായി 50 ഓളം ആളുകൾ ചേർന്ന് ഇതിനെ പറ്റി പഠിക്കുകയായിരുന്നു. ഇക്കൂട്ടത്തിൽ ഗവേഷകരും ചരിത്രകാരന്മാരും ആർട്ടിസ്റ്റുകളും എല്ലാമുണ്ട്. നിർമ്മാതാക്കൾ എന്നു വരുമെന്ന് പോലുമറിയാതെ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത്രയും പേർ ആവേശം ഒട്ടും ചോരാതെ വിഷയത്തെക്കുറിച്ച് പഠിച്ചു വരികയാണ്. എന്തായാലും അത് ഇപ്പോൾ ഗുണകരമായി.

ചോദ്യം: കുട്ടിക്കാലത്തെ അഭിരുചികൾ ?

ഉ: കോളേജിൽ പഠിച്ചിരുന്ന കാലത്ത് കവിതകൾ എഴുതാനും പ്രസംഗ മത്സരത്തിൽ പങ്കെടുക്കാനും നാടകത്തിൽ അഭിനയിക്കാനുമെല്ലാം താൽപര്യമുണ്ടായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലും തൽപ്പരനായിരുന്നു.

ചോദ്യം: കുടുംബം ?
ഉ: അന്തരിച്ച പാലക്കാട് പുത്തൂർ സ്വദേശിയായ അരവിന്ദാക്ഷ മേനോന്റെയും രത്നവല്ലി മേനോന്റെയും മകനാണ്. ഭാര്യ ഷർമ്മിള പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ ഡയറക്ടർ ആണ്. മകൾ ലക്ഷ്മി ബി.എ മലയാളം ബിരുദ വിദ്യാർത്ഥിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.