ഗന്ധർവന്റെ ഗുരുക്കന്മാർ
April 23, 2017, 10:00 am
മഞ്ചു വെള്ളായണി
ഇത്തവണത്തെ നവവത്സരഫലവും വിഷുഫലവും യേശുദാസിന് ആനന്ദഭൈരവിപോലെ. നവവത്സരത്തിന്റെ ആദ്യപാദത്തിൽ പത്മവിഭൂഷൺ ബഹുമതി പ്രഖ്യാപിക്കപ്പെടുന്നു. വിഷുമാസം അത് കൈനീട്ടമായി നൽകി. എല്ലാ അവാർഡുകളും ബഹുമതികളും ഗുരുകൃപയാണെന്ന് കരുതുന്ന ഗാനഗന്ധർവന് ദൈവത്തിന്റെ വരദാനമാണ് സംഗീതസാന്ദ്രമായ ജീവിതവും. 1961 നവംബർ 14 ന് കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്പാടുകൾക്കുവേണ്ടി യുഗപുരുഷനായ ശ്രീനാരായണഗുരുദേവന്റെ നാലുവരി യേശുദാസ് ആലപിക്കുന്നു.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്

അതിൽ ആവോളം ഗുരുകൃപയുണ്ടായിരുന്നു. കടാക്ഷമുണ്ടായിരുന്നു. നാലുദിക്കിലേക്കുമുള്ള സ്വരപ്രവേശവും ദിഗ് വിജയവുമായി ആ ഗുരുവന്ദനനിമിഷം മാറി. ആ നാലുവരി പാടിയതിന് പ്രതിഫലമൊന്നുമുണ്ടായിരുന്നില്ല. ആ നാലുവരിതന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലമെന്ന് യേശുദാസ് വിലയിരുത്തുന്നു.
'എന്റെ ജീവിതത്തെ കൈപിടിച്ചുയർത്തിയതും നടത്തിയതും ഗുരുദേവനാണ് ' എന്ന ഹൃദയസത്യവാങ്മൂലത്തിൽ ആ കൃപാമാഹാത്മ്യം ദർശിക്കാം.
കാല്പാടുകളുടെ റെക്കാഡിംഗിന് മദ്രാസിലേക്ക് പോകാൻ 16 രൂപ നൽകിയത് കൊച്ചിയിലെ ഒരു സുഹൃത്തായ ടാക്സിഡ്രൈവർ. ഇതേപോലെ നൊമ്പരപ്പാടുള്ള എത്രയോ മുഹൂർത്തങ്ങൾ, അനുഭവങ്ങൾ യേശുദാസിന്റെ മനസിന്റെ ആൽബത്തിലുണ്ട്. 800 രൂപയില്ലാത്തതിനാൽ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ മൃതദേഹം മദ്രാസിലെ ആശുപത്രിയിൽ കിടത്തേണ്ടിവന്ന ആ കറുത്തദിനം. പട്ടിണിയും വസൂരിയും മൂലം തിരുവനന്തപുരത്ത് രണ്ടുവർഷത്തെ സംഗീതവിദ്വാൻ കോഴ്സ് പൂർത്തിയാക്കാനായില്ല. റോഡുവക്കിലെ പൈപ്പ് വെള്ളം, കാർഷെഡിലെ ശയനം, ഹോട്ടലുകാരന്റെ ഔദാര്യത്തിൽ കടംകിട്ടിയ ഭക്ഷണം. അതില്ലാത്തപ്പോൾ പരാതിയും പരിഭവവുമില്ലാത്ത പട്ടിണിയുടെ പരമ്പര. തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ പഠിക്കുമ്പോൾ പൂർണത്രയീശക്ഷേത്രത്തിൽ മധുരമണിയുടെ കച്ചേരി അഹിന്ദുവായതുകൊണ്ട് കേൾക്കാൻ കഴിയാതെ വേദനിച്ച നിമിഷങ്ങൾ. മനുഷ്യൻ നിർമ്മിച്ച വേലിക്കെട്ടുകൾ മൂലം ഇപ്പോഴും ഗുരുവായൂരപ്പനെ നേരിൽ കണ്ട് വണങ്ങാൻ കഴിയാത്ത നോവുണങ്ങാത്ത മനസ്.

1940 ജനുവരി 10 ന് യേശുദാസിന്റെ ജനനം. പത്ത് എന്നും ഭാഗ്യസംഖ്യ. ഹോട്ടൽമുറിയെടുക്കുമ്പോൾ പത്ത് കിട്ടിയാൽ സന്തോഷം. കഴിഞ്ഞമുപ്പതു വർഷത്തിലധികമായി എല്ലാ ജനുവരി 10 നും മുടങ്ങാതെ പിറന്നാളാഘോഷം വാഗ്‌ദേവിക്കൊപ്പമാണ്. ശങ്കരാചാര്യരുടെ പ്രാർത്ഥനകളിലൂടെ നൂപുരമിളക്കി നടന്ന മൂകാംബികയ്‌ക്കൊപ്പം. 76ാം പിറന്നാളിനും യേശുദാസ് സ്വയം മറന്ന് പാടി. ഗുരുദേവന്റെ കൃതികളും ഹരിവരാസനവും ഗുരുവായൂരപ്പന്റെ ലീലകളും സർവമത കീർത്തനങ്ങളും പാടിയ നാവോടെ. ഗുരുകൃപാസാഗരമിരമ്പുന്ന മനസോടെ. ആഴ്ചകൾ കഴിയുംമുമ്പേ ഗന്ധർവന് പത്മവിഭൂഷൺ. ഒരുപക്ഷേ മൂകാംബികയുടെ പിറന്നാൾ സമ്മാനമാകാം.
ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെല്ലാം യേശുദാസ് ഗുരുക്കന്മാരെ സ്മരിക്കും. കച്ചേരി തുടങ്ങുമ്പോൾ ചെമ്പൈയെ സ്മരിക്കും. ശെമ്മാങ്കുടിയെ മനസാവന്ദിക്കും. ലളിതാദാസരുടെ ഹംസനന്ദിരാഗത്തിലുള്ള പാവനഗുരു പവനപുരാധീശമാശ്രയേ എന്ന കീർത്തനത്തിലൂടെയാകും ചെമ്പൈയെ സ്മരിക്കുക. ഗുരുസൂക്തം മാത്രമല്ല ഗുരുദേവദർശനങ്ങളും യേശുദാസിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് യേശുദാസിന്റെ കടുത്ത ആരാധകനും കേരള ഹിന്ദി പ്രചാരസഭയിലെ ഉദ്യോഗസ്ഥനുമായ പാപ്പനംകോട് സ്വദേശി കെ. മുരളീധരൻ. യേശുദാസിന്റെ ജീവിതത്തിലെ പല സുവർണ നിമിഷങ്ങൾക്കും മുരളി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിതാവ് കൃഷ്ണൻനായർ പട്ടാളത്തിൽ ക്യാപ്ടനായിരുന്നു. സംഗീത സരസ്വതിയുടെ രണ്ട് കരകളായി അദ്ദേഹം യേശുദാസിനെയും ലതാമങ്കേഷ്‌കറെയും കണ്ടു. സംഗീതത്തോടുള്ള ആരാധനമൂലം കൃഷ്ണൻനായർ മക്കൾക്ക് ഇട്ടപേരുകളും സംഗീതമയം. ലത, മുരളി, ഗീത, പ്രീത. വീട്ടിൽ ലതാമങ്കേഷ്‌ക്കറുടെയും യേശുദാസിന്റെയും ആയിരക്കണക്കിന് ഗാനങ്ങൾ നിധിപോലെ അദ്ദേഹം സൂക്ഷിച്ചു. ഇരുവരെയും ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മുരളി പിൽക്കാലത്ത് യേശുദാസുമായി സൗഹൃദത്തിലായെങ്കിലും അതിനുമുമ്പേ ആ ആഗ്രഹം സഫലമാകാതെ കൃഷ്ണൻ നായർ യാത്രയായി.

1986 ൽ കേരളത്തിൽ ഹിന്ദി പ്രചാരസഭയിൽ ജോലി കിട്ടിയതും എം.കെ. വേലായുധൻ നായരുമായുള്ള അടുപ്പവുമാണ് മുരളിയെ യേശുദാസിലേക്കുള്ള വഴിയിലെത്തിച്ചത്. അത് സ്വകാര്യമായി സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള കുറെ മുഹൂർത്തങ്ങൾ സമ്മാനിച്ചു.

കേരളത്തിന്റെ പ്രിയകവി ഒ.എൻ.വി. കുറുപ്പിന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ യേശുദാസ് ചെന്നൈയിൽ നിന്നെത്തി. ചടങ്ങിനുശേഷം താജ് വിവാന്റയിൽ യേശുദാസ് വിശ്രമിക്കുന്നു. വളരെക്കാലമായി മനസിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹം പ്രകടിപ്പിച്ചാലോ? മുരളി ധൈര്യം സംഭരിച്ച് പറഞ്ഞു : വീട്ടിൽ ഒരുവട്ടം വരണം. പാപ്പനംകോട് മൂകാംബിക ദേവസ്ഥാനത്തിന് സമീപമാണ് വീട്. അടുത്തദിവസം യേശുദാസിന് ഹൈദരാബാദിൽ കച്ചേരിയുണ്ട്. മാത്രമല്ല വൈകിട്ട് 5 ന് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുകയും വേണം. എത്ര സമയം വേണം പോയിവരാൻ? യേശുദാസിന്റെ ചോദ്യം. ഇരുപത് മിനിട്ട് വേണം. കഷ്ടിച്ച് ഒന്നരമണിക്കൂറേ ശേഷിക്കുന്നുള്ളൂ. സംഗതി നടപ്പില്ലെന്ന് മുരളി ഉറപ്പിച്ചു. അപ്പോഴതാ യേശുദാസിന്റെ ചെറുപുഞ്ചിരി. അത് പച്ചക്കൊടിയായിരുന്നു. വീട്ടിൽ പോയി മുരളിയുടെ കുടുംബത്തിനൊപ്പം അല്പസമയം. പിന്നെ മൂകാംബിക ദേവസ്ഥാനത്ത് ചണ്ഡികാഹോമത്തിന് സാക്ഷ്യം വഹിച്ചു. അപ്പോൾ ഫോൺ വരുന്നു. വിമാനം ഒന്നരമണിക്കൂർ വൈകുമെന്ന്. അത് ദേവീകൃപയെന്ന് മുരളിയുടെ വിശ്വാസം.

ശ്രീ എമ്മിന്റെ സൗഹൃദം
ആത്മീയനേതാവും എഴുത്തുകാരനുമായ ശ്രീ എമ്മിന്റെ മൂന്ന് പുസ്തകങ്ങൾ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രചാരസഭയിലെ ചീഫ് എഡിറ്ററും കേരള സർക്കാരിന്റെ പ്രഥമ വിവർത്തകരത്നം അവാർഡ് ജേതാവുമായ പ്രൊഫ. ഡി. തങ്കപ്പൻ നായരാണ്. അദ്ദേഹത്തോടൊപ്പം യേശുദാസിന് പുസ്തകങ്ങൾ നൽകാൻ മുരളിയും പോയി. പുസ്തകങ്ങൾ വാങ്ങി അല്പസമയം യേശുദാസ് ഒന്നും മിണ്ടിയില്ല. പിന്നീട് ആരോടോ ഫോണിൽ സംസാരിച്ചു. പുസ്തകത്തെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഇരുവരും ചിന്തിച്ചിരിക്കുമ്പോൾ യേശുദാസ് ചിരിച്ചുകൊണ്ട് പറഞ്ഞു : ഞാൻ ശ്രീ എമ്മിനോട് സംസാരിക്കുകയായിരുന്നു. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ വിളിക്കാറുണ്ട്.

പ്രിയപ്പെട്ട ഹിമാലയം
ഹിമാലയവും ഗംഗയും യേശുദാസിന് പ്രിയപ്പെട്ടതാണെന്നും ഈ ലേഖകൻ രചിച്ച മാനസകൈലാസം കൊടുക്കണമെന്നും സൂചിപ്പിച്ചത് മുരളിയാണ്. യേശുദാസിനെ കാണാനുള്ള സമയവും അദ്ദേഹം ഏർപ്പാടാക്കി. സൂര്യാഫെസ്റ്റിവലിന് പതിവായുള്ള സംഗീതക്കച്ചേരിയിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് യേശുദാസ് എത്തിയ സമയം. മാനസകൈലാസം ഭക്തിപൂർവം വാങ്ങിയ ഗന്ധർവൻ മൊത്തത്തിൽ നിരീക്ഷിച്ചു. 'ഇതിൽ ചിത്രങ്ങൾ ഉൾപ്പെടുത്താത്തത് നന്നായി. ചിത്രങ്ങളുണ്ടെങ്കിൽ ശ്രദ്ധ അതിലൊതുങ്ങിപ്പോകും. മാത്രമല്ല അക്ഷരസഞ്ചാരത്തിന്റെ സുഖമുണ്ടാവില്ല ചിത്രങ്ങളിലൂടെയുള്ള യാത്രയ്ക്ക് .' പൊൽതിങ്കൾക്കലപൊട്ടുതൊട്ട ഹിമവൽ ശൈലാഗ്രശൃംഗത്തെ നാദംകൊണ്ട് തൊട്ട യേശുദാസിന്റെ പ്രതികരണം പെട്ടെന്നായിരുന്നു.

അനുഗ്രഹമേകുന്ന മൂകാംബിക
നാദാംബികയായ കൊല്ലൂരമ്മയുടെയുടെ സന്നിധിയിലാണ് യേശുദാസ്. ഒപ്പം കുടുംബാംഗങ്ങളും ശിഷ്യഗണങ്ങളും. പ്രപഞ്ചമഹാവിപഞ്ചികമീട്ടുന്ന മഹാദേവിയാണ് മുന്നിൽ. സൗപർണികയിലെ രാഗസുധാരസം പകരുന്ന ഇളംകാറ്റ്. സരസ്വതീ പ്രസാദംപോലെ ഇളവെയിൽ. പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ. ദാസേട്ടൻ എന്നെ അനുഗ്രഹിക്കണം. കാൽക്കൽവീണ അപരിചിതനായ യുവാവിനെ യേശുദാസ് പിടിച്ചെഴുന്നേല്പിച്ച് 'അനുഗ്രഹിക്കേണ്ടത് ഞാനല്ല, അമ്മയാണ്. നമ്മെയെല്ലാം ഒരുപോലെ അനുഗ്രഹിക്കുന്ന മൂകാംബികാദേവി.'

വാനമ്പാടിയുടെ ആശംസ
കേരള ഹിന്ദി പ്രചാരസഭ പ്രസിദ്ധീകരിക്കുന്ന കേരൾജ്യോതി ഹിന്ദി മാസികയിൽ യേശുദാസിനെപ്പറ്റി വാനമ്പാടി ലതാമങ്കേഷ്‌കറുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേരൾ ജ്യോതിയുടെ എഡിറ്ററായിരുന്ന ഡോ. എം.എസ്. രാധാകൃഷ്ണപിള്ള ലതാമങ്കേഷ്‌കർക്ക് കത്തെഴുതി. മുരളിയുടെ സുഹൃത്തും പ്രമുഖ ആർക്കിടെക്ടുമായ വെങ്കടേഷ് ലതാമങ്കേഷ്‌കറുടെ ബന്ധുവായ രചനയോട് കാര്യം അവതരിപ്പിച്ചു. വാനമ്പാടി സ്വന്തം കൈപ്പടയിലെഴുതിയ കത്ത് വന്നപ്പോൾ ആർക്കും വിശ്വസിക്കാനായില്ല. യേശുദാസിന്റെ സ്വരമാധുര്യത്തെയും ലാളിത്യത്തെയും പ്രകീർത്തിക്കുന്ന കത്തിൽ ഇനിയും കൂടുതൽ കൂടുതൽ ബഹുമതികൾ കിട്ടട്ടെ എന്നും ആശംസിക്കുന്നു. ഇതേ പോലുള്ള ആശംസകളും പ്രാർത്ഥനകളുമാണ് പത്മവിഭൂഷൺ ബഹുമതിക്ക് കാരണമായതെന്ന് മുരളി.

ഹൃദയത്തിൽ സർവമതസാരം
ഒരിക്കൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ യേശുദാസിനെ കൂട്ടാൻ മുരളിയാണ് എയർപോർട്ടിൽ പോയത്. മടങ്ങുമ്പോൾ ആദ്യം പോയത് വെട്ടുകാട് പള്ളിയിൽ. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. അതുകഴിഞ്ഞ് നേരെ പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടയ്ക്കുന്നു. പാളയം പള്ളിക്ക് മുന്നിലൂടെ പോകുമ്പോൾ അള്ളാഹുവിനെ ധ്യാനിക്കുന്നു. എല്ലാ മതസാരവും ഏകമെന്ന ഗുരുദേവ സൂക്തം സദാ യേശുദാസിന്റെ ഹൃദയത്തിൽ സ്പന്ദിക്കുന്നു.

കവിതയിലും കൈയൊപ്പ്
യേശുദാസ് ആദ്യമായി രചിച്ച അന്വേഷണമെന്ന കവിതയിലും ഗുരുദർശനം പ്രതിഫലിക്കുന്നു. ഉണ്ടെന്നും ഇല്ലെന്നും കരുതി വെറുതേ മനം നീറിപ്പുകയുന്ന മനുഷ്യനോട് ശാന്തിയിലൂടെ സ്വർഗം തേടാനാണ് അഭ്യർത്ഥന. നല്ലതേ നിനൈ മനമേ എന്ന യേശുദാസ് രചിച്ച് ശ്യാമരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ തമിഴ് കൃതിയുടെ സന്ദേശവും നന്മയുടെ പ്രകാശ പൂർണിമയാണ്. ഈ കൃതിയും അന്വേഷണമെന്ന കവിതയും ഉൾപ്പെടെ യേശുദാസിന്റെ അനുഭവങ്ങളും ജീവിതവും ഹിന്ദിയിൽ പുസ്തകമാകുന്നു. പ്രൊഫ. തങ്കപ്പൻനായരും ചന്ദ്രികകുമാരിയുമാണ് വിവർത്തകർ. മേരി അന്തർയാത്ര (എന്റെ ആത്മായനം) യ്ക്ക് അവതാരികയെഴുതുന്നത് കിഷൻ ശർമ്മ.

ഗുരുനാഥ നിര
പിതാവ് അഗസ്റ്റിൻ ജോസഫും മാതാവ് എലിസബത്തും ജീവിതം പഠിപ്പിച്ച ആദ്യ ഗുരുക്കന്മാർ . സ്‌കൂൾ പഠിപ്പിനെപ്പറ്റി ചിന്തിച്ചില്ലെങ്കിലും പാട്ടു പഠിക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നായിരുന്നു അച്ഛന്റെ ഉപദേശം. യേശുദാസിന്റെ സ്വരമാധുര്യത്തിനൊപ്പം ഉച്ചാരണശുദ്ധിയും സംഗീത നിരൂപകർ പ്രശംസിച്ചിട്ടുണ്ട്. അതിന്റെ ക്രെഡിറ്റും യേശുദാസ് നൽകുന്നത് പിതാവിനാണ്. കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനകളിൽ അദ്ദേഹം ഓർമ്മിപ്പിക്കുമായിരുന്നു; പ്രാർത്ഥന എന്ന വാക്ക് ശരിയായി ഉച്ചരിച്ച് പഠിച്ചിട്ടുവേണം പ്രാർത്ഥിക്കാൻ. പിതാവിന് മനസുകൊണ്ടു ദക്ഷിണ നൽകിയെങ്കിലും ആദ്യ ദക്ഷിണ വച്ചത് കുഞ്ഞൻ വേലു ആശാന്റെ മുന്നിൽ. നാഗസ്വര വിദ്വാൻ രാജരത്തിനം പിള്ളയുടെ തായ്വഴിയിൽ പെട്ടതാണ് വേലുആശാൻ. പിന്നീട് രാമൻകുട്ടി ഭാഗവതർ, പി.എക്സ്. ജോസഫ്, തൃപ്പൂണിത്തുറ മ്യൂസിക് അക്കാഡമിയിലെ കുമാരസ്വാമി, കല്യാണസുന്ദരം, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, മൊയ്തീൻ സാർ, പത്മം ടീച്ചർ എന്നിവരുടെ കൃപ ഇപ്പോഴും കൂടെയുണ്ടെന്ന് യേശുദാസ് വിശ്വസിക്കുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരികളിൽ യേശുദാസിന്റെ സാന്നിദ്ധ്യം അക്കാലത്ത് പലർക്കും രുചിച്ചിരുന്നില്ല. പക്ഷേ വിശാലഹൃദയനായ ചെമ്പൈ അതൊന്നും വകവച്ചില്ല. കച്ചേരിക്ക് ഒപ്പമിരുത്തിയും തനിക്ക് കിട്ടിയ പൊന്നാട ശിഷ്യനെ അണിയിച്ചും തംബുരു സമ്മാനിച്ചും നിശബ്ദമായി ആ രുചികേടുകളോട് പ്രതിഷേധിക്കുകയും ചെയ്തു.

ഗുരുമാർഗത്തിലൂടെ
കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ രക്തരഹിതമായൊരു വിപ്ലവമാണ് യുഗപ്രഭാവനായ ഗുരുദേവൻ നടത്തിയത്. ആ സൂര്യവെളിച്ചം തങ്ങളുടെ ആശയങ്ങളിൽ പകർത്തിയും പടർത്തിയും പ്രതിഫലിപ്പിച്ചും പല പ്രസ്ഥാനങ്ങളും ഊറ്റം കൊണ്ടു. കുടുമയും പൂണൂലുമുണ്ടായിരുന്ന കർണാടക സംഗീത ലോകത്ത് യേശുദാസ് നടത്തിയതും നിശബ്ദമായൊരു വിപ്ലവം. മതേതരത്വത്തിന്റെ നാദമാധുര്യം മലകളും സമുദ്രങ്ങളും കടന്നു. ചാതുർവർണ്യത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുകയും അകറ്റുകയും ചെയ്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഓണം കേറാ മൂലകളിലും ആ സ്വരം പറന്നെത്തി. ഭാരതമെമ്പാടുമുള്ള ദേവാലയങ്ങൾ ആ ഗന്ധർവനാദം കേട്ട് പള്ളിയുണരുന്നു. ആ നാദം കേട്ട് പള്ളിയുറങ്ങുന്നു.

മദ്യ വിരുദ്ധ നാദം
മദ്യ വിപത്തിനെതിരായിരുന്നു ഗുരുദേവന്റെ പല സന്ദേശങ്ങളും. ഗുരുവിനെ മനസിലും നാദത്തിലും പ്രതിഷ്ഠിച്ച യേശുദാസും ആ വഴിയേ സഞ്ചരിക്കുന്നു. പ്രഭയെ വിവാഹം ചെയ്യുമ്പോൾ ഗ്രിഗോറിയോസ് തിരുമേനിയാണ് കുർബാന നടത്തിയത്. വൈനിൽ മുക്കി അപ്പം നൽകിയപ്പോൾ യേശുദാസ് വിനയപൂർവം പറഞ്ഞു: ഞാനിതു വരെ വൈൻ കുടിച്ചിട്ടില്ല. അപ്പം മാത്രം മതി. തിരുമേനി പുഞ്ചിരിയോടെ കുർബാന നൽകി.

തോപ്പുംപടി ചർച്ചും ശബരിമലയും
യേശുദാസിന് പ്രിയപ്പെട്ട എല്ലാ മതങ്ങളുടെയും ദേവാലയങ്ങൾ നിരവധി. കൊച്ചിയിലെത്തിയാൽ തോപ്പുംപടിയിലെ സെന്റ് ആന്റണീസ് ചാപ്പലിൽ പോയി പ്രാർത്ഥിക്കും. കാരണം അവിടെ യേശുദേവൻ മാത്രമല്ല പിതാവിന്റെ സ്മരണകളും മെഴുകുതിരി വെട്ടത്തിൽ തെളിയും. രണ്ടര വയസുള്ളപ്പോൾ യേശുദാസിന് കടുത്ത പനി. പള്ളുരുത്തിയിൽ ഒരു വൈദ്യനുണ്ട്. അവിടേക്ക് മകനെയുമെടുത്തു ഓടുന്നതിനിടയിൽ അഗസ്റ്റിൻ ജോസഫ് മകന് ഒന്നും വരുത്തരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചത് തോപ്പുംപടി സെന്റ് ആന്റണീസ് പള്ളിക്ക് മുന്നിൽ നിന്നായിരുന്നു. 1967ലായിരുന്നു യേശുദാസിന്റെ ആദ്യ ശബരിമല ദർശനം. പിതാവ് അഗസ്റ്റിൻ ജോസഫ് അയ്യപ്പചൈതന്യത്തിൽ ആകൃഷ്ടനായിരുന്നു. 1947ൽ 41 ദിവസത്തെ വ്രതമെടുത്താണ് അദ്ദേഹം ശബരിമല ദർശനം നടത്തിയത്. 'ശബരിമലയിൽ തങ്ക സൂര്യോദയ'ത്തിന്റെ നാദ അരുണിമ അവിടെ തുടങ്ങുന്നു.

ശാന്തിയൊഴുകുന്ന ഗംഗ
പ്രമുഖ ഹിന്ദി സാഹിത്യകാരൻ സീതാറാം ഗുപ്തയുടെ 'മനസിലൂടെ രോഗശാന്തി' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ യേശുദാസിന് നൽകാൻ ഈയിടെ പ്രൊഫ. തങ്കപ്പൻനായർക്കൊപ്പം മുരളിയും പോയി. എല്ലാ സമ്പാദ്യങ്ങളും ശാന്തിക്കുവേണ്ടിയാണ്. പക്ഷേ മനസിന്റെ ശാന്തിയാണ് ഏറ്റവും വിലപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് യേശുദാസ് സന്തോഷത്തോടെ ആ പുസ്തകം നെഞ്ചോടു ചേർത്തു. പിന്നെ ശാന്തിയൊഴുകുന്ന ഗംഗ പോലെ ഒരു പുഞ്ചിരി.
(ഫോൺ: 9946108220)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.