എച്ച് വൺ എൻ വണിനെ കുറിച്ചറിയാം
April 20, 2017, 11:07 am



എന്താണ് H1 N1 വൈറസ്?
RNA വൈറസുകളുടെ ഗത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകർന്നിരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു.
വൈറസ് പകരുന്നത്
പന്നിപ്പനി വൈറസ് ബാധയുള്ള രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽ കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്ന് 2 മുതൽ 7 ദിവസം വരെ ഇത് പകർന്നേക്കം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിൽ കലർന്ന് അടുത്തുള്ള ആളിലേക്ക് ഇത് പകരുന്നു.
അസുഖം കൂടുതൽ പിടിപെടുന്നത്
ഗർഭിണികൾ, പ്രമേഹരോഗം പോലെയുള്ള അസുഖമുള്ളവർ,ആസ്ത്മ, COPD പോലെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവർ,ഹൃദ്റോഗം, വൃക്കരോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ,എയ്ഡ്സ് പോലെയുള്ള രോഗമുള്ളവർ.
രോഗലക്ഷണങ്ങൾ
ആദ്യത്തെ 18 - 72 മണിക്കൂറുകളിൽ പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസം മുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛർദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം.മാരകമാകുന്നതോടെ ലക്ഷണങ്ങളും മാറും.
രോഗബാധ സ്ഥിതീകരിക്കുന്നത്
ശ്വാസകോശ സ്രവത്തിൽ നിന്ന് വൈറസിന്റെ ജനിതക ഘടന (RNA) വേർതിരിച്ചെടുത്ത് രോഗബാധയുണ്ടെന്ന് സ്ഥിതീകരിക്കുന്നു. RT - PCR എന്ന രീതി മുഖേനയാണ് ഇത് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ കണ്ട് 5 ദിവസത്തിനകം ഇത് ചെയ്യാവുന്നതാണ്.
ചികിത്സാ രീതികൾ
1. രോഗബാധ നിയന്ത്രിക്കുക.
2. രോഗം മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കുക.
3. മാരകമായ രോഗാവസ്ഥ തടയുക. തുടങ്ങിയവയാണ് ചികിത്സയുടെ ഉദ്ദേശ്യം.
രോഗബാധ നിയന്ത്രിക്കുന്നതിലേക്കും മാരകമാകാതെ തടയുന്നതിന് മതിയായ വിശ്രമം, പനിയും മറ്റു രോഗലക്ഷണങ്ങളും തടയുന്നതിനുള്ള മരുന്നുകൾ, വൈറസിനെതിരെയുള്ള 'ഒസെൾട്ടാമിവിർ' പോലെയുള്ള മരുന്നുകൾ തുടങ്ങിയവ നൽകുന്നു.
ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് വിഷമം നേരിടുന്നവർക്ക് (ശ്വാസം മുട്ടലും രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുക, ശ്വാസഗതി ക്രമാതീതമായി കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക്) ശ്വസനസഹായി (വെന്റിലേറ്റർ)യുടെ ആവശ്യം വേണ്ടിവന്നേക്കാം. ബാക്ടീരിയ ബാധയുണ്ടാകാതെ തടയുന്നതിന് ആന്റിബയോട്ടിക്കുകളും ചിലപ്പോൾ ആവശ്യമായി വന്നേക്കാം.
രോഗലക്ഷണങ്ങളുള്ളവരുമായ് അടുത്തിടപഴകുന്നവർക്കും ചിലപ്പോൾ ആന്റിവൈറൽ മരുന്നുകളുടെ ആവശ്യം വേണ്ടിവന്നേക്കാം. രോഗബാധിതരായവരെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിറുത്തുകയും ശ്വാസകോശ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി പ്രത്യേകതരം മാസ്ക് ഉപയോഗിക്കുകയും വേണ്ടതാണ്.
മുൻകരുതൽ
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കഴിയുന്നതും മാസ്ക് ഉപയോഗിക്കുക.
രോഗലക്ഷണങ്ങൾ ഇതുവരെയില്ലാത്ത, പക്ഷേ രോഗം പിടിപെടാൻ സാദ്ധ്യതയുള്ള മേല്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്കും മറ്റും ഇൻഫ്ളുവൻസ വാക്സിനേഷൻ എടുക്കുക തുടങ്ങിയവ ഈ രോഗത്തിന്റെ പ്രതിരോധ മാർഗങ്ങളാണ്.
ഡോ. ഹേമലത പി.
അസോസ്യേറ്റ് കൺസൾട്ടന്റ് ഫിസിഷ്യൻ
മെഡിസിൻ വിഭാഗം
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം,തിരുവനന്തപുരം
ഫോൺ: 0471 - 407788

യു ട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.

കൂടുതൽ വാർത്തകൾ