Tuesday, 25 April 2017 4.40 AM IST
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട: വിദേശി എക്സ്റ്റസിക്ക് കൊച്ചിയിലും പ്രിയമേറുന്നു
April 21, 2017, 12:21 pm
കൊച്ചി: എൽ.എസ്.ഡിയും കഞ്ചാവും ചരസ്സും നയിക്കുന്ന രാത്രി പാർട്ടികൾ രഹസ്യമായി അരങ്ങേറുന്ന കൊച്ചിയിൽ ഇപ്പോൾ താരം 'എക്സ്റ്റസി'യാണ്. ലഹരിയുടെ മേച്ചിൽപുറങ്ങൾ തേടി അലയുന്ന കൊച്ചിയിലെ പുതുതലമുറയ്ക്ക് ഇപ്പോൾ ഇപ്പോൾ താൽപ്പര്യമേറുന്നത് 'എക്സ്റ്റസി' എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ എന്ന പൊന്നുംവിലയുള്ള ലഹരി മരുന്നിനോടാണ്. വിദേശ രാജ്യങ്ങളിൽ അതിസമ്പന്നർ മാത്രം ഉപയോഗിച്ചു വരുന്ന വീര്യമേറിയ ലഹരി മരുന്നാണ് ഇത്. നേരത്തെ ഉപയോഗിച്ചു വരുന്ന എൽ.എസ്.ഡി, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയിൽ എന്നിവയെ അപേക്ഷിച്ച് എം.ഡി.എം.എ ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ ലഹരിയുടെ ഉന്മാദം മണിക്കൂറുകൾ നീണ്ടുനിൽക്കും എന്നതാണ് യുവാക്കളെ കൂടുതൽ ഇതിലേക്ക് ആകർഷിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ വൻ ലഹരിവേട്ടയിലാണ് സംസ്ഥാനത്ത് ആദ്യമായി എം.ഡി.എം.എ പിടികൂടിയത്. കാൽ കോടി രൂപയോളം വിലമതിക്കുന്ന സ്ഫടിക രൂപത്തിലുള്ള 47 ഗ്രാം എം.ഡി.എം.എ ഗോവയിൽ നിന്നുമാണ് ഇടപാടുകാരൻ കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലെ ഡാൻസ് പാർട്ടികൾക്കും സിനിമാ ലൊക്കേഷനുകളിലേക്കും നിശാമേളകൾക്കും പതിവായി ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്ന പ്രധാനകണ്ണിയാണ് അറസ്റ്റിലായ കൊച്ചി കുമ്പളം സ്വദേശിയായ സനീഷ്. കുമ്പളം ബ്ലായിത്തറ വീട്ടിൽ സനീഷ് സർവ്വോത്തമൻ (32) ഇതാദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്.

വൻ ലഹരിമരുന്ന് ശേഖരം കൊച്ചിയിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടെ കുണ്ടന്നൂരിൽ വച്ചാണ് പ്രതി സഞ്ചരിച്ച 15 ലക്ഷം രൂപ വിലയുള്ള ഹ്യൂണ്ടായ് ക്രേറ്റ കാർ സഹിതം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. വാഹനത്തിനകം അരിച്ചുപെറുക്കിയ എക്‌സൈസ് സംഘത്തിനെ ഞെട്ടിക്കുന്ന തരത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. കേരളത്തിൽ ഏതെങ്കിലും എക്‌സൈസ് സംഘം പിടികൂടുന്നതിൽ വച്ച് ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായിരുന്നു ഇത്. രാസ ലഹരിയായ മെത്തിലീൻ ഡയോക്‌സിആംഫെറ്റമിൻ (എം.ഡി.എം.എ) ഇത്രയും വലിയ അളവിൽ പിടിച്ചെടുക്കുന്നതു സംസ്ഥാനത്ത് ആദ്യമാണ്.

വാണിജ്യ ആവശ്യത്തിനുള്ള അളവാണ് പിടികൂടിയത്. 47 ഗ്രാം എം.ഡി.എം.എ, 11 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം ചരസ്, മൂന്നു ഗ്രാം എം.ഡി.എം.എ ലിക്വിഡ് എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് തൂക്കി വിൽക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, 850 മില്ലി ഗ്രാം വീതം നിറയ്ക്കുന്നതിനുള്ള ഡപ്പികൾ എന്നിവയും കാറിൽനിന്നു കണ്ടെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് 25 ലക്ഷം രൂപയും കൊക്കെയ്‌ന് ഏഴു ലക്ഷം രൂപയും ചരസിന് 50 ലക്ഷം രൂപയും എം.ഡി.എം.എ ലിക്വിഡിന് രണ്ടുലക്ഷം രൂപയും വിലയുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എം.ഡി.എം.എ 850 മില്ലി ഗ്രാം വീതമുള്ള ഡപ്പികളിലാക്കി കൊച്ചിയിൽ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള നിരീക്ഷണത്തിലായിരുന്നു ഡെപ്യൂട്ടി കമ്മിഷണർ എം.കെ നാരായണൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം. പലരിൽനിന്നായി 850 മില്ലി ഗ്രാം വീതം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിൽ ഇവയെത്തിച്ചു നൽകുന്നത് ആരെന്നറിയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ചില്ലറ വിൽപനക്കാരൻ വഴി സനീഷിനെ ബന്ധപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥർ ഒരുമാസം കൊണ്ട് ഇയാളുടെ വിശ്വാസ്യത പിടിച്ചുപറ്റി.

നിശാ പാർട്ടിക്ക് എന്ന പേരിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടപ്പോൾ എത്തിച്ചുകൊടുക്കാമെന്ന് സനീഷ് സമ്മതിച്ചു. ഗോവയിൽനിന്ന് ലഹരിമരുന്നുമായി വരുന്ന വഴിയിൽ കുണ്ടന്നൂരിനു സമീപം എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. വസ്ത്രത്തിനുള്ളിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഗോവയിൽ നിന്നാണ് ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചതെന്ന് സനീഷ് വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. കുമ്പളത്തെ സി.പി.എം പ്രാദേശിക നേതാവിന്റെ മകനാണ് സനീഷ്. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണൻ, പ്രിവന്റിവ് ഓഫിസർ ജയൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ റൂബി, റൂബൻ, സുനിൽകുമാർ, ഷിബു, ദിനേശ്കുമാർ, ജഗദീഷ്, ബിജു, മണി, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ