സെൽമ കഥ പറയുന്നു
April 23, 2017, 9:06 am
വി.ജയകുമാർ
ഇതൊരു വെറും പട്ടി കഥയല്ല. ഒരു റിട്ടയേർഡ് പൊലീസ് നായയുടെ സംഭവ ബഹുലമായ ജീവിത കഥയാണ്. വയസായ മാതാപിതാക്കളെ ശല്യമായി കണ്ട് എങ്ങനെയും ഒഴിവാക്കാൻ ഏതെങ്കിലും വൃദ്ധസദനത്തിൽ തള്ളാൻ ന്യൂ ജനറേഷൻ മത്സരിക്കുന്ന കാലത്ത് പ്രായാധിക്യത്താൽ പൊലീസ് സേന വയസായ നായകൾക്കുള്ള വൃദ്ധസദനത്തിൽ തള്ളിയ പട്ടിയെ പൊലീസിലെ തന്നെ പരിശീലകൻ സ്വന്തമാക്കി വീട്ടിൽ കൂട്ടിക്കൊണ്ടു പോയി മക്കളെപ്പോലെ സംരക്ഷിക്കുന്ന മൃഗസ്‌നേഹത്തിന്റെ കൂടി കഥയാണ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മൃഗസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ.

തൃശൂർ കെന്നൽ ക്ലബ് പൊലീസ് അക്കാദമിക്ക് നൽകിയ പട്ടിക്കുട്ടി പരിശീലനത്തിനായി പ്രേംജിയുടെ കൈകളിലെത്തുമ്പോൾ ആറുമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഒമ്പതുവർഷത്തെ പരിശീലനത്തിൽ പ്രേംജി സെൽമയെ കേരളപൊലീസിലെ മികച്ച കുറ്റാന്വേഷകയായി മാറ്റി. അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി. ആയിരത്തിലേറെ കേസുകളുടെ ഭാഗമായി. പൊലീസ് എഴുതിത്തള്ളിയതടക്കം നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി സെൽമ സൂപ്പർ സ്റ്റാറായി.എന്നിട്ടും പ്രായാധിക്യത്തിന്റെ പേരിൽ സെൽമയെ തിരുവനന്തപുരത്ത് വൃദ്ധ നായകൾക്കുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതറിഞ്ഞ് മനം നൊന്ത പ്രേംജി പ്രായമായ നായയെ വീട്ടിൽ കൊണ്ടു പോയി സംരക്ഷിച്ചുകൊള്ളാമെന്നും പരിശീലകനെന്ന നിലയിൽ തനിക്കു സെൽമയെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കു അപേക്ഷ നൽകി. മറ്റാർക്കും തോന്നാത്ത അപേക്ഷ പരിഗണിച്ച ഡി.ജി.പി പ്രേംജിയുടെ സംരക്ഷണമായിരിക്കും നല്ലതെന്ന് മനസിലാക്കി സെൽമയെ വിട്ടു കൊടുക്കാൻ തയ്യാറായി . സെൽമയെ ഇതിനിടെ വൃദ്ധ നായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെയെത്തിയ പ്രേംജിയെ കണ്ട ഉടൻ സെൽമ തേങ്ങി. സന്തോഷാശ്രുക്കൾ പൊഴിച്ചു. ഇത് പ്രേംജിയുടെയും മനസുലച്ചു. അങ്ങനെ പൊലീസ് സേനയിൽ ചരിത്രം സൃഷ്ടിച്ച് സെൽമ പ്രേംജിയുടെ സ്‌നേഹപരിലാളനങ്ങൾ ഏറ്റുവാങ്ങാൻ കോട്ടയം കുമരകത്തുള്ള വീട്ടിൽ എത്തി.

കോട്ടയം എ.ആർ.ക്യാമ്പിലെ ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്തു ലഭിച്ചിരുന്നതിനെക്കാൾ ഏറെ സൗകര്യങ്ങളാണ് പ്രേംജി തന്റെ വീട്ടിൽ സെൽമയ്ക്കായി ഒരുക്കിയത്. ചൂടിൽ നിന്ന് രക്ഷ നേടാൻ കൂട്ടിനുള്ളിൽ ഫാൻ ഘടിപ്പിച്ചു. തറയിൽ ടൈൽ പാകി. തണുപ്പടിക്കാതെ കിടക്കാൻ പ്രത്യേകം തറ കെട്ടി. ഡോഗ് സ്‌ക്വാഡിൽ സെൽമയുടെ റോൾ നമ്പരായ 183 എന്ന് രേഖപ്പെടുത്തിയ ബോർഡും നേരത്തേ സ്വന്തമാക്കിയ പ്രേംജി വീട്ടിലെ കൂടിനു മുന്നിൽ അതും സ്ഥാപിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിൽ നൽകിയിരുന്ന ഭക്ഷണം തന്നെയാണ് വീട്ടിലും നൽകുന്നത്. ഇറച്ചിയും മീനുമൊന്നുമല്ല നായ്കൾക്കുള്ള റെഡിമെയ്ഡ് ഫുഡും അരലിറ്റർ പാലുമായിരുന്നു പൊലീസ് ആസ്ഥാനത്തെ ഭക്ഷണം. പ്രായമായിട്ടും പരിശീലനത്തിനും കുറവില്ല. പ്രേംജിയുടെ മക്കളായ ഭരത്, അശ്വിൻ ,വൃദ്ധപിതാവ് വിശ്വനാഥൻ എന്നിവർ പറയുന്നതും അതേപടി അനുസരിച്ച് അവരുടെയും കളിക്കൂട്ടുകാരിയായി മാറിയിരിക്കുകയാണ് സെൽമ ഇപ്പോൾ.

പ്രേംജിയും സെൽമയും തമ്മിലുള്ള ആത്മബന്ധത്തിന്റെ, ഇഴയടുപ്പത്തിന്റെ കഥ ചൂടും ചൂരുമാർന്നതാണ്. പത്തുവർഷത്തിനിടയിൽ ഇരുവരും തമ്മിൽ കാണാത്ത ദിവസങ്ങൾ വിരളമായിരുന്നു. ആറുമാസം പ്രായമുള്ളപ്പോൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രേംജിയുടെ കൈയിൽ കിട്ടിയ ലാബ്രഡോൾ ഇനത്തിൽ പെട്ട തൂവെള്ള പെൺനായയ്ക്ക് സെൽമ എന്ന പേരിട്ടതും പ്രേംജിയായിരുന്നു. തൃശൂർ പൊലീസ് അക്കാദമിയിൽ സെൽമയെ കൊണ്ടു പോയി ഒമ്പതു മാസത്തെ കഠിന പരിശീലനം നടത്തി. ഒബീഡിയൻസ്, ഡിറ്റർമിനേഷൻ എന്നിവയിലെ ഒന്നാം സ്ഥാനത്തോടെ 12 നായ്ക്കളെ പിന്തള്ളി ഓവറോൾ കിരീടം ചൂടിയാണ് സെൽമ പരിശീലനം പൂർത്തിയാക്കിയത്. ഇരുന്ന് കമാൻഡ് ചെയ്യാൻ പഠിപ്പിച്ചു. പല മണമുള്ള ടവ്വൽ ഉപയോഗിച്ച് ഘ്രാണശക്തി പരീക്ഷണം നടത്തി. നഷ്ടപ്പെട്ട സാധനം ഒളിപ്പിച്ചുവെച്ച് കണ്ടു പിടിക്കാൻ പഠിപ്പിച്ചു. ആർട്ടിക്കിൾ ടു മെൻ മെൻ ടു ആർട്ടിക്കിൾ പരിശീലനം, വെടിമരുന്നു മണപ്പിച്ച് ബോംബ് കണ്ടു പിടിക്കുന്ന പരിശീലനം, ഇങ്ങനെ നിരന്തര പരിശീലനത്തിലൂടെ കേസുകൾ തെളിയിക്കാൻ പ്രത്യേക കഴിവു പ്രകടിപ്പിച്ചാണ് എട്ടു വർഷത്തിനിടയിൽ ആയിരത്തിലേറെ കേസുകൾ അന്വേഷിച്ച് സെൽമ കേരള പൊലീസിന്റെ അഭിമാനമായത്.
മണം പിടിച്ചു സെൽമ തെളിയിച്ച കൊല കേസുകൾ, മോഷണ കേസുകൾ തുടങ്ങി വ്യത്യസ്തമായ കേസുകൾ നിരവധിയാണ്. മൂന്നു കിലോമീറ്റർ വരെ ഓടി പ്രതികളെ പിടിച്ചിട്ടുണ്ട്. ഏത് ക്രൈം നടന്ന സ്ഥലത്തും എത്തിച്ചു മണം പിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പ്രേംജി കൈവീശിയാൽ വിരൽ ചൂണ്ടിയാൽ, ദിക്കു കാണിച്ചാൽ എങ്ങോട്ട് ഓടി കേസ് തെളിയിക്കണമെന്ന് സെൽമയെ ആരും പഠിപ്പിക്കേണ്ട. സംസാര ശേഷിയില്ലെങ്കിലും സെൽമ പ്രേംജിയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മതി. കണ്ണിലൂടെ നിർദ്ദേശം സ്വീകരിക്കാനുള്ള കഴിവ് സെൽമ സ്വായത്തമാക്കിയത് പ്രേംജി നൽകിയ കഠിന പരിശീലനത്തിലൂടെയാണ്. കോട്ടയം ,ഇടുക്കി,ആലപ്പുഴ ജില്ലകളുടെ ചാർജായിരുന്നു സെൽമയ്ക്ക്. കോട്ടയം നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുള്ളിൽ സദൻ എന്നയാൾ മരിച്ചു കിടക്കുന്നിടത്ത് സെൽമയെ എത്തിക്കുമ്പോൾ മൃതദേഹം മുണ്ട് പുതപ്പിച്ച നിലയിലായിരുന്നു. സമീപത്തൊരു കരിങ്കല്ലും ഉണ്ടായിരുന്നു. പുതപ്പിൽ നിന്ന് മണം പിടിച്ചോടിയ സെൽമ 300 മീറ്ററോളം ഓടി നാഗമ്പടം ലോറി സ്റ്റാൻഡിലെത്തി. മണം പിടിച്ച് മലിനജലം ഒഴുകുന്ന കാനയ്ക്കു സമീപമെത്തിയപ്പോൾ കാനയ്ക്കുള്ളിലൊളിച്ചിരുന്ന പ്രതി ഓടി രക്ഷപെടാൻ പുറത്തു ചാടി. പിറകേ ഓടിയ സെൽമ മുണ്ടിൽ പിടി കൂടി. ചോദ്യം ചെയ്യലിൽ സദനെ കൊന്ന പ്രതിയുടെ മുണ്ടിലാണ് സെൽമ പിടിച്ചതെന്നു കണ്ടെത്തി. പ്രതിയുടെ കൈലിയായിരുന്നു മൃതദേഹത്തിൽ പുതച്ചിരുന്നത്. ആ മണം പിടിച്ചായിരുന്നു സെൽമ കൊലയാളിയെ കണ്ടെത്തിയത്. മുണ്ടിനു സമീപം മൂത്രമൊഴിച്ച് പ്രതി വഴി തെറ്റിക്കാൻ ശ്രമിച്ചെങ്കിലും മുണ്ടിലെ വിയർപ്പിന്റെ മണം പിടിച്ചായിരുന്നു തന്നെ വഴി തെറ്റിക്കാൻ ശ്രമിച്ച പ്രതിയെ സെൽമ കുടുക്കിയത്.

നാഗമ്പടം മൈതാനത്തിനു സമീപം തനിച്ചു താമസിച്ച തങ്കമ്മയെന്ന വീട്ടമ്മ കൊലചെയ്യപ്പെട്ടു. കോടാലി ഉപയോഗിച്ചായിരുന്നു കൊല. കോടാലിയിൽ മണം പിടിച്ച സെൽമ മീനച്ചിലാറ്റിലെ കുൡക്കടവിലെത്തി പിന്നെ ബസ് സ്റ്റോപ്പിലേക്ക് ഓടി. തങ്കമ്മയുടെ ബന്ധു ഷാജൻ സംഭവദിവസം ഉച്ചയ്ക്ക് കുളിക്കടവിൽ കാലും കൈയും കഴുകുന്നത് കണ്ടതായി സമീപവാസികൾ നൽകിയ മൊഴിയും സഹായകമായി. കുളിക്കടവിൽ സെൽമ ഓടിയെത്തിയതു കൊണ്ടു മാത്രമായിരുന്നു ഈ കേസിന് തുമ്പുണ്ടായത്. മുണ്ടക്കയത്ത് ഒരു വീട്ടമ്മയുടെ കവർച്ചാ നാടകം പൊളിച്ചത് സെൽമയായിരുന്നു. ആഭരണങ്ങൾ കള്ളൻ മോഷ്ടിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. സെൽമയെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി മണപ്പിച്ചതോടെ സെൽമ വീട്ടിലെ കിണറ്റിനു സമീപത്തേയ്ക്കാണ് ഓടിയത്. അവിടെ തന്നെ കുത്തി ഇരുന്നതോടെ കിണറ്റിൽ നടത്തിയ പരിശോധനയിൽ ആഭരണങ്ങൾ വീട്ടമ്മ തന്നെ കിണറ്റിൽ ഒളിപ്പിച്ചതാണെന്നു തെളിഞ്ഞു. ക്ഷേത്ര കവർച്ച, കുരിശടി തകർക്കൽ, കാണിക്കപ്പെട്ടി മോഷണം തുടങ്ങി മതസൗഹാർദ്ദം തകർക്കാൻ സാമൂഹ്യ വിരുദ്ധർ നടത്തുന്ന കള്ളത്തരങ്ങൾ പൊളിച്ച് നാട്ടിൽ സമാധാനം നിലനിർത്തിയ നിരവധി കേസുകളാണ് സെൽമ തെളിയിച്ചത്. ഇങ്ങനെ സെൽമ തെളിയിച്ച കേസുകളുടെ റെക്കാഡ് നീളുകയാണ്.

അവസാനം സെൽമയും പ്രേംജിയും സിനിമ താരവുമായി. മോഹൻ ലാൽ നായകനായ ലോക് പാൽ സിനിമയിൽ എസ്.പിയുടെ വീട്ടിൽ മോഷണം നടക്കുമ്പോൾ ഡോഗ് സ്‌കാഡ് അന്വേഷണത്തിനെത്തുന്നു. സെൽമയും പ്രേംജിയും ജീവിതത്തിലെ റോൾ സിനിമയിലും അഭിനയിച്ചു. സെൽമയ്ക്ക് പത്തുവയസു കഴിഞ്ഞു. ആയുസിന്റെ പുസ്തകത്തിലെ അവസാന താളുകളായി. കാഴ്ച കുറഞ്ഞു. കേൾവി ശക്തി കുറഞ്ഞു. പഴയപോലെ ചാടാനും ഓടാനും നടക്കാനും ബുദ്ധിമുട്ടായി, എല്ലാ മാസവും കൃത്യമായി ഡോക്ടറെ കാട്ടും .'എത്ര പ്രായമായാലും നടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയാലും സെൽമയെ ഞാൻ ഉപേക്ഷിക്കില്ല ...' സെൽമയുടെ ശരീരത്തിൽ വാത്സല്യത്തോടെ തടവി പ്രേംജി ഇത് പറയുമ്പോൾ ആ സ്‌നേഹ പരിലാളനം ഇനിയും ഏറെക്കാലം ലഭിക്കണമെന്ന മട്ടിൽ സുഖത്തോടെ സെൽമ നിലം പറ്റി കുമരകത്തെ വീട്ടു മുറ്റത്ത് കിടക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.