Monday, 24 April 2017 8.59 AM IST
₹2000 കോടി നിക്ഷേപവുമായി ദുബായിൽ ലുലുവിന്റെ മെഗാ മാൾ
April 21, 2017, 4:49 am
ദുബായ്: രണ്ടായിരം കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ഷോപ്പിംഗ് മാൾ ഒരുക്കുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈൻസ് ചെയർമാനുമായ ഷെയ്‌ക് അഹമ്മദ് ബിൻ സയിദ് അൽമക്‌തൂം ശിലാസ്ഥാപനം നിർവഹിച്ചു. ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റിയുടെ കീഴിലുള്ള ഫ്രീസോൺ ടെക്‌‌നോളജി പാർക്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്‌ക് അഹമ്മദ് ബിൻ സയിദ് അൽമക്‌തൂം. ചടങ്ങിൽ വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. മുഹമ്മദ് അൽ സറൂണി, ലുലു ഗ്രൂപ്പ് ചെയർമാൻ എ.എം. യൂസഫലി തുടങ്ങിയവർ സംബന്ധിച്ചു. 23 ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിൽ ഉയരുന്ന ഈ ഷോപ്പിംഗ് വിസ്‌മയം ദുബായിലെ പ്രധാന വാണിജ്യ - വിനോദ കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും നേതൃപാടവവുമാണ് വെറും മരുഭൂമിയായിരുന്ന ഇവിടം വളർച്ചയുടെ പടവുകൾ പിന്നിടാൻ കാരണമെന്ന് ഷെയ്‌ക് അഹമ്മദ് ബിൻ സയിദ് അൽമക്‌തൂം പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങൾ യു.എ.ഇയുടെ വളർച്ചയ്‌ക്ക് മികച്ച പങ്കുവഹിക്കുന്നുണ്ട്. കോർപ്പറേറ്ര് സ്ഥാപനങ്ങളോടൊപ്പം നൂതനമായ ഭാവിയെ മുൻനിറുത്തിയുള്ള പദ്ധതികൾ നടപ്പാക്കി പ്രവർത്തിക്കുന്നവരെയും ദുബായ് സിലിക്കൺ ഒയാസിസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ വിജയക്കുതിപ്പിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020ന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ മാൾ, ആവർഷം ആദ്യ പാദത്തിൽ തന്നെ പ്രവർത്തനസജ്ജമാകും. 2020 ഒക്‌ടോബറിലാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്രയടിയിൽ സജ്ജീകരിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റും ഡിപ്പാർട്ട്‌മെന്റ് സ്‌റ്രോറും മാളിന്റെ ആകർഷണങ്ങളാണ്. മൂന്നൂരിലേറെ റീട്ടെയിൽ സ്‌റ്റോറുകൾ, 70000 ചുരശ്രയടിയിൽ വിനോദ കേന്ദ്രങ്ങൾ, 12 സിനിമ സ്‌ക്രീനുകൾ, 50ലേറെ ഭക്ഷണശാലകൾ എന്നിവയിലും മാളിലുണ്ടാകും. 3000 കാറുകൾക്കായുള്ള അത്യാധുനിക പാർക്കിംഗ് ഏരിയയും മികവാണ്.
രാജ്യാന്തര നിലവാരത്തിൽ, പൂർണമായും പ്രകൃതി സൗഹാർദ്ദാന്തരീക്ഷത്തിലാണ് മാൾ നിർമ്മിക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള വെളിച്ചം അകത്തേക്ക് കടക്കുന്ന രീതിയിലാണ് സ്കൈ‌ലൈറ്റ് കോറീഡോറുകൾ ഒരുക്കുന്നത്. ദുബായ് എക്‌സ്‌പോ സൈറ്റിലേക്കും അൽമക്തൂം വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടംകൂടിയാണ് സിലിക്കൺ ഒയാസിസ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ