Tuesday, 25 April 2017 4.40 AM IST
'ദെെവവിശ്വാസി അല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശ്കൃഷി സംരക്ഷിക്കുന്നു?': ജോയ് മാത്യു
April 21, 2017, 8:18 pm
തിരുവനന്തപുരം: മൂന്നാർ കെെയേറ്റത്തിനിടെ കുരിശ് നീക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു. 'ക്രിസ്‌ത്യാനികൾ മറ്റുള്ളവർക്ക് കുരിശാകരുത്, സ്വയം കുരിശാകുകയാണ് വേണ്ടത്' എന്ന തലക്കെട്ടോടെ തുടങ്ങിയ ഫേസ്ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ സ്ഥാപിച്ച കുരിശുകളാണ് പിന്നീട് കോടികൾ ചിലവഴിക്കുന്ന പള്ളികളാവുന്നതെന്നും ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർത്ഥന ഇവിടെ തുടങ്ങുകയായെന്നും അദ്ദേഹം പറയുന്നു. സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമി പോലുമോ ഇല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണ് മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ കൈവശപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറുക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്. ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണെന്ന് അദ്ദേഹം ചോദിച്ചു. മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവൺമെന്റിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നതെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌
കുരിശാകരുത്‌-‌
സ്വയം കുരിശാകുകയാണു വേണ്ടത്‌

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്ഥാപിക്കും -പിന്നെ ഒരു രൂപക്കൂട്‌ വരും -അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി - മെഴുകുതിരി സ്റ്റാൻഡ്‌ - തുടർന്ന് ഒരു ചെറിയ ഷെഡ്‌ - അതിനു പ്രാർത്ഥനാലയം എന്നു പേർ -പിന്നീടാണു അത്‌ കോടികൾ ചിലവഴിച്ച് പള്ളിയാക്കുക-
വെഞ്ചരിക്കൽ
കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും -ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി-
സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമി പോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു
മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ
കൈവശപ്പെടുത്തുന്നത്‌-
അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌- ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?
മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവൺമെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌
കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവൺമെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്‌ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗീസ്‌ മാർ കുറീലോസിനു
മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാതൃക
പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ
ഓർക്കുക :
കൃസ്ത്യാനി മറ്റുള്ളവർക്ക്‌
കുരിശാകരുത്‌
‌സ്വയം കുരിശാകുകയാണു വേണ്ടത്‌-
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ