Tuesday, 25 April 2017 4.40 AM IST
ഒ.പി.എസ് ജനറൽ സെക്രട്ടറി പളനിസ്വാമി മുഖ്യമന്ത്രി
April 21, 2017, 12:04 pm
ചെന്നൈ: വിഭജിച്ചു നിന്ന എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങൾ ലയിക്കാൻ തീരുമാനിച്ചു. ഇടപ്പാടി പളനിസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരും. ഒ. പനീർ സെൽവം എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകും. ഇതോടെ
ജനറൽ സെക്രട്ടറിയായി സ്വയം മാറിയ ശശികലയും അവർ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയ ടി. ടി. കെ. ദിനകരനും രാഷ്ട്രീയത്തിൽ അപ്രസക്തരായി.

ജയലളിതയുടെ പാർട്ടിയിൽ ഇനി ശശികലയ്ക്കും കുടുംബത്തിനും യാതൊരു നിയന്ത്രണവും ഉണ്ടാവില്ല.
രണ്ട് ദിവസമായി നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വമാണ് അവസാനിച്ചത്. ജയലളിത മരിച്ചശേഷം ശശികലയ്ക്ക് ഒപ്പം നിന്നുകൊണ്ട് പനീർ സെൽവത്തിനെതിരെ പടയൊരുക്കം നടത്തിയ മുൻ സ്പീക്കർ തമ്പി ദുരൈയാണ് ഇരുവിഭാഗവുമായി സമവായ ചർച്ചകൾക്ക് മുൻകൈയെടുത്തത്. ഒ. പനീർ സെൽവം മുഖ്യമന്ത്രി പദത്തിനായി വാദിച്ചതോടെ ലയനനീക്കത്തിന് വിള്ളൽ വീണിരുന്നു. ഒരു ഘട്ടത്തിൽ ഒ.പി.എസ് ബി.ജെ.പിയിലേക്ക് ചുവടുമാറ്റുന്നുവെന്നു വരെ വാർത്തകൾ പുറത്തുവന്നിരുന്നു.

പാർട്ടി തലപ്പത്ത് പനീർ സെൽവവും ഭരണ തലപ്പത്ത് പളനി സ്വാമിയും എന്ന സമവായം ഇരു കൂട്ടരും അംഗീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം പനീർ സെൽവം വിഭാഗത്തിന്റെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കാനാണത്രേ പഴനിസ്വാമി വിഭാഗത്തിന്റെ തീരുമാനം. മന്ത്രി സഭ പുനസംഘടിപ്പിച്ച് പനീർ സെൽവം വിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തും.
ജയലളിതയുടെ മരണത്തെത്തുടർന്ന് 60-ാം ദിവസമാണ് പാർട്ടിയിൽ വൻ പിളർപ്പുണ്ടാവുകയും ശശികല സ്വയം ജനറൽ സെക്രട്ടറിയായി അവരോധിക്കുകയും ചെയ്തത്. തുടർന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയിലിലാവുകയും ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് കൈക്കൂലി പ്രശ്നത്തിൽ മാറ്റിവയ്ക്കുകയും ചെയ്തതോടെയാണ് പനീർ പക്ഷവും പളനി പക്ഷവും ഒരുമിക്കാൻ തീരുമാനിച്ചത്. തുടർന്ന് ശശികലയെയും അനന്തരവനും ആർ.കെ നഗർ സ്ഥാനാർത്ഥിയുമായിരുന്ന ടി.ടി.വി ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ