Monday, 24 April 2017 9.07 AM IST
'ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ക്രിസ്തു തന്നെയായിരിക്കും' : ഗീവർഗീസ് കൂറിലോസ്
April 20, 2017, 6:50 pm
നിരണം: മൂന്നാർ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാർ ദൗത്യത്തിൽ റവന്യൂ മന്ത്രി കൊക്കൊണ്ട നിലപാടുകളേയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''ഒരു പഴയ സംഭവ കഥ ഓർക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് സുവിശേഷീകരണം നടത്താൻ കുറെ വെള്ളക്കാർ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിർത്തി അവരോട് കണ്ണടക്കാൻ പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞു അവർ കണ്ണു തുറന്നപ്പോൾ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിൾ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാൻ എഴുതിയതു പോലെ കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കൾ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കിൽ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും - മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു.''

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ