Friday, 26 May 2017 3.35 AM IST
കളിയിലൂടെ ചിന്തിപ്പിച്ച് രക്ഷാധികാരി ബൈജുവും കൂട്ടരും
April 21, 2017, 3:54 pm
ആർ.സുമേഷ്
രക്ഷാധികാരി എന്നൊക്കെ കേൾക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുക ഏതെങ്കിലും ക്ലബ്ബിന്റേയോ സംഘടനയുടേയോ ഒക്കെ മുതിർന്ന ചുമതലക്കാരൻ എന്നായിരിക്കും. തിരക്കഥാകൃത്തായ ര‌ഞ്ജൻ പ്രമോദ്,​ റോസ് ഗിറ്റാറിനാൽ എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയും നാട്ടിൻപുറത്തെ ക്ളബ്ബിന്റെ കഥയാണ് പറയുന്നത്.

കുന്പളത്തുള്ള കുന്പളം ബ്രദേഴ്സ് എന്ന ക്ളബ്ബിന്റെ രക്ഷാധികാരിയും എല്ലാമെല്ലാമാണ് വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ ബൈജു. ഭാര്യയും മകളും അച്ഛനും അമ്മയും അടങ്ങുന്നതാണ് ബൈജുവിന്റെ കുടുംബം. സർക്കാർ ജീവനക്കാരനാണെങ്കിലും ബൈജുവിന് ക്രിക്കറ്റിനോട് വല്ലാത്ത അഭിനിവേശമാണ്. അതിനാൽ തന്നെ തന്നെക്കാൾ ഇളപ്പമുള്ള യുവാക്കൾ മുതൽ കൊച്ചു കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് ബൈജുവിന്റെ ഹോബി. അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് ഇവരുടെ ക്രിക്കറ്റും ഫുട്ബോളും കളികളുമൊക്കെ. അങ്ങനെയിരിക്കെ അവരുടെ കളിസ്ഥലം നഷ്ടപ്പെടുന്ന അവസ്ഥ വരുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

രണ്ടേമുക്കാൽ മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. പതിഞ്ഞ വേഗത്തിൽ തുടങ്ങി പിന്നീട് താളം വീണ്ടെടുക്കുകയാണ് സിനിമ. ബൈജുവിന്റെ ജീവിതവും ക്ളബ്ബും ചെറുതും വലുതുമായ കൂട്ടുകാരാണ് സിനിമയിലൂടനീളം നിറഞ്ഞു നിൽക്കുന്നത്. രണ്ടു തലമുറകളുടെ സംഗമവും സിനിമയിൽ കാണാം. കുരുന്നുകൾ മുതൽ സീനിയർ സിറ്റിസൺസ് വരെ സിനിമയിൽ വന്നു പോകുന്നു. നാട്ടിൻപുറത്തെ ക്ളബ്ബുകളുടെ വാർഷികാഘോഷങ്ങളും ക്രിക്കറ്റ് ടൂർണമെന്റുകളും എന്നുവേണ്ട ന്യൂജനറേഷൻ പിള്ളേർ പറഞ്ഞു കേട്ട് മാത്രം പരിചയിച്ചിട്ടുള്ള ഗൃഹാതുരത്വം ഉണർത്തുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരം. പിള്ളേർക്കും യുവാക്കൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ചു നടക്കുന്ന ബൈജുവിന് നാട്ടുകാരുടെ പരിഹാസം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, അതൊന്നും കൂസാതെ താൻ എട്ടു വയസു മുതൽ കളിച്ചു വളർന്ന ഇട്ടാവ‌ട്ടമുള്ള മൈതാനത്ത് ഈ നാൽപത്തിനാലാം വയസിലും കളിച്ച് തിമിർക്കുകയാണ് ബൈജു. ക്രിക്കറ്റിലും മറ്റും മികച്ച പ്രകടനം നടത്തുന്ന ഒരാളെങ്കിലും നമ്മുടെ നാട്ടിൻപുറത്ത് കാണാൻ കഴിയും. ഇവിടെയുമുണ്ട് അത്തരത്തിലൊരു കഥാപാത്രം. കുന്പളം ബ്രദേഴ്സിൽ നിന്ന് ഐ.പി.എൽ ടീമിനെ പ്രതിനിധീകരിക്കാൻ ഒരു യുവാവിന് അവസരം ലഭിക്കുന്നതും ബൈജു കാരണമാണ്.

നാട്ടിൻപുറത്തെ ചെറുപ്പക്കാരിലുള്ള കൊള്ളരുതായ്‌മകളും സിനിമ പറഞ്ഞുവയ്ക്കുന്നു. പന്തടിച്ച് അയൽവക്കത്തെ വീട്ടുമുറ്റത്ത് കളഞ്ഞ ശേഷം അത് എടുക്കാൻ ചെല്ലുന്പോൾ അവിടെ പെൺകുട്ടികളുണ്ടെങ്കിൽ അവരെ ലൈനിടാൻ ശ്രമിക്കുന്ന യുവാക്കളേയും നാട്ടിൻപുറത്തല്ലാതെ എവിടെയാണ് കാണാനാവുക. അതും സിനിമയിൽ വന്നുപോകുന്നു. ഇത്തിരി സ്ഥലമുണ്ടെങ്കിൽ അവിടെ കോൺക്രീറ്റ് സമുച്ചയങ്ങളും വന്പൻ ബിസിനസ് കെട്ടിടങ്ങളും കെട്ടിപ്പൊക്കാൻ ശ്രമിക്കുന്ന മലയാളിയുടെ ഫ്ലാറ്റ് സംസ്‌കാരത്തിലേക്കും സിനിമ വെളിച്ചം വീശുന്നു.

സിനിമ ചർച്ച ചെയ്യുന്ന പ്രമേയം ലളിതവും സുന്ദരവുമാണെങ്കിലും അതിലേക്ക് എത്താനുള്ള വഴിയാണ് ദുർഘടം പിടിച്ചത്. പ്രേക്ഷകർക്കൊപ്പം കളിക്കുകയും കളിപ്പിക്കുകയും അതിലൂടെ ചിന്തിപ്പിക്കുകയുമാണ് സിനിമയിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത്. സിനിമയുടെ ദൈർഘ്യം പ്രേക്ഷകരുടെ ആസ്വാദന ശേഷിയെ വല്ലാതെ പരീക്ഷിക്കുന്നുണ്ട്. എഡിറ്റിംഗിൽ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ദൈർഘ്യം ഇനിയും കുറച്ച് കൂടുതൽ ആസ്വാദ്യകരമാക്കാമായിരുന്നു. ഇതിനിടയിൽ ബൈജുവിന്റേയും കൂട്ടുകാരുടേയും നിർദോഷമായ തമാശകളാണ് കാഴ്‌ചക്കാർക്ക് അൽപമെങ്കിലും ആശ്വാസമാവുന്നത്. സിനിമയ്ക്ക് പ്രത്യേകിച്ച് ട്വിസ്‌റ്റോ സസ്‌പെൻസോ ഒന്നും തന്നെയില്ല. എന്നാൽ,​ ഗൃഹാതുരത്വമുണർത്തുന്ന ദൃശ്യങ്ങൾ സിനിമയുടെ മുതൽക്കൂട്ടാണ്. നല്ല ക്ഷമയുണ്ടെങ്കിലേ സിനിമ മുഴുവൻ കണ്ട് തീർക്കാനാവൂ എന്നതാണ് മറ്റൊരു വസ്തുത.

രക്ഷാധികാരി ബൈജുവായി എത്തുന്ന ബിജു മേനോൻ കോമഡി അവതരിപ്പിക്കാൻ താൻ മോശമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. സ്‌നേഹമുള്ള കുടുംബനാഥനായും അതേസമയം ക്ലബ്ബിലെ അംഗങ്ങൾക്ക് വേണ്ടി എന്തും ചെയ്യാനും അദ്ദേഹം മടികാട്ടുന്നില്ല. അജു വർഗീസ്, ദീപക് പറമ്പോൽ, ഹരീഷ് പെരുമന,​ ദിലീഷ് പോത്തൻ,​ അലൻസിയർ, പദ്മരാജ് രതീഷ്,​ ജനാർദനൻ, വിജയരാഘവൻ,​ മാസ്‌റ്റർ ചേതൻ, മാസ്‌റ്റർ വിശാൽ തുടങ്ങിയവരടക്കം നൂറോളം താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ബൈജുവിന്റെ ഭാര്യയായ അജിതയുടെ വേഷത്തിൽ എത്തുന്ന ഹന്ന റെജി കോശി (ഡാർവിന്റെ പരിണാമം ഫെയിം)​ ഒ.കെ എന്നു പറയാവുന്ന പ്രകടനം മാത്രമാണ് നടത്തുന്നത്. അഞ്ജലി ഉപാസന,​ അനഘ തുടങ്ങിയവരാണ് മറ്റു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. ബിജിബാൽ സംഗീതം നൽകിയ ഏഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എന്നാൽ,​ ഗാനങ്ങൾ അത്ര മികച്ചതാണെന്ന് പറയാനാവില്ല.

വാൽക്കഷണം: നൊസ്‌റ്റാൾജിയ ആസ്വദിക്കണേൽ നോക്കാം
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ